Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് വീണ്ടും വിഷു. സൃദ്ധിയുടെ സ്വപ്‌നത്തിലേക്ക് കണി കണ്ടുണര്‍ന്ന്, വരുംവര്‍ഷത്തേക്കുള്ള സമ്പാദ്യത്തിന് വെള്ളിനാണ്യം കൈനീട്ടമായി വാങ്ങി, ഉഴുതൊരുക്കിയ പാടങ്ങളില്‍ നൂറു മേനിക്കായി വിത്തു തൂകി മലയാളം പുതുവര്‍ഷം ആരംഭിക്കുന്ന കാര്‍ഷികദിനം. മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സൂര്യരഥത്തിന്റെ സംക്രമണം മാറുന്ന ദിനം, പകലിനും ഇരവിനും ഒരേ ദൈര്‍ഘ്യം. പഴയ കാര്‍ഷിക കേരളത്തിന്റെ ഉത്സവമായിരുന്നു വിഷുവെങ്കില്‍, പഴമയുടെ ശേഷിപ്പുകള്‍ പത്തായത്തില്‍പ്പോലും സൂക്ഷിച്ചിട്ടില്ലാത്ത പുതിയ കാലത്തെ വിഷുവിന്റെ സന്ദേശമെന്ത്?
എല്ലാം ആഘോഷമായപ്പോള്‍ പലതിന്റെയും പൊരുള്‍ മറന്നുപോയവരാണ് നമ്മള്‍. വിതച്ചും കൊയ്തും, നട്ടും കായ് പറിച്ചും ജീവിതത്തിന് പച്ചപ്പു നല്‍കിയിരുന്ന കാലത്ത് മനുഷ്യന് മണ്ണിനോട് ആരാധനയായിരുന്നു. ഓരോ കൃഷിയിറക്കലും ഒരു പ്രാര്‍ത്ഥനയായിരുന്നു. മാറുന്ന കാലാവസ്ഥകള്‍ നമ്മുടെ കൃഷിക്ക് കാവലാളായിരുന്നു. വിഷുവിന് വിതയ്ക്കുന്നത് ഓണത്തിന് കൊയ്‌തെടുക്കാമായിരുന്നു. വിളവെടുത്ത പാടങ്ങള്‍ വീണ്ടും അടുത്ത വിതയ്ക്ക് ചാലിടുന്നത് സ്വാഭാവികമായും വലിയ പ്രതീക്ഷകളുടെ കൂടി വിത്തിടലായിരുന്നു. കാഴ്ചകള്‍ പോയ്മറഞ്ഞിട്ടും നമ്മള്‍ കണി മാത്രം മറന്നില്ല. കൈനീട്ടവും മറന്നില്ല.
ധാന്യം, നാളികേരമുറി, പച്ചമാങ്ങ, പഴവര്‍ഗങ്ങള്‍, വെറ്റില, അടയ്ക്ക, സ്വര്‍ണം, അലക്കിയെടുത്ത മുണ്ട്, വെള്ളിനാണ്യങ്ങള്‍, കണി വെള്ളരി, വാല്‍ക്കണ്ണാടി, കണിക്കൊന്ന തുടങ്ങിയവ ഓട്ടുരുളിയിലൊരുക്കിവച്ച്, കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലാണ് കണിക്കാഴ്ച. സമൃദ്ധിയുടെ സൂചകമാണ് ഓട്ടുരുളിയിലെ കാഴ്ചവസ്തുക്കളോരോന്നും. കണിത്താലത്തില്‍ കൃഷ്ണവിഗ്രഹം കൂടി വയ്ക്കുന്നത്, വിഷ്ണുവിന്റെ അവതാരമായ കൃഷ്ണന്‍ നരകാസുരകനെ വധിച്ച ദിവസമാണ് വിഷു എന്ന വിശ്വാസത്തിലാണ്. സമൃദ്ധിയുടെ ഭാഗമായി അവനവനെത്തന്നെ തിരിച്ചറിയാനാണ് വാല്‍ക്കണ്ണാടി. ഇത്രയും മനോഹരായൊരു സങ്കല്പം നല്‍കുന്ന ജീവിതപ്രതീക്ഷകളുടെ തെളിച്ചം മറ്റൊന്നിനുമുണ്ടാകില്ല!
