Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലമെടുത്താല്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ പ്രക്രിയ എന്തെല്ലാം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും? ഈ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും എത്രയോ തവണ മാറിയിരിക്കും! എങ്കിലിതാ, ഇരുപത്തിയൊന്നു വര്‍ഷത്തിനിടെ ഒരു മാറ്റത്തിനും വിധേയമാകാത്ത നമ്മുടെ മെഡിക്കല്‍ വിദ്യാഭ്യാസ പദ്ധതി ഒന്നു പരിഷ്‌കരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും കേന്ദ്ര സര്‍ക്കാരിനും ബോധോദയമുണ്ടായിരിക്കുന്നു! നല്ല കാര്യം!
എം.ബി.ബി.എസ് സിലബസ് പരിഷ്‌കരണം അടിയന്തരമെന്ന് മെഡിക്കല്‍ കൗണ്‍സിലിനെക്കൊണ്ട് ചിന്തിപ്പിച്ചത്, കുറേക്കാലമായി ഏതു സാധാരണക്കാരനും പറയുന്ന കാര്യങ്ങള്‍ തന്നെയാണ്.
1. ഇപ്പോഴത്തെ ഡോക്ടര്‍മാര്‍ക്ക് നമ്മുടെ രോഗവിവരം കേള്‍ക്കാന്‍ പോലും ക്ഷമയില്ല
2. എങ്ങനെയെങ്കിലും രോഗികളെ നോക്കി വിടുക, അത്രയേയുള്ളൂ.
3. പണ്ടത്തെ ഡോക്ടര്‍മാരുടെ കൈപ്പുണ്യമോ ആത്മാർത്ഥതയോ ഇപ്പോഴത്തെ ഡോക്ടര്‍മാര്‍ക്ക് കുറവാണ്
ഈ പറഞ്ഞ മൂന്നു കാര്യങ്ങളും സാധാരണക്കാരുടെ ഭാഷയിലാണ്. ഇതിനെ, ഒരു അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്താല്‍ ഇങ്ങനെയിരിക്കും.
1. ഡോക്ടര്‍- രോഗി ആശയവിനിമയവും, അതുവഴി ഉടലെടുക്കുന്ന ആത്മാര്‍ത്ഥതയും നഷ്ടമായി. സാമൂഹിക പ്രതിബദ്ധത പൂര്‍ണമായും ഇല്ലാതായി.
2. മതിയായ പ്രായോഗിക പരിശീലനമോ, ഗ്രാമീണ മേഖലയിലെ സേവനമോ ന്യൂ ജനറേഷന്‍ ഡോക്ടര്‍മാര്‍ക്ക് കാര്യമായി ലഭിക്കുന്നില്ല.
3.രോഗനിര്‍ണയം പൂര്‍ണമായും ഉപകരണങ്ങള്‍ ഏറ്റെടുത്തതോടെ, ഡോക്ടര്‍മാരുടെ ജോലി ടെസ്റ്റ് റിസള്‍ട്ട് നോക്കി മരുന്നു കുറിക്കല്‍ മാത്രമായി ചുരുങ്ങി.
ആരോഗ്യമേഖലയില്‍ സംഭവിച്ച മുഴുവന്‍ അപചയങ്ങളുടെയും ആകെത്തുക ഈ നിരീക്ഷണങ്ങളിലുണ്ട്.
ആതുരസേവനം ദൈവനിയോഗമായി കരുതുകയും, ജീവന്‍ രക്ഷിക്കുന്നത് പുണ്യകര്‍മ്മമായി കരുതുകയും ചെയ്യുന്ന ജീവന്‍മശായിമാരുടെ കാലമല്ല ഇത്. മറിച്ച്, ആർക്ക് വേണമെങ്കിലും ലക്ഷങ്ങള്‍ നല്‍കി അഡ്മിഷൻ തരപെടുത്താം .
മെഡിക്കല്‍ രംഗം പ്രൊഫഷന്‍ ആയി സ്വീകരിക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ താത്പര്യം പണ്ട് ഒരു പ്രധാന ഘടകമായിരുന്നെങ്കില്‍, പ്ലസ് ടൂ ബയോളജി ലാബില്‍, ഫ്രോഗ് ഡിസക്ക്ഷനു കൈവിറയ്ക്കുന്ന സാധു പിള്ളേരെ വരെ ഡോക്ടര്‍ ആക്കിയേ അടങ്ങൂ എന്ന വാശി ഇപ്പോള്‍ രക്ഷാകര്‍ത്താക്കള്‍ക്കാണ്.
