Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇത് കാരുണ്യമോ കൊലക്കുരുക്കോ?- പുതിയ പരമ്പരയുടെ ആരംഭം.
വാഴ്ത്തപ്പെട്ട സൗന്ദര്യത്തിന്റെ മാത്രം തലസ്ഥാനമല്ല കേരളം. മദ്യപന്മാര്‍ക്കു വരെ അവകാശ സംരക്ഷണത്തിന് അസോസിയേഷനുകളുള്ള സംഘടനാസ്ഥാനം. മുള്ളിത്തെറിച്ചാല്‍ മുദ്രാവാക്യത്തിന് മുഷ്ടിചുരുട്ടുന്ന സമരസ്ഥാനം. ആ സംസ്ഥാനത്ത് സംഘടനയില്ലാത്തത് നിരാലംബരായ രോഗികള്‍ക്കു മാത്രം!
രോഗികള്‍ക്കു സംഘടനയെന്നു കേള്‍ക്കുമ്പോള്‍ പുഞ്ചിരിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവരോട് ആമുഖമായി പറയാം: കാരുണ്യ ബെനവലന്റ് ഫണ്ട് എന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതി ഒറ്റയടിക്കു നിര്‍ത്തലാക്കി, അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു രോഗികള്‍ക്ക് തുടര്‍ചികിത്സാ സഹായം ഉറപ്പായിരുന്ന സമാശ്വാസത്തിന്റെ വഴിയടച്ച് സര്‍ക്കാര്‍ കാട്ടുന്ന ധിക്കാരത്തിനു മുന്നില്‍ ഇവര്‍ സംഘടിക്കാതെന്തു ചെയ്യും?
രോഗികള്‍ക്ക് തണലായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് നിറുത്തലാക്കി, പകരം കേന്ദ്ര പദ്ധതിയുടെ ഭാഗമായി കാസ്പ് (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) നടപ്പിലാക്കിയപ്പോള്‍ രോഗികളോടുള്ള 'കാരുണ്യം' പദ്ധതിയുടെ പേരിലൊതുങ്ങി. പദ്ധതിയുടെ നടത്തിപ്പ് അവകാശം സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയായ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സിന്. രോഗികളുടെ ഇന്‍ഷ്വറന്‍സ് ക്‌ളെയിമുകള്‍ തീര്‍പ്പാക്കി, പണം നല്‍കാതിരിക്കാന്‍ എന്തു വഴിയെന്നു നോക്കിയിരിക്കുന്ന കമ്പനിയുടെ കടുവാക്കൂട്ടിലേക്ക് പാവങ്ങളെ ക്യൂ നിറുത്തി രസിക്കുന്ന സര്‍ക്കാരിനെതിരെ കാരുണ്യം തേടുന്ന രോഗികള്‍ സംഘടിക്കുകയാണ്. അതിന്റെ ആദ്യ ചുവടുവയ്പാണ് പ്രതീക്ഷ ഓര്‍ഗന്‍ (കിഡ്‌നി) റസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍ എന്ന പോര്‍ഫയുടെ പിറവി.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരുടെയും ഡയാലിസിസ് രോഗികളുടെയും സംഘടനയാണ് പോര്‍ഫ. സംസ്ഥാനത്ത് ഗുരുതരമായ വൃക്കരോഗം ബാധിച്ചവരുടെ എണ്ണം തന്നെയുണ്ട്, രണ്ടര ലക്ഷത്തിലധികം. വൃക്ക മാറ്റിവയ്ക്കല്‍ എന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍ അരലക്ഷത്തോളം. പോര്‍ഫയില്‍ അംഗങ്ങളായവര്‍ നാലായിരത്തിലധികം.
കാരുണ്യ ബെനവലന്റ് ഫണ്ട് നിറുത്തലാക്കിയപ്പോള്‍ ജീവിതം ഏറ്റവും വലിയ ചോദ്യചിഹ്നമായത് കിഡ്‌നി ട്രാന്‍സ്പ്‌ളാന്റ് കഴിഞ്ഞവര്‍ക്കാണ്. കാരണം, ജീവിതം ബാക്കിയുള്ളിടത്തോളം കാലം തുടര്‍ചികിത്സയുടെ ഭാഗമായുള്ള മരുന്നുകള്‍ ഒരു നേരം പോലും ഇവര്‍ക്ക് മുടക്കാനാകില്ല. പഴയ കാരുണ്യ പദ്ധതിയിലുണ്ടായിരുന്ന മാതൃകയിലുള്ള തുടര്‍ചികിത്സാ സൗകര്യം പുതിയ പദ്ധതിയില്‍ ഇല്ല. പദ്ധതിയനുസരിച്ച് ഇവര്‍ക്കിനി സര്‍ക്കാര്‍ മരുന്നു നല്‍കില്ലെന്ന് അര്‍ത്ഥം!
