Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


സ്ത്രീകളുടെ വാര്‍ഡില്‍ രാവിലെ ഒരു ബഹളം. ബൂട്ട്‌സിട്ട് ചവിട്ടിത്തുള്ളി കയറിവന്ന സംഘത്തെക്കണ്ട് രോഗിണികളും കൂട്ടിരിപ്പുകാരും ഒന്നു ഞെട്ടി. ശബ്ദം കേട്ട് ഡ്യൂട്ടി റൂമില്‍ നിന്ന് ഓടിവന്ന നഴ്‌സും ഞെട്ടി. കോട്ടും സൂട്ടും കൈയില്‍ ഫയലുകളുമായി മൂന്നുനാലു പേരുണ്ട്. കാര്യം പിടികിട്ടുമ്പോഴേക്കും കോട്ടുധാരികള്‍ വിഷയം പറഞ്ഞു: വീ ആര്‍ ഫ്രം എം.സി.ഐ. ഇന്‍പേഷ്യന്റ് രജിസ്റ്റര്‍ കൊണ്ടുവരൂ, ഇവിടെ പേഷ്യന്റ്‌സ് എത്ര, ബൈസ്റ്റാന്‍ഡേഴ്‌സ് എത്ര? പ്രിന്‍സിപ്പലിനെ വിളിക്കൂ... 

നെഞ്ചത്തു കൈവച്ച് നഴ്‌സ് വാര്‍ഡില്‍ നിന്ന് പുറത്തേക്കു പാഞ്ഞു. പോകുന്ന പോക്കില്‍ കണ്ണില്‍ക്കണ്ട വാര്‍ഡിലെല്ലാം അപകടം അനൗണ്‍സ് ചെയ്യുകയും ചെയ്തു- കൗണസില്‍ വന്നിട്ടുണ്ട്. പെട്ടെന്ന് ബെഡുകള്‍ ഫില്ലു ചെയ്യ്! എം.സി.ഐ എന്നു കേട്ട്  നിഷ്‌കളങ്കരായ ചില കൂട്ടിരിപ്പുകാര്‍ നിര്‍ദ്ദോഷമായി ചോദിച്ചു: അല്ല സിസ്റ്ററേ, ആശുപത്രിയില്‍ സി.ബി.ഐയ്ക്ക് എന്താ കാര്യം?

സി.ബി.ഐ അല്ല; ഇത് എം.സി.ഐ. ആ സംഭവത്തിന്റെ അപകടമെന്തെന്ന് പാവം രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ അറിയില്ലെങ്കിലും സ്വകാര്യ സ്വാശ്രയ ആശുപത്രി മാനേജ്‌മെന്റുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നന്നായി അറിയാം. കോളേജ് തുടങ്ങി ആദ്യത്തെ അഞ്ചു വര്‍ഷം മുടങ്ങാതെ അനുഭവിക്കേണ്ടതാണ്, മെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള കടുവകളുടെ ഈ പരിശോധന. പരിശോധനക സംഘം കൗണ്‍സിലിനു നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചിരിക്കും കോളേജിന്റെ അംഗീകാരം. വല്ലതുമൊക്കെ എഴുതിപ്പിടിപ്പിച്ചു വച്ചാല്‍ പിന്നെ ഒരു വര്‍ഷം ചുമ്മാതിരുന്നാല്‍ മതി!

സ്വാശ്രയ കോളേജുകളുടെ പേടിസ്വപ്‌നമാണ് എം.സി.ഐ ഇന്‍സ്‌പെക്ഷന്‍. അംഗീകാരം നിലനിര്‍ത്താന്‍ പരിശോധക സംഘം കനിയണം. അല്ലെങ്കില്‍, അതിനു തക്ക പിടി കേന്ദ്രത്തില്‍ വേണം. മുന്‍കൂട്ടി ചില ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ നടത്തിയാല്‍ പരിശോധന പേരിനു മാത്രമാകും. റിപ്പോര്‍ട്ടില്‍ എല്ലാം തൃപ്തികരമാകും. ചോദിക്കുന്നത്, പറയുന്ന സ്ഥലത്ത് കൃത്യമായി എത്തിയിരിക്കണമെന്നു മാത്രം.

