Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഭിനയ കലയുടെ മഹാസാഗരം, തനിയാവർത്തനമില്ലാതെ അഭിനയം ...മലയാളത്തിൻറെ സ്വന്തം മമ്മൂക്ക... വർഷങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ... ഓരോ നിമിഷവും മാറ്റുകൂടുന്ന പ്രതിഭാ സ്‌പർശത്തിന് ഇന്ന് 70 വയസ്. കണ്ടിരിക്കുന്തോറും കണ്ണിൽ നിന്ന് മനസിലേക്ക് കൈമാറുന്ന ഭാവ ചലനങ്ങൾ. ഓരോ നോട്ടത്തിലും അതിൽ അലിഞ്ഞ് ചേരുന്ന സംഭാഷണത്തിലും നിറയുന്നത്, അഭിനയം ജീവിതമാകുന്ന മാന്ത്രികത. ഇനിയും അഭിനയിച്ച് കൊതിതീരാത്ത മഹാപ്രതിഭയ്ക്ക് ആശംസകൾ നിറയുകയാണ് നവ മാധ്യമങ്ങളിൽ. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം... അതായിരുന്നു വൈക്കത്തുകാരൻ മുഹമ്മദ് കുട്ടിയിൽ നിന്ന് മമ്മൂട്ടിയിലേക്കുള്ള വളർച്ച. അഭിഭാഷകനാകാൻ പഠിച്ച മമ്മൂട്ടി വക്കീൽ കുപ്പായം അഴിച്ചുവെച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എടുത്തുചാടുമ്പോൾ വിശ്രമില്ലാത്ത പ്രയത്നവും അർപ്പണബോധവും മാത്രമായിരുന്നു കൈമുതൽ. പിന്നീടുണ്ടായത് മലയാള സിനിമയുടെ ചരിത്രമാണ്. 5 പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതം. ഇതുവരെ കണ്ടത് മനോഹരം... ഇനി കാണാൻ പോകുന്നത് അതി മനോഹരം. അതാണ് ഓരോ മമ്മൂട്ടി ചിത്രവും.അനുഭവങ്ങൾ പാളിച്ചകൾ എന്ന സത്യൻ ചിത്രത്തിൽ മുഖം കാണിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ചെറുതും അപ്രധാനവുമായ നിരവധി വേഷങ്ങൾ. പക്ഷേ സിനിമ മമ്മൂട്ടിയേയും, മമ്മൂട്ടി സിനിമയേയും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. എൺപതുകളുടെ തുടക്കം. എം.ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്‌ത ദേവലോകം, പക്ഷേ ഷൂട്ടിങ് പൂർത്തിയായില്ല. അധികം കാത്തിരിക്കേണ്ടി വന്നില്ല, കെജി ജോർജിൻറെ മേളയിലൂടെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമയുടെ മുഖമായി മാറുകയായിരുന്നു. വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ, യവനിക, തൃഷ്ണ, കൂടെവിടെ, ആ രാത്രി തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ. അഹിംസയും അടിയൊഴുക്കുകളുമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ രാകി മിനുക്കിയത്. അടിയൊഴുക്കിൽ നിന്ന് യാത്രയിലേക്ക് എത്തുമ്പോൾ അഭിനയ മികവിന് പുരസ്കാരങ്ങൾ തേടിയെത്തിത്തുടങ്ങിയിരുന്നു. നിറക്കൂട്ടും ന്യൂഡൽഹിയും അഭിനയമികവ് മാത്രമായിരുന്നില്ല, അദ്ദേഹത്തിന് സൂപ്പർതാര പരിവേഷം കൂടി ചാർത്തി നൽകി. മതിലുകളും വടക്കൻവീരഗാഥയും പൊന്തൻമാടയും അമരവും മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്ര സൃഷ്ടികൾ. വിധേയനും പൊന്തൻമാടയും മൃഗയയും അഭിനയമെന്ന കലയെ അനായാസമാക്കിയപ്പോൾ മമ്മൂട്ടി എന്ന നടനെ മലയാളി ഹൃദയത്തിൽ പ്രതിഷ്‌ഠിച്ചു.ലഹരിയോടും ആരോഗ്യ പൂർണമല്ലാത്ത ഭക്ഷണത്തോടും എന്നും വിയോജിപ്പ് പുലർത്തുന്ന മമ്മൂട്ടി, മലയാളി എന്നും മാതൃകയാക്കുന്ന മനുഷ്യ സ്നേഹികളിൽ ഒരാൾ കൂടിയാണ്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം അഞ്ച് തവണ, 12 തവണ ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്കാരം. അംഗീകാരങ്ങളുടെ നിറവിലും ഇനിയും അഭിനയിക്കണമെന്നും സംവിധായകൻറെ നടനാണ് താനെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. 1998ൽ ഭാരതം മലയാളത്തിൻറെ മെഗാ സ്റ്റാറിന് പത്മശ്രീ നൽകി ആദരിച്ചു. കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റും കാലിക്കറ്റ് സർവകലാശാല ഡോകടറേറ്റ് നൽകിയും ആദരിച്ചു. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയ്ക്ക് സ്നേഹപൂർവം പിറന്നാൾ മധുരം...
30.82°C








