Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 1:49 am
  • 11th March, 2026
  • Clear Sky
23.08°C23.08°C
  • Humidity: 88 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തലസ്ഥാന നഗരത്തിന് എട്ടു ദിവസം ഇനി വെള്ളിത്തിരയിലെ ലോക കാഴ്ചകളുടെ പൂരമാണ്. ഇരുപത്തിനാലു വര്‍ഷം മുമ്പ് തുടക്കമിട്ട കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല ഉയരുമ്പോള്‍ നല്ല സിനിമയുടെ നിര്‍വചനം തന്നെ മാറിപ്പോയ കാലത്ത്, ക്യാമറയുടെ ലോകഭാഷയില്‍ സംഭവിച്ച വ്യാകരണ വ്യതിയാനങ്ങള്‍ തിരഞ്ഞെത്തുന്നത് ആയിരക്കണക്കിന് ആസ്വാദകരാണ്. മലയാളികളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നു എന്നതാണ് ഐ.എഫ്.എഫ്.കെയുടെ മികവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ദേശിച്ചത് കക്ഷി രാഷ്ട്രീയത്തെക്കുറിച്ചല്ല എന്നാണ് നല്ല ഇന്ന് പ്രതീക്ഷിക്കുകയും നല്ല നാളെ സ്വപ്‌നം കാണുകയും ചെയ്യുന്നവരുടെ ധാരണ.

ലോകത്തെവിടെയും ഏറ്റവും വലിയ രാഷ്ട്രീയം മാനവികതയാണ്. ഈ മാനവികതയ്ക്ക് നല്ല വശങ്ങള്‍ ഉള്ളതുപോലെ ഇരുണ്ട വശങ്ങളുമുണ്ട്. സ്‌നേഹം, കാരുണ്യം, സഹജീവി സ്‌നേഹം, ആത്മാര്‍ത്ഥത, സത്യസന്ധത, പരസ്പര ബഹുമാനം ഇതൊക്കെയാണ് മാനവികതയുടെ നല്ല വശങ്ങള്‍. അതിന്റെ ഇരുണ്ട വശങ്ങളാകട്ടെ വെറുപ്പ്, പക, വിദ്വേഷം, ക്രൗര്യം, ആര്‍ത്തി, ആസക്തി, നിരാശ, നശീകരണവാസന തുടങ്ങിയവയും. മനുഷ്യകഥ പറയുന്ന ഏതു ഭാഷയിലെ സിനിമയും ഈ നന്മതിന്മകളുടെ സങ്കലനമാണ്.

മാനവികതയുടെ നല്ല വശങ്ങള്‍ മാത്രം ആവിഷ്‌കരിക്കുന്നതല്ല നല്ല സിനിമ. കാരുണ്യത്തിന്റെയും ക്രൗര്യത്തിന്റെയും ഇരുകരകളെയും തൊട്ടൊഴുകുന്ന ജീവിതം ആത്യന്തികമായി ഏതു തീരം ചായുന്നുവെന്നും, ഏതു കടലില്‍ച്ചെന്നു ചേരുന്നുവെന്നുമുള്ളതാണ് വിഷയം. സിനിമ നന്മയെ പ്രകീര്‍ത്തിക്കുന്നുവോ തിന്മയെ പിന്തുണയ്ക്കുന്നുവോ എന്ന വിഷയാത്മക വിലയിരുത്തലാണോ പലപ്പോഴും സംഭവിക്കാറുള്ളതെന്നു കൂടി കരുതണം. അതോ, വിഷയമേതായാലും അതിന്റെ കലാത്മകമായ ആവിഷ്‌കാരമാണോ പ്രധാനം?

കല ജീവിതം തന്നെയെങ്കില്‍ അതിന്റെ ഉള്ളടക്കം ജീവിതം പോലെ സംഘര്‍ഷഭരിതമാകും. പക്ഷേ, ഏതു സംഘര്‍ഷത്തിനും ഒരു സ്വാഭാവിക പരിസമാപ്തിയുണ്ട്. അത് ശുഭകരമാകാം ദുരന്തപര്യവസായിയാകാം. പുരസ്‌കാരമാകാം ശിക്ഷയാകാം. ഇത്തരം ദാര്‍ശനികമായ വിഷയങ്ങളെ ഒരു കലാരൂപം എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് അവ വിലയിരുത്തപ്പെടേണ്ടത്. സംവിധായകന്റെ കലയാണ് സിനിമ. അയാള്‍ക്ക് ജീവിതത്തെക്കുറിച്ച് ഒരു ദര്‍ശനമുണ്ടാകും. ഏതു ദര്‍ശനത്തിനും ഒരു ന്യായീകരണമുണ്ടാകണം. ആ ന്യായീകരണം ആസ്വാദകന് ബോധ്യപ്പെടുകയും വേണം. ആ ബോധ്യം സംഭവിക്കുന്നുണ്ടെങ്കില്‍ അത് നല്ല സിനിമയാണ്.

