Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കലാലയത്തിലെ കാട്ടുനീതിക്കെതിരെ കാലത്തിന്റെ കരങ്ങള്‍ മുഷ്ടിചുരുട്ടിയപ്പോള്‍ ഞെട്ടിയത്, തൊട്ടപ്പുറത്ത് എ.കെ.ജി സെന്റര്‍ എന്ന രാഷ്ട്രീയ വിപ്‌ളവക്കോട്ടയാണ്. ഇടുപക്ഷ സര്‍ക്കാര്‍ ഭരണത്തിലിരിക്കെ, എസ്.എഫ്.ഐയുടെ എക്കാലത്തെയും കുത്തകപ്പുരയായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വന്തം പ്രവര്‍ത്തകര്‍ സംഘടനയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ അടിത്തറയുലയുന്നതിന്റെ നടുക്കം സി.പി.എം തിരിച്ചറിഞ്ഞുകാണണം. കാരണം, അതൊരു ചൂണ്ടുവിരലാണ്. വിപ്‌ളവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുദ്രാവാക്യഭാഷയില്‍ കാലത്തിന്റെ ചുവരെഴുത്തും.
വിദ്യാര്‍ത്ഥി സംഘടനയുടെ മുദ്രാവാക്യമായ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂന്നു സുന്ദര രാഷ്ട്രീയസ്വപ്‌നങ്ങളില്‍ മൂന്നിനും യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ കാലങ്ങളായി അണിയിച്ച വിലങ്ങാണ് പെൺകുട്ടികൾ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്നലെ പൊട്ടിച്ചെറിഞ്ഞത്. അസ്വാതന്ത്ര്യത്തിന്റെയും കിരാതനിയമങ്ങളുടെയും ഏകാധിപത്യത്തിന്റെയും കോട്ടയില്‍ അവര്‍ വിളിച്ച മുദ്രാവാക്യത്തിന് ഒരു ഭൂകമ്പത്തിന്റെ മുഴക്കവും തിളയ്ക്കുന്ന അഗ്നിപര്‍വതത്തിന്റെ ചൂടുമുണ്ട്.
ഒരുമിച്ച് മുദ്രാവാക്യം വിളിച്ചുനടന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രന്‍ എന്ന സഖാവിനെ കുത്തിവീഴ്ത്താന്‍ കോളേജിലെ വിപ്‌ളവഗുണ്ടകള്‍ക്ക് ഒരു കാരണം മതിയായിരുന്നു: മരച്ചുവട്ടില്‍ സഹപാഠികള്‍ക്കൊപ്പമിരുന്ന് അവന്‍ ഒരു പാട്ടു പാടി. പാടരുതെന്ന് നേതാക്കള്‍ പറഞ്ഞതു ചോദ്യം ചെയ്തു. യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ സഖാവു പോലും ഒരു ചോദ്യവും ചോദിക്കരുത്. ചോദിച്ചാല്‍ അരയില്‍ തിരുകിയ കത്തിമുന കൊണ്ട് നെഞ്ചിലാണ് ഉത്തരം. എതിര്‍ക്കുന്ന സഖാവും ശത്രു തന്നെ.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന ആവശ്യവുമായി അതേ കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തര്‍ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ജാഥ നയിക്കുന്നതിനേക്കാള്‍ വലിയ നാണക്കേടും ആഘാതവും എസ്.എഫ്.ഐക്കോ സി.പി.എമ്മിനോ സംഭവിക്കാനില്ല. അതും, എ.കെ.ജി സെന്റിന്റെ മൂക്കിനു കീഴെ. പാര്‍ട്ടിയുടെ ഇന്റലിജന്‍സ് ഗുണ്ടകളൊന്നും ഈ നീക്കം മുന്‍കൂട്ടിക്കണ്ടില്ല. കാരണം, നിശ്ശബ്ദമായി ഇക്കാലമത്രയും സഹിച്ചവരുടെ പ്രതിഷേധം അണപൊട്ടിയത് ഒരു മുന്നറിപ്പുമില്ലാതെ, പെട്ടെന്നാണ്.
എസ്.എഫ്.ഐയുടെ ഗുണ്ടാഷെല്‍ട്ടറും ആയുധപ്പുരയുമായി മൂന്നു കേന്ദ്രങ്ങളുണ്ട്, തലസ്ഥാന നഗരഹൃദയത്തില്‍. പാളയത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റല്‍, പി.എം.ജിയിലെ സ്റ്റുഡന്റ്‌സ് സെന്റര്‍, പിന്നെ യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ്. കോളേജ് യൂണിയന്‍ ഓഫീസ് ആണെങ്കിലും അത് എസ്.എഫ്.ഐയുടെ യൂണിറ്റ് ഓഫീസ് ആണ്. ആ യൂണിറ്റ് ഓഫീസ് ആണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നൂറിലധികം വരുന്ന എസ്.എഫ്.ഐ വിമത വിഭാഗം പ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് പിടിച്ചെടുത്തത്.
