Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:08 am
  • 5th December, 2023
  • Light Rain
26.82°C26.82°C
  • Humidity: 98 %
  • Wind: 1.31 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാഷ്ട്രീയത്തിൽ ഒരു പ്രവചനദോഷമുണ്ട്- പ്രത്യേകിച്ച് കേരള രാഷ്ട്രീയത്തിൽ! എപ്പോൾ എന്തു സംഭവിക്കുമെന്നോ, നിന്ന നില്പിൽ കൂറു മാറി ആര് എങ്ങോട്ടു പോകുമെന്നോ, നേതാക്കന്മാർ വാ തുറന്ന് എന്തൊക്കെ വേണ്ടാതീനം വിളിച്ചുപറയുമെന്നോ ഒന്നും പറയാനാകില്ല. ഓർക്കാപ്പുറത്ത് ആരെങ്കിലും കയറി സ്റ്റാർ ആയാലും അദ്ഭുതപ്പെടാനില്ല.

ആ പറഞ്ഞതു പോലെയാണ് ഇപ്പോൾ അരിക്കൊമ്പന്റെ കാര്യം. വെറും സ്റ്റാർ അല്ല, സൂപ്പർ- ഡ്യൂപ്പർ സ്റ്റാറാണ് ഇടുക്കി ചിന്നക്കനാൽ സ്വദേശിയായ ഈ ഗജചട്ടമ്പി. കൊമ്പനെ പിടിച്ചേ തീരൂ എന്ന് നാട്ടുകാർ. ദാ, ഇപ്പോ പിടിച്ചേക്കാം എന്ന് വനംവകുപ്പുകാർ. മയക്കുവെടി വയ്ക്കാൻ ദൗത്യസംഘവും തളയ്ക്കാൻ കുങ്കിയാനകളും പിടിച്ചിടാൻ കൂടും ഒക്കെ റെഡിയായതാണ്. അപ്പോഴാണ് കോടതിയുടെ രംഗപ്രവേശം. പരാക്രമം അരിക്കൊമ്പനോടല്ല വേണ്ടൂ! അരിക്കൊമ്പൻ പ്രശ്നപരിഹാരത്തിന് ആദ്യം ഒരു വിദഗ്ദ്ധ സമിതിയെ വയ്ക്കാനാണ് ഉത്തരവ്. അതുകഴിഞ്ഞു മതി, മയക്കുവെടിയും പരാക്രമവുമൊക്കെ!

അങ്ങനെ മിഷൻ അരിക്കൊമ്പനു വേണ്ടിയുള്ള യുദ്ധസന്നാഹങ്ങളൊക്കെ ശൂ.... ആയി. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ പ്രശ്നവും, മോദിയും അദാനിയും തമ്മിലെന്ത് എന്ന ഉത്തരം കിട്ടാത്ത കടങ്കഥയും,

സാമ്പത്തിക വർഷത്തിന്റെ ലാസ്റ്റ് എപ്പിസോഡിലെ സ്ഥിരം ദാരിദ്ര്യം പറച്ചിലും ഒക്കെ ഒറ്റനിമിഷംകൊണ്ട് വാർത്തയേ അല്ലാതായി. കോടതി പോലും അരിക്കൊമ്പൻ ഫാൻ ആയിപ്പോയി. അതുകൊണ്ടായിരിക്കുമല്ലോ, പരാക്രമിയും കൊലയാളിയും അക്രമിയും ഒക്കെയായ ഒരു ആനയെ തത്കാലം പിടിക്കണ്ട എന്ന് കോടതി ഉത്തരവിട്ടത്. ഒടുവിൽ ദേ, ഇടുക്കിയിൽ അരിക്കൊമ്പനെതിരെ ജനകീയ ഹർത്താലുമായി!

അരിക്കൊമ്പനെ പിടിക്കാൻ വയനാട്ടിൽ നിന്നൊക്കെ വണ്ടികയറി വന്ന പാവം കുങ്കിയാനകളാണ് കോടതി ഉത്തരവോടെ ത്രിശങ്കുവിലായത്. ഇനി നില്ക്കണോ പോണോ? ഒന്നും രണ്ടുമല്ല, വിക്രം, സൂര്യൻ, കുഞ്ചു, സുരേന്ദ്രൻ എന്നിങ്ങനെ നാലു പേരാണ് മിഷൻ അരിക്കൊമ്പനിലെ കുങ്കിയാന കഥാപാത്രങ്ങൾ. കോടതി ഉത്തരവ് പുറത്തു വന്നയുടൻ കുങ്കിയാനകളുടെ ലീഡർ വിക്രം, വനംമന്ത്രി എ.കെ. ശശീന്ദ്രനോട് ചോദിച്ചത്രേ- സാറേ, അപ്പൊ ഞങ്ങള്  നിക്കണോ  പോണോ  എന്ന് ? ഒരു വഴിക്ക് വന്നതല്ലേ, തത്കാലം നില്ല് എന്ന് മന്ത്രിയദ്ദേഹം. അതെന്തിനാ? അത് പഠിച്ചിട്ട് പറയാം! എന്ന് രാഷ്ട്രീയക്കാരുടെ പഠിത്തവും പറച്ചിലും ശരിക്കും അറിയാവുന്നതുകൊണ്ട് കുങ്കികൾ ഒന്നും ഉരിയാടിയില്ല! വാലും ചെവിയും  ആട്ടിനിന്നു .