വിഷുവിന് കണിക്കൊന്നയുടെ വര്‍ണമാണ്. തൊടികളും വഴികളുമെല്ലാം കര്‍ണികാരത്തിന്റെ മഞ്ഞപ്പൂക്കളണിഞ്ഞ്, മഞ്ഞളുടുത്തതു പോലെ വിഷുവിനെ വരവേല്ക്കാനുണ്ടാകും. കാതിലണിയുന്ന ആഭരണമെന്നാണ് കര്‍ണികാരം എന്ന പദത്തിന് അര്‍ത്ഥം. കണിക്കൊന്നയുടെ ഇതളുകള്‍ നോക്കിയാലറിയാം, ആ ഭാവനയുടെ ചന്തം! മുന്‍പ് വിഷുവിന് തൊട്ടു മുന്‍പ്, മീനം വിടവാങ്ങുമ്പോഴത്തെ കൊടുംചൂടു പിറക്കുമ്പോഴേ കര്‍ണികാരം കണ്‍തുറക്കുമായിരുന്നുള്ളൂ. കാലാവസ്ഥ മാറുകയും, ആകാശം നേരത്തേ മുതല്‍ അത്യുഷ്ണത്തിന്റെ നരകാഗ്‌നി വര്‍ഷിച്ചുുതുടങ്ങുകയും ചെയ്തതോടെ കണിക്കൊന്നകള്‍ക്കു കാലം തെറ്റി. കാലംതെറ്റി പൂത്ത്, വിഷുവിന് ഇനിയും ഒരുപാട് നാളുണ്ടല്ലോ എന്ന ഖിന്നതയുമായി നില്‍ക്കുന്ന കൊന്നകള്‍ പറയുന്നത് കാലാവസ്ഥാമാറ്റത്തിന്റെ ദുരന്തകഥ കൂടിയാണ്
മലയാളിയുടെ ജീവിതം കൃഷിയെ ആശ്രയിച്ചല്ലാതാവുകയും, കൃത്യമായി ജോലി ചെയ്തില്ലെങ്കിലും മാസശമ്പളം കിട്ടുന്ന ഉദ്യോഗങ്ങളിലേക്ക് എല്ലാവരും തിരിയുകയും ചെയ്തതോടെ മണ്ണിന്റെ കനിവ് വേണമെന്നില്ലാതായി. വിത്തെറിഞ്ഞുള്ള പ്രാര്‍ത്ഥന വേണ്ടെന്നായി. വിളവു ചതിച്ചാലും കുഴപ്പമില്ലെന്നായി. എല്ലാം അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇറക്കുമതി ചെയ്ത് കാലം കഴിക്കുന്നവര്‍ക്ക് എന്ത് കാര്‍ഷികോത്സവം! എങ്കിലും, ഈ കണിയൊരുക്കലെങ്കിലും മലയാളം മറക്കാതിരിക്കട്ടെ. കാരണം, അത് സമൃദ്ധിയുടെ സ്വപ്‌നമാണ്. ആ സ്വപ്‌നത്തില്‍ കണ്ണു നിറഞ്ഞാകട്ടെ, നമ്മുടെ മലയാളപ്പുതുവര്‍ഷം. മലയാള മാസങ്ങളുടെ പേരു പോലുമറിയാത്ത പുതിയ തലമുറയ്ക്ക് മേടമെന്ത്, ചിങ്ങമെന്ത്? അവയ്ക്ക് കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായുള്ള ബന്ധം എന്തായാലെന്ത്?
കാലമുരുളുമ്പോള്‍ കാഴ്ചകള്‍ പലതും മായും, പഴമകള്‍ പലതും നമ്മള്‍ മറന്നുപോകും. പക്ഷേ, മണ്ണിന് പഴയതൊന്നും അങ്ങനെ മറക്കാനാകില്ലല്ലോ. ഗര്‍ഭത്തിലൊളിപ്പിച്ച വിത്തിനെ നീരൂട്ടിയും, ചൂടുകൊണ്ട് പൊതിഞ്ഞു പിടിച്ചും, രണ്ടു തളിരിലകളുടെ അകമ്പടിയില്‍ മണ്ണിന്‍ പുതപ്പിനു പുറത്തേക്ക് എടുത്തുയര്‍ത്തിയും ഭൂമി ആവര്‍ത്തിച്ചിരുന്ന കാര്‍ഷിക പ്രക്രിയയുണ്ട്. അതെങ്ങനെ മറക്കും? ഉഴുതൊരുക്കിയ ചാലുകളില്‍, ആദ്യമഴയുടെ നിര്‍വൃതിയില്‍ കുളിര്‍ന്നുകിടക്കുന്ന വിത്തുകള്‍ക്കുള്ളിലുറങ്ങുന്ന സ്വപ്‌നം എങ്ങനെ മറക്കും? വേണ്ട, അതൊന്നും ഓര്‍ത്തില്ലെങ്കില്‍ക്കൂടി നമുക്ക് സമൃദ്ധിയുടെ കാഴ്ചകള്‍ സങ്കല്പിക്കാന്‍ മറക്കാതിരിക്കാം. വിഷു വരാറായെന്ന ഓര്‍മ്മപ്പെടുത്തലുമായി കണിക്കൊന്നകള്‍ വരും വര്‍ഷങ്ങളിലും പൂക്കും. അപ്പോള്‍ കണിത്താലമൊരുക്കാന്‍ മറക്കാതിരിക്കാം.
ഐ ടു ഐ ന്യൂസിന്റെ എല്ലാ വായനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും സമൃദ്ധിയുടെ പുതുവര്‍ഷം ആശംസിക്കുന്നു.
32.82°C








