Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ചോദ്യം: ഹൃദയാഘാതം ഉള്‍പ്പെടെ വിവിധ ഹൃദയരോഗങ്ങള്‍ കാരണമുള്ള അകാല മരണനിരക്ക് അതിവേഗം വര്‍ദ്ധിച്ചു വരുന്നതായി വാര്‍ത്തകളില്‍ കാണുന്നു. എന്തുകൊണ്ടാണ് ഇത്?
കാര്‍ഡിയോളജിസ്റ്റ്: ഹൃദ്‌രോഗികളുടെ എണ്ണവും, അവരിലെ മരണനിരക്കും വര്‍ദ്ധിച്ചുവരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അധിക അളവില്‍ കൊഴുപ്പു കലര്‍ന്ന മാംസാഹാരം (പ്രത്യേകിച്ച് ജങ്ക് ഫുഡ്) പതിവായി കഴിക്കുന്നതും, വ്യായാമം തീര്‍ത്തുമില്ലാത്ത ജീവിത ശൈലിയുമാണ് ഹൃദയരോഗങ്ങളുടെ വര്‍ദ്ധിച്ച നിരക്കിനു കാരണം. വിവിധ ഹൃദയരോഗങ്ങള്‍ കാരണം ഓരോ വര്‍ഷവും ലോകമെമ്പാടുമായി മരിക്കുന്നത് 17.9 ദശലക്ഷം പേരാണ്. ഇതില്‍ത്തന്നെ 85 ശതമാനം മരണവും ഹൃദയാഘാതം കാരണമാണ്.
ചോദ്യം: ഹൃദയാഘാതത്തെ ഒരു ജീവിതശൈലീ രോഗമായി പരിഗണിക്കാമോ?
കാര്‍ഡിയോളജിസ്റ്റ്: ഇപ്പോഴത്തെ സാഹചര്യത്തില്‍ തീര്‍ച്ചയായും അങ്ങനെ കരുതാം. നമ്മുടെ ഭക്ഷണക്രമത്തില്‍ മുമ്പുണ്ടായിരുന്ന അച്ചടക്കം നഷ്ടമായി. ശാരീരിക അധ്വാനമുള്ള ജോലികള്‍ കുറഞ്ഞതോടെ ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കപ്പെടാതെ കോശങ്ങളില്‍ത്തന്നെ അടിഞ്ഞുകൂടിത്തുടങ്ങി. വീട്ടിലെ മിക്ക ജോലികളും യന്ത്രങ്ങള്‍ (മിക്‌സി, ഗ്രൈന്‍ഡര്‍, വാഷിംഗ്‌മെഷീന്‍, വാക്വം ക്ലീനര്‍) ഏറ്റെടുത്തതോടെ സ്വാഭാവികമായി ശരീരത്തിനു ലഭിച്ചിരുന്ന വ്യായാമം പോലും ഇല്ലാതായി. ഇതൊക്കെ ജീവിതശൈലിയില്‍ സംഭവിച്ച മാറ്റങ്ങളാണ്. ഇതിനൊപ്പം പുകവലി ഉള്‍പ്പെടെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടിയാകുമ്പോള്‍ അപകടനിരക്ക് പലമടങ്ങ് അധികമാകും.
ചോദ്യം: ഹൃദയാഘാതവുമായി ബന്ധപ്പെട്ട്, അതീറോസ്‌ക്ലീറോസിസ് എന്നു പറയുന്നത് എന്താണ്?
കാര്‍ഡിയോളജിസ്റ്റ്: ഹൃദയത്തില്‍ നിന്ന് മറ്റു ശരീരഭാഗങ്ങളിലേക്ക് ശുദ്ധരക്തം എത്തിക്കുന്ന ധമനികളില്‍ തടസ്സങ്ങള്‍ ഉണ്ടാവുകയും, ഇതു കാരണം ധമനികളുടെ വ്യാസം കുറഞ്ഞ് രക്തപ്രവാഹം സുഗമമല്ലാതായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. കൊളസ്‌ട്രോള്‍ ഉള്‍പ്പെടെയുള്ള പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടിയാണ് ധമനികളുടെ ഭിത്തിക്ക് കനം കൂടുന്നതും വ്യാസം കുറയുന്നതും. പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ വര്‍ഷങ്ങള്‍ കൊണ്ട് സംഭവിക്കുന്ന സ്ഥിതിവിശേഷമാണ് ഇത്. ധമനീഭിത്തികളില്‍ തടസ്സമുണ്ടാക്കുന്ന നിക്ഷേപങ്ങളെ പ്ലാക്കുകള്‍ എന്നാണ് വിളിക്കുക. ഹൃദയാഘാതമായി പരിണമിക്കുന്ന അവസ്ഥ ആരംഭിക്കുന്നത് അതിറോസ്‌ക്ലീറോസിസില്‍ നിന്നാണ്.
ചോദ്യം: ഹൈപ്പര്‍ടെന്‍ഷന്‍ ഹൃദയാഘാത്തിനു കാരണമാകുന്നത് എങ്ങനെയാണ്?
