Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 6348.10 കോടി രൂപ! മുന്‍ വര്‍ഷം കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പുറത്തുവിട്ട കണക്കാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 111 സ്ഥാപനങ്ങളും നാല് കോര്‍പ്പറേഷനുകളും ചേര്‍ന്ന് വരുത്തിവച്ച ഭാരമാണിത്. ലാഭത്തിലാണെന്ന് പേരിനു പറയാവുന്ന സ്ഥാപനങ്ങളുടെ വിറ്റുവരവാകട്ടെ, സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലേ നാലു ശതമാനം മാത്രം.

കെ.എസ്.ആര്‍.ടി.സിയും കെ.എസ്.ഇ.ബിയുമാണ് നഷ്ടം വരുത്തിവയ്ക്കുന്ന സ്ഥാപനങ്ങളില്‍ മുന്നില്‍. തൊട്ടടുത്തുണ്ട്, സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍, മൂന്നും ഓരോ വിധത്തില്‍ കുത്തക വിപണിക്കാരാണ്. കെ.എസ്.ആര്‍.ടി.സിക്ക് ദേശസാത്കൃത റൂട്ടുകളുണ്ട്. വൈദ്യുതി വിതരണം സംസ്ഥാനത്ത് പൂര്‍ണമായും സര്‍ക്കാരിന്റെ കൈവശമാണ്. ന്യായവില വില്പന കേന്ദ്രങ്ങളും സര്‍ക്കാരിന്റേതു തന്നെ. കുത്തകയാക്കി വച്ചിരിക്കുന്ന സേവനമേഖലകള്‍ പോലും കനത്ത നഷ്ടം വരുത്തിവയ്ക്കുന്നതിന്റെ കാരണം അന്വേഷിക്കാതെ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് എത്രകാലം ഈ വെള്ളാനകള്‍ക്ക് കൃത്രിമശ്വാസം കൊടുക്കാന്‍ കഴിയും?

ബിസിനസിലെ ഏറ്റവും ലളിതമായ ബാലപാഠം ഇതാണ്- പറ്റുന്ന പണി ചെയ്യുക, പറ്റാത്തത് കൈയൊഴിഞ്ഞ് പണിയറിയാവുന്നവനെ ഏല്പിക്കുക! കാലഘട്ടത്തിന്റെ ആവശ്യമുള്‍ക്കൊണ്ട് പൊതു- സ്വകാര്യ പങ്കാളിത്തമുള്ള കൂടുതല്‍ സംരംഭങ്ങള്‍ (പബ്‌ളിക്- പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് അഥവാ പി.പി.പി) ആരംഭിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ നയമെന്ന് കഴിഞ്ഞ ബഡ്ജറ്റില്‍ വ്യക്തമാക്കിയതാണ്. അതിനനോട് മുഖം തിരിച്ചുനില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എങ്ങനെ കഴിയും?

സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കാന്‍ പാടുപെടുന്ന ഇടതു സര്‍ക്കാര്‍ ഈ കണക്കു കൂടി കാണണം. വ്യവസായ വകുപ്പിനു കീഴില്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 35 സ്ഥാപനങ്ങളുണ്ട്. മുന്‍ വര്‍ഷത്തെ സി.എ.ജി റിപ്പോര്‍ട്ട് അനുസരിച്ച് ഇതില്‍ 27 കമ്പനികളും വന്‍ നഷ്ടത്തിലാണ്. ഇവ മാത്രം ഒറ്റവര്‍ഷം വരുത്തിവച്ച നഷ്ടം 200 കോടി രൂപ. വരുമാനമുണ്ടാക്കുന്ന ബാക്കി എട്ട് സ്ഥാപനങ്ങളുടെ ലാഭം പോലും മറ്റുള്ളവയുടെ നടത്തിപ്പിന് കടലില്‍ കായം കലക്കുന്നതുപോലെ കളയേണ്ടിവരുന്നു.

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതിനു ശേഷമുള്ള ഇവയുടെ ലാഭക്കുതിപ്പിന്റെ കണക്കു കൂടി കുറച്ചുനാള്‍ കഴിഞ്ഞ് വിലയിരുത്തണം. അപ്പോഴേ മനസ്സിലാകൂ, ഈ പണി സര്‍ക്കാരിനു പറ്റിയതല്ലെന്ന്. സ്വകാര്യ വ്യവസായ സംരംഭകര്‍ക്ക് കൈമാറുന്ന സ്ഥാപനങ്ങള്‍ ആ മേഖല കുത്തകയാക്കി വച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്ന് പേടിക്കേണ്ട. കാരണം, അവിടെ വിപണിയില്‍ മത്സരിക്കാന്‍ മറ്റ് സ്വകാര്യ സംരംഭകരുണ്ട്. ലാഭമുണ്ടാക്കിയേ തീരൂ. ഇല്ലെങ്കില്‍ പണി പോകുമെന്ന പേടി ജീവനക്കാര്‍ക്കുമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം കേന്ദ്ര പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ വരുത്തിവച്ച നഷ്ടം 7600 കോടി. വിറ്റഴിക്കാമെന്നു വച്ച് അപേക്ഷ ക്ഷണിച്ചിട്ടു പോലും ഈ പറക്കും വെള്ളാനയെ ആര്‍ക്കും വേണ്ട. ഓഹരി വാങ്ങാന്‍ ആളെക്കിട്ടാതെ വില്പന പദ്ധതി സര്‍ക്കാരിന് തത്കാലം ഉപേക്ഷിക്കേണ്ടിവന്നു. അപ്പോഴാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവത്കരിക്കാന്‍ വ്യോമയാന മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. അതനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു.

