Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:22 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അടുപ്പക്കാരനായ  നമ്പർ 18 ഹോട്ടലുടമ റോയ് ജോസഫ് വയലാട്ട്  കേസിൽ നിന്ന് പുഷ്പം പോലെ ഊരിപ്പോരാനാണ് സാധ്യത. . ഇതിന് കാരണം ഉന്നത പൊലീസുദ്യോഗസ്ഥരുമായുള്ള ഇയാളുടെ വഴിവിട്ട ബന്ധം തന്നെ. ഇയാളുടെ ഹോട്ടലിലെ സ്ഥിരം സന്ദർശകരാണ് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ. കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇവിടെ സ്ഥിരം മുറി പോലും നൽകിയിരുന്നു. മട്ടാഞ്ചേരിയിലെ മുൻ എ.സി.പി, ഫോർട്ട് കൊച്ചിയിലെ മുൻ സിഐ, എസ്‌ഐ എന്നിവർക്ക് ഇവിടെ സ്ഥിരം മുറി സൗജന്യമായി നൽകിയിരുന്നു എന്നാണ് വിവരം. അതിനാൽ തന്നെ ഈ ഹോട്ടലിൽ എന്തു നടന്നാലും പുറം ലോകം അറിയാതെ ഒതുക്കി തീർക്കും.  ഡി.ജെ പാർട്ടിയുടെ ദൃശ്യങ്ങളും മറ്റും അടങ്ങിയ ഡി.വി.ആർ നശിപ്പിച്ചു എന്ന് റോയിയുടെ ജീവനക്കാർ തന്നെ മൊഴി നൽകിയതോെടെയാണ്  പൊലീസ്ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയതുപോലും .

അത്യാഡംബര ഹോട്ടലായ നമ്പർ 18 ൽ മുൻപ് പതിനെട്ടോളം ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് വിരുന്ന് നൽകിയിരുന്നു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കൊച്ചിയിലെത്തിയാൽ താമസം ഇവിടെ സൗജന്യമാണ്. എല്ലാതരത്തിലും പൊലീസിന് വേണ്ട സഹായങ്ങളും ഇവർ ഒരുക്കി നൽകുന്നുണ്ട്. ഇതൊക്കെ മൂലം ഇവിടെ നടക്കുന്ന പല നിയമ ലംഘനങ്ങളും കണ്ടില്ലെന്ന് നടക്കുകയാണ് പൊലീസ്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനുമായി 50 മീറ്റർ പോലും ദൂരമില്ല ഈ ഹോട്ടലിന്. ഇവിടെ നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരം. അങ്ങനെയുള്ള ഈ ഹോട്ടലിൽ ലഹരിപാർട്ടികൾ നടക്കുമ്പോൾ പൊലീസ് അറിയുന്നില്ല എന്നും പറയുന്നത് മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുന്ന മുട്ടാപ്പോക്ക് ന്യായമാണ്. തൊട്ടരികെ നടക്കുന്ന കാര്യങ്ങൾ പോലും അറിയുന്നില്ലെങ്കിൽ പൊലീസിന്റെ കഴിവുകേടാണെന്നാണ് നാട്ടുകാർ പറയുന്നത്.  ഡിജെ സജങ്കയിലേക്കും അന്വേഷണം നീളുന്നതായാണ് വിവരം.