കാരുണ്യ ബെനവലന്റ് ഫണ്ട് 2019 ജൂലായ് ഒന്നു മുതല്‍ നിറുത്തലാക്കിയിരിക്കുന്നു എന്ന ഒരൊറ്റ സര്‍ക്കാര്‍ ഉത്തരവില്‍ ഇവര്‍ക്കുള്ള കാരുണ്യം അസ്തമിച്ചു! കാസ്പ് പദ്ധതി പഴയതിനേക്കാള്‍ ആനുകൂല്യങ്ങള്‍ ഉള്ളതാണെന്നാണ് സര്‍ക്കാര്‍ വാദം. പക്ഷേ, ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വിചിത്രവും ക്രൂരവുമായ നിബന്ധനകളും മാനദണ്ഡങ്ങളുമാണ് പദ്ധതിയെ തുടര്‍ചികിത്സാ രോഗികള്‍ക്കുള്ള മരണക്കുരുക്കാക്കുന്നത്.
വൃക്ക മാറ്റിവയ്ക്കല്‍ രോഗികളുടെ ജീവന്‍ നിലനിറുത്തുന്നത് മരുന്നുകള്‍ കൊണ്ട് ശരീരത്തിന്റെ പ്രതിരോധശേഷി മന്ദീഭവിപ്പിച്ചാണെന്ന് എത്ര പേര്‍ക്ക് അറിയാം. ശരീരത്തില്‍ തുന്നിച്ചേര്‍ത്തിരിക്കുന്നത് സ്വന്തം അച്ഛന്റെയോ അമ്മയുടെയോ ഭാര്യയുടെയോ ഉറ്റ ബന്ധുക്കളുടെയോ വൃക്ക തന്നെയെങ്കിലും രോഗിയുടെ ശരീരത്തിന് അത് അന്യവസ്തു (ഫോറിന്‍ ബോഡി) തന്നെയാണ്. അതിനെ നിരാകരിക്കാന്‍ ശരീരം അതിന്റെ പ്രതിരോധശേഷിയുടെ മുഴുവന്‍ കരുത്തും പുറത്തെടുക്കും. അതുണ്ടാകാതെ ജീവന്‍ കാത്തുസൂക്ഷിക്കണമെങ്കില്‍ ഒരു വഴിയേയുള്ളൂ: പ്രതിരോധശക്തി പാടില്ല! അതാണ് മരുന്നുകളുടെ ജോലി (ഇമ്മ്യൂണോ സപ്രസന്റ്‌സ്, ട്രാക്കോളിമസ് മെഡിസിനുകള്‍). മരുന്നു മുടങ്ങിയാല്‍ മരണം ഉറപ്പ്.
പ്രതിരോധ ശേഷിയല്ലാതെ, പ്രതികരണശേഷി മരുന്നുകള്‍ക്ക് പണയം വച്ചിട്ടില്ലെന്ന് പ്രതിഷേധപൂര്‍വം പറയുന്നു, പോര്‍ഫയുടെ ജനറല്‍ സെക്രട്ടറി ഷിബു എം.എസും പ്രസിഡന്റ് ടി.ടി. ബഷീറും. ഇരുവരും കിഡ്‌നി ട്രാന്‍സ്പ്‌ളാന്റിന് വിധേയരായവര്‍. ശരീരത്തില്‍ മൂന്നാമത്തെ വൃക്കയുമായാണ് ടി.ടി. ബഷീര്‍ എന്ന അദ്ഭുത പ്രതിഭാസത്തിന്റെ ജീവിതം. പോര്‍ഫയുടെ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനമാകെ ഓടിനടക്കുന്ന ഷിബു എം.എസ് ആകട്ടെ, അത്യാവശ്യം വേണ്ടുന്ന ശാരീരികവിശ്രമം പോലും മറന്നാണ് രോഗികള്‍ക്കായുള്ള പോരാട്ടത്തിനിറങ്ങിയത്.
