Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മീശയും താടിയുമുള്ള സ്ത്രീകൾ എന്നത് ഇപ്പോഴും പലർക്കും അത്ഭുതവും അവിശ്വസനീയവുമാണ് . എന്നാൽ അത്തരത്തിലുള്ള സ്ത്രീകൾ ധാരാളം നമുക് ചുറ്റുമുണ്ടെന്നതാണ് അധികാമാരും അറിയാത്ത യാഥാർഥ്യം . കേരളത്തിൽ താടിയും മീശയും വെച്ച് നടക്കുന്നവർ അപൂർവമാണ് . താടിയും മീശയും ഉള്ള സ്ത്രീകൾ കേരളത്തിൽ ഇല്ലാത്തതു കൊണ്ടല്ല , മറിച്ചു സ്ത്രീ സൗന്ദര്യത്തെ കുറിച്ചുള്ള സമൂഹത്തിന്റെ പൊതുബോധത്തെ മുറിവേൽപ്പിക്കാത്തവിധം ജീവിക്കാൻ മിക്ക സ്ത്രീകളും വെൽ ട്രെയിൻഡ് ആയതുകൊണ്ടാണ്. സ്ത്രീകളുടെ ജന്മലക്ഷ്യം വിവാഹമാണെന്ന് നമ്മൾ കുഞ്ഞുനാളിലെ അവളെ പറഞ്ഞുപഠിപ്പിക്കാറുണ്ട്. വിവാഹം സ്മൂത്ത് ആയി നടക്കാൻ സമൂഹത്തിന്റെ പൊതുവായുള്ള സൗന്ദര്യ സങ്കൽപ്പത്തിനുള്ളിൽ തന്നെ നമ്മൾ നിൽക്കേണ്ടതും അനിവാര്യമാണെന്ന സാഹചര്യമാണ്. എന്നാൽ മറ്റൊരാളുടെ കണ്ണിനു ദർശനസുഖം ഉണ്ടാക്കുക എന്നതല്ല തന്റെ ജീവിതലക്ഷ്യമെന്നു ലോകത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച അപൂർവമായ വ്യക്തിത്വത്തിനുടമയാണ് ഹർനാം കൗർ എന്ന ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് യുവതി .
1990 നവംബർ 29 ന് സ്ലോർ എന്ന സ്ഥലത്താണ് ഹർനാം കൗർ ജനിച്ചത്. പന്ത്രണ്ടാം വയസ്സിൽ, കൗറിന് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉണ്ടെന്ന് കണ്ടെത്തി, ഇത് ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പിസിഒഎസിന്റെ ലക്ഷണങ്ങളിലൊന്നാണ് ഹിർസുറ്റിസം, അഥവാ മുഖത്തും ശരീരത്തും അമിതമായി രോമം വളരുന്ന അവസ്ഥ. പിസിഓഎസ് ഇല്ലാതെതന്നെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കൊണ്ടും സ്ത്രീകളിൽ ഇങ്ങനെ രോമവളർച്ച കാണാറുണ്ട്.
"എനിക്ക് 16 വയസ്സുള്ളപ്പോൾ മുതൽ താടിയുള്ള ഒരു സ്ത്രീയായി ഞാൻ ജീവിതം നയിക്കുന്നു. 12 വയസ്സുള്ളപ്പോൾ, പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം എന്ന രോഗാവസ്ഥ എന്നിൽ കണ്ടെത്തി, ഇത് അണ്ഡാശയത്തിന്റെ പ്രവർത്തനരീതിയെ മാറ്റിമറിക്കുന്നു. അത് എന്നെ ഹോർമോൺ അസന്തുലിതാവസ്ഥയിൽ എത്തിച്ചു , അത് കൊണ്ട് തന്നെ എനിക്ക് ഭംഗിയുള്ള രീതിയിൽ പുരുഷന്മാരെ പോലെ താടി വളർത്താൻ കഴിയും . എന്നിരുന്നാലും, സ്കൂളിലെ എന്റെ സമപ്രായക്കാരിൽ നിന്നും , ചുറ്റുമുള്ളവരിൽ നിന്നും എന്തിനു തെരുവിലെ അപരിചിതരിൽ നിന്നു പോലും വർഷങ്ങളോളം പരിഹാസവും അപമാനവും നേരിടേണ്ടി വന്നിട്ടുണ്ട് " ഹർനാം കൗർ ബി ബി സി ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് .
