Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കാര്‍ഷിക സര്‍വകലാശാലയുടെ തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജ്, വിപണിയിലെ വിഷപ്പച്ചക്കറികളെക്കുറിച്ച് പഠനം നടത്തി ഈ വര്‍ഷം ആദ്യം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ആരെയും ഞെട്ടിക്കുന്നതാണ് ആ പഠനത്തിലെ കണ്ടെത്തലുകള്‍. കാര്‍ഷിക കോളേജിലെ പെസ്റ്റിസൈഡ് റെസിഡ്യൂ അനലറ്റിക്കല്‍ ലബോറട്ടിയില്‍ പരിശോധിച്ച പച്ചക്കറികളില്‍ കണ്ടെത്തിയത് എട്ടു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 18 കീടനാശിനികളുടെ അപകടകരമായ അളവിലുള്ള സാന്നിധ്യം!

മറ്റൊരു തട്ടിപ്പിന്റെ യാഥാര്‍ത്ഥ്യം കൂടി വെളിച്ചത്തു കൊണ്ടുവരുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. പരിശോധനയ്ക്കായി ശേഖരിച്ച പച്ചക്കറികളില്‍, കീടനാശിനികളുടെയും വിഷപദാര്‍ത്ഥങ്ങളുടെയും അംശം ഏറ്റവും അധികം കണ്ടെത്തിയത് ഓര്‍ഗാനിക് (ജൈവം) എന്ന പേരില്‍ രണ്ടിരട്ടി വില ഈടാക്കി വിപണിയില്‍ വിറ്റഴിച്ചിരുന്ന പച്ചക്കറികളില്‍ നിന്നാണ്. സര്‍ക്കാരിന്റെ വെജിറ്റബിള്‍ ഔട്ട്‌ലെറ്റുകളില്‍ വിറ്റഴിച്ചിരുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും പോലുമുണ്ടായിരുന്നു, ആളെക്കൊല്ലുന്ന കീടനാശിനികളുടെ ഉയര്‍ന്ന തോതിലുള്ള സാന്നിധ്യം.

സര്‍ക്കാരിനു കീഴിലുള്ള ഭക്ഷ്യ സുരക്ഷാ കമ്മിഷന്റെ പരാജയം വ്യക്തമാക്കുന്നതാണ് ഈ കണ്ടെത്തലുകള്‍. സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍പ്പോലും വിഷപ്പച്ചക്കറികള്‍ യഥേഷ്ടം വിറ്റഴിക്കാന്‍, ഇവിടങ്ങളിലേക്ക് പച്ചക്കറി നല്‍കാന്‍ കരാറെടുത്തവര്‍ക്ക് ധൈര്യം വരണമെങ്കില്‍ അതിനു പിന്നിലെ കാരണം വ്യക്തമാണ്.
1. പരിശോധനകള്‍ ഉണ്ടാകില്ലെന്ന് ഇവര്‍ക്ക് ഉന്നതരുടെ ഉറപ്പു ലഭിച്ചിട്ടുണ്ട്.
2. പിടിക്കപ്പെട്ടാലും സംരക്ഷണം ലഭിക്കുമെന്ന് ഇവര്‍ക്ക് ഉറപ്പുണ്ട്.

കേരളത്തിന് ആവശ്യമുള്ള പച്ചക്കറി, പഴവര്‍ഗങ്ങളില്‍ 85 ശതമാനവും എത്തുന്നത് തമിഴ്‌നാട്, കര്‍ണാടകം എന്നീ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നാണ്. കര്‍ണാടകത്തില്‍ നിന്ന് പഴവര്‍ഗങ്ങളാണ് അധികമെത്തുക. വടക്ക് പാലക്കാട് വഴി തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നും തെക്ക് തിരുവനന്തപുരം വഴി തമിഴ്‌നാട്ടില്‍ നിന്നുമാണ് ലോഡുകള്‍ എത്തുക.

