Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മള്ളൂര്‍ വക്കീലും ആയിരം രൂപയുമുണ്ടെങ്കില്‍ ആരെയും കൊല്ലാമേ രാമനാരായണ... എന്നൊരു ചൊല്ലുണ്ടായിരുന്നു, പണ്ട്. പതിരില്ലാത്ത ആ ചൊല്ലിലെ കഥാനായകനായ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള ഓര്‍മ്മയായിട്ടു തന്നെ അമ്പതാണ്ടു കഴിഞ്ഞു. മള്ളൂരിനു പകരം, മാദ്ധ്യമങ്ങളുടെ പിന്തുണയും അക്കൗണ്ടില്‍ കോടികളും അത്യാവശ്യം രാഷ്ട്രീയ പിടിപാടുമുണ്ടെങ്കിൽ കേരളത്തില്‍ എന്തുമാകാം എന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥ. അതല്ലെങ്കില്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങിയ സകല പ്രമുഖ പത്രങ്ങളിലും ഒരു വിദ്യാഭ്യാസ തട്ടിപ്പിന്റെ ഫുള്‍പേജ് പരസ്യം ഒന്നാം പേജില്‍ത്തന്നെ പ്രത്യക്ഷപ്പെടുമായിരുന്നില്ല!

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള സ്വകാര്യ സര്‍വകലാശാലയായ ജെയിന്‍ യൂണിവേഴ്സിറ്റിക്ക്, കൊച്ചിയിലെ കാക്കനാട് ഉള്ളതായി അവകാശപ്പെടുന്ന ഓഫ് ക്യാമ്പസിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു കോടികള്‍ മുടക്കിയുള്ള പരസ്യങ്ങള്‍. ചില കോഴ്സുകള്‍ക്ക് സര്‍വകലാശാലകളും സംസ്ഥാന സര്‍ക്കാരും അംഗീകാരം നല്‍കിയിട്ടില്ലെന്ന വാര്‍ത്തകള്‍ മുമ്പു പുറത്തുവന്നിട്ടുണ്ട്. ജെയിനിന്റെ ഓഫ് ക്യാമ്പസ് കോഴ്സുകൾക്ക് യൂ.ജി.സിയുടെയോ എം.എച്ച്.ആർ.ഡിയുടെയോ അനുമതിയോ അംഗീകാരമോ ഇല്ലെന്നാണ് റിപ്പോർട്ട്.

ഇതിനെക്കാളെല്ലാം അമ്പരപ്പുണ്ടാക്കിയത്, ആരാണ് കോടികള്‍ മുടക്കിയുള്ള ഈ പരസ്യപ്രളയത്തിനു പിന്നിലെന്ന അന്വേഷണത്തില്‍ വെളിപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ്. വിദേശരാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കേരളത്തിലെ തന്നെ ഏറ്റവും വലിയ ആദ്യത്തെ കേസ് ആയി 2012, 2013 കാലത്തെ ക്രൈം രേഖകളിലുള്ള ഷാഡ്‌വെല്‍ എന്ന സ്ഥാപനത്തിന്റെ മേധാവിയായിരുന്ന ടോമും സുബി കുര്യനും ആണ് 
കാക്കനാട് ജെയിന്‍ യൂണിവേഴ്സിറ്റി ഓഫ് ക്യാമ്പസ് പരസ്യതട്ടിപ്പിന്റെ തലച്ചോറെന്നാണ് വിവരം. 

എഡ്യുക്കേഷന്‍ മാനേജ്‌മെന്റ് കമ്പനിയെന്ന പേരില്‍ കൊച്ചിയില്‍ കാക്കനാട്ട് പ്രവര്‍ത്തിച്ചിരുന്ന ഷാഡ്‌വെല്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ യു.എസിലേക്ക് അനധികൃത മനുഷ്യക്കടത്തിന് നേതൃത്വം നല്‍കിയിരുന്ന ടോമും സുബിയും അന്ന് ഈ കേസില്‍ അറസ്റ്റിലായതായും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതായും രേഖകളിലുണ്ട് പ്രമുഖ മാധ്യമങ്ങളിലെല്ലാം അന്ന് ഈ വാർത്ത വന്നിരുന്നു. ഇതേ കേസില്‍ അന്ന് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഫാ. ജെയ്സണ്‍ കൊള്ളന്നൂരും സംഘടനയുടെ പ്രവര്‍ത്തകരായ ജോമോന്‍ തോമസ്, രാജു തോമസ്, ടിറ്റു തോമസ് എന്നിവര്‍ അന്ന് പൊലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

