Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശാരീരിക ചോദനകളെ മാത്രമല്ല, കോപവും വൈരാഗ്യവും ഉൾപ്പെടെ മാനസിക വികാരങ്ങളെക്കൂടി ജയിച്ചവരാണ് സന്യസ്തരെന്നാണ് സങ്കല്പം. പക്ഷെ, കോട്ടയം ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജ് വിദ്യാർത്ഥിനി അഞ്ജു പി. ഷാജിയുടെ ആത്മഹത്യയ്ക്കും, രണ്ടു മാസം മുമ്പ് തിരുവല്ല പാലിയേക്കരയിൽ ബസേലിയൻ കോൺവെന്റിൽ കനാസ്ത്രീ വിദ്യാർത്ഥിനിയായിരുന്ന ദിവ്യ പി. ജോണിന്റെ ദുരൂഹമരണത്തിനും പിന്നിലെ കാരണങ്ങൾ തിരയുമ്പോൾ ക്രൈസ്തവ സഭയിലെ സന്യസ്ത സമൂഹത്തിന് എന്തു സംഭവിച്ചുവെന്ന് സംശയിച്ചുപോകും!
പരീക്ഷാഹാളിൽ വച്ച് കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെടുന്ന അഞ്ജുവിനെ മാനസികമായി തളർത്തുകയും, കുട്ടിയെ കാണാതായതിനെ തുടർന്ന് കോളേജിൽ അന്വേഷിച്ചെത്തിയ ബന്ധുവിനോട് മോശമായി പെരുമാറുകയും ചെയ്ത കോളേജ് അധികൃതരുടെ നടപടിയിലും, കോപ്പിയടി പിടിക്കപ്പെട്ടാൽ നിർവഹിക്കേണ്ട നടപടിക്രമങ്ങളിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് എം.ജി. സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
ആരോപണങ്ങളും ആക്ഷേപങ്ങളും ചൊരിഞ്ഞ് വിദ്യാർത്ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് കോളേജ് അധികൃതർ ചെയ്തതെന്ന് വ്യക്തം. വീഴ്ച വ്യക്തമായതിനെ തുടർന്ന് പ്രിൻസിപ്പൽ ഫാ. എൻ.വി. തോമസ് ഞാറക്കാട്ടിലിനെ പരീക്ഷാ ചീഫ് സൂപ്രണ്ട് സ്ഥാനത്തു നിന്ന് അടിയന്തരമായി മാറ്റിയ സർവകലാശാല, അന്വേഷണ സമിതിയുടെ വിശദറിപ്പോർട്ടിനു ശേഷമായിരിക്കും ഇയാൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുക. കോപ്പിയടിക്കാനായി പാഠഭാഗങ്ങൾ എഴുതിയതായി പറയപ്പെടുന്ന ഹാൾ ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിന്റേതു തന്നെയാണോ എന്ന് ഫോറൻസിക് പരിശോധനാ ഫലം വന്നതിനു ശേഷമേ വ്യക്തമാകൂ. അതിൽ സംശയം ഉന്നയിക്കപ്പെട്ടാൽ കേസ് കൂടുതൽ ഗുരുതരമാകും.
കോപ്പിയടിച്ചെന്ന് ആരോപിക്കപ്പെടുന്ന അഞ്ജുവിനെ ഹാൾടിക്കറ്റ് പിടിച്ചെടുത്തതിനു ശേഷവും അരമണിക്കൂറിലധികം സമയം പരീക്ഷാഹാളിൽ, മറ്റു വിദ്യാർത്ഥികൾക്കു മുന്നിൽ അപമാനിതയാക്കി ഇരുത്തിയിരുന്നു. ഇത് വിദ്യാർത്ഥിനിക്ക് കടുത്ത മാനസികാഘാതം ഏല്പിച്ചതായി വേണം അനുമാനിക്കാൻ. കോപ്പിയടിക്കു തെളിവായി പിടിച്ചെടുത്ത ഹാൾ ടിക്കറ്റ് സർവകലാശാലയ്ക്ക് കൈമാറേണ്ടതിനു പകരം കൈവശം വയ്ക്കുകയും വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയുമാണ് പാലാ രൂപതയ്ക്കു കീഴിലുള്ള കോളേജ് അധികൃതർ ചെയ്തത്. പരീക്ഷാ ഹാളിന്റെ സി.സി ടി.വി ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾക്കു നൽകിയതാണ് ഗുരുതരമായ മറ്റൊരു വീഴ്ച.
കുട്ടിയെ കാണായതിനെ തുടർന്ന് കോളേജിൽ അന്വേഷിച്ചെത്തിയ സഹോദരീഭർത്താവായ പ്രവീണിനോട്, 'കൊച്ച് വല്ല ആൺപിള്ളേരുടെയും കൂടെപ്പോയോ എന്ന് അന്വേഷിക്ക്' എന്നായിരുന്നു പുരോഹിതനായ പ്രിൻസിപ്പലിന്റെ മറുപടി. വിദ്യാർത്ഥിനിയുടെ വ്യക്തിത്വത്തെയും സദാചാരശുദ്ധിയെയും അവഹേളിക്കുന്ന ഈ സംഭാഷണം കോളേജ് മേധാവിയായ ഒരു പുരോഹിതനിൽ നിന്ന് പ്രതീക്ഷിക്കാമോ? നിരുത്തരവാദപരവും ക്രൂരവും മാത്രമല്ല, സ്ത്രീത്വത്തെ അപമാനിക്കുന്നതു കൂടിയല്ലേ പൗരോഹിത്യ കുപ്പായമണിഞ്ഞ പ്രിൻസിപ്പലിന്റെ പ്രതികരണം? മനുഷ്യാവകാശ കമ്മിഷനു മാത്രമല്ല, വനിതാ കമ്മിഷനും കേസെടുക്കാവുന്ന വകുപ്പ് ഈ ഒരൊറ്റ സംഭാഷണത്തിലുണ്ട്.
