Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പ്രതി പൂവന്‍കോഴി എന്ന ചെറിയ സിനിമ, ഉണ്ണി. ആര്‍ എഴുതിയ ചെറിയ ഒരു കഥയാണ്. കഥയുടെ സ്വാതന്ത്ര്യം സിനിമയ്ക്കില്ല എന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്ന സിനിമ, സ്ത്രീരക്ഷയ്ക്ക് അവര്‍ തന്നെ ആയുധമെടുക്കട്ടെ അഥവാ സ്ത്രീകള്‍ക്കു മേല്‍ കൈവയ്ക്കുന്നവന് കൂലി പ്രത്യാക്രമണമത്രെ എന്നിത്യാദി സന്ദേശങ്ങളോടെ സമാപിക്കുമ്പോള്‍ ഒന്നര മണിക്കൂര്‍ കൊണ്ട് സംവിധായകന്‍ ബില്‍ഡപ്പ് ചെയ്ത് കൊണ്ടുവന്ന കഥാപാത്രങ്ങളെല്ലാം വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. അതുകൊണ്ടാണ്, കഥയ്ക്കുള്ള സ്വാതന്ത്ര്യം സിനിമയ്ക്കില്ല എന്ന യാഥാര്‍ത്ഥ്യം പ്രതി പൂവന്‍കോഴി ഓര്‍മ്മിപ്പിക്കുന്നുവെന്ന് ആദ്യം പറഞ്ഞത്.
ചെറുകഥ എന്ന സാഹിത്യരൂപം അത്രയൊന്നും കഥാപാത്ര കേന്ദ്രീകൃതമല്ല. അവിടെ കഥയ്ക്ക് വികസിച്ചു കയറാനുള്ള ചരടുകള്‍ മാത്രമാണ് കഥാപാത്രങ്ങള്‍. കഥയാണ് മുഖ്യം. സിനിമയിലാകട്ടെ, കഥാപാത്രങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. സ്വാഭാവികമായും, സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നല്‍കേണ്ട ബാധ്യത സംവിധായകനുണ്ട്. ഉണ്ണി. ആര്‍ എഴുതിയ കഥ സിനിമയാക്കിയപ്പോള്‍ ആ ഉത്തരവാദിത്വം നിറവേറ്റുന്ന കാര്യം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വിട്ടുകളഞ്ഞു. ഇതൊരു സിനിമയല്ല, കഥയാണ് എന്നാണ് ന്യായമെങ്കില്‍ പരാതിയില്ല. നിര്‍ഭാഗ്യവശാല്‍ ഈ കഥ ഓടുന്നത് തിയേറ്ററുകളിലും 'വായനക്കാര്‍' പ്രേക്ഷകരുമാണല്ലോ!
നായകനില്ലാത്ത സിനിമയില്‍ കഥ തന്നെയാണ് നായകസ്ഥാനത്ത് എന്നു വയ്ക്കുക. നായിക മാധുരിയാണ് (മഞ്ജു വാര്യര്‍). നായികയും അവള്‍ അച്ഛനു തുല്യം ബഹുമാനിക്കുന്ന ചന്ദ്രേട്ടനും (അലന്‍സിയര്‍) തമ്മിലുള്ള ആത്മബന്ധവും അയാള്‍ക്ക് ആ കുടുംബത്തിലുള്ള സ്വാധീനവുമൊക്കെ ആദ്യമേ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. സെയില്‍സ് ഗേള്‍ ആയ മാധുരിയും സഹപ്രവര്‍ത്തകയായ റോസമ്മയും (അനുശ്രീ) തമ്മിലുള്ള അടുപ്പം ഒരു സൗഹൃദത്തിനപ്പുറം, എന്തിനും ഒപ്പമുള്ളയാള്‍ എന്ന തലത്തിലേക്ക് സംവിധായകന്‍ വികസിപ്പിച്ചിട്ടുമുണ്ട്. മാധുരിയും അമ്മയുമായുള്ള ബന്ധവും സംവിധായകന്‍ ആഴത്തില്‍ പറഞ്ഞു. പക്ഷേ, കഥാകേന്ദ്രീകൃതമായ ഈ സിനിമ, അതിന്റെ ക്‌ളൈമാക്‌സില്‍ ദൗത്യം പൂര്‍ത്തിയാക്കുമ്പോള്‍ നായിക ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായിപ്പോയി.
