Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:16 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലിജോ ജോസ് പെല്ലിശേരി ഒരു തടിയനാണ്. പക്ഷേ, 'തടിയന്‍' സിനിമകള്‍ സംവിധാനം ചെയ്തപ്പോഴെല്ലാം കൈപൊള്ളിയിട്ടുള്ള ലിജോയുടെ 'മെലിഞ്ഞ' സിനിമകള്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുക മാത്രമല്ല, ബോക്‌സ് ഓഫീസിലും പണം വാരി. ഏറ്റവും ഒടുവിലത്തെ ഉദാഹരണ സിനിമയാണ് ജല്ലിക്കട്ട്.  ഇന്ത്യയുടെ ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇത് രണ്ടാം തവണയാണ് ലിജോ മികച്ച സംവിധായകനുള്ള രജതമയൂരം നേടിയത്. കഴിഞ്ഞ വര്‍ഷം ഈ.മ.യൗ ആയിരുന്നു സ്‌ക്രീനില്‍.

കഴിഞ്ഞ സെപ്തംബര്‍ ആറിന് ടൊറന്റോ രാജ്യാന്തര ചലച്ചിത്രോത്സവത്തിലായിരുന്നു ജല്ലിക്കട്ടിന്റെ പ്രീമിയര്‍. തൊട്ടുപിന്നാലെ ബുസാന്‍ മേളയിലും സ്‌ക്രീന്‍ ചെയ്തു. അന്നെല്ലാം ലോകസിനിമയുടെ സംവിധായകര്‍ ലിജോയുടെ സിനിമ കണ്ട് അന്തിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അറവുപുരയില്‍ നിന്ന് രക്ഷപ്പെട്ടു പാഞ്ഞ ഒരു പോത്തിനു പിന്നാലെ ഒരു ഗ്രാമം പായുന്നതിന്റെ കഥയാണ്  ജല്ലിക്കട്ട്. എങ്ങനെ നോക്കിയാലും ഒരു 'ഭീകര'സിനിമ. മലയാളത്തിന്റെ ഓസ്‌കര്‍ എന്‍ട്രി എന്നാണ് ജല്ലിക്കട്ടിനെ സിനിമാ നിരൂപകര്‍ വിശേഷിപ്പിച്ചത്.

ആ പോത്തും ചെമ്പന്‍ വിനോദ് ജോസ് ഉള്‍പ്പെടെ ലിജോയുടെ സ്ഥിരം ടീമും മാത്രമേ ചിത്രത്തിലുള്ളൂ. പോത്താണ് താരം. ഇരുട്ടിന്റെ വന്യത ഇത്രയും ഭീകരതയോടെയും സൗന്ദര്യത്തോടെയും ആവിഷ്‌കരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണെന്നു പറയാം. വെള്ളപ്പരപ്പിന് ഇത്രയും ഭംഗിയുണ്ടെന്ന് നമ്മള്‍ അറിഞ്ഞത് ആമേന്‍ കണ്ടപ്പോഴാണ്. അതുപോലെയാണ് ജല്ലിക്കട്ടിലെ ഇരുട്ട്. കഥയുടെ വന്യത കളഞ്ഞുപോകാതെ സൂക്ഷിക്കാന്‍ ആവശ്യമില്ലാതെ ഒരു ചൂട്ടുകറ്റ പോലും കത്തിച്ച് ലിജോ ആ ഇരുട്ടിന്റെ ഇരുട്ട് കെടുത്തിയതുമില്ല.

