Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം അഥവാ ബൈല്‍ സൂക്ഷിക്കുന്ന അവയവമാണ് പിത്തസഞ്ചി (ഗാള്‍ ബ്ലാഡര്‍). പിത്താശയത്തില്‍ രൂപപ്പെടുന്ന കല്ലുകള്‍ ശസ്ത്രക്രിയ വഴി അടിയന്തരമായി നീക്കം ചെയ്യണോ എന്നു നിശ്ചയിക്കുന്നത് അവയുടെ വലുപ്പവും സ്വഭാവവും വിലയിരുത്തിയും വേദനാജനകമാണോ എന്നതും ആശ്രയിച്ചാണ്.
പിത്താശയ കല്ലുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രമുഖ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റും ലാപ്പറോസ്‌കോപ്പിക് സര്‍ജനുമായ ഡോ. ആര്‍. സുഭാഷ് മറുപടി നല്‍കുന്നു.
ചോദ്യം: ഡോക്ടര്‍, പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടാകുന്നത് എങ്ങനെയാണ്?
ഡോക്ടര്‍: കരള്‍ ഉത്പാദിപ്പിക്കുന്ന ദഹനരസമായ പിത്തരസത്തില്‍ (ബൈല്‍) അടങ്ങിയിരിക്കുന്ന കൊഴുപ്പും (കൊളസ്റ്ററോള്‍) കാല്‍സ്യം ഘടകങ്ങളും ഗാള്‍ബ്ലാഡറില്‍ സാന്ദ്രീകരിക്കപ്പെട്ട് അടിഞ്ഞുകൂടുന്നതാണ് പ്രധാന കാരണം.
ചോദ്യം: ഗാള്‍ബ്ലാഡര്‍ സ്‌റ്റോണും പാന്‍ക്രിയാറ്റിക് സ്‌റ്റോണും ഒന്നുതന്നെയാണോ?
ഡോക്ടര്‍: ഗാള്‍ബ്ലാഡറില്‍ രൂപപ്പെടുന്ന സ്‌റ്റോണുകള്‍ ചിലപ്പോള്‍ പിത്തനാളിയെ തടസ്സപ്പെടുത്താം. ഇത്, പാന്‍ക്രിയാസില്‍ നിന്നുള്ള ദഹനരസങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുത്തുകയും, ഇവ പാന്‍ക്രിയാസിലേക്കു തന്നെ തിരിച്ചൊഴുകാന്‍ കാരണമാവുകയും ചെയ്യും. പാന്‍ക്രിയാറ്റൈറ്റിസ് എന്ന രോഗവാസ്ഥയ്ക്ക് ഇതു കാരണമാകും. പാന്‍ക്രിയാറ്റിക് സ്‌റ്റോണുകള്‍ക്കു വഴിവയ്ക്കുന്നത് ഈ അവസ്ഥയല്ല. ഗാള്‍ബ്ലാഡര്‍ സ്‌റ്റോണും പാന്‍ക്രിയാറ്റിക് സ്‌റ്റോണും ഒന്നുതന്നെയല്ല എന്ന് അര്‍ത്ഥം.
ചോദ്യം: ഗാള്‍ബ്ലാഡര്‍ സ്‌റ്റോണുകള്‍ എല്ലാം വേദന ഉണ്ടാക്കുന്നവയാണോ?
ഡോക്ടര്‍: വേദനയുള്ളവയും ഇല്ലാത്തവയുമായ കല്ലുകളുണ്ട്. വേദനയുള്ള കല്ലുകള്‍ സര്‍ജറി വഴി നീക്കംചെയ്യുക തന്നെ വേണം. കല്ലുകളുടെ വലുപ്പം മൂന്നു സെന്റി മീറ്ററിലും കുറവാണെങ്കില്‍ അവ ധൃതിപിടിച്ച് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നില്ല. ബുദ്ധിമുട്ടുണ്ടാക്കുന്നതു വരെ അവ പ്രശ്‌നകാരികളല്ല.
ചോദ്യം: വേദനയില്ലാത്ത കല്ലുകള്‍ ഭാവിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമോ?
ഡോക്ടര്‍: അതിനുള്ള സാധ്യതയുണ്ട്. ചെറിയ സ്‌റ്റോണുകള്‍ ഭാവിയില്‍ വളര്‍ന്നു വലുതാകുവാനും, വേദനയുണ്ടാക്കുവാനും സാധ്യതയുണ്ട്.
ചോദ്യം: പിത്താശയക്കല്ലിന്റെ വേദന ഏതു ഭാഗത്തായാണ് അനുഭവപ്പെടുക?