കഥ ചെറുതാണ്. ജോലിസ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടെ മാധുരിയുടെ പിന്‍ഭാഗത്ത് ഒരുത്തന്‍ കയറിപ്പിടിക്കുന്നു. മരണപ്പിടി പിടിച്ച ആ 'പൂവന്‍കോഴി' ഇറങ്ങി ഓടിക്കളഞ്ഞു. മാധുരിക്ക് ആളെ പിടികിട്ടി. മാര്‍ക്കറ്റില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന ആന്റപ്പന്‍. അടിപടി കേസില്‍ ഒളിവിലായ ആന്റപ്പനെ തേടിയായി അടുത്ത ദിവസങ്ങളില്‍ മാധുരിയുടെ യാത്രകള്‍. കൂട്ടിന് റോസമ്മയുണ്ട്. മാധുരിയെ പലമട്ടില്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവള്‍ക്ക് മാധുരിയെ ഒറ്റയ്ക്ക് വിട്ടുകളയാനാകുന്നില്ല. മാധുരിയുടെ ലക്ഷ്യം പരിമിതമാണ്: ആന്റപ്പനിട്ട് ഒന്നു തല്ലണം.
ആന്റപ്പന്‍ ജഗജില്ലിയാണെന്ന് മാധുരിയും റോസമ്മയും മാര്‍ക്കറ്റിലെ ഒരു അടിപിടി സീനില്‍ നിന്ന് തിരിച്ചറിയുന്നുണ്ട്. അതൊന്നും മാധുരിയെ പിന്തിരിപ്പിക്കാന്‍ പര്യാപ്തമല്ല. അതിനിടെയാണ് ആന്റപ്പനെ മാധുരി തല്ലുമെന്ന ഘട്ടത്തില്‍ ഗുണ്ടാസംഘം അയാളെ അവളുടെ കണ്‍മുന്നില്‍ വെട്ടിവീഴ്ത്തുന്നത്. അവള്‍ തന്നെ വണ്ടി വിളിച്ച് ആന്റപ്പനെ മടിയില്‍ക്കിടത്തി ആശുപത്രിയിലെത്തിക്കുന്നുണ്ട്. ചത്താല്‍പ്പിന്നെ ആന്റപ്പനെ തല്ലാന്‍ പറ്റില്ലല്ലോ എന്നാണ് മാധുരിയുടെ ന്യായം. ആ രക്ഷാദൗത്യം അവളെ പല കുരുക്കിലും ചാടിക്കുന്നുണ്ട്. കേസ് അന്വേഷിക്കുന്ന എസ്.ഐ (സൈജു കുറുപ്പ്) ആണ് ആന്റപ്പനെ കൊല്ലനയച്ച ഗുണ്ടാ നേതാക്കള്‍ക്കു പിന്നിലെന്ന് മാധുരി മനസ്സിലാക്കുന്നുണ്ട്. ആന്റപ്പനെ അന്വേഷിച്ചു നടന്നവരുടെ കൂട്ടത്തില്‍ മാധുരിയും ഉള്ളതുകൊണ്ട് കേസ് അവളുടെ തലയിലാക്കാന്‍ സ്വാഭാവികമായും എസ്.ഐ ശ്രമിക്കുന്നു. അതിനിടയ്ക്കു തന്നെ എസ്.ഐ കഥയിലെ മറ്റൊരു 'പൂവന്‍കോഴി' ആയി മാറുകയും ചെയ്യുന്നു.
ഗുണ്ടകളുടെ വെട്ടേറ്റു വീണ ആന്റപ്പന്‍ അരയ്ക്കു കീഴ്‌പ്പോട്ട് തളര്‍ന്നു കിടപ്പിലാണെന്നു മാധുരി തിരിച്ചറിയുന്നത്, ഓങ്ങിവച്ച ഒരു തല്ലുമായി കഷ്ടപ്പെട്ട് അയാളെ കണ്ടെത്തുമ്പോഴാണ്. കൂവാന്‍ ശേഷിയില്ലാതായിപ്പോയ പൂവന്‍കോഴിയെ പിന്നെ തല്ലിയിട്ട് കാര്യമില്ലല്ലോ. ബസിലെ മടക്കയാത്രയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച 'പൂവന്‍കോഴി'യെ മാധുരി കൈയ്യോടെ പിടികൂടി. ബസില്‍ നിന്ന് അയാളെ ചവിട്ടിയിറക്കി നടുറോഡിലിട്ട് പഞ്ചറാക്കി. പിഴ കാണിച്ച കൈത്തലം കല്ലുകൊണ്ട് ഇടിച്ചു ചമ്മന്തിയാക്കി, മാധുരി നടക്കുമ്പോള്‍ അയാളുടെ കരണത്ത് മാധുരിക്കായി അടി പാസാക്കുന്നത് ബസിലെ വിദ്യാര്‍ത്ഥിനിയാണ്! മൊത്തം സ്ത്രീസമൂഹത്തിനുമായി മാധുരി ആ തല്ല് കൈമാറിയെന്ന് സാരം.