എം.ബി.ബി.എസ് പഠനത്തില്‍ ഇപ്പോഴത്തെ പാഠ്യഭാഗത്തിന് ഒപ്പം, രോഗികളുമായുള്ള ആശയവിനിമയം, പെരുമാറ്റം, ചികിത്സാ മേഖലയില്‍ പുലര്‍ത്തേണ്ട ധാര്‍മ്മികത എന്നിവയെക്കുറിച്ചുള്ള പാഠഭാഗങ്ങളും സിലബസിന്റെ ഭാഗമാക്കാനാണ് പുതിയ തീരുമാനം. കോഴ്‌സിന്റെ ഒന്നാം വര്‍ഷം മുതല്‍ ക്ലിനിക്കല്‍ പരിശീലനവും ഉണ്ടാകും. ഒറ്റ സംശയമേയുള്ളൂ- ചികിത്സാ മേഖലയുമായി ബന്ധപ്പെട്ട് നേരത്തേ സൂചിപ്പിച്ച മൂല്യബോധവും ധാര്‍മ്മികതയും മറ്റും ടെക്‌സ്റ്റ് ബുക്ക് വിഷയങ്ങളാണോ? വ്യക്തിത്വവും മനോഭാവവും രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമുണ്ടെങ്കിലും അതിന്റെ മുള പൊട്ടേണ്ടത് വീട്ടില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമല്ലേ?
ധര്‍മ്മവും മൂല്യവും എന്തെന്ന് അറിയാത്തതുകൊണ്ടാണോ മെഡിക്കല്‍ രംഗത്തെ ബിസിനസ് മേഖലയാക്കുന്നത്? രോഗിയും ഡോക്ടറുമായുള്ള ആശയവിനിമയവും, ഡോക്ടര്‍ രോഗിയോടു പുലര്‍ത്തുന്ന പെരുമാറ്റവും മെച്ചപ്പെടുത്താന്‍ പുതിയ സിലബസ് കൊണ്ട് മാത്രം സാധ്യമാകുമോ? അതിന് ആദ്യം വേണ്ടത് മനോഭാവത്തിലെ വ്യതിയാനമാണ്. ആ മനോഭാവം വിദ്യാര്‍ത്ഥിയില്‍ ജനിപ്പിക്കേണ്ടത് അച്ഛനമ്മമാരാണ്. കുടുംബ സാഹചര്യങ്ങളാണ്. രോഗികളെ ഇരകളായി കരുതുന്ന ഒരു ഡോക്ടറച്ഛന്റെ പുത്രന്‍ എം.ബി.ബി.എസ് കഴിഞ്ഞ് മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഡോക്ടര്‍ ആകുമോ? അങ്ങനെയാകാന്‍ അവനോ അവളോ തീരുമാനിച്ചാലും, അവരെ പഠിപ്പിക്കാന്‍ കണ്ണുമടച്ച് കണക്കറ്റ പണം മുടക്കിയ അച്ഛനമ്മമാര്‍ സമ്മതിക്കുമോ?
കാലാനുസൃതമായ സിലബസ് പരിഷ്‌കരണം നല്ലതെന്നു മാത്രമല്ല, അനിവാര്യവുമാണ്. പക്ഷേ, അതിലൂടെ ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങള്‍ ഈ കരിക്കുലം കൊണ്ടുമാത്രം നേടാനാകുമെന്നു കരുതുന്നത് മൗഢ്യമാണ്. പുതിയ കാലത്ത് എല്ലാ മേഖലകളിലും സംഭവിച്ച അപചയം മെഡിക്കല്‍ മേഖലയിലും പ്രകടമായി എന്ന് മാത്രം .
നമ്മുടെ സൗഖ്യവും സുരക്ഷയും ജീവനുമായി ബന്ധപ്പെട്ട വിഷയമായതുകൊണ്ട് അതിന് ഒരു വൈകാരികതലം കൂടിയുണ്ട്.
ഡോക്ടര്‍മാര്‍ കാണപ്പെട്ട ദൈവങ്ങളായിരുന്ന പഴയ കാലം പുനര്‍ജ്ജനിക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല.
ആദ്യ പരിഷ്‌കരണം സംഭവിക്കേണ്ടത് കുട്ടികളെ എന്തു വില കൊടുത്തും ഡോക്ടര്‍ ആക്കിയേ അടങ്ങൂ എന്നു വാശിപിടിക്കുന്ന രക്ഷകര്‍ത്താക്കളുടെ മനോഭാവത്തിനാണ്. അത് കരിക്കുലം കൊണ്ട് മാത്രം സാധ്യമാകില്ല.
33.82°C