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ പറ്റിയ നാളും മുഹൂർത്തവുമൊക്കെ കവടി നിരത്തി നിശ്ചയിച്ചു കഴിഞ്ഞപ്പോഴാണ് സർക്കാരിന് ഒരു കാര്യം ഓർമ്മവന്നത്- ഓ! അന്ന് ഹയ‌ർ സെക്കണ്ടറി പരീക്ഷയുണ്ട്. അരിക്കൊമ്പൻ ഹയർ സെക്കണ്ടറിക്കാണോ പഠിക്കുന്നത് എന്നു ചോദിക്കരുത്. അന്ന് പിള്ളേർക്ക് പരീക്ഷയ്ക്കു പോകാൻ പുറത്തിറങ്ങാനുള്ളതുകൊണ്ട് ദൗത്യം നീട്ടിവച്ചു എന്നേയുള്ളൂ. അങ്ങനെ ദൗത്യസംഘത്തലവൻ ഡോ. അരുൺ സഖറിയ തത്കാലത്തേക്ക് തോക്ക് താഴെവച്ചു. അരിക്കൊമ്പന്റെ അക്രമംകൊണ്ട് പൊറുതിമുട്ടിയ ചിന്നക്കനാലുകാർ ചോദിക്കുന്നത് ഒരു സിംപിൾ ചോദ്യമാണ്: ആനയ്ക്കുള്ള അവകാശം പാവം ഞങ്ങൾ മനുഷ്യർക്കില്ലേ?

അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായ 301-ാം കോളനിയിലെ ആദിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതല്ലേ, ആനയെ പിടിച്ച് കൂട്ടിലടയ്ക്കുന്നതിനേക്കാൾ എളുപ്പമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. അതൊരു ഒന്നൊന്നര ചോദ്യമാണ്. പണ്ട്, ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആനകളുടെ ഈ ആവാസകേന്ദ്രം ആദിവാസി സെറ്റിൽമെന്റ് ആയി പ്രഖ്യാപിച്ചതും അവരെ അവിടെ കുടിയിരുത്തിയതും. അവിടെയിപ്പോൾ പേരിന് കുറച്ച് ആദിവാസികളേയുള്ളൂ. അവരെ മാറ്റിപ്പാർപ്പിക്കുകയാണ് പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് വനംവകുപ്പും സമ്മതിക്കുന്നുണ്ട്. പക്ഷേ, ഇപ്പോഴത്തെ പ്രശ്നം അരിക്കൊമ്പന്റെ ഉപദ്രവത്തിന് ഒരു ഇമ്മീഡിയറ്റ് പരിഹാരമാണ്. അതിന് റെഡിയാക്കി വച്ചിരുന്ന മയക്കുവെടിക്കു മീതെയാണ് കോടതി വെള്ളം കോരിയൊഴിച്ചുകളഞ്ഞത്.

അരിക്കൊമ്പൻ നീതി പാലിക്കുക, അരിക്കൊമ്പൻ ഗോ ബാക്ക്... എന്നൊക്കെ പ്ളക്കാർഡും പിടിച്ച് മുദ്രാവാക്യം വിളിക്കാനല്ലേ പാവം ചിന്നക്കനാലുകാർക്ക് പറ്റൂ. ഇനി, അരിക്കൊമ്പന്റെ പക്ഷത്ത് നിന്നു കൂടി ഒന്ന് ആലോചിച്ചു നോക്കുക. ഒരു കേസാകുമ്പോൾ വാദിയുടെ പക്ഷവും പ്രതിയുടെ പക്ഷവും കേൾക്കണമല്ലോ! ദാ, കോടതിയിൽ നില്പുണ്ട് ഒന്നാം പ്രതി അരിക്കൊമ്പൻ! കുറ്രപത്രത്തിൽ പറയുന്നതൊക്കെ ശരിയാണോ എന്ന് ഒന്നു ചോദിച്ചു നോക്കണം സാർ....