കഥയ്ക്ക് അവിടെ അവസാനിക്കാം. പക്ഷേ, ഒന്നേമുക്കാല്‍ മണിക്കൂറും പത്തുനൂറ്റമ്പതു രൂപയും സിനിമയ്ക്കായി ചെലവിട്ട പ്രേക്ഷകന്‍ ആ കഥയുടെ പൂര്‍ണത ആഗ്രഹിക്കുന്നുണ്ട്. മാധുരിക്കായി വട്ടമിട്ട എസ്.ഐ ഈ പുതിയ കേസില്‍ അവളെ വീണ്ടും കുടുക്കുമോ, മാധുരിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തിരുന്ന ചന്ദ്രേട്ടന്‍ ഈ ക്‌ളൈമാക്‌സിനെ എങ്ങനെ കാണുന്നു, മാധുരിയുടെ ആക്ടിവിസം അമ്മയെ എങ്ങനെ ബാധിക്കുന്നു, കയ്യിലിരിപ്പൊക്കെ കളഞ്ഞ് കല്യാണം കഴിച്ച് നല്ലകുട്ടിയായ കൂട്ടുകാരി റോസമ്മ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു... ഇതിനൊന്നും ഒരു മറുപടിയുമില്ല. ഒരൊറ്റ ഫ്രെയിം പകുത്തുപോലും ഇത്രയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാമായിരുന്നു. അതിന് വേണ്ടത്ര സമയവും ബാക്കിയുണ്ടായിരുന്നു.
ഒന്നു സമ്മതിക്കാതെ വയ്യ. മഞ്ജുവാര്യരുടേത് എന്നതു പോലെ ഇത് റോഷന്‍ ആന്‍ഡ്രൂസിന്റെയും സിനിമയാണ്. മാര്‍ക്കറ്റ് ഗുണ്ട ആന്റപ്പന്റെ ഇടിവെട്ട് വേഷത്തില്‍ റോഷന്‍ കസറി. കഥ വായിച്ചപ്പോള്‍ ആന്റപ്പനായി അഭിനയിക്കാന്‍ മറ്റൊരാളെ തിരയേണ്ടെന്ന് സംവിധായകന്‍ തീരുമാനിച്ചതുകൊണ്ട്, സിനിമയ്ക്ക് നല്ലൊരു കഥാപാത്രത്തെ കിട്ടി. വിരലിലെണ്ണാവുന്ന അവ്യക്ത സംഭാഷണങ്ങളേ കഥയില്‍ ആന്റപ്പന് ഉള്ളൂ. സംഭാഷണം കൊണ്ടല്ല, ശരീരം കൊണ്ടാണ് ആന്റപ്പന്റെ ആശയവിനിമയം. സ്വന്തം രൂപം അതിനൊത്തതെന്ന് റോഷന്‍ ആന്‍ഡ്രൂസ് തിരിച്ചറിയുന്നതും, ഈ തറവേഷം താന്‍ തന്നെ ചെയ്യുമെന്ന് ശപഥമെടുക്കുന്നതും അഭിനന്ദനീയം.
അനുശ്രീയുടെ കൂട്ടികാരിവേഷവും അലന്‍സിയറുടെ ചന്ദ്രേട്ടനും സൈജുവിന്റെ എസ്.ഐയും ഉള്‍പ്പെടെ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളെല്ലാം ഒന്നാന്തരം. വെള്ളിത്തിരയില്‍ കഥ പറയാന്‍ തീരുമാനിച്ചപ്പോള്‍ സിനിമയുടെ പതിവുകള്‍ പലതും മറക്കേണ്ടിവന്നു എന്നതു മാത്രമാണ് പ്രതി പൂവന്‍കോഴിയുടെ ദുരന്തം. അതത്ര ചെറിയ ദുരന്തമല്ല. കാരണം, സിനിമ കഥയല്ല. പ്രേക്ഷകന്‍ വായനക്കാരനുമല്ല. മഞ്ജു വാര്യരുടെയും റോഷന്‍ ആന്‍ഡ്രൂസിന്റെയും മികച്ച പ്രകടനംകൊണ്ടു മാത്രം പൂവന്‍കോഴി രക്ഷപ്പെടില്ല.
23.28°C








