Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:39 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇതൊരു കാവിന്റെയും കാടിന്റെയും കഥയല്ല. ഓരോ ഓണക്കാലത്തും ഈ കാവിനെ വാർത്തകളിലെത്തിക്കുന്ന അപൂർവമായ വാനരസദ്യയുടെ കഥയുമല്ല. സ്നേഹത്തിന്റെയും കരുതലിന്റെയും തണലും തണുപ്പും കൊണ്ട്  പുതിയ കാലത്തെ ക്രൂരാനുഭവങ്ങളുടെ തലകുനിപ്പിച്ചുകളയുന്ന ഒരു മുത്തശ്ശിക്കഥ. കാസർകോട് ജില്ലയിലെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട് ദ്വീപിന്റെ യഥാർത്ഥ അവകാശികളായ വാനരപ്പടയ്ക്ക് ജീവിതകാലം മുഴുവൻ അന്നമൂട്ടിയ മാണിക്യം മുത്തശ്ശിക്ക് ഇത് സ്വന്തം ജീവിതകഥ കൂടിയാണ്.

മാണിക്യം മുത്തശ്ശിക്ക് ഈ കുരങ്ങുകൾ സ്വന്തം മക്കളെപ്പോലെ തന്നെ. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി ഇടയിലക്കാട് ദ്വീപിലെ വാനരന്മാർക്ക് ഈ അമ്മ സ്വന്തം കൈകൊണ്ട് ഭക്ഷണം നല്കുന്നു. മുത്തശ്ശിയുടെ കൈകളിൽ നിന്ന് ഇവർ പേടിയില്ലാതെ, ഇഷ്ടത്തോടെ ഭക്ഷണം കഴിക്കുന്നു. പ്രായത്തിന്റെ വയ്യായ്കകൾ കാരണം ഈയിടെ ആഹാരവുമായി മുത്തശ്ശിക്ക് വരാൻ പറ്റാതിരിക്കുമ്പോൾ ഇവർ അമ്മയുടെ വരവിനായി പ്രതീക്ഷയോടെ വഴിക്കണ്ണു നോറ്റിരിക്കുന്നു.
കാവുകളും കാടുകളും വെട്ടിനിരത്തിയും പുഴകളും നീരൊഴുക്കുകളും വാശിയോടെ വറ്റിച്ചും ലാഭക്കണക്കു മാത്രം നോക്കുന്ന ആധുനിക തലമുറയ്ക്കു മുന്നിൽ ഏതോ അദ്ഭുത ദ്വീപിനെക്കുറിച്ചുള്ള കെട്ടുകഥ പോലെ തെളിയുകയാണ് കാസർകോട്ടെ ഇടയിലക്കാട്. ബ്രിട്ടീഷുകാർ കോഴിക്കോട്ടു നിന്ന് മംഗലാപുരത്തേക്ക് റെയിൽപ്പാത നിർമ്മിക്കാൻ പദ്ധതിയിട്ടപ്പോൾ, അതിനു വേണ്ടുന്ന തടി മുറിച്ചുകൊണ്ടുപോയിരുന്നത് ഇടയിലക്കാട് ദ്വീപിൽ നിന്നാണ്.

312 ഏക്ക‌ർ വിസ്തൃതിയുണ്ടായിരുന്ന കാട്ടിൽ നിന്ന് ഈട്ടിയും തേക്കും ആഞ്ഞിലിയും പ്ളാവുമൊക്കെ അങ്ങനെ വെട്ടിമാറ്റപ്പെട്ടു. നട്ടുച്ചയ്ക്കു പോലും വെയിൽവെട്ടം വീഴാത്ത വിധം ഇടയില്ലാതെ മരങ്ങൾ തിങ്ങിയിരുന്ന കാട് എന്ന അർത്ഥത്തിലാണത്രെ ഇടയില്ലാക്കാടിന് ആ പേരു വന്നത്. അതു പിന്നെ ഇടയിലക്കാടായി. ബ്രിട്ടീഷുകാർ മരങ്ങൾ വെട്ടിത്തുടങ്ങിയതോടെ അന്തേവാസികളായിരുന്ന മൃഗങ്ങളും പക്ഷികളും ദ്വീപിന്റെ ഒരു ഭാഗത്തേക്കു രക്ഷ തേടി. അവരുടെ അഭയകേന്ദ്രമായി മാറിയ ഇടം അങ്ങനെ തന്നെ അവർക്കു വിട്ടുനല്കുകയായിരുന്നു, ദയ തോന്നിയ പരദേശികൾ.

അന്ന് നൂറുകണക്കിനുണ്ടായിരുന്ന വാനരന്മാരുടെ അനന്തര തലമുറയാണ് ഇപ്പോഴത്തെ ഇടയിലക്കാടുള്ളത്. അവരുടെ എണ്ണം ശോഷിച്ചു ശോഷിച്ച് മുപ്പതിൽ താഴെയായി. പരദേശികൾ പണ്ടു കാണിച്ച ആ ദയാവായ്‌പ് കടംകൊണ്ട ദ്വീപ് നിവാസികൾ, ശേഷിച്ച വാനരസമൂഹത്തിന് ഇന്നും കാരുണ്യത്തിന്റെ കരുതലേകുന്നു. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിലെ ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ പതിന്നാലു വർഷമായി ഈ കുരങ്ങന്മാർക്ക് ഓണസദ്യയൊരുക്കുന്നു.

കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട്, പൈനാപ്പിൾ, ചക്ക, മാങ്ങ, വെള്ളരി, പഴം എന്നിങ്ങനെ വാനരക്കൂട്ടത്തിന് പ്രിയങ്കരമായ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഗംഭീരസദ്യ. സദ്യയൊരുക്കലിന് മുൻനിരയിൽത്തന്നെ ഉണ്ടാകും  അവരുടെ മാണിക്യം മുത്തശ്ശി. ആരൊരുക്കിയാലും അവർക്ക് ഭക്ഷണം രുചികരമാകുന്നത് മുത്തശ്ശിയുടെ കൈതൊടുമ്പോൾ മാത്രം! ചോറിനോട് അത്ര പ്രിയമില്ലാത്തവന്മാരും മാണിക്യം മുത്തശ്ശിയുടെ കൈവെള്ളയിൽ നിന്ന് നന്ദിയോടെ ഊണു വാങ്ങിക്കഴിക്കും!
മുത്തശ്ശിക്ക് വയ്യാതായതോടെ കഷ്ടത്തിലായത് ഈ കുരങ്ങുകളാണ്. ഇടയിലക്കാടും കാവും കാണാനെത്തുന്നവർ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രമായി, ആശ്രയം. അക്കൂട്ടത്തിലെ ബേക്കറി പലഹാരങ്ങൾ കാരണം വയറിന് അസുഖങ്ങൾ പിടിപെട്ട്  കെണിയിലാകുന്നവരും ഒട്ടേറെ. കോട്ടപ്പുറം ജല ടൂറിസം പദ്ധതി വികസിച്ചതോടെ ഇടയിലക്കാട്ടേയ്ക്ക് ഇപ്പോൾ സന്ദർശകർ ഏറെയാണ്. കോട്ടപ്പുറത്തേക്ക് സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകൾ പലതും ഇടയിലക്കാടിന്റെ കടവിലും അടുക്കും.

കാവിന്റെ നിശ്ശബ്ദയിലേക്കും കാടിന്റെ സൗന്ദര്യത്തിലേക്കും കടവിറങ്ങുന്നവരോട് ഇടയിലക്കാടുകാർക്ക് പറയാനുള്ളത് ഇതു മാത്രമേയുള്ളൂ- ഈ കുരങ്ങുകൾ ഇടയിലക്കാടിന്റെ അവകാശികളാണ്. ദയവായി പഴങ്ങളും പച്ചക്കറികളുമല്ലാതെ എണ്ണപ്പലഹാരങ്ങൾ കൊടുത്ത് അവരുടെ ആരോഗ്യം നശിപ്പിക്കരുത്. മാണിക്യം മുത്തശ്ശിയുടെ മാത്രമല്ല, ഈ ദ്വീപിന്റെ മുഴുവൻ അരുമകളാണ് ഇവർ.

മുൻപ് രാവിലെയും വൈകുന്നേരവും സമയം തെറ്റാതെ ഇവർക്കു ഭക്ഷണവുമായി എത്തിയിരുന്നത് മാണിക്യം മുത്തശ്ശിയാണ്. കൈയിൽ നിന്നു നേരിട്ട് കുരങ്ങുകൾക്ക് ഭക്ഷണം നല്കാൻ സമയമില്ലാത്തപ്പോൾ മാത്രം മുത്തശ്ശി ഭക്ഷണപ്പാത്രം അവിടെ വച്ചിട്ടു പോകും. സ്വന്തം മക്കളെപ്പോലെ ഇടയിലക്കാട്ടെ വാനരക്കൂട്ടത്തെ സ്നേഹിക്കുന്ന മാണിക്യം മുത്തശ്ശിക്ക് പഴങ്ങളും പച്ചക്കറികളും മറ്റും വാങ്ങാൻ നാട്ടുകാരാണ് പണം നല്കി സഹായിക്കുന്നത്. ഒന്നിനും മുത്തശ്ശിക്ക് പരായിയില്ല. ഇപ്പോൾ പ്രായം കൂടിയതുകൊണ്ട് കാവിലേക്കു പോയി മക്കളെ ഊട്ടാനാകുന്നില്ലല്ലോ എന്ന സങ്കടം മാത്രം. കിടപ്പിലായിപ്പോയ മുത്തശ്ശിയുടെ കൈകൾ അനക്കാൻ പറ്റുന്നതുമില്ല. അന്നമൂട്ടിയ ഈ കൈകൾ നിശ്ചലമാകുമ്പോൾ ഓർമ്മയാകുന്നത് അപൂർവമായൊരു ആത്മബന്ധത്തിന്റെ കഥ കൂടിയാണ്.
ഇടയിലക്കാട് ഒരു ഓർമ്മപ്പെടുത്തലാണ്. അപൂർവമായ ജൈവ വൈവിദ്ധ്യത്തിന്റെ ശേഷിപ്പുകളാണ് നമ്മുടെ കാവുകളും കാടുകളും. പകരംവയ്ക്കാനില്ലാത്ത പരിസ്ഥിതി ജാലങ്ങളുടെ ഇടമായ ഈ ഭൂമികകൾ അന്യനിന്നു പോകരുതാത്ത ചില അപൂർവബന്ധങ്ങളുടെ കഥ കൂടി പുതിയ കാലത്തോട് പറയുന്നുണ്ട്. അന്നവുമായെത്തുന്ന മുത്തശ്ശിയെ കാത്തിരിക്കുന്ന ഈ കണ്ണുകളിലെ പ്രതീക്ഷയുടെ വെളിച്ചം ഒരിക്കലും കെടുത്തിക്കളയാതിരിക്കുക.

Readers Comment

Add a Comment