ഏല്ലാ അധ്യയന സൗകര്യങ്ങളോടും ആശുപത്രി സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളുണ്ട്. ഇതെല്ലാം തട്ടിക്കൂട്ടി കാര്യം നടത്തുന്നവരാണ് കൂടുതലെന്നു മാത്രം. അവര്‍ക്കാണ് മെഡിക്കല്‍ കൗണ്‍സില്‍ എന്നു കേള്‍ക്കുമ്പോള്‍ മുട്ടിടിക്കുന്നത്. അതുപോലെ, പരിശോധകരുടെ കൂട്ടത്തില്‍ കൃത്യമായി ഡ്യൂട്ടി നിര്‍വഹിച്ച് റിപ്പോര്‍ട്ട് നല്‍കുന്നവരുണ്ട്. അവിടെയും, വേണ്ടുന്നത് ചോദിച്ചു വാങ്ങുന്നവരാണ് പലരുമെന്നു മാത്രം. എന്തായാലും, കേന്ദ്ര സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്നതാണ് എം.സി.ഐയിലെ അഴിമതിക്കഥകള്‍.

കടുപ്പമാണ് എം.സി.ഐ സംഘത്തിന്റെ പരിശോധന. എല്ലാറ്റിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ജനറല്‍ മെഡിസിന്‍, സര്‍ജറി, ഓർത്തോ , സൈക്യാട്രി.... ഇനം തിരിച്ച് ഓരോ വിഭാഗത്തിനും സ്ത്രീ- പുരുഷ വാര്‍ഡുകള്‍ വേണം. നിശ്ചിത എണ്ണം ഐ.പി രോഗികളെ കട്ടിലില്‍ കാണണം. ആകെ കിടക്കകളുടെ 90 ശതമാനത്തിലും കിടപ്പുകാര്‍ ഉണ്ടാകണമെന്നാണ് ചട്ടം. ഒന്നു കുറഞ്ഞാല്‍പ്പോലും പണിയാണ്.

അതിന് ചില സ്വാശ്രയന്മാരുടെ ചില്ലറ വേലകളുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ സംഘം പരിശോധനയ്ക്ക് എത്തുന്ന വിവരമറിഞ്ഞാല്‍, വാര്‍ഡ് നിറയ്ക്കാന്‍ കൂട്ടിരിപ്പുകാരെ രോഗികളാക്കി പിടിച്ചു കട്ടിലില്‍ കിടത്തും. പെട്ടെന്ന് ഒരു കേസ് ഷീറ്റ് തട്ടിക്കൂട്ടും. കുരച്ചും ചുമച്ചും ശ്വാസംമുട്ടല്‍ അഭിനയിച്ചും ഡമ്മി രോഗി ഒന്നു സഹായിക്കുക കൂടി ചെയ്താല്‍ ക്‌ളീന്‍. മുഖ്യ പരിശോധനകന്റെ രഹസ്യ നിര്‍ദ്ദേശങ്ങള്‍ക്കു വഴങ്ങുന്ന മാനേജ്‌മെന്റ് ആണെങ്കില്‍ പേടിക്കാനില്ല.

ഡല്‍ഹി സംഘത്തിന്റെ ഇന്‍സ്‌പെക്ഷന്‍ വിവരങ്ങള്‍ പരമരഹസ്യമെന്നാണ് വയ്പ്. യാത്രയ്ക്ക് വിമാനത്താവളത്തിലെത്തി, ടിക്കറ്റ് കൈയില്‍ കിട്ടുമ്പോഴേ എവിടേക്കാണ് ഡ്യൂട്ടിയെന്ന് പരിശോധകര്‍ അറിയുകയുള്ളൂ പോലും. പക്ഷേ, വേണ്ടപ്പെട്ട കോളേജുകളുടെ കാര്യത്തില്‍ ഈ വിവരമൊക്കെ നേരത്തേ ചോരും. പരിശോധനാ ദിവസങ്ങള്‍ കൃത്യമായി മാനേജ്‌മെന്റ് അറിഞ്ഞിട്ടുമുണ്ടാകും. അതിനനുസരിച്ച് കോളേജിലും ആശുപത്രിയിലും എല്ലാം റെഡി.

