Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദികനായ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഹൈക്കോടതി ഇളവു നൽകി. 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്ന ശിക്ഷ പത്തു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമായി കുറച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ വടക്കുംചേരിക്കെതിരായ പോക്സോ, ബലാൽസംഗ കേസുകളിലെ വകുപ്പുകൾ നിലനിൽക്കും എന്നതിനാലാണ് പത്തു വർഷം തടവ് അനുഭവിക്കാൻ കോടതി ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് റോബിൻ വടക്കുംചേരി നൽകിയ ഹർജിയിലാണ് ശിക്ഷാ ഇളവു പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാപന അധികാരികളുടെ പദവി ദുരുപയോഗം ചെയ്തു പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന വകുപ്പ് ഒഴിവാക്കിയതോടെയാണ് പത്തു വർഷ തടവുശിക്ഷ ഒഴിവായത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയാറാണെന്നു കാണിച്ച് നേരത്തെ റോബിൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ കോടതി ഇടപെട്ടിരുന്നില്ല. റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കുന്നതിന് പ്രതിക്കു ജാമ്യം നൽകണം എന്ന ആവശ്യവുമായി പരാതിക്കാരിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹർജിയിൽ ജാമ്യം അനുവദിക്കാൻ സുപ്രീം കോടതി തയാറായില്ലെന്നു മാത്രമല്ല, വിവാഹം കഴിക്കാത്തതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. ഇതേ ആവശ്യവുമായി റോബിൻ വടക്കുംചേരി ഹൈക്കോടതിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും പീഡനക്കേസ് ഇരയെ വിവാഹം കഴിച്ച് ഒത്തുതീർപ്പുകൾ സാധിക്കില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
2017 ഫെബ്രുവരി 27 നാണ് കൊട്ടിയൂർ പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വിദേശയാത്രയ്ക്കായി കൊച്ചിയിലേക്കു പോകും വഴി പുതുക്കാടു വച്ചായിരുന്നു അറസ്റ്റ്. പത്തോളം പേരെയും കേസിൽ പ്രതിചേർത്തിരുന്നു. എന്നാൽ റോബിൻ ഒഴികെയുള്ളവരെ കോടതി വിട്ടയച്ചു. കേസിൽ പ്രതി ചേർക്കപ്പെട്ട സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ സുപ്രീം കോടതി തന്നെ കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
പോക്സോ നിയമം നടപ്പിലാക്കിയ ശേഷം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കേസുകളിലൊന്നായിരുന്നു കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തോലിക്കാ പുരോഹിതൻ പീഡിപ്പിച്ച സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നതായിരുന്നു കേസ്. വിചാരണയ്‌ക്കിടെ പല തവണ പീഡനത്തിന് ഇരായായ പെൺകുട്ടിയെ ഉൾപ്പെടെ സ്വാധീനിക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവ് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്ന് വരുത്തി തീർക്കുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു. അടുത്തിടെ പെൺകുട്ടിയെ വിവാഹം ചെയ്യാമെന്ന് റോബിൻ വടക്കുംചേരി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷയിൽ ഇളവ് ലഭിച്ചിരിക്കുന്നത്.
28.82°C