മനുഷ്യക്കടത്ത് തട്ടിപ്പിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്ന ടോം നേരത്തെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. പത്രങ്ങളില്‍ വമ്പന്‍ പരസ്യങ്ങള്‍ നല്‍കി, ഉപഭോക്താക്കളെ വിശ്വാസത്തിലെടുക്കുകയും അഡ്വാന്‍സ് ബുക്കിംഗിന്റെ പേരില്‍ കോടികള്‍ തട്ടിച്ചെടുക്കുകയും ചെയ്യുന്ന അതേ ബിസിനസ് തന്ത്രമാണ് ടോം ജെയിന്‍ യൂണിവേഴ്സിറ്റി ഓഫ് കാമ്പസിന്റെ പേരിലും പയറ്റുന്നതെന്നാണ് സംശയം. നേരത്തെ ഷാഡ്‌വെല്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്ന കാക്കനാട്ടു ഇൻഫോപാർക്കിൽ തന്നെയാണ് ജയിന്‍ സര്‍വകലാശാലയുടെ ഓഫ് കാമ്പസ് മേല്‍വിലാസവും. ഇവിടെ പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്നതു പോലെ ഉന്നതവിദ്യാഭ്യാസ സ്ഥാപന നടത്തിപ്പിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല.

പരസ്യം നല്‍കി കബളിപ്പിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ച് അത്യാവശ്യം വേണ്ടുന്ന കെട്ടിട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി വിദ്യാഭ്യാസ തട്ടിപ്പു നടത്തുന്നതാണത്രെ പദ്ധതി. നേരത്തെ നല്‍കിയ പരസ്യങ്ങള്‍ വഴി ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ കോടികള്‍ ഇപ്പോഴത്തെ പരസ്യപ്രചാരണത്തിനു വേണ്ടി മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തിരിക്കാം. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പൊളിയുകയും മനുഷ്യക്കടത്ത് കേസില്‍ കുടുങ്ങുകയും ചെയ്തപ്പോഴാണ്  ജയിന്‍ സര്‍വകലാശാലയുടെ പേരില്‍ പുതിയ വിദ്യാഭ്യാസ തട്ടിപ്പു പരിപാടിയുമായി ഇവരുടെ അവതാരം.

ജയിന്‍ സര്‍വകലാശാലാ കാമ്പസിന് കൊച്ചിയില്‍ അനുമതിയോ അംഗീകാരമോ ഇല്ലെന്ന യാഥാര്‍ത്ഥ്യം സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ നിയമസഭയില്‍ത്തന്നെ കെ.എന്‍.എ ഖാദര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയതാണ്. ഈ വര്‍ഷം ജൂണിലാകട്ടെ, ജെയ്ന്‍ യൂണിവേഴ്സിറ്റിയുടെ പരസ്യം വീണ്ടും പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയപ്പോള്‍ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഉഷാ ടൈറ്റസ് ഇത് ഒന്നുകൂടി വ്യക്തമാക്കി യു.ജി.സി ചെയര്‍മാന്‍ ആയ പ്രൊഫ. ഡി.പി. സിംഗിന് ഔദ്യോഗികമായി കത്തെഴുതി. മാദ്ധ്യമങ്ങളിലെ പരസ്യങ്ങളുടെ ചതിക്കുഴിയില്‍ വീണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും ഉഷാ ടൈറ്റസ് ആ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഇത്രയൊക്കെയായിട്ടും, യു.ജി.സിയും സര്‍ക്കാരും പുല്ലാണെന്ന മട്ടിലാണ് ജെയിന്‍ യൂണിവേഴ്സിറ്റി ഈ കൊവിഡ് കാലത്ത് വിദ്യാഭ്യാസ തട്ടിപ്പുമായി മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ഇറങ്ങിയിരിക്കുന്നത്. സര്‍വകലാശാലാ കാമ്പസിനു തന്നെ അനുമതി ഇല്ലാതിരിക്കെ, അവിടെ എങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്നോ കോഴ്സ് നടത്തുമെന്നോ ഫീസ് വാങ്ങുമെന്നോ ഒന്നും ചോദിക്കരുത്. ഇരയെ കെണിയില്‍ വീഴ്ത്തുകയെന്നല്ലാതെ ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെത്തേണ്ട ബാദ്ധ്യതയൊന്നും തട്ടിപ്പുകാര്‍ക്കില്ല. പക്ഷേ, ഈ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത് കേരളത്തിലെ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയാണെന്ന് അറിയണം. കോടികളുടെ പരസ്യം വാങ്ങിയതിനു ശേഷം മാദ്ധ്യമങ്ങള്‍ കണ്ണടച്ചുപിടിക്കുന്നത് ഈ തട്ടിപ്പിനാണെന്നും തിരിച്ചറിയണം.