ടര്‍ക്കിഷ് സംവിധായകന്‍ സെര്‍ഹത്ത് കരാസ്‌ളാന്റെ ആദ്യ ഫീച്ചര്‍ ഫിലിം ആയ പാസ്ഡ് ബൈ സെന്‍സര്‍ ആയിരുന്നു ഇരുപത്തിനാലാമത് ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടന ചിത്രം. ജയില്‍പ്പുള്ളികള്‍ ജയിലില്‍ നിന്ന് പുറത്തേക്ക് എഴുതുന്ന കത്തുകളുടെയും, അവര്‍ക്ക് പുറത്തുനിന്ന് എത്തുന്ന കത്തുകളുടെയും ഉള്ളടക്കം പരിശോധിച്ച് സെന്‍സര്‍ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ആത്മസംഘര്‍ഷങ്ങളാണ് സിനിമയുടെ വിഷയം. ഒരു കത്തിനൊപ്പം കിട്ടുന്ന, തടവുപുള്ളിയുടെ ഭാര്യയുടെ ചിത്രത്തില്‍ നിന്ന് സെന്‍സര്‍ മെനഞ്ഞെടുക്കുന്ന ഭാവനയാണ് ആ ചിത്രം. സെന്‍സറുടെ ആത്മസംഘര്‍ഷങ്ങള്‍ ആ സിനിമയുടെ കലാത്മക വിഷയമാണെങ്കില്‍, തുര്‍ക്കിയില്‍ കലാകാരന്മാര്‍ നേരിടുന്ന മാനസിക സംഘര്‍ഷം ആ സിനിമയുടെ രാഷ്ട്രീയമാണ്.

ഏതു രാജ്യത്തും ഏതു ഭാഷയിലും അവിടത്തെ രാഷ്ട്രീയം കലാസൃഷ്ടിയെ സ്വാധീനിക്കും. സത്യത്തില്‍ സ്വാധീനിക്കുന്നത് രാഷ്ട്രീയമല്ല, അത് വ്യക്തിയുടെ ജീവിതത്തിനു മേല്‍ വയ്ക്കുന്ന അനുഭവഭാരമാണ് അയാളുടെ ആത്മാവിഷ്‌കാരത്തില്‍ തെളിയുന്നത്. അത്തരം ഭാരങ്ങളൊന്നും ജീവിതങ്ങള്‍ക്കു മേല്‍ ഏല്പിക്കാത്ത ജനാധിപത്യസ്ഥിതിയാണ് ഇന്ത്യയില്‍ നിന്ന് പൊള്ളുന്ന സിനിമകള്‍ പിറക്കാത്തതിനു പിന്നില്‍. അതിമാനുഷ ത്രിമാന ജന്മങ്ങളും അവിശ്വസനീയ കഥാപാത്രങ്ങളും നമ്മുടെ വെള്ളിത്തിര വാഴുന്നതിന്റെ രഹസ്യം അതുതന്നെ. അതിനു മീതെ മലയാളത്തില്‍ നല്ല, ചെറിയ സിനിമകള്‍ ജനിക്കുന്നതിന് ഒരു കാരണമുണ്ട്: ആത്മാവില്‍ നമ്മള്‍ ഏകാന്തത അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ലോകത്തെവിടെയും ഏകാന്തത ഏറ്റവും വലിയ സംഘര്‍ഷമാണ്.

ആള്‍ക്കൂട്ടത്തിലായിരിക്കുമ്പോഴും മനുഷ്യന്‍ ആത്മാവില്‍ അനുഭവിക്കുന്ന ഏകാന്തതയാണ് ഏറ്റവും വലിയ കഥാവിഷയം. അത്തരം സിനിമകളാണ് എക്കാലത്തും ക്‌ളാസിക്കുകളായി എണ്ണപ്പെടുന്നതും. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേള പ്രതീക്ഷിക്കുന്നതും അത്തരം ചിത്രങ്ങള്‍ തന്നെ. ഇത്ര നാള്‍ മറ്റേതോ മനുഷ്യന്റെ അപരിചിതമായ അനുഭവ ഭൂമികകള്‍ക്കു മുന്നില്‍ അദ്ഭുതത്തോടെ മിഴിച്ചിരുന്നവര്‍ക്ക് ഇപ്പോള്‍ അവയൊക്കെ സ്വന്തം ജീവിതത്തിന്റെ ഏതോ ഒരു അധ്യായം പോലെ അനുഭവിക്കാനാകുന്നുണ്ടെങ്കില്‍ നമ്മുടെ സിനിമയും പൊള്ളിത്തുടങ്ങിയിരിക്കുന്നു എന്ന് പ്രതീക്ഷിക്കാം.

 

Readers Comment

Add a Comment