അല്ലാത്തവരുടെ കാര്യമാണ് പാട്. രണ്ടോ മൂന്നോ മാസത്തിനകം പരിശോധനയുണ്ടാകും എന്നല്ലാതെ ഈ കടുവകള്‍ എന്ന് വന്നുചാടുമെന്ന് ഒരു പിടിയിലും കിട്ടില്ല. ആക്രമണം ഉണ്ടാകുന്നത് പേടിയോടെ കാത്തിരിക്കണം. അതു പ്രതീക്ഷിച്ച് ഈ മൂന്നു മാസവും എല്ലാ വാര്‍ഡുകളിലും രോഗികളെ നിറയ്ക്കണം. ഡെമോണ്‍സ്‌ട്രേഷന്‍ റൂം, ലക്ചര്‍ ഹാള്‍, വാര്‍ഡുകളിലെ ഡര്‍ട്ടി യൂട്ടിലിറ്റി സ്‌പേസ്, കഫറ്റേരിയ, ശുചിമുറികള്‍, ലൈബ്രറി, ലബോറട്ടറികള്‍.... എല്ലാം സെറ്റിട്ട് റെഡിയാക്കി വയ്ക്കണം.

രണ്ടോ മൂന്നോ മാസത്തേക്ക് രോഗികളെ സപ്‌ളൈ ചെയ്യുന്ന ഏജന്റുമാരുണ്ട്. മൂന്നു നേരം കുശാലായ ഭക്ഷണവും സന്ധ്യയ്ക്ക് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍ 300 രൂപ ദിവസക്കൂലിയും. പലരും കുടുംബസമേതമായിരിക്കും വരവ്. ഭര്‍ത്താവ് ജനറല്‍ മെഡിസിനില്‍, ഭാര്യ ഇ.എന്‍.ടി ഫീമെയില്‍ വാര്‍ഡില്‍, രണ്ടു പിള്ളേര്‍ പീഡിയാട്രിക്‌സില്‍. വൈകിട്ട് ആയിരം രൂപ കൈയിലിരിക്കും. രണ്ടോ മൂന്നോ മാസം ഈ നാടകം കളിക്കാന്‍ കാശെത്ര പോകും?

പല തരക്കാരായിരിക്കും പരിശോധകര്‍. ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടം. ചിലര്‍ക്ക് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചുറ്റിയടിക്കണം. സംഘത്തില്‍ സ്ത്രീകളുണ്ടെങ്കില്‍ കൂടുതല്‍ പണിയാണ്- ഷോപ്പിംഗിന് കൊണ്ടുപോകണം. വാങ്ങുന്നത് സ്വര്‍ണമായാലും വജ്രമായാലും ബില്ല് കൊടുക്കണം. മൂന്നു ദിസമാണ് സാധാരണഗതിയില്‍ പരിശോധന. ആദ്യം അക്കാഡമിക് ബ്‌ളോക്ക്, രണ്ടാം ദിവസം ആശുപത്രി, മൂന്നാം ദിവസം റിപ്പോര്‍ട്ട് തയ്യാറാക്കല്‍. രണ്ടാം ദിവസം തന്നെ സംഘത്തലവന്‍ നയം വ്യക്തമാക്കിയിരിക്കും!