വിപ്‌ളവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഗുണ്ടാ വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലാണെന്നത് ഏതു പൊലീസിനും അറിയാവുന്ന രഹസ്യം. ഏതു പാതിരാത്രിയിലും കയറിച്ചെല്ലാവുന്ന മട്ടില്‍ നഗരഹൃദയത്തില്‍ തുറന്നുകിടക്കുന്ന ഹോസ്റ്റല്‍ മുറികളില്‍ അതിഥികളായി അധികവുമുള്ളത് പുറത്തുള്ളവരാണ്. പഠനം കഴിഞ്ഞ് കോളേജ് വിട്ട സീനിയര്‍ സഖാക്കള്‍ക്കും സുഖവാസം. പയറ്റിത്തെളിഞ്ഞ് പാര്‍ട്ടിയുടെ ചാവേറുകളായവര്‍ക്ക് സുരക്ഷിതമായ ഒളികേന്ദ്രം. സര്‍ക്കാര്‍ വക ഷെല്‍ട്ടറും ശാപ്പാടും. ഒരു പൊലീസും തിരിഞ്ഞുനോക്കില്ല. നഗരത്തില്‍ എന്തു സംഘര്‍ഷമുണ്ടായാലും ആയുധങ്ങളുമായി പാഞ്ഞെത്താന്‍ സൗകര്യം നല്‍കുന്ന സ്ഥലം.
യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തന കേന്ദ്രമായ സ്റ്റുഡന്റ്‌സ് സെന്ററിലും ഇതു തന്നെ സ്ഥിതി. യൂണിവേഴ്‌സിറ്റി കോളേജില്‍ താമസ സൗകര്യമില്ലാത്തതുകൊണ്ട് അവിടത്തെ യൂണിറ്റ് കമ്മിറ്റി ഓഫീസ് താത്കാലിക ഒളിത്താവളവും ആയുധശേഖരണ കേന്ദ്രവും. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും വിശാലമായ കാമ്പസും പൊലീസ് കയറില്ലെന്ന ധൈര്യവും ഉള്ളതുകൊണ്ട് ഏതു ക്രിമിനലിനെയും പെട്ടെന്ന് ഒളിപ്പിക്കാം. മതിലിനപ്പുറം എ.കെ.ജി സെന്ററാണ്. പിന്നെന്തു പേടിക്കാന്‍?
കേരളത്തിലെ ഏറ്റവും പ്രമുഖമായ കലാലയങ്ങളിലൊന്ന് ഇങ്ങനെ കിരാതനീതിയുടെയും ഗുണ്ടാവാഴ്ചയുടെയും ചോരക്കളമായിത്തീരുന്നത് ഇടതു സര്‍ക്കാരിന്റെ സ്‌പോണ്‍സേര്‍ഡ് പദ്ധതിയാണെന്നത് വിപ്‌ളവത്തിന്റെ വീര്യം ഇപ്പോഴും മനസ്സില്‍ ബാക്കിയുള്ളവര്‍ക്കു പോലും വേദനയും ഞെട്ടലുമുളവാക്കുന്നതാകും. കാരണം, അവരുടെ വീട്ടിലും ഒരു മകനോ മകളോ ഉണ്ടാകും. അവനും കാമ്പസിലിരുന്ന് ഒരു പാട്ടു പാടിയേക്കാം. ചോദ്യം ചെയ്യുന്നവര്‍ക്കു നേരെ വിരലുയര്‍ത്തിയേക്കാം. പകരമുയരുന്നത് ഗുണ്ടാസഖാവിന്റെ പിച്ചാത്തിമുനയായാകാം.
യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്നലെ അഖില്‍ ചന്ദ്രന്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിക്കു നേരെയുണ്ടായ വധശ്രമം വെറുമൊരു പാട്ടുതര്‍ക്കത്തിന്റെ ബാക്കിയല്ല. അതൊരു കുടിപ്പകയുടെ തുടര്‍ക്കഥയായിക്കൂടി വേണം തിരിച്ചറിയാന്‍. കാരണം, തനിക്കു നേരെ ആക്രമണമുണ്ടായേക്കുമെന്ന് അഖില്‍ അച്ഛനോടു പറഞ്ഞിരുന്നു. നേരത്തെയും അഖിലിനു നേരെ ആക്രമണമുണ്ടായിരുന്നു. അന്ന് സി.പി.എം ജില്ലാ സെക്രട്ടറി വരെ ഇടപെട്ട് ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. ഇനി ഒന്നും സംഭവിക്കില്ലെന്ന് നേതാക്കളില്‍ നിന്ന് ഉറപ്പു വാങ്ങി. പക്ഷേ, ഇന്നലെ കാമ്പസില്‍ അഖിലിന്റെ ചോര വീണു.
യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും, അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണെന്നും സി.പി.എം നേതൃത്വം പറയും. ഒന്നുമായും ബന്ധമില്ലാത്ത പാര്‍ട്ടി ഏറ്റവും ഒടുവിലേ തിരിച്ചറിയൂ, കാപട്യത്തിന് എല്ലാക്കാലവും ജയിച്ചുനില്‍ക്കാനാവില്ലെന്ന്. കലാലയങ്ങളെ വിപ്‌ളവപ്രസ്ഥാനം ആയുധപ്പുരയാക്കുന്നത് പുതിയ കാര്യമല്ല. തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജും എറണാകുളത്ത് മഹാരാജാസും ഇത്തരം സംഭവങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത് ആദ്യവുമല്ല.
പാര്‍ട്ടിയുടേതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് ഒരു ശുദ്ധികലശത്തിന് ആര്‍ജ്ജവവും ഇച്ഛാശക്തിയും കാണിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വേരറ്റുപോയ പാര്‍ട്ടിക്ക് ഇനിയെങ്കിലും വീണ്ടുവിചാരമുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആയിരക്കണക്കിനു പേരുണ്ട്. ജനങ്ങളില്‍ നിന്ന് അകന്നുപോയെന്ന് തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി വൈകി മാത്രം തിരിച്ചറിഞ്ഞ മഹാസത്യം ഒരു ചെറിയ സത്യമല്ല. ജനഹൃദയങ്ങളിലേക്ക് പ്രതീക്ഷയായും ഊര്‍ജ്ജമായും തിരികെ വരാന്‍ പാര്‍ട്ടി ചില കടുത്ത തീരുമാനങ്ങളെടുത്തേ മതിയാകൂ. അതു തുടങ്ങാന്‍ നല്ലത് കലാലയങ്ങള്‍ തന്നെ.
യൂണവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ നടത്തുന്ന പീഡനങ്ങള്‍ ഇന്നലെ വിദ്യാര്‍ത്ഥികള്‍ തന്നെ വിളിച്ചുപറഞ്ഞതാണ്. കാമ്പസില്‍ സുഹൃത്തുക്കളുമൊത്ത് സംസാരിച്ച് നിന്നുകൂടാ, മരത്തണലുകളില്‍ കൂട്ടംകൂടി ഇരുന്നുകൂടാ, പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന വസ്ത്രവിശേഷങ്ങളേ പെണ്‍കുട്ടികള്‍ ധരിക്കാവൂ, സംഘടനയ്ക്കുള്ള പിരിവും പടിയും കൃത്യമായി കിട്ടിയിരിക്കണം, അനുസരിക്കാത്തവര്‍ക്കും തിരികെ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കും കോളേജിലെ ഇടിമുറിയിലാണ് മറുപടി.
ഏകാധിപത്യ രാഷ്ട്രങ്ങളിലെ ക്രൂരമായ കാട്ടുനീതിക്കു പിന്നില്‍ കാലഹരണപ്പെട്ട ഒരു രാഷ്ട്രീയതന്ത്രമാണ്. ഭീതി വളര്‍ത്തി അടക്കിനിര്‍ത്തുക! ആ തന്ത്രം വിജയകരമായി ശേഷിക്കുന്ന രാജ്യങ്ങളിലൊന്നു പോലും ബാക്കിയില്ലെന്ന് ഇനി തിരിച്ചറിയാന്‍ സി.പി.എമ്മും അതിന്റെ വിദ്യാര്‍ത്ഥി സംഘടനയും മാത്രമേ കാണൂ. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയാണ് എസ്.എഫ്.ഐയുടെ പോരാട്ടമെങ്കില്‍ അതിലേക്കുള്ളത് വഴി പഴയതല്ല.