ലിജോയുടെ ആദ്യ സിനിമ നായകന്‍ ആയിരുന്നു. ഇന്ദ്രജിത്തും തിലകനും സിദ്ദിഖും പ്രധാന കഥാപാത്രങ്ങള്‍. രണ്ടാം സിനിമയായ സിറ്റി ഒഫ് ഗോഡില്‍ പ്രൃഥി, ഇന്ദ്രജിത്ത്, റിമാ കല്ലിങ്കല്‍. പിന്നെയായിരുന്നു നമ്മുടെ വെള്ളിത്തിര സങ്കല്പങ്ങളെയാകെ പൊളിച്ചെഴുതിയ ആമേനിന്റെ വരവ്. എന്നിട്ടും, അതിനു ശേഷം ഡബിള്‍ ബാരല്‍ എന്ന ത്രില്ലര്‍ കോമഡിയെടുത്ത ലിജോ ഒന്നുകൂടി കൈപൊള്ളിച്ചു. പൃഥി, ഇന്ദ്രജിത്ത്, ആസിഫ് അലി നായകര്‍. ഈ സിനിമകള്‍ വിജയിക്കാതെ പോയത് അഭിനേതാക്കളുടെ കുറ്റംകൊണ്ടല്ലെന്ന് നൂറ്റിപ്പത്തു വട്ടം തീര്‍ച്ച. പിന്നെയെന്താ? അതല്ല ലിജോയ്ക്ക് കര്‍ത്താവ് വിധിച്ചിരുന്ന സിനിമകള്‍!

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മൂന്നു സിനിമ- 2017 ല്‍ അങ്കമാലി ഡയറീസ്, 2018 ല്‍ ഈ.മ.യൗ, 2019 ല്‍ ജല്ലിക്കട്ട്. പരസ്പരം വലിയ പൊരുത്തമുള്ളവയല്ല ഈ സിനിമകള്‍ അവയുടെ ഇതിവൃത്തത്തിലോ ആവിഷ്‌കാരത്തിലോ ഒന്നും. പക്ഷേ, ഈ മൂന്നിലും ജീവിതത്തിന്റെ വന്യതയുണ്ട്. ഈ.മ.യൗവില്‍ അതിന് മരണത്തിന്റെ തണുത്ത വിറങ്ങലിപ്പാണെന്നു മാത്രം. നിസ്സഹായതയോ വിധിയോ ഒന്നും ലിജോയുടെ സിനിമകളുടെ ഫിലോസഫിയല്ല. അത് ജീവിതം പോലെ തന്നെയാണ്- അടുത്ത ഫ്രെയിമില്‍ എന്തു സംഭവിക്കുമെന്നോ, അത് എങ്ങോട്ടെല്ലാം വഴിതിരിയുമെന്നോ പറയുക വയ്യ.

ജല്ലിക്കട്ട് ലിജോയുടെ തന്നെ നിര്‍മ്മിതിയാണ്. ഇതിനു മുമ്പ് ഇതേവര്‍ഷം ലിജോ ഒരു തീരെച്ചെറിയ സിനിമ നിര്‍മ്മിച്ചിരുന്നു- തമാശ. വിനയ് ഫോര്‍ട്ട് ആയിരുന്നു മുഖ്യ വേഷത്തില്‍. തീം ആകട്ടെ, കഷണ്ടിയും. ഒരു കഷണ്ടിക്കാരന് പെണ്ണുകിട്ടിയ കഥ എന്നൊക്കെ വേണമെങ്കില്‍ ഈ സിനിമയ്ക്ക് അടിക്കുറിപ്പെഴുതാം. തിയേറ്ററിലും വിജയമായ സിനിമയായിരുന്നു തമാശ. തീരെ നീളം കുറഞ്ഞ സിനിമ. ജല്ലിക്കട്ടിനും നീളക്കുറവുണ്ട്. രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസംകൊള്ളിക്കുകയെന്ന മിനിമം ഗ്യാരന്റി ദൗത്യം ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റെടുത്തിട്ടില്ലെന്ന് ചുരുക്കം.

രണ്ടും വട്ടം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നത് കേരളമെന്ന തീരെച്ചെറിയ ഭൂമികയിലെ, വളരെച്ചെറിയ മനുഷ്യരുടെ, തീരെ ചെറിയ ജീവിതങ്ങളാണെന്ന് ഓര്‍ക്കണം. ജീവിതത്തിന് സ്ഥലകാല ഭൂമികകളൊന്നുമില്ല. എവിടെയും അതൊരു യുദ്ധമാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും ഏതു മനുഷ്യനും ഓരോ നിമിഷവും തുടരുന്ന യുദ്ധം. ഇനി ലിജോയുടെ ഓരോ സിനിമയും ഒരിക്കല്‍ക്കൂടി കണ്ടുനോക്കുക- ജീവിതമെന്ന യുദ്ധമല്ലേ ലിജോയുടെ വിഷയം?
                

Readers Comment

Add a Comment