2020 ജൂൺ ആറിന് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അഞ്ജുവിന് പരീക്ഷ. അഞ്ജു കോപ്പിയടിക്കാൻ ഉപയോഗിച്ചതായി പറയപ്പെടുന്ന ഹാൾ ടിക്കറ്റ് പിടിച്ചെടുത്ത കോളേജ് അധികൃതർ സംഭവം സർവകലാശാലയ്ക്ക് റിപ്പോർട്ട് ചെയ്യാതെ, അത് കൈവശം വച്ചതുതന്നെ സംശയാസ്പദമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ അതിനു സാധിച്ചില്ലെന്നു പറയുന്ന പ്രിൻസിപ്പലും അധികൃതരും, തിങ്കാഴ്ച രാവിലെ ആദ്യം ചെയ്തത് ഇതേ ഹാൾ ടിക്കറ്റുമായി വാർത്താ സമ്മേളനം വിളിച്ചു ചേർക്കുകയാണ്. പിന്നീടുള്ള പരീക്ഷകൾക്കും ഉപയോഗിക്കേണ്ട ഹാൾ ടിക്കറ്റിനു പിൻവശം നിറയെ വിദ്യാർത്ഥിനി കോപ്പിയടിക്കാൻ പാഠഭാഗങ്ങൾ എഴുതിയെന്നതു തന്നെ സാമാന്യയുക്തിക്കു നിരക്കുന്നതല്ല.
കോളേജ് അധികൃതരുടെ പെരുമാറ്റം അഞ്ജുവിനെ കടുത്ത മാനസികാഘാതത്തിലാക്കിയെന്നു വേണം കരുതാൻ. ഹാൾ ടിക്കറ്റ് പിടിച്ചുവച്ചത് വിദ്യാർത്ഥിനിയെ ആശങ്കയിലാക്കുകയും, മറ്റു വിദ്യാർത്ഥികൾക്കു മുന്നിൽ വച്ച് അപമാനിച്ചത് കടുത്ത മനോവിഷമത്തിന് ഇടയാക്കുകയും ചെയ്തിരിക്കാം. സർവകലാശാലയെയും കുട്ടിയുടെ വീട്ടുകാരെയും വിവരമറിയിക്കേണ്ട അധികൃതരാണ് ഇതു രണ്ടും ചെയ്യാതെ തെറ്റു ന്യായീകരിക്കാൻ തെളിവുകളുമായി മാദ്ധ്യമങ്ങൾക്കു മുന്നിലെത്താൻ ധൃതിപിടിച്ചത്! ക്രൈസ്തവ സഭയ്ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിൽ, പുരോഹിതന്റെ നേതൃത്വത്തിലാണ് ഇതെല്ലാം സംഭവിച്ചത് എന്നതാണ് ഏറ്റവും ലജ്ജാകരം.
തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ മഠത്തിൽ കിണറ്റിൽ മരിച്ച ദിവ്യ പി. ജോണിന്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ ഇതുവരെ മറ നീങ്ങിയിട്ടില്ല. മഠത്തിൽ ദിവ്യ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ടെങ്കിലും യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. അന്വേഷണം ആരംഭിക്കുന്നതിനു മുൻപു തന്നെ ദിവ്യയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചും സംശയജനകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കന്യാസ്ത്രീ മഠങ്ങളിലും സഭകളുടെ അധീനതയിൽ പ്രവർത്തിക്കുന്ന കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും നടക്കുന്ന പ്രവൃത്തികൾ പലതും സഭയ്ക്കു തന്നെ നാണക്കേടായി മാറുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതാണ് വിശ്വാസി സമൂഹത്തിന് ആശങ്കയുളവാക്കുന്നത്.
സ്‌നേഹവും കരുണയും ജീവിതശുദ്ധിയും പൗരോഹിത്യത്തിന്റെ അടിസ്ഥാനപാഠങ്ങളായി കരുതപ്പെട്ടിരുന്ന കാലം കഴിഞ്ഞുപോയോ? ലൈംഗികത ഉൾപ്പെടെ എല്ലാ സാധാരണ ജൈവവികാരങ്ങൾക്കും, കോപവും വൈരാഗ്യവും ഉൾപ്പെടെ സാധാരണ മാനുഷിക വികാരങ്ങൾക്കും വശംവദരാകുന്ന ദുർബലന്മാർ മാത്രമാണോ പുതിയ കാലത്തെ പുരോഹിതന്മാർ? ആണെങ്കിൽ വിശ്വാസികളുടെ ചോദ്യം ഇതാണ്- ഇവർ നയിക്കുന്ന സഭയിൽ എങ്ങനെ വിശ്വാസപൂർവം ജീവിക്കും?
32.82°C








