Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭാരതീയ നൃത്ത പാരമ്പര്യത്തിന്റെ തനിമയും, നടന ലാവണ്യത്തിന്റെ ചാരുതയും ചേരുന്ന ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍- ആറാമത് എഡിഷന്റെ അരങ്ങുണരാന്‍ കൊല്ലം കാത്തിരിക്കുമ്പോള്‍, നൃത്തോത്സവത്തിന്റെ അണിയറയില്‍ നീലമന സിസ്റ്റേഴ്‌സ് എന്ന പേരില്‍ പ്രശസ്തരായ നടനപ്രതിഭകളും തിരക്കിലാണ്. ചികിത്സാ രംഗത്തെ തിരക്കുകള്‍ക്കിടയില്‍ ഡോ. ദ്രൗപദി പ്രവീണും ഡോ. പദ്മിനി കൃഷ്ണനും ആറു വര്‍ഷം മുമ്പ്, ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ആശയത്തിന് ആദ്യചുവടു വയ്ക്കുമ്പോള്‍ ഒറ്റ സ്വപ്നമേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ: ഇന്ത്യന്‍ നൃത്തകലാ പൈതൃകത്തിന് പുതിയ കാലത്ത് കൂടുതല്‍ പ്രചാരമേകുക!
ആറു വര്‍ഷങ്ങള്‍ക്കിപ്പുറം, രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ ക്‌ളാസിക്കല്‍ നൃത്തോത്സവങ്ങളുടെ നിരയില്‍ കൊല്ലം വേദിയൊരുക്കുന്ന ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഇടം നേടുമ്പോള്‍ നടനവേദയിലെ സഹോദരവിസ്മയങ്ങളായ ഡോ. ദ്രൗപദി പ്രവീണിനും ഡോ. പദ്മിനി കൃഷ്ണനും മനസ്സില്‍ ഏറ്റുവാങ്ങുന്നത് ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും ശ്രേഷ്ഠമുദ്ര. ഇരുവരും ചേര്‍ന്ന് നേതൃത്വം നല്‍കുന്ന ത്രിനേത്ര നൃത്തോത്സവത്തിന്റെ ആറാം പതിപ്പാണ് നവംബര്‍ 15 മുതല്‍ 17 വരെ മൂന്നു ദിസങ്ങളിലായി സോപാനം ഓഡിറ്റോറിയത്തില്‍ അരങ്ങിലെത്തുക.
സ്‌കൂള്‍ പഠനകാലത്ത്, കലോത്സവ നൃത്ത വേദികളിലെ പ്രതിഭാലാവണ്യമായിരുന്ന സഹോദരിമാര്‍ എം.ബി.ബി.എസ് കഴിഞ്ഞിട്ടും നെഞ്ചില്‍ നിന്ന് ചിലങ്കകളുടെ കിലുക്കം മാഞ്ഞുപോയിരുന്നില്ല. കുച്ചിപ്പുഡിയിലും ഭരതനാട്യത്തിലും തനതു ഭാരതീയ ശൈലിയുടെ സൗന്ദര്യം ചോരാതെ രാജ്യമെങ്ങുമുള്ള വേദികളില്‍ നിറഞ്ഞാടിയപ്പോള്‍ ആസ്വാദകര്‍ നല്‍കിയ വിശേഷണമാണ്, നീലമന സിസ്‌റ്റേഴ്‌സ്. പക്ഷേ, നൃത്തത്തെ ഉപാസിക്കുന്നതു മാത്രമല്ല, ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരത്തിനായി പ്രയത്‌നിക്കുന്നതും ദേവനിയോഗമെന്നു തിരിച്ചറിഞ്ഞാണ്, ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നര്‍ത്തകരെ അരങ്ങിലെത്തിച്ച്, കൊല്ലത്ത് എല്ലാ വര്‍ഷവും നൃത്തോത്സവം സംഘടിപ്പിക്കുകയെന്ന ആശയത്തിന് രംഗഭാഷ്യം പകര്‍ന്നത്.
ശൈവസംസ്‌കൃതിയാണ് ഭാരതീയ നൃത്തകലയുടെ ആത്മാവ്. എല്ലാ നൃത്തരൂപങ്ങളുടെയും സംയോഗമാണ് ശിവതാണ്ഡവം. ചെറുപ്പത്തില്‍ത്തന്നെ നര്‍ത്തനകലയുടെ ഹൃദയം തൊട്ടറിഞ്ഞ സഹോദരിമാര്‍ക്ക് നൃത്തോത്സവത്തിന്റെ പേരിനായി രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല- ത്രിനേത്ര! ശക്തിയുടെ തീക്ഷ്ണസൗന്ദര്യമാണ് മൂന്നാം നേത്രം. പ്രപഞ്ചത്തിന്റെ നിയാമകശക്തികളായ ത്രിമൂര്‍ത്തികളുടെ സങ്കല്പത്തില്‍ മൂന്നു ദിവസങ്ങളായി നൃത്തോത്സവം എന്ന ആശയവും അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു പതിപ്പുകളിലായി വിവിധ ക്‌ളാസിക്കല്‍ നൃത്ത ഇനങ്ങളിലായി ത്രിനേത്രയുടെ അരങ്ങില്‍ നടനസൗഭഗത്തിന്റെ പൂര്‍ണത പ്രകാശിപ്പിച്ച കലാകാരന്മാര്‍ എത്രയോ ഉണ്ട്.