തങ്ങളുടെ വിശ്വാസ്യത പണയം വച്ച്, തട്ടിപ്പിനു മുന്നിലേക്ക് കേരളത്തിലെ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഇട്ടുകൊടുത്തിട്ട് മാദ്ധ്യമങ്ങള്‍ കൈകഴുകുന്നത് എങ്ങനെയെന്നു കൂടി കാണുമ്പോഴേ വലിയൊരു വഞ്ചനയുടെ വ്യാപ്തിയും ഈ മാദ്ധ്യമങ്ങള്‍ ഘോരഘോരം പ്രസംഗിക്കുന്ന പ്രതിബദ്ധതയുടെ ശരിയായ അര്‍ത്ഥവും പിടികിട്ടൂ. ഇത്തരം ഫുള്‍പേജ് തട്ടിപ്പു പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനോട് അനുബന്ധിച്ച്, മുന്‍കൂര്‍ ജാമ്യമെന്ന നിലയില്‍ ദിനപത്രങ്ങള്‍ ചെയ്തത് ഉള്‍പ്പേജില്‍ എവിടെയെങ്കിലും സ്വന്തം നിലയ്ക്ക് ഒറ്റക്കോളത്തില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാത്തത്ര വലുപ്പത്തില്‍ തീരെച്ചെറിയ ഒരു കുറിപ്പു കൂടി നല്‍കുകയാണ്.

പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലെ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും, അതില്‍ പറയുന്ന അവകാശവാദങ്ങളുടെ വസ്തുത അന്വേഷിച്ച് അറിയേണ്ടത് വായനക്കാരുടെ ബാദ്ധ്യതയാണെന്നും നാണമില്ലാതെ പറഞ്ഞ് തടിതപ്പുന്നതാണ് ഈ സത്യവാങ്മൂലം. ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എന്തിനും വലിയ വിശ്വാസ്യതയുണ്ടെന്ന് ധരിക്കുന്നവരാണ് മലയാളികളായ വായനക്കാര്‍. വാര്‍ത്തകളുടെ കാര്യത്തിലും സത്യം അന്വേഷിച്ചറിയേണ്ട ബാദ്ധ്യത തങ്ങള്‍ക്കു തന്നെയാണോ എന്നാണ് വായനക്കാര്‍ ഈ മാദ്ധ്യമങ്ങളോട് ഇപ്പോള്‍ വിനയപൂര്‍വം ചോദിക്കുന്നത്.

കൊച്ചി എഡിഷൻ ദേശാഭിമാനിയുടെ മാർക്കറ്റിംഗ് വിഭാഗത്തിലെ ജോലിക്കാരനായിരുന്ന വേണു ചേട്ടൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് തന്റെ 
മാധ്യമത്തിന്റെയും പാർട്ടിയുടെയും സ്വാധീനം ഉപയോഗിച്ച് ഇവർക്ക് വേണ്ടുന്ന ലെയ്‌സണിങ് വർക്കുകളും പി.ആർ വർക്കുകളും ചെയ്‌തു കൊടുക്കുന്നത്. വിദ്യാർത്ഥികളുടെയും രക്ഷാകർത്തകളുടെയും പരാതികൾ മാധ്യമങ്ങളിൽ എത്തുമ്പോൾ അവ മുക്കാൻ സഹായിക്കുന്നതും ഇദ്ദേഹമാണ്.    

ഉപരിപഠനത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വലിയ തോതില്‍ ആശ്രയിക്കുന്നത് അയല്‍സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെയും കര്‍ണാകടത്തിലെയും കോളേജുകളെയും സര്‍വകലാശാലകളെയുമാണ്. ജൂണ്‍ ജൂലായ് മാസങ്ങള്‍ കോളേജുകളില്‍ പ്രവേശന സമയമാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും യാത്രാവിലക്കും ഉള്ളതുകൊണ്ട് അതിര്‍ത്തി കടന്നുള്ള പഠനം തത്കാലം നടപ്പില്ല. മലയാളി വിദ്യാര്‍ത്ഥികളെ പ്രതീക്ഷിച്ച് ബാംഗ്ലൂരില്‍ വലവിരിച്ചിരുന്ന ജെയ്ന്‍ യൂണിവേഴ്സിറ്റി, ഈ അവസരം ഇരുകൂട്ടരും മുതലെടുക്കുകയായിരുന്നു .