അയ്യോ! സ്വകാര്യവത്കരണമെന്ന മുറവിളിയും സമരഭീഷണിയും അപ്പോഴേ തുടങ്ങി. വിമാനയാത്ര ചെയ്യുന്നവര്‍ പറയട്ടെ- ലോകത്ത് ഇതിനേക്കാള്‍ മോശം സേവനം യാത്രക്കാര്‍ക്കു നല്‍കുന്ന മറ്റേതെങ്കിലും രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉണ്ടോ? സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ളതും, അതേസമയം പ്രത്യേക കമ്പനി രൂപീകരിച്ച് അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ നെടുമ്പാശേരി എയര്‍പോര്‍ട്ട് ലാഭകരം. സേവനങ്ങള്‍ മെച്ചം. ആ മേഖലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ വ്യവസായ വികസനം കൂടി ഇതുമായി ചേര്‍ത്തുവച്ച് പരിശോധിക്കണം.

തിരുവനന്തപുരത്ത് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് ചാക്ക, ശംഖുംമുഖം മേഖലയില്‍ എന്തു വികസനമുണ്ടായി? നല്ല റോഡില്ല, കൊള്ളാവുന്ന ഹോട്ടലുകളില്ല, അനുബന്ധ വ്യവസായങ്ങളില്ല. ഇതൊക്കെക്കൂടി ഉണ്ടാകുമ്പോഴാണ് വിമാനയാത്ര നടത്തേണ്ട കാര്യമില്ലാത്ത സാധാരണ പ്രദേശവാസികള്‍ക്കു കൂടി അത് പ്രയോജനകരമാകുന്നത്.

എല്ലാം പൊതുസ്വത്തായിരുന്ന കമ്മ്യൂണിസ്റ്റ് ചൈന ഇന്ന് ലോകത്ത് വ്യവസായ വികസന മേഖലയിലെ ഒന്നാം സ്ഥാനക്കാരാണ്. എല്ലാം അവര്‍ നിര്‍മ്മിക്കുന്നു. വമ്പന്‍ ബ്രാന്‍ഡുകളുടെ ഘടകഭാഗങ്ങള്‍ പോലും നിര്‍മ്മിക്കത് കുടില്‍വ്യവസായങ്ങളിലൂടെ. നമ്മള്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരം മോശമാണെന്ന് പ്രചരിപ്പിച്ച്, അതുതന്നെ വാങ്ങി ഉപയോഗിക്കുന്നു. കമ്മ്യൂണിസം ഒരു വ്യവസായമായി വളര്‍ത്തിക്കൊണ്ടുവരുന്നത് ആ പാര്‍ട്ടിക്കല്ലാതെ നാട്ടുകാര്‍ക്ക് എന്തു ഗുണം ചെയ്യാന്‍?

കമ്മ്യൂണിസ്റ്റ് വിരുദ്ധതകൊണ്ടല്ല ഈ പറഞ്ഞത്. അതിനാണ് കണക്കുകള്‍ ആദ്യമേ മുന്നില്‍വച്ചത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച് ദീര്‍ഘനാളായില്ല. വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയത് കഴിഞ്ഞ മാസം. അതിനു പിന്നാലെ സ്വാഭാവികമായും വെള്ളക്കരം കൂടും. മില്‍മ ഓണക്കാലത്ത് പാല്‍ വില കൂട്ടാനിരിക്കുന്നു. ഇവയെല്ലാം സാധാരണജനങ്ങള്‍ ഉപയോക്താക്കളായ സേവന മേഖലകളാണ്. നഷ്ടം വരുത്തിവയ്ക്കുന്ന സ്ഥാപനങ്ങളെ പിടിച്ചുനിര്‍ത്താന്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കുന്നത് എന്തു നീതിയാണ്?

വ്യവസായ മേഖലയെ സഹായിക്കാന്‍ സര്‍ക്കാര്‍ സംരംഭങ്ങള്‍ ഒന്നും രണ്ടുമല്ല. ഫിനാര്‍ഷ്യല്‍ കോര്‍പ്പറേഷന്‍, വ്യവസായ പുനരുദ്ധാരണ ബോര്‍ഡ്... അങ്ങനെ പലതുമുണ്ട്. ഇവരെല്ലാം നോക്കിയിട്ടും നടന്നില്ലെങ്കില്‍ ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് പണം നല്‍കും. കെ.എസ്.ആര്‍.ടി.സി മൊത്തത്തില്‍ കട്ടപ്പുറത്താകാതിരിക്കുന്നത് സര്‍ക്കാരിന്റെ രക്ഷാ പാക്കേജ് കൊണ്ടു മാത്രം. ഇത് ഇങ്ങനെ എത്രനാള്‍ തുടരുമെന്നാണ് ചോദ്യം. രാഷ്ട്രീയതാത്പര്യങ്ങള്‍ ഉപേക്ഷിച്ച്, വ്യവസായ വികസനം ആത്മാര്‍ത്ഥമായി ലക്ഷ്യമിട്ട്, മിടുക്കരായ സ്വകാര്യ സംരംഭകരെ അതേല്പിച്ച് സര്‍ക്കാരിന് നീതിപൂര്‍വകമായ ഒരു മേല്‍നോട്ടം ഉറപ്പാക്കിയാല്‍ പോരേ? അതല്ലേ ഇനിയെങ്കിലും ബുദ്ധി? അതല്ലേ ശരിക്കും സാമൂഹിക പ്രതിബദ്ധത?

Readers Comment

Add a Comment