Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

നടി ആക്രമിക്കപ്പെട്ട കേസിൽ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയാണ്. രാവിലെ 11.30-ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്. കാവ്യക്ക് മുൻകൂറായി നോട്ടീസ് നൽകിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാനെത്തിയത്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ് തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. എന്നാല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്ന സ്ഥലം ഉള്‍പ്പെടെ അറിയിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയത്.
ഏതായാലുമിപ്പോൾ കാവ്യയെ ചോദ്യം ചെയ്യുന്നതോടെ നിർണായകമായ പല വിവരങ്ങളും കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘമാണ് കാവ്യയെ ആദ്യം ചോദ്യം ചെയ്യുന്നത് പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് ചോദ്യം ചെയ്യൽ. ഇത് കഴിഞ്ഞാകും വധഗൂഢാലോചന കേസിലെ ചോദ്യം ചെയ്യൽ. ഇത് പൂർത്തിയായാൽ രണ്ട് കേസിലും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. അന്വേഷണ സംഘം എത്തുന്നതിന് മുൻപ് തന്നെ കാവ്യയുടെ അച്ഛനും അമ്മയും പദ്മ സരോവരം വീട്ടിലെത്തിയിരന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇരുവരേയും വിളിപ്പിച്ചതെന്നാണ് സൂചന. കേസിൽ ദിലീപിന്റേയും കാവ്യയുടേയും ബന്ധുക്കളെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്രൈംബ്രാഞ്ച് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാവ്യയുടെ കുടുംബാംഗങ്ങളെ വിളിച്ച് വരുത്തിയിരിക്കുന്നത്.
അതേ സമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30 തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.