ഒഡീസി, കഥക്, ഭരതനാട്യം എന്നീ നൃത്തരൂപങ്ങളില്‍ രാജ്യത്തെ ഏറ്റവും പ്രമുഖരും ലോകമെങ്ങുമുള്ള നടനവേദികള്‍ക്ക് പരിചിതരുമായ പ്രതിഭകളെ ഒരുമിച്ച് അരങ്ങിലെത്തിച്ചാണ് ത്രിനേത്ര- ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആറാമത് എഡിഷന് ഡോ. ദ്രൗപദി പ്രവീണും ഡോ. പദ്മിനി കൃഷ്ണനും ആസ്വാകര്‍ക്ക് അവിസ്മീരണീയാനുഭവം സമ്മാനിക്കുന്നത്.
ഒഡീസിയുടെ അനുപമ സൗന്ദര്യംകൊണ്ട് ലോകവേദികളെ വിസ്മയിപ്പിക്കുന്ന പദ്മശ്രീ അരുണ മൊഹന്തി, കഥകിലെ നൃത്താഭിനയ സാധ്യതകളെ ഒരു പോലെ അരങ്ങിലെത്തിക്കുന്ന മുരളീ മോഹന്‍, കഥകിലും ഭരതനാട്യത്തിലും ഒരപോലെ പ്രഗത്ഭയായ നന്ദിനി മേത്ത, ഭരതനാട്യ വേദികളില്‍ അഭിനയചാതുരിയും ചടുലനടനവും കൊണ്ട് അദ്ഭുതമുണര്‍ത്തുന്ന ദമ്പതികളായ ഷിജിത് നമ്പ്യാര്‍ പാര്‍വതി മേനോന്‍ എന്നിവരാണ് ഇത്തവണ ത്രിനേത്ര നൃത്തോത്സവ വേദിയില്‍ എത്തുന്നത്. നവംബര്‍ 15 വെള്ളിയാഴ് ഒഡീസി, 16 ശനിയാഴ്ച കഥക്, 17 ഞായറാഴ്ച ഭരതനാട്യം എന്നിങ്ങനെയാണ് അവതരണക്രമം. മൂന്നു ദിവസവും വൈകിട്ട് ആറിന് പരിപാടി ആരംഭിക്കും.
കൊട്ടാരക്കര സ്വദേശികള്‍, പോറ്റി ഡോക്ടര്‍ എന്ന് സ്‌നേഹബഹുമാനങ്ങളോടെ വിളിക്കുന്ന പ്രമുഖ സർജനായ ഡോ. എന്‍. എന്‍. മുരളിയുടെ പുത്രിമാരാണ് നൃത്തവേദികളില്‍ പ്രതിഭാവിലാസം ചൊരിയുകയും, ത്രിനേത്ര നൃത്തോത്സവത്തിന്റെ ആശയ- സാക്ഷാത്കാരകര്‍ എന്ന നിലയില്‍ രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്യുന്ന ഡോ. ദ്രൗപദി പ്രവീണും ഡോ. പദ്മിനി കൃഷ്ണനും.വൈദ്യപഠനത്തിനും വിവാഹത്തിനും ശേഷവും ഇവരുടെ ചുവടുകളില്‍ നിന്ന് ചിലങ്കയുടെ കിലുക്കം മായാതിരിക്കുന്നതിന് നന്ദി പറയേണ്ട രണ്ടു പേര്‍ കൂടിയുണ്ട്- പ്രമുഖ നെഫ്രോളജിസ്റ്റും വൃക്കരോഗികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കപ്പെട്ട സേവ് കിഡ്‌നി ഫൗണ്ടേഷന്റെ സാരഥിയുമായ ഡോ. പ്രവീണ്‍ നമ്പൂതിരിയും, പ്രമുഖ പ്‌ളബോളജിസ്റ്റും ലാപ്പറോസ്‌കോപ്പിക് സര്‍ജനും കൊട്ടാരക്കര മൈലത്തെ ഡോ. മുരളീസ് മെഡിക്കല്‍ സെന്റര്‍ സാരഥിയുമായ ഡോ. കൃഷ്ണന്‍ നമ്പൂതിരിയും! ഡോ. പ്രവീണ്‍ നമ്പൂതിരിയുടെ പത്‌നിയാണ് ഡോ. ദ്രൗപദി. ഡോ. പദ്മിനിയാകട്ടെ, ഡോ. കൃഷ്ണന്‍ നമ്പൂതിരിയുടെ പത്‌നിയും.
സേവ് കിഡ്‌നി ഫൗണ്ടേഷന്‍, കൊല്ലം നാട്യപ്രിയ ഡാന്‍സ് അക്കാഡമി എന്നിവയുടെ കൂടി സഹകരണത്തോടെയാണ് ത്രിനേത്ര ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍- ആറാമത് എഡിഷന് അരങ്ങൊരുങ്ങുന്നത്. നവംബര്‍ 15 മുതല്‍ മൂന്നു ദിവസം കൊല്ലം നഗരം, ഭാരതീയ നൃത്തകലയുടെ പൈതൃകസൗന്ദര്യത്തിന് വേദിയാകുമ്പോള്‍ ലോക കലാ ഭൂപടത്തിലും 'ത്രിനേത്ര'യുടെ പേര് തിളക്കമാര്‍ന്ന അക്ഷരങ്ങളില്‍ എഴുതപ്പെടുന്നു.