പരിഹാസത്തിന്റെയും അപമാനത്തിന്റെയും വർഷങ്ങളിൽ കൂടെ കടന്നു പോയപ്പോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്നു കൗർ പറയുന്നു .എന്നാൽ ദുഖങ്ങൾക്കും പരിഹാസത്തിനുമിടയിൽ നിന്ന് കൊണ്ട് തന്നെ , തന്റെ താടി നിലനിർത്താനും ഒരു സ്ത്രീ എങ്ങനെയിരിക്കണമെന്ന സമൂഹത്തിന്റെ പ്രതീക്ഷകൾക്കെതിരെ മുന്നോട്ട് പോകാനും കൗർ തീരുമാനിച്ചു. "ഇന്ന് ഞാൻ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാറില്ല ഞാൻ സ്വയം ഉപദ്രവിക്കുന്നില്ല. സുന്ദരിയായ താടിയുള്ള ഒരു യുവതിയെന്ന നിലയിൽ ഇന്ന് ഞാൻ സന്തോഷവതിയാണ്. ഈ ശരീരം എന്റേതാണെന്ന് ഞാൻ മനസ്സിലാക്കി, എനിക്ക് അത് സ്വന്തമാണ്, എനിക്ക് ജീവിക്കാൻ മറ്റൊരു ശരീരവുമില്ല, അതിനാൽ ഞാൻ എന്റെ ശരീരത്തെ അതെങ്ങനെയാണോ ഉള്ളത് അതെ അവസ്ഥയിൽ സ്നേഹിച്ച് തുടങ്ങി, ഒരു ഉപാധികളുമില്ലാതെ"
റോക്ക് എൻ റോൾ ബ്രയിഡ് മാഗസിനു നൽകിയ അഭിമുഖത്തിൽ, തന്റെ താടി നിലനിർത്താനുള്ള തീരുമാനത്തെക്കുറിച്ച് കൗർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
2014 ൽ മാധ്യമ ശ്രദ്ധയിൽപ്പെടുന്നതിന് മുമ്പ് കൗർ ഒരു പ്രൈമറി സ്കൂൾ ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ചെയ്തു. വേറിട്ട വ്യക്തിത്വമായി അറിയപ്പെടാൻ തുടങ്ങിയതിനു ശേഷം, കൗർ ഒരു മുഴുവൻ സമയ പൊതുപ്രവർത്തകയും , ഫ്രീലാൻസ് മോഡലും മോട്ടിവേഷണൽ സ്പീക്കറുമായി മാറി. 2016 സെപ്റ്റംബറിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താടിയുള്ള വനിതയായി കൗറിനെ ഗിന്നസ് റെക്കോർഡിൽ ഉൾപ്പെടുത്തി.
വൈവിധ്യമാർന്ന ഈ ലോകത്തു ഓരോ വ്യക്തികളും വ്യത്യസ്തരും അദ്വിതീയരുമാണെന്ന യാഥാർഥ്യം നമ്മെ ഓർമിപ്പിക്കുന്നതാണ് ഹർനാം കൗർ എന്ന ഇരുപത്തിയെട്ടുകാരിയുടെ ജീവിതം . പരസ്പരം പരിഹസിക്കുന്നതിനുപകരം, നമുക്ക് ഐക്യത്തോടെ ജീവിക്കാനും പരസ്പരം സ്നേഹിക്കാനും ശീലിക്കാം. ഫെയർനെസ് ക്രീമുകൾ എന്ന തട്ടിപ്പിനോടും ഫെയർനെസ് സങ്കല്പത്തോടും മുഖം തിരിക്കാം , കുഞ്ഞു വെളുക്കാൻ ഗർഭിണിക്ക് പാലിൽ കുങ്കുമപ്പൂ ചേർത്ത് കൊടുക്കുന്നത് മറക്കാം . വെളുപ്പായാലും കറുപ്പായാലും ആരോഗ്യമുള്ള കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കാം. ഒരു വ്യക്തിയുടെ ശരീരവും ജീവിതവും അവരുടെ മാത്രം സ്വന്തമാണെന്ന തിരിച്ചറിവ് ആർജ്ജിക്കാം.