Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:01 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
director bharathan i2i News

ഭരതന്‍, മലയാളത്തിന്റെ വെള്ളിത്തിരയില്‍ ഇനിയൊരിക്കലും പുനര്‍ജ്ജനിക്കാത്തൊരു കാലമാണ്. ജീവിത വൈകാരികതകളുടെ വന്യമുഖം കണ്ട്, സിനിമ ഞെട്ടിത്തരിച്ച കാലം. പ്രണയത്തിന്റെ, പ്രതികാരത്തിന്റെ, പകയുടെ കടുംചായമുള്ള ആദ്യകാല ഭരതന്‍ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് മറച്ചുവയ്ക്കലുകളില്ലാത്ത മനോവിചാരങ്ങള്‍ പ്രയാണമാരംഭിക്കുകയായിരുന്നു.

ചിത്രകാരനായിരുന്നു ഭരതന്‍. നിഷ്‌കളങ്കനായ തൃശ്ശൂരുകാരന്‍. തൂശൂരിലെ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ചായക്കൂട്ടുകളുടെ രസതന്ത്രം പഠിച്ചിറങ്ങിയ ഭരതന്‍ വരകൊണ്ട് വര്‍ത്തമാനം പറഞ്ഞതു പക്ഷേ സിനിമയുടെ ക്യാന്‍വാസിലായിരുന്നു. 1975-ല്‍ പദ്മരാജന്റെ തിരക്കഥയില്‍ പ്രയാണം എന്ന ചിത്രത്തിലൂടെ സംവിധായകനാകുന്നതിനു മുമ്പ് രണ്ടു വര്‍ഷക്കാലം ഭരതന്‍ നിരവധി ചിത്രങ്ങള്‍ക്കു കലാ സംവിധായകനായി.

ഭരതന്‍ സൃഷ്ടിച്ച കാലത്തിനൊപ്പം പദ്മരാജനുമുണ്ടായിരുന്നു. പിന്നെ, കെ.ജി. ജോര്‍ജും. അതിഭാവുകത്വത്തില്‍ നിന്ന് മലയാളത്തിന് സ്വന്തം ജീവിതചിത്രങ്ങള്‍ നല്‍കിയ മഹാപ്രതിഭകള്‍. ഭരതന്‍ തീവ്രവൈകാരികതയുടെ കഥകള്‍ പറഞ്ഞപ്പോള്‍ പദ്മരാജന്റെ സിനിമകള്‍ കഥാപാത്രങ്ങളുടെ മാനസിക അപഗ്രഥനമായിരുന്നു. ചിത്രകാരന്റെ കഥാഖ്യാനശൈലി ഭരതന്റെ സിനിമകളിലും, കഥാകാരന്റെ ചലച്ച്രിത്രാഖ്യാന ശൈലി പദ്മരാജന്റെ സിനിമകളിലും നിറഞ്ഞുനിന്നു.
മറ്റൊരാള്‍ക്കും കൈതൊടാന്‍ പോലുമാകുന്നതായിരുന്നില്ല ആരവം, തകര, ലോറി, ചാമരം, നിദ്ര, പറങ്കിമല, ചാട്ട, മര്‍മ്മരം ഓര്‍മ്മയ്ക്കായി തുടങ്ങിയ ഭരതന്‍ ചിത്രങ്ങള്‍.

1998 ല്‍ പുറത്തിറങ്ങിയ മഞ്ജീരധ്വനി ആയിരുന്നു 'എ ഭരതന്‍ ഫിലിം' എന്ന കയ്യൊപ്പു പതിഞ്ഞ അവസാന ചിത്രം. 98 ജൂലായ് 30 ന്, അമ്പത്തിരണ്ടാം വയസ്സില്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ആ ചായം മാഞ്ഞുപോയി. രതിനിര്‍വേദത്തിന്റെ സെറ്റില്‍ വച്ചായിരുന്നു കെ.പി.എ.സി ലളിതയോട് ഭരതന്‍ തന്റെ പ്രണയം പറഞ്ഞത്. വൈകാതെ വിവാഹം. കെ.പി.എ.സി ലളിതയും മകന്‍ സിദ്ധാര്‍ത്ഥ് ഭരതനും ആ ഓര്‍മ്മകളുടെ സ്‌നേഹബാക്കിയായി മലയാള സിനിമയിലുണ്ട്. പ്രണാമം, ഒരു ഭരതന്‍ ചിത്രത്തിന്റെ പേരാണ്. ഓര്‍മ്മയ്ക്കായി മറ്റൊരു ചിത്രവും. നിറം മങ്ങാത്ത ഓര്‍മ്മകള്‍ക്കു മുന്നില്‍ മലയാളത്തിന്റെ പ്രണാമം.

Readers Comment

Add a Comment