Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറെചരുവിൽ പി.പി.മത്തായി മരിച്ചിട്ട് നാളെ ഒരു വർഷം . കേസിൽ സിബിഐ അന്വേഷണം പൂർത്തിയായി. കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി അന്വേഷണ റിപ്പോർട്ട് അന്തിമ അനുമതിക്കായി മേലുദ്യോഗസ്ഥർക്കു കൈമാറി. പ്രതികളെന്ന് ആരോപിക്കപ്പെട്ടവരിൽനിന്നു മത്തായി ഉപയോഗിച്ചിരുന്ന മൊബൈൽ കണ്ടെടുത്തതടക്കം നിർണായക തെളിവുകൾ സിബിഐക്കു ലഭിച്ചതായാണ് വിവരം. അന്തിമ റിപ്പോർട്ട് തയാറാക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം റീ പോസ്റ്റ്മോർട്ടത്തിനു നേതൃത്വം നൽകിയ ഡോക്ടർമാർ മത്തായി മരിച്ചു കിടന്ന കിണറും പരിസരവും വീണ്ടും പരിശോധിച്ചു. നൂറോളം പേരിൽനിന്ന് തെളിവ് ശേഖരിച്ചു. ആയിരത്തോളം പേജുകളാണ് അന്വേഷണ റിപ്പോർട്ടിനുള്ളത്. സിബിഐ ആസ്ഥാനത്ത് നിന്നുള്ള അനുമതിക്കു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ടതിനും ഉൾപ്പടെ 12 വകുപ്പുകളിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണ സംഘം കേസെടുത്തു. പ്രഥമ വിവര റിപ്പോർട്ട് അടക്കം വ്യാജമായി നിർമിക്കുകയും അത് അസൽ രേഖയെന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്തതടക്കം ഗുരുതര ക്രമക്കേടുകളാണ് വനപാലക സംഘത്തിന്റെ ഭാഗത്തു നിന്ന് കേസിൽ ഉണ്ടായത്. ചില ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ ഉണ്ടായി. മത്തായി കിണറ്റിലേക്ക് ചാടി മരിച്ചുവെന്ന് വനപാലകരും മത്തായിയെ തള്ളിയിട്ട് കൊന്നുവെന്ന് ബന്ധുക്കളും ആരോപിക്കുന്ന കേസ് സംസ്ഥാന പൊലീസിൽ നിന്ന് സിബിഐക്ക് കൈമാറിയിട്ട് 11 മാസം കഴിഞ്ഞു.
കുടപ്പനക്കുളത്തിനു സമീപം വനത്തിൽ സ്ഥാപിച്ച ക്യാമറയിലെ മെമ്മറി കാർഡ് എടുത്തെന്ന് ആരോപിച്ച് 2020 ജൂലൈ 28ന് ഉച്ചയ്ക്കു ശേഷം മൂന്നിന് വനപാലകർ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടു പോയ മത്തായിയെ വൈകുന്നേരം ആറിനു കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സെപ്റ്റംബർ 4 വരെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കേസ് സിബിഐക്ക് കൈമാറി റീ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് മറവ് ചെയ്തത്. സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നു മത്തായിയുടെ കുടുംബം പറയുന്നു. മരണം കൊലപാതകമാണെന്നു സ്ഥാപിക്കാനുള്ള തെളിവുകൾ സിബിഐ കണ്ടെത്തുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
31.82°C