 ഇന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികളെല്ലാം ഒരുപോലെ തിരയുന്ന ഡി.ജെ സജങ്കയ്ക്കും  ഈ അപകടത്തിൽ സാന്നിധ്യമുണ്ടെന്നും ഒരു പക്ഷേ പാർട്ടി നടന്ന ഹാളിലെ സിസടിവി ദൃശ്യങ്ങൾ നീക്കം ചെയ്തത് ഇതുകാരണമാകാമെന്നും പറയപ്പെടുന്നു. ആരാണ് ഡി.ജെ സജങ്ക എന്നോ എന്തിനാണ് അയാൾ മുങ്ങിയതെന്നോ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ഇപ്പോഴും മനസിലായിട്ടില്ല.സജങ്ക ഡിജെ പാർട്ടിയുടെ മറവിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന ഏതെങ്കിലും ഡീലർ ആയിരിക്കാമെന്ന വാദം നിലനിൽക്കുന്നുണ്ട്. എന്നാൽ 2019 ഏപ്രിൽ 21 ന് ശ്രീലങ്കയിലെ കൊളൊംബോയിൽ നടന്ന സ്‌ഫോടനത്തിൽ ഡി.ജെ സജങ്കയുടെ അദൃശ്യസാന്നിദ്ധ്യം അന്താരാഷ്ട്ര ഏജൻസികൾ സംശയിക്കുന്നുണ്ട്. അന്ന് കൊളംബോയിലെ 3 പള്ളികളും 3 ആഡംബര ഹോട്ടലുകളും അടക്കം 8 ഇടങ്ങളിലാണു സ്‌ഫോടനം നടന്നത്. ഇതിൽ ആഡംബര ഹോട്ടലുകളുടെ ഡിസ്‌പ്ലേ ബോർഡിൽ സജങ്കയുടെ ഡിജെ പാർട്ടികളുടെ പോസ്റ്റർ പതിച്ചിരുന്നത് അന്വേഷണ ഏജൻസികളുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഈ പാർട്ടികൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ബോംബു സ്‌ഫോടനം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സിയോൺ പള്ളികളുടെ അതേ ടവർ ലൊക്കേഷനുകളിൽ അന്വേഷണ സംഘം പിന്നീടു തിരിച്ചറിയുകയും ചെയ്തു. ഇയാളെ ഒളിപ്പിക്കാനാകാം ദൃശ്യങ്ങൾ നീക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. 


എന്തായാലും
പൊലീസുമായുള്ള അവിശുദ്ധകൂട്ടുകെട്ടും ഉന്നത സ്വാധീനവും ഉപയോഗിച്ച് റോയ് ജോസഫ് വയലാട്ട് രക്ഷപെടും എന്നു തന്നെയാണ് പൊലീസ് സേനയിൽ നിന്നുള്ള അടക്കം പറച്ചിൽ. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം ഇയാളുടെ സുഹൃത്തുക്കളായതിനാൽ കേസിൽ ഒന്നും സംഭവിക്കില്ല. എക്സൈസ് സംഘം ഡി.ജെ പാർട്ടികഴിഞ്ഞ് മടങ്ങിയ മുന്മിസ്‌കേരളയും സംഘവും മടങ്ങിയപ്പോഴുണ്ടായ അപകടത്തിന് ശേഷം ബാർ അടച്ചു പൂട്ടിയതിലും ദുരൂഹതയുണ്ട്. ഒക്ടോബർ 28 ന് സമയം കഴിഞ്ഞും മദ്യം വിളമ്പി എന്ന് കാട്ടിയാണ് ബാർ അടച്ചു പൂട്ടിച്ചത്. എന്നാൽ ഇത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണോ എന്ന സംശയം ഉയരുന്നുണ്ട്. എല്ലാ തരത്തിലും ഉന്നത പിടിപാടുള്ള റോയ് കേസിൽ നിന്നും നിസാരമായി ഊരിപോരും എന്നു തന്നെയാണ് അടക്കംപറച്ചിൽ.

കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ദ്വീപുകളിലേയും വൻകിട ഹോട്ടലുകളിലെയും ഡിജെ പാർട്ടികളുടെ മറവിൽ നടക്കുന്ന ലഹരി മരുന്ന് വ്യാപാരത്തെക്കുറിച്ച് നേരത്തെ സിറ്റി പൊലീസടക്കം പരിശോധിച്ചിരുന്നതാണ്. എന്നാൽ കൊവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി ഇത് നിലച്ചു. അടുത്തയിടെയാണ് നഗരത്തിലെ വൻകിട ഹോട്ടലുകളിൽ ഡിജെ പാർട്ടികൾ തുടങ്ങിയത്. എന്നാൽ റെയ്ഡ് നടത്തി ടൂറിസം വ്യവസായത്തെ തകർക്കേണ്ടെന്ന പേരിൽ പൊലീസും കണ്ണടച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങൾ വഴി വിവരങ്ങൾ പുറത്ത് വരുന്നതിനാൽ പൊലീസിന് കൃത്യമായ അന്വേഷണം നടത്താതിരിക്കാനും കഴിയുന്നില്ല. അതിനാൽ തന്നെ അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ട് കൊണ്ടു പോകുകയാണ്.