സർവത്ര കുറ്റവും  ഇവൻ നിഷേധിക്കും. റേഷൻ കടയിലും വീട്ടിലുമൊക്കെ കടന്നുകയറി അരി മോഷ്ടിക്കുന്നത് എന്തിനെന്നു ചോദിക്കണം. ഉത്തരം നമ്പർ വൺ- വിശപ്പ്. ഉത്തരം നമ്പർ ടു- അരിയാണ് ഇഷ്ടാഹാരം. അപ്പോൾ ഒഴിഞ്ഞുപോകില്ലെന്നാണോ? പോകാം, പക്ഷേ ഒരു കണ്ടീഷനുണ്ട്. അതെന്താണാവോ? ചിന്നക്കനാലിൽ ആനകൾക്കു വേണ്ടി മാത്രമായി ഒരു റേഷൻ കട അനുവദിക്കണം. അരി മാത്രമല്ല, പലവ്യഞ്ജനങ്ങളും ആയിക്കോട്ടെ. പക്ഷേ, വിശന്നു വലഞ്ഞു വരുമ്പം ആധാ‌ർ കാർഡു വേണം, വിരല‌‌ടയാളം പതിക്കണം എന്നൊന്നും പറയരുത്. ഓണത്തിനും ക്രിസ്മസിനും റംസാനും സർക്കാർ വക ഫ്രീ കിറ്റ്. ഇങ്ങനെ, മിനിമം ആവശ്യങ്ങളേയുള്ളൂ.

പ്രതി പറഞ്ഞതിലും ഒരു കാര്യമുണ്ട്. ആനകളുടെ ആവാസകേന്ദ്രം ആദിവാസി സെറ്രിൽമെന്റ് കോളനിയാക്കിയപ്പോൾ ഇല്ലാതായിപ്പോയത് അവരുടെ വിഹാരകേന്ദ്രമാണ്. ആനത്താര അടച്ചുകെട്ടിയപ്പോൾ മുടങ്ങിപ്പോയത് ഭക്ഷണവും വെള്ളവും തേടിപ്പോകുന്ന അവരുടെ സഞ്ചാരപാതയാണ്. അരിക്കൊമ്പനെപ്പോലെ മറ്റു ചില വന്യമൃഗങ്ങളുംഇതുപോലെ ഇറങ്ങിവന്ന് ചില ചോദ്യങ്ങൾ ചോദിക്കും. അപ്പോൾ പറയാനുള്ള ഉത്തരം കൂടി കണ്ടുവച്ചേക്കണം. അതെന്തായാലും, ഇപ്പോഴത്തെ ആക്രമണങ്ങൾക്ക് ഒരു പരിഹാരമുണ്ടായേ പറ്റൂ. അത് വിദഗ്ദ്ധ സമിതി പഠിച്ചിട്ടു പറയും. അതിനാണ്  അരിക്കൊമ്പനും ഇനി വെയിറ്റ് ചെയ്യുന്നത്.

അരിക്കൊമ്പൻ കഥയ്ക്ക് ഇനിയൊരു ആന്റി ക്ളൈമാക്സ് കൂടി വരാനുണ്ട്. ഇരട്ടച്ചങ്കൻ... ഇരട്ടച്ചങ്കൻ എന്ന് വാർത്തകളിലൊക്കെ കാണുമ്പോഴേ കൊമ്പൻ വിചാരിക്കുന്നതാണ്, സഖാവ് ചങ്കനെ ഒന്നു നേരിൽ കാണണമെന്ന്. സ്വന്തം പേരു പോലെ അത്രയ്ക്ക് ഗും ഉള്ള മറ്റൊരു പേരും അരിക്കൊമ്പൻ ഇന്നോളം കേട്ടിട്ടില്ല. അതുകൊണ്ട് ഒന്നു മുഖദാവിൽ കണ്ട് സലാം പറയണം. ഒറ്റ പേടിയേയുള്ളൂ. നിറം കറുപ്പായതുകൊണ്ട് സഖാവിന് ഹാലിളകുമോ എന്തോ? കോടതി വിധിയും ഹർത്താലുമൊക്കെയായി ഇപ്പോൾ അരിക്കൊമ്പൻ സ്റ്റാർ ആയി നില്ക്കുന്നതുകൊണ്ട് അതുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ഇനിയെല്ലാം വിദഗ്ദ്ധ സമിതിയുടെ കൈയിലാണ്. അവർ പഠിച്ചുതീരുന്നതു വരെ ക്ഷമയോടെ കാത്തിരിക്കാം.

Readers Comment

Add a Comment