Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയസ് മാർത്തോമാ പൗലോസ് ദ്വിദീയൻ കാതോലിക്കാ ബാവയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഗവൺമെന്റ് അടിയന്തിരമായി ഇടപെട്ട് അദ്ദേഹത്തെ മികച്ച ചികിത്സ ലഭ്യമായ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് വിശ്വാസികളുടെ മുറവിളി ഉയരുന്നു. കഴിഞ്ഞ 2 ദിവസമായി വെന്റിലേറ്ററിന‍്റെ സഹായത്തോടെയാണ് ബാവയുടെ ജീവൻ നിലനിർത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി സുന്നഹദോസ് ചേർന്നിരുന്നു. വിദഗ്ദ ചികിത്സയ്ക്കായി ബാവയെ മറ്റ് ഹയർ സെന്ററിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. പ്രാരംഭ ഘട്ടത്തിൽ തന്നെ കാതോലിക്കാ ബാവയെ വിദഗ്ദ ചികിത്സയ്ക്കായി വിദേശത്തോ സ്വദേശത്തോയുള്ള മികച്ച കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നുവെങ്കിൽ ബാവയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് വിശ്വാസികളുടെ ഇടയിൽ അഭിപ്രായമുയരുന്നുണ്ട്. എന്നാൽ ഈ കഴിഞ്ഞ ദിവസം പി ആർ ഒ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് ഇറക്കിയ പത്രക്കുറിപ്പിൽ പോലും ബാവയുടെ നില മെച്ചപ്പെട്ടെന്നും യാതൊരു കുഴപ്പവുമില്ലെന്നുമാണ് അറിയിച്ചിരുന്നത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കാൻസർ ചികിത്സയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് സഭാവൃത്തങ്ങൾ അറിയിച്ചു എന്ന തരത്തിലാണ് 30ന് ഇറക്കിയ കൽപനയിൽ ഉണ്ടായിരുന്നത്. കാതോലിക്കാ ബാവയുടെ നില ഗുരുതരമായി തുടരുമ്പോൾ വിശ്വാസികൾക്കിടയിൽ എന്തിനാണ് ഇത്തരം തെറ്റിദ്ധാരണാ ജനകമായ വസ്തുതകൾ നൽകിയതെന്നാണ് വിശ്വാസികളുടെ ചോദ്യം. എന്നാൽ ബാവയുടെ നില വഷളായതിന് ശേഷം ഒരു മെഡിക്കൽ ബുള്ളറ്റിൻ ഇറക്കുകയോ ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കുകയോ സഭാ നേതൃത്വം ചെയ്തിട്ടില്ല എന്നതും വിശ്വാസികളുടെ ഇടയിൽ അമർഷത്തിന് വഴിവയ്ക്കുന്നു. ലങ് കാൻസർ ചികിത്സിക്കുവാൻ യാതൊരു അടിസ്ഥാന സൗകര്യങ്ങളോ മികച്ച കൺസൾട്ടന്റുമാരോ ഇല്ലാതെയിരിക്കെയാണ് കഴിഞ്ഞ ഒന്നരകൊല്ലത്തിലേറെയായി കാതോലിക്കാ ബാവയെ പരുമലയിൽ കിടത്തി ജീവന്റെ വില തന്നെയുള്ള സമയം നഷ്ടപ്പെടുത്തിയത്. പരിശുദ്ധ കാതോലിക്കാ ബാവയുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ അത് സഭാ നേതൃത്വത്തിന്റെ ഉദാസീനതയും ഉത്തരവാദിത്വമില്ലായ്മയും കൊണ്ടുമാത്രമാണെന്നും ബാവയുടെ ജീവൻ രക്ഷിക്കാൻ ഗവൺമെന്റ് തന്നെയിടപെട്ട് ഇദ്ദേഹത്തെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലേക്കോ മലബാർ കാൻസർ സെന്ററിലേക്കോ മാറ്റണമെന്ന ആവശ്യവും ശക്തമാവുകയാണ്.
27.82°C