അംഗീകാരം പോയാല്‍ ഒരു വര്‍ഷത്തേക്ക് മെഡിക്കല്‍ അഢ്മിഷന്‍ നടക്കില്ല. പോകുന്നത് എത്ര കോടികളാണെന്ന് പറയേണ്ടല്ലോ. അതുകൊണ്ട് (തുക എത്രയെന്ന് പറയുന്നു) എനിക്കുള്ളത് (എത്തിക്കേണ്ട സംസ്ഥാനവും സ്ഥലവും കൃത്യമായി പറയുന്നു) വൈകുന്നേരത്തിനു മുമ്പ് എത്തിക്കണം. സ്ഥലത്ത് ക്യാഷ് എത്തിച്ചാല്‍ മതി. വാങ്ങാന്‍ ആള്‍ അവിടെ വന്നോളും! പിന്നെ, കൂടെയുള്ളവര്‍ക്ക് (എത്ര വീതമെന്ന് പറയുന്നു) വീതം എത്തിച്ചേക്കണം. ഇത്രയും ഓക്കെ എങ്കില്‍ നാളെ റിപ്പോര്‍ട്ട് ഓക്കെ. ആശുപത്രിയിലെ സൗകര്യക്കുറവുകള്‍ അനുസരിച്ച് തുക കോടികളാകും. അംഗീകാരം പോയാല്‍ നഷ്ടപ്പെടുന്നത് മാനേജ്‌മെന്റ് ക്വാട്ടയില്‍ നിന്നുള്ള വരവും ഫീസും എല്ലാം ചേര്‍ത്ത് ഈ തുകയുടെ എത്രയോ ഇരട്ടിയായിരിക്കും എന്നതുകൊണ്ട് മാനേജ്‌മെന്റിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.

കറന്‍സിക്കു പുറമേ ചില പരിശോധകര്‍ കനകപ്രിയരായിരിക്കും. ആകെ തുകയുടെ പകുതി കറന്‍സിയായും ബാക്കി സ്വര്‍ണമായും. ഒന്നും കൈകൊണ്ട് തൊടില്ല. ചെക്ക് ഇടപാടില്ല. എല്ലാം നേരത്തേ പറഞ്ഞതുപോലെ പരിശോധകന്റെ സ്വന്തം സംസ്ഥാനത്ത്, പറയുന്ന നഗരത്തില്‍, പറയുന്ന സ്ഥലത്ത് കിട്ടണം. കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാല്‍ മുഖ്യ പരിശോധകന്റെ മൊബൈലിലേക്ക് പണം ഏറ്റുവാങ്ങിയ ആളുടെ ഒരു കോഡ് മെസേജ് വരും. മഴ കഴിഞ്ഞെന്നോ, ട്രെയിന്‍ കൃത്യ സമയത്ത് പുറപ്പെട്ടെന്നോ ഒക്കെയായിരിക്കും മെസേജ്. ഒരു സി.ബി.ഐയും പിടിക്കില്ല.
മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങളുടെ ഗുണനിലവാരവും മികവും ഉറപ്പാക്കേണ്ട മെഡിക്കല്‍ കൗണ്‍സിലില്‍ ശുദ്ധികലശം സാധ്യമല്ലേ എന്നു ചോദിച്ചാല്‍ അസാധ്യമായി ഒന്നുമില്ല എന്നേ മറുപടിയുള്ളൂ. 

പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കായ മെഡിക്കല്‍ കൗണ്‍സില്‍ ഭേദഗതി  നിയമം (2019) അനുസരിച്ച് കൗണ്‍സിലിനു മീതെ ഇനി ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്‌സ് (ബി.ഒ.ജി) ഉണ്ടാകും. മെഡിക്കല്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍ ബി.ഒ.ജിയുടെ നിരീക്ഷണമുണ്ടാകും. രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസരംഗം അഴിമതിയുടെ ചവറുകൂനമായി മാറിയെന്ന ആക്ഷേപം വ്യാപകമാകുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതിയെന്നു പറഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രി തന്നെ. ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ അധ്യയനവര്‍ഷം മാത്രം വകുപ്പില്‍ നിന്ന് 59 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായും മന്ത്രി വെളിപ്പെടുത്തി.

ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്‌സ്, മെഡിക്കല്‍ കൗണ്‍സിലിനു പകരം നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍... അങ്ങനെ പുതിയ സംവിധാനങ്ങള്‍ വരികയാണ്. ശുദ്ധികലശം തുടങ്ങേണ്ടത് താഴെനിന്നല്ല, മുകളില്‍  നിന്നുതന്നെ. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ പുഴുക്കുത്തുകള്‍ നീക്കാനുള്ള പോംവഴികളും നിര്‍ദ്ദേശങ്ങളും പരമ്പരയുടെ നാളത്തെ ഭാഗത്തില്‍.

Readers Comment

Add a Comment