കാര്‍ഡിയോളജിസ്റ്റ്: പ്രഷര്‍ എന്ന പദത്തിന് സമ്മര്‍ദ്ദം എന്നേ അര്‍ത്ഥമുള്ളൂ എങ്കിലും, ഹൈ ബ്ലഡ് പ്രഷര്‍ അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ എന്ന അവസ്ഥയ്ക്കാണ് നമ്മള്‍ സാധാരണയായി ഇങ്ങനെ പറയുന്നത്. അതായത്, അധിക രക്തസമ്മര്‍ദ്ദം. ഒരു കുഴലിലൂടെ ഒഴുകുന്ന ഏതു ദ്രാവകവും ആ കുഴലിന്റെ ഭിത്തിയില്‍ സ്വാഭാവികമായ ഒരു സമ്മര്‍ദ്ദം ചെലുത്തും. ഇങ്ങനെ, രക്തക്കുഴലുകളുടെ ഭിത്തിയില്‍ രക്തം ചെലുത്തുന്ന സമ്മര്‍ദ്ദമാണ് ബ്ലഡ് പ്രഷര്‍.
ധമനികളുടെ ഭിത്തികള്‍ക്ക് കനം കൂടുകയും, അവ ഞെരുങ്ങുകയും ചെയ്യുമ്പോള്‍ അതിലൂടെ ഒഴുകുന്ന രക്തം ധമനീഭിത്തികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം വര്‍ദ്ധിക്കും. അപ്പോള്‍ ശരീരഭാഗങ്ങളിലേക്ക് രക്തമെത്തിക്കാന്‍ ഹൃദയപേശികള്‍ക്ക് കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കേണ്ടിവരും. ഇതു പതിവാകുന്നത് ഹൃദയപേശികള്‍ ദുര്‍ബലമാകാനും അവയുടെ നാശത്തിനും വഴിയൊരുക്കും.
ചോദ്യം: സ്ത്രീകളില്‍ പൊതുവെ ഹൃദയാഘാത നിരക്ക് കുറവാണല്ലോ?
കാര്‍ഡിയോളജിസ്റ്റ്: ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ (ഹൈ ഡെന്‍സിറ്റി കൊളസ്‌ട്രോള്‍ അഥവാ എച്ച്.ഡി.എല്‍) അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ് സ്ത്രീഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍. എന്നാല്‍, ആര്‍ത്തവ വിരാമത്തോടെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുകയും, സ്വാഭാവികമായും എച്ച്.ഡി.എല്‍ കൊളസ്‌ട്രോളിന്റെ അളവ് താഴുകയും ചെയ്യും.
ഇതിനു പുറമേ, പ്രമേഹരോഗികളായ സ്ത്രീകളിലും ഈസ്ട്രജന്‍ ഹോര്‍മോണ്‍ കാരണമുള്ള സുരക്ഷിതത്വം ലഭിക്കണമെന്നില്ല. മധ്യവയസ്സു പിന്നിട്ട സ്ത്രീകള്‍ക്ക് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത പുരുഷനോളം തന്നെയുണ്ട്. കൊഴുപ്പു കലര്‍ന്ന ആഹാരം, പുകവലി തുടങ്ങിയവ പുരുഷന്മാരിലെ ഹൃദയാഘാത നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്നേയുള്ളൂ.
ചോദ്യം: ജീവിതക്രമം ചിട്ടപ്പെടുത്തി ഹൃദയാഘാത സാധ്യത കുറയ്ക്കാന്‍ കഴിയുമോ?
കാര്‍ഡിയോളജിസ്റ്റ്: തീര്‍ച്ചയായും. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ മുടക്കം കൂടാതെ ചെയ്താല്‍ മതി.
1. മാംസാഹാരം- പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ മാംസപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. മീന്‍കറി കഴിക്കാം.
2. പതിവായി വ്യായാമം ചെയ്യുക. ശാരീരിക അധ്വാനം ആവശ്യമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ വീട്ടില്‍വച്ച് ചെയ്യാവുന്ന വ്യായാമങ്ങള്‍ മുടങ്ങാതെ ചെയ്യുക. ഓഫീസില്‍ വച്ചു തന്നെ ഇടവേളകളില്‍ ചെയ്യാവുന്ന ലഘുവ്യായാമങ്ങള്‍ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക.
3. പുകവലി ശീലം നിര്‍ത്തുക. എല്ലാ പുകയില ഉത്പന്നങ്ങളും വര്‍ജ്ജിക്കുക. അമിത മദ്യപാനവും അധിക രക്തസമ്മര്‍ദ്ദത്തിന് വഴിവയ്ക്കും.
4. മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ധ്യാനം, യോഗ, സന്തോഷം പകരുന്ന ഉല്ലാസങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുക.
5. ഭക്ഷണത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, ധാന്യവര്‍ഗങ്ങള്‍ എന്നിവയുടെ അളവ് കൂട്ടുക.
6. ഉപ്പ് കുറയ്ക്കുകയും, പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. മധുരപലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കുക.
7. രക്തസമ്മര്‍ദ്ദം അധിക നിരക്കില്‍ തുടര്‍ന്നാല്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് ഉപദേശം തേടുക.
8. മുപ്പതു വയസ്സ് പിന്നിടുമ്പോള്‍ മുതല്‍ നിശ്ചിത ഇടവേളകളില്‍ ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ പരിശോധിപ്പിച്ച് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിവിധികള്‍ സ്വീകരിക്കുക.
9. തീരെച്ചെറിയ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍പ്പോലും അടിയന്തരമായി ഡോക്ടറെ കണ്ട് പരിശോധനകള്‍ സ്വീകരിക്കുക.
10. ഹൃദയാഘാതം സംഭവിച്ചാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ രോഗിയെ വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കുക.