വിഷപ്പച്ചക്കറികള്‍ പിടിക്കാന്‍ സംസ്ഥാനത്ത് നേരത്തേ വ്യാപകമായ റെയ്ഡുകളും വാഹനപരിശോധനയും നടന്നപ്പോള്‍ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്ന ഒരു കാര്യമുണ്ട്- അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ക്കു സമീപം രാസപരിശോധനാ ലബോറട്ടറികള്‍ സ്ഥാപിച്ച് പുറത്തുനിന്ന് വരുന്ന പച്ചക്കറികളുടെ സാമ്പിള്‍ പരിശോധിക്കും. വിഷാംശം കണ്ടെത്തിയാല്‍ അവിടെനിന്നു തന്നെ ലോറികള്‍ തിരികെവിടും. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

ഐ.എ.എസ് ഉദ്യോഗസ്ഥയായ ടി.വി. അനുപമ ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ ആയിരിക്കെയാണ് സംസ്ഥാനത്ത് വിഷാംശം കലര്‍ന്ന പച്ചക്കറികള്‍ക്ക് എതിരെ ഏറ്റവും കടുത്ത നടപടികളുണ്ടായത്. കമ്മിഷണറുടെ കസേരയില്‍ അനുപമ ഉണ്ടായിരുന്നത് വെറും 15 മാസം. ആ കാലയളവില്‍ മാത്രം വിപണയില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ നിന്ന് അനുപമ കണ്ടെത്തിയത് കീടനാശിനികള്‍ കലര്‍ത്തിയതോ മായം ചേര്‍ത്തതോ ആയ പച്ചക്കറികളുടെ 6000 സാമ്പിളുകളാണ്. പക്ഷേ, അനുവദനീയമായ അളവില്‍ കവിഞ്ഞ ചില രാസഘടകങ്ങള്‍ സംസ്ഥാനത്തെ ഒരു പ്രമുഖ ഭക്ഷ്യോത്പന്ന നിര്‍മ്മാണ കമ്പനിയുടെ പ്രോഡക്ടുകളില്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെ അനുപമ തെറിച്ചു. മാറ്റപ്പെട്ടത് സാമൂഹ്യ നീതി വകുപ്പിലേക്ക്. ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്ന നിലയില്‍ സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന നീതിയല്ലേ അനുപമ അതുവരെ ചെയ്തുകൊണ്ടിരുന്നത്? അവരെ സ്ഥാനഭ്രഷ്ടയാക്കിയാണ് അന്ന് സംസ്ഥാന സര്‍ക്കാര്‍ സമൂഹത്തോടുള്ള നീതി നടപ്പാക്കിയത്. അതാണ് ഈ ലോബിയുടെ രാഷ്ട്രീയബലം!

പഴങ്ങളില്‍ ചേര്‍ക്കുന്നതിനേക്കാള്‍ അധിക അളവില്‍ കീടനാശിനികളും മറ്റു രാസപദാര്‍ത്ഥങ്ങളും ചേര്‍ക്കുന്നത് പച്ചക്കറികളില്‍ ആണെന്നായിരുന്നു കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാ ഫലം. പക്ഷേ, ഐ ടു ഐ ന്യൂസ് നടത്തിയ അന്വേഷണം വെളിപ്പെടുത്തുന്നത്, താരതമ്യേന കൂടിയ അളവില്‍ വിഷസാന്നിധ്യമുള്ളത് പഴങ്ങളിലാണെന്നാണ്. അതും മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നീ ജനപ്രിയ പഴവര്‍ഗങ്ങളില്‍. ഒരു മാസമിരുന്നാലും കേടാകാത്ത ഈ പഴങ്ങളുടെ ദീര്‍ഘായുസ്സിനു പിന്നില്‍ ഒരു രഹസ്യമേയുള്ളൂ- ഒരു കീടവും ആക്രമിക്കാത്തത്ര കവിഞ്ഞ അളവിലും, കാലാവസ്ഥാമാറ്റം പോലും ബാധിക്കാത്തത്ര തീവ്രമായ തോതിലും കീടനാശിനികളും ഇതര രാസപദാര്‍ത്ഥങ്ങളുമാണ് ഈ പഴങ്ങളിലുള്ളത്.

