Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബിച്ചു തിരുമല, കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ഇനി ഓർമ്മ മാത്രം .
ചരിത്രപരവും പൗരാണികവും സാംസ്ക്കാരികവുമായ ചിന്തകൾ തന്റെ തൂലികയിലൂടെ പാട്ടുകളാക്കാൻ ബിച്ചു തിരുമലയ്ക്ക് അന്യാദൃശ്യമായൊരു കഴിവ് തന്നെയുണ്ട്. കാല്പനികതയും പഴംചൊല്ലുകളും മിത്തുകളും നാട്ട് ഭാഷകളും അദ്ദേഹത്തിന്റെ പല ഗാനങ്ങളിലും കാണാം. ഹാസ്യരസ പ്രധാനമായ ഒട്ടനവധി ഗാനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
പ്രണയരതിയിൽ തീർത്ത മനോഹര ഗാന ശിൽപ്പങ്ങൾ മലയാള സിനിമാ ഗാനശാഖയ്ക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. ബിച്ചു തിരുമലയുടെ രചന നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുവെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ രചനാ വൈഭവം.
1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സി.ജി ഭാസ്കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരൻ നായരുടെ ജനനം.ഗായിക സുശീലാ ദേവി, വിജയകുമാർ, ഡോ.ചന്ദ്ര, ശ്യാമ, ദർശൻരാമൻ എന്നിവരാണ് സഹോദരങ്ങൾ.
ഗായികയായ സഹോദരിക്ക് മത്സരങ്ങളിൽ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി.
എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചപ്പോഴാണ് സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചത്. സി ആര്‍ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിന് ഗാനങ്ങള്‍ എഴുതിയെങ്കിലും ചിത്രം റിലീസായില്ല. തുടര്‍ന്നെഴുതിയ എന്‍ പി അബുവിന്റെ സ്ത്രീധനവും പുറത്തു വന്നില്ല.
നടന്‍ മധു നിര്‍മ്മിച്ച "അക്കല്‍ദാമ"യാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. 1981ലും 1991ലും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് 1990 ലെ വാമദേവന്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. 1989ലെ റീജിയണല്‍ പനോരമ ഫിലിം സെലക്ഷന്‍ ജൂറിയില്‍ അംഗമായിരുന്നു.
സംഗീത സംവിധായകൻ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകൾ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മർ, ജെറി അമൽദേവ്, ദക്ഷിണാമൂർത്തി, ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻ, ഔസേപ്പച്ചൻ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും നിരവധി ഗാനങ്ങൾ ചെയ്തു. എ.ആർ റഹ്മാൻ മലയാളത്തിൽ സംഗീതം നൽകിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ബിച്ചു എഴുതിയ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പർഹിറ്റായി.
ഇത്തരത്തിൽ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാർട്ടൂൺ പരമ്പരകളിൽ ഒന്നായ ‘ജംഗിൾബുക്കി’ൽ മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ച ‘ചെപ്പടിക്കുന്നിൽ ചിന്നിച്ചിണുങ്ങും ചക്കരപൂവേ...’ എന്ന അവതരണ ഗാനം മോഹൻ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്. ‘
മലയാള സിനിമയിൽ മോഹൻലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളിൽ നിന്നാണ്.
ഫാസിൽ, ഐ.വി ശശി, സിബി മലയിൽ, സിദ്ധിഖ് ലാൽ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചൽ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
മലയാളികൾക്ക് ഓർക്കാനും ഓമനിക്കുവാനും ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ബിച്ചു തിരുമലക്ക് i2i ന്യൂസിന്റെ ആദരാജ്ഞലികൾ .
24.92°C








