Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓഖിക്ക് ഒരാണ്ട്. ഇന്ത്യയിലും ശ്രീലങ്കയിലും മാലദ്വീപിലുമായി ചുഴലിക്കാറ്റിന്റെ ബലിഷ്ഠകരങ്ങള്‍ കവര്‍ന്നെടുത്ത് ആകെ 318 മനുഷ്യജീവനുകള്‍. കേരളത്തില്‍ മാത്രം 143 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്. കടലില്‍ മത്സ്യബന്ധനത്തിനു പോയി കാണാതായത് 91 പേരെ. 

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി കേന്ദ്രത്തില്‍ നിന്നു കിട്ടിയ 170 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ച സംഭാവനകളും ഉള്‍പ്പെടെ ആകെ 276.60 കോടി രൂപ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. അതില്‍ 231 കോടിയില്‍ അധികം ചെലവഴിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍, ഒരു ചോദ്യം ബാക്കിയാണ്: യഥാര്‍ത്ഥ ദുരിതബാധിതരുടെ കൈകളില്‍ ഇതില്‍ എത്ര കോടി എത്തി?
ഏതു ദുരന്തത്തിനും പറയാനുണ്ടാകും, ദുരിതക്കടലില്‍ വലയിട്ടു പണം വാരുന്ന അഴിമതിയുടെ നാണംകെട്ട കഥകള്‍. ഇപ്പോള്‍ പ്രളയത്തിന്റെ ഊഴമാണ്. ആകെ നഷ്ടം 40,000 കോടി രൂപയെന്നാണ് സംസ്ഥാനം പറയുന്ന കണക്ക്. കേന്ദ്രവാഗ്ദാനം വെറും 700 കോടി. അഴിമതി ഒഴിവാക്കാന്‍ ബാക്കി സഹായം പ്രത്യേക പദ്ധതികളായി അനുവദിക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള നിര്‍മ്മിതിയുടെ അടിത്തറയിടാന്‍ പോലും ഇതുവരെ കഴിഞ്ഞില്ല എന്നത് ദു:ഖകരമായി അവശേഷിക്കുന്ന യാഥാര്‍ത്ഥ്യം.
ഓഖിയിലും പ്രളയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുണയുള്ളവര്‍ കൈനീട്ടി നല്‍കിയ പണം എങ്ങനെയെല്ലാം വിനിയോഗിച്ചുവെന്ന് നമുക്കറിയില്ല. സഹായധനമെല്ലാം വാര്‍ന്നൊഴിഞ്ഞിട്ടും, ഇരകളുടെ ദുരിതം ബാക്കിയാണ്.
ഓഖിയുടെ പേരില്‍ സംസ്ഥാനത്ത് രാഷ്ട്രീയ സംഘടനകളുടെയും, മത സംഘടനകളുടെയുംസന്നദ്ധ സംഘടനകളുടെയും, പിരിവിനു മാത്രം പൊട്ടിമുളച്ച കടലാസ് സംഘടനകളുടെയും അക്കൗണ്ടുകളിലേക്ക് എത്ര കോടി ഒഴുകിക്കാണുമെന്ന് ഒരു തിട്ടവുമില്ല. ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്കും, ജീവനോപാധി നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നില്‍ ദുരിതങ്ങളുടെ കടല്‍ മാത്രം ഇപ്പോഴും നീണ്ടുപരന്നു കിടക്കുന്നു.
ഓഖി ദുരന്തം, അത്തരം അപ്രതീക്ഷിത പ്രകൃതിദുരന്തങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ നമ്മളെ ഒന്നും പഠിപ്പിച്ചില്ല. ഓഖിയുടെ കാറ്റൊഴിഞ്ഞ് ഒന്‍പതു മാസങ്ങള്‍ക്കിപ്പുറം സംഭവിച്ച പ്രളയജലവും ദുരന്തനിവാരണ സാഹചര്യം നേരിടുന്നതില്‍ സര്‍ക്കാരിനെ ഒന്നും പഠിപ്പിച്ചില്ലെന്നു വേണം കരുതാന്‍. 
രാഷ്ട്രീയക്കാര്‍ക്കും ഭരണകൂടത്തിലെ അഴിമതിക്കാര്‍ക്കും മത മേലധ്യക്ഷന്മാർക്കും ആണ്ടോടാണ്ട് പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതാണ് ലാഭം! മറ്റു വിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധയും മാധ്യമശ്രദ്ധയും പൂര്‍ണമായും വ്യതിചലിക്കപ്പെടും എന്നതാണ് രാഷ്ട്രീയകക്ഷികളുടെ പ്രധാന ലാഭം. കേന്ദ്ര സഹായമായും സംഭാവനയായും എത്തുന്ന കോടികളില്‍ കയ്യിട്ടുവാരാം എന്നതാണ് ഭരണവര്‍ഗത്തിന്റെ ലാഭം!
അപ്രതീക്ഷിത ദുരന്തങ്ങളെത്തുമ്പോള്‍ സാധാരണജനം ഒന്നു മാത്രം തിരിച്ചറിയുന്നു: മതത്തിനും ജാതിക്കും സമ്പത്തിനും രാഷ്ട്രീയത്തിനും അപ്പുറത്ത് ജീവന്റെ രക്ഷയിലേക്കു വഴി തുറക്കുന്നത് ഒരുമയും കരുണയുമാണ്. പ്രളയകാലത്ത് ലോകത്തിനു മുന്നില്‍ കേരളം തലയുയര്‍ത്തിപ്പിടിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഒരുമയുടെ പേരിലാണ്. പ്രളയബാധിതര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിലും, അവരെ പുനരധിവസിപ്പിക്കുന്നതിലും ഇതേ ജാഗ്രതയും പ്രതിജ്ഞാബദ്ധതയും ഭരണവര്‍ഗത്തിന് ഇല്ലാതെ പോകുന്നത് എന്ത്? 
ഒരു ദുരന്തവും അവരെ ഒരു പാഠവും പഠിപ്പിക്കാത്തത് എന്തുകൊണ്ട്? കാരണം, ഒന്നും പഠിക്കാതിരിക്കുന്നതും, വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതുമാണ് അവര്‍ക്ക് ഏതു കാലത്തും ലാഭം! ദുരന്തങ്ങള്‍ വീണ്ടും വന്നേക്കാം. അന്നും, ജനം കൈകോര്‍ത്തുപിടിച്ച് കരുണയും സഹായവുമായി മുന്നില്‍ നില്‍ക്കും. ഭരണവര്‍ഗം നോക്കിനില്‍ക്കും. അഴിമതിക്കാര്‍ പണം വാരാന്‍ പഴുതുകാത്ത് ആര്‍ത്തിയോടെ നില്‍ക്കും.

Readers Comment

Add a Comment