ഉന്നതവിദ്യാഭ്യാസത്തിന് ഓണ്‍ലൈന്‍ പഠനം എങ്ങനെ സാദ്ധ്യമാകുമെന്ന് ഉത്കണ്ഠപ്പെടുകയും, കോളേജില്‍ പോകാനാകാതെ ഒരു വര്‍ഷം തന്നെ നഷ്ടമാകുമോ എന്ന് ആശങ്കപ്പെടുകയും ചെയ്ത് കൊവിഡിനെ പഴിച്ച് വീട്ടിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലേക്കാണ് ഇവിടെത്തന്നെ സര്‍വകലാശാലയില്‍ പഠിക്കാമെന്ന മോഹനവാഗ്ദാനം ഈ തട്ടിപ്പു സംഘം മാദ്ധ്യമങ്ങള്‍ വഴി വിളമ്പുന്നത്. ഒരു യൂണിവേഴ്സിറ്റിക്കും അവരുടെ പ്രവര്‍ത്തന പരിധിക്കു പുറത്ത് ഓഫ് കാമ്പസുകള്‍ പ്രവര്‍ത്തിക്കാന്‍ യു.ജി.സിയുടെ അനുമതി ഇല്ലെന്നിരിക്കെയാണ്, കൊച്ചിയിലെ ഓഫ് കാമ്പസിന്റെ പേരില്‍ ബാംഗ്ലൂരിലെ സ്വകാര്യ സര്‍വകലാശാല തട്ടിപ്പു നടത്തുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

കൊമേഴ്സ്, മാനേജ്‌മെന്റ്, സയന്‍സ്, ആര്‍ട്സ്, ഡിസൈന്‍ എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കോഴ്സുകളിലേക്ക് പ്രവേശനം നേടാമെന്നാണ് കഴിഞ്ഞ ദിവസത്തെ തട്ടിപ്പുപരസ്യം പറയുന്നത്. യു.ജി.സിയുടെയോ എം.എച്ച്.ആർ.ഡിയുടെയോ സര്‍ക്കാരിന്റെയോ അംഗീകാരമില്ലാത്ത കാമ്പസില്‍ എങ്ങനെ പഠിച്ച് പരീക്ഷയെഴുതി പാസാകുമെന്ന തലവേദനയൊക്കെ മാദ്ധ്യമങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിട്ടുകൊടുത്ത് കൈകഴുകിയ സ്ഥിതിക്ക് ഇനി അക്കാര്യം നാട്ടുകാര്‍ തന്നെ ആലോചിക്കണം. കാരണം, വലിയ ഫീസ് കൊടുത്ത് വലിയ വഞ്ചന വിലയ്ക്കു വാങ്ങുന്ന വായനക്കാരോട് തങ്ങള്‍ക്ക് ഉത്തരവാദിത്വമൊന്നുമില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ഡോ. ചെന്‍രാജ് റോയ്ചന്ദ് എന്നൊരു വ്യവസായി 1990 ല്‍ ശ്രീ ഭഗവാന്‍ മഹാവീര്‍ ജെയിന്‍ കോളേജ് എന്ന പേരില്‍ ബാംഗ്ലൂരില്‍ സ്ഥാപിച്ചതാണ് ജെയിന്‍ യൂണിവേഴ്സിറ്റി എന്നാണ് സര്‍വകലാശാലയുടെ പേരിലുള്ള വെബ് സൈറ്റില്‍ കാണുന്നത്. സ്ഥാപകന്‍ വ്യവസായി ആയതുകൊണ്ട് സര്‍വകലാശാലയുടെ കച്ചവട താത്പര്യത്തെ കുറ്റം പറയാനാവില്ല. കച്ചവടം തന്നെ കാപട്യത്തിന്റെ കലയാണെന്നാണ് ഒരു തിയറി. വിദ്യാഭ്യാസത്തിലാകുമ്പോള്‍, അതും മാദ്ധ്യമങ്ങളുടെ പിന്തുണയോടെ ആകുമ്പോള്‍ തട്ടിപ്പിന് വിശ്വാസ്യതയേറും. പത്രങ്ങളെ വിശ്വസിച്ച് അത്തരം തട്ടിപ്പുകളിലേക്ക് സ്വന്തം കുട്ടികളുടെ തലയും ഭാവിയും വച്ചുകൊടുക്കില്ലെന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്.

Readers Comment

Add a Comment