Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടു പതിറ്റാണ്ടിലേറെക്കാലം നീണ്ട കഠിന പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവിൽ കുർബാനക്രമം ഏകീകരിക്കുകയെന്ന സീറോമലബാർസഭയുടെ ലക്ഷ്യം പ്രതിഷേധങ്ങൾക്കിടെ നടപ്പാക്കി. ബഹുഭൂരിപക്ഷം ദേവാലയങ്ങളിലും പരിഷ്‌കരിച്ച കുർബാനയാണ് ഇന്നലെ അർപ്പിച്ചത്. എന്നാൽ, ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളും ജനാഭിമുഖ കുർബാന തുടരും.സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ രീതിയിൽ കുർബാന അർപ്പിച്ചപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ജനാഭിമുഖ കുർബാന തുടർന്നു.
സിനഡ് തീരുമാനത്തിനെതിരായ സർക്കുലർ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വായിച്ചുകൊണ്ടാണ് എതിർവിഭാഗം പ്രതിഷേധമറിയിച്ചത്. അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ ഏകീകരിച്ച കുർബാനയാണ് അർപ്പിക്കപ്പെട്ടത്. ഈ പള്ളിയിൽ മാസങ്ങൾക്കു മുമ്പ് സിനഡ് തീരുമാനം വായിച്ച ഇടയലേഖനം ഒരു വിഭാഗം വിശ്വാസികൾ അൾത്താരയിൽ കടന്നുകയറി കീറി എറിയുകയും കത്തിക്കുകയും ചെയ്തിരുന്നു.എറണാകുളം അതിരൂപതയിലെ 342 ഇടവക ദേവാലയങ്ങൾ ഉൾപ്പെടെ 450 ലധികം കേന്ദ്രങ്ങളിൽ ജനാഭിമുഖ കുർബാന അർപ്പിക്കപ്പെട്ടതായി അൽമായ മുന്നേറ്റം വക്താക്കൾ അറിയിച്ചു. കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ സ്മൃതിദിനമായി ആചരിക്കുകയും ചെയ്തു.
അതിനിടെ, കർദിനാൾ മാർ ആലഞ്ചേരിക്ക് മറ്റു രൂപതകളിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ പോകണമെങ്കിൽ അതാത് രൂപതകളിൽനിന്നു ക്ഷണിക്കണമെന്ന് അൽമായ മുന്നേറ്റം ഓർമിപ്പിച്ചു. വിവാദം ചർച്ച ചെയ്യാൻ ചേർന്ന അൽമായ മുന്നേറ്റം കോർ ഗ്രൂപ്പ് യോഗത്തിൽ കൺവീനർ ബിനു ജോൺ, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി.പി. ജെറാർദ്, ബോബി മലയിൽ, ജോമോൻ തോട്ടാപ്പിള്ളി, ഷിജോ കരുമത്തി, ജോജോ ഇലഞ്ഞിക്കൽ, റിജു കാഞ്ഞൂക്കാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സഭയിൽ നിലവിലുണ്ടായിരുന്ന മൂന്ന് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും. ബാക്കി ഭാഗം ജനാഭിമുഖവും. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പിലാക്കുന്നത്.1999ൽ പുതുക്കിയ കുർബാന രീതി നടപ്പാൻ തീരുമാനിച്ചിരുന്നെങ്കിലും പല രൂപതകളിലും എതിർപ്പുയർന്നിരുന്നു.
എല്ലാ രൂപതകളിലും ഒരേ ആരാധനക്രമം പിന്തുടരുമ്പോൾ എങ്ങോട്ടുതിരിഞ്ഞുനിൽക്കുന്നുവെന്ന വിഷയം അപ്രസക്തമാണെന്നാണ് ഇതിനെ എതിർക്കുന്നവരുടെ വാദം.. ദൈവജനത്തോടൊപ്പം ഒന്നിച്ചുനടക്കണമെന്നു മെത്രാൻമാരോട് മാർപ്പാപ്പ നിർദേശിച്ചിരുന്നതുമാണ്. സ്ഥലത്തെക്കാൾ വലുതാണ് കാലമെന്നും സംഘർഷത്തിനുമേൽ ഐക്യം വിജയിക്കുമെന്നും കല്പന പറയുന്നു. ഇതെല്ലാം സമവായത്തിന്റെ ഭാഷയാണ്. അടിച്ചേൽപ്പിക്കലല്ല. യൂണിറ്റി (ഐക്യം) എന്നത് യൂണിഫോമിറ്റി (ഐകരൂപ്യം) ആകരുത് - അവർ അഭിപ്രായപ്പെടുകയും ചെയ്യുന്നു.
ജനാഭിമുഖ കുർബാന ലത്തീൻവത്കരണമാണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. കിഴക്കിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ബൈബിളിലെ വാക്യങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ശ്ലൈഹിക കാനൻ അനുസരിച്ചുള്ള ചട്ടമാണ് കിഴക്കോട്ടു തി.രിഞ്ഞുള്ള ആരാധന. ദൈവസന്നിധിയിലേക്ക് ജനത്തെ നയിക്കുകയാണു വൈദികൻ ചെയ്യുന്നതെന്നും അവർ പറയുന്നു
ലോകമെമ്പാടും കുർബാനക്രമം ഒരേപോലെയാക്കുകയെന്ന ലക്ഷ്യത്തിലാണ് 1999ൽ കത്തോലിക്കാസഭ പരിഷ്‌കരണം ആരംഭിച്ചത്. ജനാഭിമുഖം, അൾത്താര അഭിമുഖം എന്നീ രീതികൾ സമന്വയിപ്പിച്ച് ആദ്യഭാഗം ജനങ്ങൾക്കും പ്രധാന ഭാഗം അൾത്താരയ്ക്കും അവസാനഭാഗം ജനാഭിമുഖവുമായാണ് പരിഷ്‌കാരം.
കഴിഞ്ഞ ജൂലായിൽ ചേർന്ന മെത്രാന്മാരുടെ യോഗമായ സിനഡാണ് നവംബർ 28മുതൽ പരിഷ്കാരം നടപ്പാക്കാൻ തീരുമാനിച്ചത്. ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെയും മറ്റ് അഞ്ച് രൂപതകളിലെയും വൈദികർ പരിഷ്‌കാരത്തെ എതിർത്തത് തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ചു.പരിഷ്കാരത്തെ എതിർക്കുന്നവരെ വിമർശിച്ച് ചങ്ങനാശേരി സഹായമെത്രാൻ ബിഷപ്പ് തോമസ് തറയിൽ രംഗത്തെത്തി. സഭ എത്ര മുറിപ്പെട്ടാലും തങ്ങൾ വിജയിക്കണമെന്ന നിർബന്ധമാണ് ചിലർക്ക്. ഐക്യത്തിന് എന്തു വിട്ടുവീഴ്ചയ്ക്കും വിശ്വാസികൾ തയ്യാറാണെങ്കിലും പ്രാദേശിക സങ്കുചിത്വങ്ങളിൽ തളച്ചിടപ്പെട്ട ഒരു വിഭാഗം വൈദികർ തയ്യാറല്ല. ഒരേരീതിയിൽ കുർബാനയർപ്പിക്കുന്നത് കാണാൻ തന്റെ തലമുറയ്ക്ക് കഴിയുമോയെന്നറിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
.
27.82°C