മുൻ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പിന്നാലെ എത്തിയ ഔഡി കാർ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. കെ.എൽ.40 ജെ 3333 എന്ന നമ്പറിലുള്ള കാർ ഓടിച്ചിരുന്നതുകൊച്ചിയിലെ പ്രമുഖ ഇന്റീരിയർ ഡിസൈനറായ സൈജു തങ്കച്ചനായിരുന്നു. സൈജു ഇവരുമായി തർക്കമുണ്ടായെന്നും അപകടം നടന്നപ്പോൾ അവിടെ കാർ നിർത്തി നോക്കിയ ശേഷം കടന്നു പോയി എന്നുമാണ് പൊലീസ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് സൈജുവിനെ പൊലീസ് രണ്ടു തവണ ചോദ്യം ചെയ്തിട്ടുമുണ്ട്..

ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.

അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്.

എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.

റോയി ജെ. വയലാട്ടിനെ എറണാകുളം സൗത്ത് സ്റ്റേഷനിൽ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ചൊവ്വാഴ്ച രാത്രി 8.40ന് പൊലീസ് വിട്ടയച്ചു. ബുധനാഴ്ച രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണു വിട്ടയച്ചിരിക്കുന്നത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് റോയി ‘സോറി’ എന്ന ഒറ്റവാക്കു മറുപടി മാത്രം നൽകി കാത്തു നിന്ന വാഹനത്തിൽ കയറി വീട്ടിലേയ്ക്കു പോയി. റോയിയുടെ സഹോദരനും അഭിഭാഷകരുമെല്ലാം ഉച്ചയ്ക്കു ശേഷം മുതൽ സ്റ്റേഷൻ പരിസരത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു.


എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്നു സ്റ്റേഷനിൽ ഹാജരാക്കിയത്. ബാക്കി നാളെ എത്തിക്കാമെന്ന ഉറപ്പിലാണു വിട്ടയച്ചിരിക്കുന്നത്. വൈകിട്ടു നാലു മണിയോടെ ചോദ്യംചെയ്യൽ പൂർത്തിയായി എന്നറിയിച്ച് എസിപി സ്റ്റേഷനിൽ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ സ്റ്റേഷനിൽ തുടരുകയായിരുന്നു.

നിലവിൽ മോഡലുകൾ ഉൾപ്പടെയുള്ളവരുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്നും ഹോട്ടലിൽ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. അനന്തലാൽ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ചു മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് ആൻസി കബീറിന്റെ  മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആൻസി കബീറിന്റെയും ,അഞ്ജന സാജനെയും  പോസ്റ്റ്മാർട്ടത്തിൽ ഗുരുതര വീഴ്ചകൾ ഉണ്ടായതായി  വിവരം ലഭിച്ചിരുന്നു  .സുപ്രധാന കേസായിട്ടും മൃതദേഹത്തിൽ നിന്ന് രക്ത ,മൂത്ര സാമ്പിളുകൾ ശേഖരിച്ചിട്ടില്ല .എറണാകുളം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയുടെ മേൽ നോട്ടത്തിലായിരുന്നു പോസ്റ്റുമോർട്ടം .മദ്യപിച്ചിരുന്നോ എന്നറിയാൻ രക്ത പരിശോധന അനിവാര്യമാണ് .സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ മൂത്ര സാമ്പിളും പരിശോധനക്ക് അയക്കേണ്ടതുണ്ട് .എന്നാൽ ഇവരുടെ പോസ്റ്റ്മാർട്ടത്തിൽ അതുണ്ടായിട്ടില്ല .ഇത് കേസിനെ വളരെയധികം ബാധിക്കും .

Readers Comment

Add a Comment