വലിയ ലക്ഷ്യങ്ങളുണ്ട്, പോര്‍ഫയ്ക്ക്. വൃക്കരോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുതല്‍ നിര്‍ദ്ധനരായ ട്രാന്‍സ്പ്‌ളാന്റ് രോഗികള്‍ക്ക് മാനസിക പിന്തുണയും അവശ്യഘട്ടങ്ങളില്‍ കഴിയുന്നത്ര സാമ്പത്തിക സഹായവും ഒരുക്കുന്നതുവരെ വിപുലമായ പദ്ധതികള്‍. കൗണ്‍സലിംഗ്, മെഡിക്കല്‍ ക്യാമ്പുകള്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കല്‍, ട്രാന്‍സ്പ്‌ളാന്റിലേക്ക് രോഗത്തെ ദീര്‍ഘിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാര്‍ഗങ്ങളുടെ പ്രചാരണം....
ആനുകൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കുമായി ഡോക്ടര്‍മാര്‍ക്ക് സംഘടനയുള്ള നാട്ടില്‍, മരുന്നു വില്പനശാലകള്‍ക്ക് അസോസിയേഷനുള്ള നാട്ടില്‍ ഇതുവരെ സംഘടിക്കാതിരുന്നത് രോഗികള്‍ മാത്രം. പോര്‍ഫ, അവരുടെ നിശ്ശബ്ദമായ കരച്ചിലില്‍ നിന്ന് സ്വാഭാവികമായി പിറവിയെടുത്ത പ്രതിഷേധസ്വരമാണ്. ശമ്പളവര്‍ദ്ധനവിനോ, ഡി.എ കുടിശികയ്‌ക്കോ വേണ്ടിയല്ല- ജീവന്‍ നിലനിറുത്താനാണ് ഇവരുടെ പോരാട്ടം. അതിനു നേരെ കണ്ണടയ്ക്കുന്നതെങ്ങനെ?
മുടങ്ങാതെ മരുന്നുകള്‍ കഴിച്ച്, വൃക്കശസ്ത്രക്രിയയ്ക്കു ശേഷം നാലു പതിറ്റാണ്ട് ജീവിതം പിന്നിട്ടവരുണ്ട്. കഠിന ജോലികള്‍ ചെയ്യാന്‍ പരിമിതിയുണ്ടെങ്കിലും സാധാരണ ജീവിതം നയിക്കുന്നവരുണ്ട്. ഷിബുവിനെയും ബഷീറിനെയും പോലെ മനക്കരുത്തോടെ ഊര്‍ജ്ജസ്വലരായി ഓടിനടക്കുന്നവരുണ്ട്. ശയ്യാവലംബികളായ ദുര്‍ബലരല്ല ഇവര്‍. പക്ഷേ, ഒന്നുവേണം- മരുന്ന്. മറ്റു സങ്കീര്‍ണതകള്‍ ഇല്ലെങ്കില്‍പ്പോലും ഒരു ട്രാന്‍സ്പ്‌ളാന്റ് രോഗിക്ക് തുടര്‍ചികിത്സയുടെ ഭാഗമായി മുടങ്ങാതെ കഴിക്കേണ്ട മരുന്നുകളുടെ വില കണക്കുകൂട്ടിയാല്‍ പ്രതിമാസം 18,000- 20,000 രൂപയുടെ മരുന്ന്. ജൂണ്‍ 30 വരെ അതുണ്ടായിരുന്നു- കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന്.
അതിനു മീതെയാണ് സര്‍ക്കാര്‍ ഉത്തരവിന്റെ വെള്ളിടി വീണത്. തുടര്‍ചികിത്സയ്ക്ക് പതിവു തെറ്റാതെ ആശുപത്രിയില്‍ എത്തിയ രോഗികള്‍ നെഞ്ചില്‍ കൈവച്ചു. കാരുണ്യ ന്യായവില മെഡിക്കല്‍ സ്‌റ്റോറുകളില്‍ മരുന്നിന് ക്യൂ നിന്നവര്‍ സത്യമറിഞ്ഞ് കരഞ്ഞു നിലവിളിച്ചു. ഇതാണോ ഇടതുസര്‍ക്കാരിന്റെ കാരുണ്യം?
കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സിലെ കൊലക്കുരുക്കിന്റെ യഥാര്‍ത്ഥ മുഖം, ഈ പരമ്പരയുടെ നാളത്തെ ഭാഗത്തില്‍ വായിക്കുക.
26.82°C