ഡോക്ടര്‍: വയറിനു മുകള്‍ഭാഗത്തായാണ് ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ കാരണമുള്ള വേദനയുണ്ടാവുക. ചിലപ്പോള്‍ നെഞ്ചിന്റെ ഭാഗത്തേക്കും തോള്‍ ഭാഗത്തേക്കും കൈകളിലേക്കും ഈ വേദന പടരും. ഈ ലക്ഷണത്തിനൊപ്പം ഛര്‍ദ്ദിക്കാനുള്ള തോന്നലും ഉണ്ടാകാം. ഭക്ഷണശേഷം, പ്രത്യേകിച്ച് കൊഴുപ്പു കലര്‍ന്ന ആഹാരം കഴിച്ച് അല്പസമയം കഴിഞ്ഞാല്‍ ദീര്‍ഘസമയത്തേക്ക് നീളുന്ന വേദന അനുഭവപ്പെടും.
ചോദ്യം: അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുന്നത് എപ്പോഴാണ്?
ഡോക്ടര്‍: തീരെ സഹിക്കാന്‍ പറ്റാത്തതും നീണ്ടുനില്ക്കുന്നതുമായ വേദന അനുഭവപ്പെടുന്നെങ്കില്‍ സൂക്ഷിക്കണം. കല്ലുകള്‍ കാരണം പിത്തകോശത്തിന് വീക്കമോ മറ്റു സങ്കീര്‍ണതകളോ ഉണ്ടാകുമ്പോഴാണ് ഇത്തരം വേദന തോന്നുന്നത്. ഇത്തരം സാഹചര്യത്തില്‍ 48 മണിക്കൂറിനകം സര്‍ജറി നടത്തേണ്ടിവരും.
ചോദ്യം: പിത്താശയക്കല്ലിന് സര്‍ജറി ചെയ്യുമ്പോള്‍ പിത്താശയം തന്നെ നീക്കം ചെയ്യുമെന്ന് കേട്ടിട്ടുണ്ട്. ഇത് ശരിയാണോ?
ഡോക്ടര്‍: കല്ലുകള്‍ കാരണം പിത്തകോശത്തിന് വീക്കം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മുഴുവനായും നീക്കം ചെയ്യും. സ്‌റ്റോണുകള്‍ ആവര്‍ത്തിച്ച് വരാതിരിക്കണമെങ്കിലും പിത്താശയം പൂര്‍ണമായിത്തന്നെ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യണം.
ചോദ്യം: പിത്തകോശം നീക്കം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ലേ?
ഡോക്ടര്‍: ഇല്ല. കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസത്തെ താത്കാലികമായി സൂക്ഷിച്ചുവച്ച്, ദഹനപ്രക്രിയയില്‍ ആവശ്യമുള്ള സമയത്തു മാത്രം അത് ചെറുകുടലിലേക്ക് സ്രവിപ്പിക്കുകയാണ് ഗാള്‍ബ്ലാഡര്‍ ചെയ്യുന്നത്. മറ്റു ചിലയിനം കല്ലുകളടെ കാര്യത്തിലെന്നതു പോലെ അള്‍ട്രാസൗണ്ട് തരംഗങ്ങളും മരുന്നും മറ്റും ഉപയോഗിച്ചുള്ള ചികിത്സ ഗാള്‍ബ്ലാഡര്‍ സ്‌റ്റോണിന്റെ കാര്യത്തില്‍ ഫലപ്രദമാകില്ല.
ചോദ്യം: ഗാള്‍ബ്ലാഡര്‍ സ്‌റ്റോണിന് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ ചികിത്സാമാര്‍ഗം ഏതാണ്?
ഡോക്ടര്‍: കീഹോള്‍ സര്‍ജറി അഥവാ ലാപ്പറോസ്‌കോപ്പിക് സര്‍ജറി രീതിയാണ് ഗാള്‍ബ്ലാഡര്‍ സ്‌റ്റോണുകളുടെ കാര്യത്തില്‍ പൂര്‍ണഫലം ഉറപ്പാക്കുക. കീഹോള്‍ സര്‍ജറിക്ക് തീരെച്ചെറിയ മുറിവു മതിയാകും എന്നതുകൊണ്ട് വേദന, അണുബാധ തുടങ്ങിയ സങ്കീര്‍ണതകള്‍ ഉണ്ടാകില്ല. ദീര്‍ഘദിവസത്തെ ആശുപത്രിവാസവും വേണ്ട.
(തിരുവനന്തപുരം ഇടപ്പഴഞ്ഞി എസ്.കെ. ഹോസ്പിറ്റലിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവിയാണ് ഡോ. ആര്‍. സുഭാഷ്. പ്രമുഖ ലാപ്പറോസ്‌കോപ്പിക് ആന്‍ഡ് മെറ്റബോളിക് സര്‍ജന്‍. മൊബൈല്‍: 94476 47448)