Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:27 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിറോമലബാർ സഭയുടെ കുർബാനക്രമം പരിഷ്‌കരിക്കുന്നതിനെ സംബന്ധിച്ച്  അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കെ  കുർബാനക്രമം സംബന്ധിച്ച്‌ 43 പൊതുനിർദ്ദേശങ്ങളാണ് ആരാധനക്രമ കമ്മിഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിലോ വായനയിലോ ചെറുതെന്ന് തോന്നാമെങ്കിലും പ്രധാനമായ മാറ്റങ്ങൾ തന്നെയാണ് ഉണ്ടാകുന്നത്.പ്രാർത്ഥനയിലെ ചില പ്രയോഗങ്ങളാണ് മാറ്റുന്നത്.

ഇതിന് പുറമെ വൈദികൻ പകുതി സമയം അൾത്താരാഭിമുഖമായും ബാക്കി സമയം ജനാഭിമുഖമായും നിൽക്കണമെന്നും സിനഡിന്റെ നിർദ്ദേശിക്കുന്നുണ്ട്.ഭാഷാപരമായും അല്ലാതെയുമുള്ള തെറ്റുകൾ, ആവർത്തനങ്ങൾ എന്നിവയാണ് തിരുത്തിയിരിക്കുന്നതെന്ന് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റിയംഗം ഫാ. ആന്റണി നരികുളം പറഞ്ഞു.

സ്വർഗസ്ഥനായ പിതാവേ എന്നാരംഭിക്കുന്ന പ്രാർത്ഥനയിൽ 'ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ' എന്ന ഭാഗം 'ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ' എന്നാക്കി മാറ്റിയിട്ടുണ്ട്. ദൈവമാണു പ്രലോഭനത്തിൽ ഉൾപ്പെടുത്തുന്നത് എന്ന അർഥം വരുന്നതിനാലാണു മാറ്റം. 'സർവാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു' എന്നതു മാറ്റി 'സർവാധിപനാം കർത്താവേ നിൻ സ്തുതി ഞങ്ങൾ പാടുന്നു' എന്ന് പദ്യരൂപത്തിൽ തിരുത്തി. പരിപാവനനാം എന്ന ഗീതത്തിൽ 'നിൻ കൃപ ഞങ്ങൾക്കേകണമേ' എന്നത് 'കാരുണ്യം നീ ചൊരിയണമേ' എന്നാക്കി. 'പരിശുദ്ധനായ ദൈവമേ' എന്ന ഗദ്യരൂപത്തിൽ 'ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ' എന്നത് 'കരുണയുണ്ടാകണമേ' എന്നു മാറ്റി.

വിശ്വാസപ്രമാണം കഴിഞ്ഞു ശുശ്രൂഷി ചൊല്ലുന്ന കാറോസൂസ പ്രാർത്ഥനയിൽ പാത്രിയാർക്കീസുമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ എന്നതു പാത്രിയാർക്കീസുമാരും മേജർ ആർച്ചുബിഷപ്പുമാരും മെത്രാപ്പൊലീത്തമാരും മെത്രാന്മാരുമായ നമ്മുടെ പിതാക്കന്മാർ എന്നു തിരുത്തി. സിറോ മലബാർ സഭയ്ക്ക് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയുള്ളതിനാലാണ് ഈ മാറ്റം.മധ്യസ്ഥപ്രാർത്ഥനയുടെ തുടക്കത്തിൽ മാർപ്പാപ്പയ്ക്കുള്ള വിശേഷണവും കുറച്ചിട്ടുണ്ട്.

പ്രധാനാചാര്യനും സാർവത്രികസഭയുടെ തലവനും ഭരണാധികാരിയുമായ റോമായിലെ എന്നതു മാറ്റി സാർവത്രികസഭയുടെ പിതാവും തലവനുമായ എന്നാക്കിയാണു ചുരുക്കിയത്. കാറോസൂസകളുടെ പൊതുവായ പ്രത്യുത്തരം കർത്താവേ ഞങ്ങളുടെമേൽ കൃപയുണ്ടാകണമേ എന്നതിനു പകരം കരുണയുണ്ടാകണമേ എന്നാക്കി. കരുണ എന്ന പദമാണ് സുറിയാനിയോടു കൂടുതൽ യോജിക്കുന്നത് എന്നതാണ് ഈ മാറ്റത്തിന് നൽകുന്ന വിശദീകരണം.

പരിഷ്‌കാരങ്ങളോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്.പരിഷ്‌കരിച്ച കുർബാനക്രമത്തെ സ്വാഗതം ചെയ്യുമ്ബോഴും കുർബാനയർപ്പണരീതി ഏകീകരിക്കുന്നതിനെ എല്ലാവരും അനുകൂലിക്കുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികർ കടുത്ത എതിർപ്പുയർത്തിയിട്ടുണ്ട്. പുതിയ രീതി എന്നുമുതൽ നടപ്പാക്കണമെന്ന് അറിയിച്ചിട്ടില്ല. 