സംസ്ഥാനത്ത് പ്രമുഖ നഗരങ്ങളിലെ ഫ്രൂട്‌സ് ഹോള്‍സെയില്‍ ഏജന്റുമാര്‍ പറഞ്ഞത്, കീടനാശിനികള്‍ ചേര്‍ക്കാത്ത ഫലവര്‍ഗങ്ങള്‍ ഇപ്പോള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങുന്നില്ലെന്നാണ്. കടയില്‍ ദിവസങ്ങളോളം ഇരുന്നാലും പുതുപുത്തനെന്നു തോന്നിക്കുന്ന പഴങ്ങള്‍ മതി അവര്‍ക്ക്. കേടാകാത്തതുകൊണ്ട് നഷ്ടം വരില്ല. മൊത്തക്കച്ചവടക്കാര്‍ക്കും ലാഭമുണ്ട്- ഏതു സീസണിലും ഏതു പഴവും വിപണിയിലുണ്ടാകും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ഈ പഴവര്‍ഗങ്ങള്‍ ഗോഡൗണുകളില്‍ മരുന്നടിച്ച് ഒരു മാസത്തോളം സൂക്ഷിക്കും. അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഇവയുടെ വരവ് കുറയുന്നതോടെ പുറത്തെടുക്കും. സീസണ്‍ അല്ലാത്തതുകൊണ്ട് വിലയും കൂടും.

സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിനു തന്നെ പരിശോധകരുണ്ട്. അതിനു പുറമേയാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍. ഈ രണ്ടു വകുപ്പുകളുടെയും കണ്ണുവെട്ടിച്ചാണ് സംസ്ഥാനത്ത് ഇത്രയും വിഷപ്പച്ചക്കറികളും കീടനാശിനിയില്‍ മുക്കിയെടുത്ത പഴങ്ങളും ആരെയും പേടിക്കാതെ വിറ്റഴിക്കുന്നത്. കണ്ണുവെട്ടിക്കാന്‍,അവര്‍ കണ്ണുകള്‍ തുറന്നിരുന്നെങ്കിലല്ലേ? സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കിട്ടാനുള്ള മാസപ്പടി കൃത്യമായി മാസംതോറും കനത്ത അളവില്‍ ചെല്ലുന്നതുകൊണ്ട് കണ്ണടച്ചിരിക്കാനാണ് അവര്‍ക്കു താത്പര്യം.

ഭക്ഷണത്തില്‍ വിഷം കലര്‍ത്തുന്ന ഈ കൊടുംപാപികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണ്ടേ? പഴയ രാജഭരണകാലമായിരുന്നെങ്കില്‍ മുക്കാലിയില്‍ കെട്ടി ചാട്ടവാറിന് നൂറടി കൊടുക്കും. ജനാധിപത്യം വാഴുന്ന കാലത്ത് ഉദ്യോഗസ്ഥരംഗം അഴിമതിയില്‍ മുങ്ങിയപ്പോള്‍, ജനങ്ങള്‍ക്ക് ആഹാരമാക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ വിഷത്തില്‍ മുങ്ങുമെന്ന ദുരവസ്ഥയായി! ഇതൊക്കെ പരിശോധിച്ചു നോക്കാന്‍ പൊതുജനങ്ങള്‍ക്ക് സംവിധാനമില്ലാത്തതുകൊണ്ട് വിശ്വസിച്ചു വാങ്ങി കഴിക്കുന്നു. മാരക രോഗങ്ങള്‍ വലിയ വിലകൊടുത്ത് വാങ്ങുന്നു.

ശരീരത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനത്തെ പാടെ തകരാറിലാക്കുന്നതാണ് ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയിട്ടുള്ള രാസകീടനാശിനികളിലെ വിഷപദാര്‍ത്ഥങ്ങളോരോന്നും. അതേക്കുറിച്ച് നാളെ വായിക്കുക.

Readers Comment

Add a Comment