ഇപ്പോള്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍, സ്വന്തം സംഘടനയില്‍ നിന്നുയര്‍ന്ന എതിര്‍പ്പിന്റെ സ്വരം കാട്ടുതീ പോലെ പടരുകയും, സഹപാഠിയായ സഖാവിനെ കുത്തിവീഴ്ത്തിയ വൈരം സംഘടനയില്‍ത്തന്നെ ഒരു വിമത വിഭാഗത്തിന് ജന്മം നല്‍കുകയും അവര്‍ വ്യാപകമായി സംഘടിച്ചുതുടങ്ങുകയും ചെയ്യുന്നതിനെക്കുറിച്ച് സി.പി.എം ചിന്തിച്ചിട്ടുണ്ടാകില്ല. കാരണം, ഒരു ഏകാധിപതിയും എതിര്‍പ്പിന്റെ മര്‍മ്മരം പോലും ഒരിക്കലും പ്രതീക്ഷിക്കുകയില്ല. പക്ഷേ, പാര്‍ട്ടിക്കും സര്‍ക്കാരിനും ഇതൊരു മുന്നറിയിപ്പാണ്. വൈകിപ്പോയ ഒരു ശുദ്ധികലശത്തിനുള്ള അവസാനത്തെ മുന്നറിയിപ്പ്.
യൂണിവേഴ്‌സിറ്റി കോളേജിലെ പാര്‍ട്ടി ഓഫീസ്, പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍, പി.എം.ജിയിലെ സ്റ്റുഡന്റ്‌സ് സെന്റര്‍- ഈ മൂന്നിടങ്ങളില്‍ ഒരേസമയം ഒരു റെയ്ഡ് നടത്താന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കാമോ? അവിടെ നിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാമോ? അഖില്‍ ചന്ദ്രനെ കുത്തിവീഴ്ത്തിയ പ്രതികള്‍ക്കെതിരെ കര്‍ശന നിമയ നടപടിക്ക് വഴിയൊരുക്കുമോ? പാര്‍ട്ടി പിന്തുണയ്ക്കുമെന്ന തിണ്ണമിടുക്കില്‍ എസ്.എഫ്.ഐ നടത്തുന്ന തേര്‍വാഴ്ചകളുടെ പ്രത്യാഘാതം ചുമക്കാന്‍ ഇനി പാര്‍ട്ടിയെ കിട്ടില്ലെന്ന് കുട്ടിസഖാക്കള്‍ക്ക് പറഞ്ഞുകൊടുക്കാമോ?
സംശയമാണ്. കാരണം കാലാകാലങ്ങളായി പാര്‍ട്ടിയുടെ ഗുണ്ടാപ്പട്ടാളമാണ് വിദ്യാര്‍ത്ഥി സംഘടനയും യുവജനസംഘടനയും. അക്രമങ്ങള്‍ക്ക് തീപിടിപ്പിക്കാനും പ്രകടനങ്ങള്‍ക്ക് മുന്നില്‍ നിന്ന് തല്ലുകൊള്ളാനും സെക്രട്ടേറിയറ്റ് പടിക്കല്‍ നിലവിളിച്ചും നിലത്തുരുണ്ടും രാഷട്രീയവിഷയങ്ങള്‍ മാധ്യമങ്ങളില്‍ ലൈവ് ആയി നിര്‍ത്താനും തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കായി കള്ളവോട്ട് ചെയ്യാനും ബൂത്തുപിടിക്കാനും ഇവരല്ലാതെ മറ്റാര്? ശുദ്ധികലശം സ്വന്തം വീട്ടില്‍ നിന്ന് പണ്ടേ വേണ്ടിയിരുന്നെന്ന് വിപ്‌ളവ നേതാക്കള്‍ തിരിച്ചറിഞ്ഞുതുടങ്ങുന്ന കാലമാണ്.
കാമ്പസുകള്‍ കുട്ടികള്‍ക്ക് വിട്ടുകൊടുക്കട്ടെ. ക്‌ളാസ് മുറികളില്‍ അവര്‍ സ്വസ്ഥരായിരുന്ന് പഠിക്കട്ടെ. കാമ്പസുകളില്‍ സന്തോഷത്തോടെ, സ്വാതന്ത്ര്യത്തോടെ നടക്കട്ടെ. ഇടവേളകളില്‍ മരത്തണലുകളിലിരുന്ന് ചെറുപ്പത്തിന്റെ പാട്ടുകള്‍ പാടട്ടെ. അനീതികള്‍ക്കു നേരെ വിരല്‍ചൂണ്ടട്ടെ. കാരണം, കാലം മുന്നോട്ടു പോകേണ്ടത് ഇവരുടെ കരുത്തിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അഖില്‍ ചന്ദ്രന് ഒന്നും സംഭവിക്കാതിരിക്കട്ടെ.
33.82°C