എറണാകുളം–-അങ്കമാലി അതിരൂപതയുടെ മുൻ വൈദിക സെക്രട്ടറി ഫാ. കുര്യാക്കോസ്‌ മുണ്ടാടൻ സത്യദീപത്തിൽ എഴുതിയ ലേഖനം ഈ അവസരത്തിൽ പ്രാധാന്യമർഹിക്കുന്നു.  സീറോ മലബാർ സഭയുടെ 29-ാം വർഷകാല സമ്മേളനം ഏറെ ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. സീറോ മലബാർ സഭയുടെ വളർച്ചയോടൊപ്പം എന്നും ആശയസംഘർഷങ്ങൾക്കു വഴിമരുന്നിട്ട വിശുദ്ധ കുർബാന അർപ്പിക്കുന്ന രീതിക്കുറിച്ച് ചില കടുത്ത തീരുമാനങ്ങൾ മാർപാപ്പയുടെ കത്തിന്റെ പശ്ചാത്തലത്തിൽ എടുക്കുമെന്ന് സിനഡിലെ ചില മെത്രാന്മാരുടെ വാതോരാതെയുള്ള മുന്നറിയിപ്പുകളും ചിലരുടെ എഴുത്തുകളും അതിലേറെ യാഥാസ്ഥിതികരായ ചില സീറോ മലബാർ തീവ്രവാദികളുടെ സോഷ്യൽ മീഡിയായിലൂടെയുള്ള തള്ളലും ഇതിനു കാരണമായി പറയുന്നു.

 മേജർ ആർച്ചുബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ കാലത്തു നടന്ന ചില ഭൂമിയിടപാടുകളെ സംബന്ധിച്ച് ഇൻകം ടാക്‌സ് ഡിപ്പാർട്ടുമെന്റ് അതിരൂപതയ്ക്കു നല്കിയ 6 കോടി രൂപയോളം വരുന്ന പിഴയും മേജർ ആർച്ചു ബിഷപ്പ് നേരിടുന്ന  ക്രിമിനൽ കേസുകളിൽ അദ്ദേഹത്തെ ഒഴിവാക്കണമെന്ന ആറ് ഹർജികൾ ഹൈക്കോടതി തള്ളിയതുമെല്ലാം സിനഡിനെ  ആകാംക്ഷയോടെ എല്ലാവരും ഉറ്റുനോക്കുന്നതിന് കാരണമായി അദ്ദേഹം പറയുന്നു. 

"സീറോ മലബാർ സഭയിൽ 1999-ൽ ഐകകണ്‌ഠേന മെത്രാന്മാർ എത്തിച്ചേർന്ന കുർബാനയർപ്പണ രീതി നടപ്പാക്കുന്നത് ഗുണകരമാകുമെന്നു പറയുമ്പോഴും, അത് ഏതെങ്കിലും തരത്തിൽ സഭയിലെ ഇപ്പോഴുള്ള ഐക്യത്തെ ബാധിക്കുമെങ്കിൽ അവിടെ ആ സാഹചര്യത്തോടു ചേർന്നു ഏറെ വിവേകത്തോടെയും ജാഗ്രതയോടെയും മാത്രമേ സിനഡ് രീതി നടപ്പാക്കുന്നതു ചിന്തിക്കാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നു വച്ചാൽ ഇപ്പോൾ പൂർണമായും ജനാഭിമുഖ കുർബാന ചൊല്ലുന്നിടങ്ങളിൽ 50-50 രീതി അടിച്ചേല്പിക്കരുതെന്നർത്ഥം.പകുതി അൾത്താരാഭിമുഖവും പകുതി ജനാഭിമുഖവും എന്ന രീതി സീറോ മലബാർ സഭയിലെങ്ങും കൊണ്ടുവന്നാൽ ഇവിടുത്തെ പ്രശ്‌നങ്ങളൊക്കെ തീരുമെന്നു ചിന്തിക്കുന്നതു തന്നെ വിഡ്ഢിത്തമാണ്"-ലേഖനത്തിൽ പറയുന്നു.. 

അതേസമയം ജനാഭിമുഖ കുർബാനയ്ക്കു പകരം മറ്റ് ഏതെങ്കിലും കുർബാനയർപ്പണ രീതി സിറോമലബാർ സിനഡ് അടിച്ചേല്പിച്ചാൽ സഭയിൽ വലിയ പിളർപ്പുണ്ടാകുമെന്ന മുന്നറിയിപ്പുമായി എറണാകുളം-അങ്കമാലി അതിരൂപത അല്മായ മുന്നേറ്റം രംഗത്തെത്തി . കഴിഞ്ഞ അമ്പതുവർഷത്തിലേറെയായി സിറോമലബാർ സഭയുടെ പല രൂപതകളിലും അർപ്പിക്കപ്പെടുന്ന ജനാഭിമുഖ കുർബാന ഐകരൂപ്യത്തിന്റെ പേരിൽ മാറ്റി പകുതി ജനാഭിമുഖവും പകുതി അൾത്താരാഭിമുഖവുമായുള്ള കുർബാന സ്വീകാര്യമല്ലെന്നാണ് ഇവരുടെ നിലപാട്. ഈ കാര്യം സിനഡ് ഗൗരവത്തിലെടുക്കണമെന്നും അല്ലാത്ത പക്ഷം സിനഡിന്റെ കല്പന ലംഘിക്കപ്പെടുമെന്നും അല്മായ മുന്നേറ്റം ഭാരവാഹികൾ പറഞ്ഞു.

എല്ലാ രൂപതകളിലും ചർച്ച ചെയ്തു തീരുമാനിച്ച കുർബാനയുടെ ടെക്സ്റ്റ് സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് കുഴപ്പമില്ല. പക്ഷേ എങ്ങും ചർച്ച ചെയ്യാത്ത കുർബാനയുടെ ആഭിമുഖ്യത്തെക്കുറിച്ചുള്ള തീരുമാനം ഏതാനും ചില മെത്രാന്മാരുടെ പിടിവാശിയാണെന്നും അല്മായ മുന്നേറ്റ നേതൃത്വം ആരോപിച്ചു.

Readers Comment

Add a Comment