Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


സ്വാശ്രയത്തിന്റെ ചാകരയ്ക്കിടെ എന്‍ജിനിയറിംഗിന്റെ കാര്യത്തില്‍ ഒരു തീരുമാനമായതാണ്. മക്കള്‍ എന്‍ജിനിയറിംഗിനാണെന്നു കേട്ടാല്‍ ബി.കോമിന് സീറ്റു കിട്ടിയില്ല , അല്ലേ എന്നു ചോദിക്കുന്ന കാലം. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്ത് ഒഴിഞ്ഞുകിടന്ന എന്‍ജിനിയറിംഗ് സീറ്റുകളുടെ എണ്ണം 18,298. എന്‍ട്രന്‍സ് കമ്മിഷണറുടെ മൂന്നാംഘട്ട അലോട്ട്‌മെന്റും കഴിഞ്ഞതിനു ശേഷമുള്ള ഔദ്യോഗിക കണക്കാണിത്.

സ്വാശ്രയം ഉള്‍പ്പെടെ എല്ലാ എന്‍ജിനിയറിംഗ് കോളേജുകളിലുമായി സര്‍ക്കാര്‍ ക്വാട്ടയില്‍ത്തന്നെയുണ്ട്, 33,012 സീറ്റ്. 59 കോളേജുകളിലായി 127 ബാച്ചുകളില്‍ പഠിക്കാന്‍ ഒരൊറ്റ കുട്ടിയെ പോലും കിട്ടിയില്ല. അതിലും കഷ്ടമായിരുന്നു നാല് സ്വാശ്രയ എന്‍ജിയറിംഗ് കോളേജുകളുടെ കാര്യം. ഒരു ബാച്ചിലേക്കും ഒറ്റ വിദ്യാര്‍ത്ഥിയെപ്പോലും കിട്ടിയില്ല. മറ്റു മൂന്നിടത്ത് അല്പം ഭേദമായിരുന്നു പേരിന് ഒരു വിദ്യാര്‍ത്ഥിയെ കിട്ടി.

എന്‍ജിനിയറിംഗിന്റെ കച്ചവടം പൂട്ടിയിട്ടും എം.ബി.ബി.എസിന്റെ ഗ്‌ളാമര്‍ ഇപ്പോഴും അത്രയ്ക്കങ്ങ് മങ്ങിയിട്ടില്ല. പക്ഷേ, ലഭ്യത കൂടുമ്പോള്‍ ഡിമാന്‍ഡ് കുറയുമെന്ന സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാനപാഠം മെഡിക്കല്‍ മേഖലയിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍.ആര്‍.ഐ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. 2017 ല്‍ മാത്രം ഇത്തരം 117 സീറ്റുകളാണ് ഒടുവില്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്കു മാറ്റിയത്.

സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തകര പോലെ കിളിര്‍ത്തതോടെ അധ്യയന നിലവാരം കുറഞ്ഞതും, കോടികള്‍ തലവരി നല്‍കി പ്രവേശനം തരപ്പെടുത്തുന്നവരില്‍ വിജയശതമാനം കുറവായതും, എം.ബി.ബി.എസ് കൊണ്ടുമാത്രം ജോലി തരപ്പെടുത്താനാകില്ലെന്ന യാഥാര്‍ത്ഥ്യം രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതുമെല്ലാം ഇതിനു കാരണങ്ങളാകാം.

പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കാന്‍ എം.ബി.ബി.എസ് തന്നെ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ. ബി.ഡി.എസ്, ബി.എ.എം.എസ്... അങ്ങനെ ചോയ്‌സുകള്‍ വേറെയുമുണ്ട്. സ്വന്തം ഇഷ്ടമനുസരിച്ച് ഡെന്റലും ആയുര്‍വേദവുമൊക്കെ തിരഞ്ഞെടുക്കുന്ന കുട്ടികള്‍ തീരെക്കാണില്ല. ആ സ്ഥാനത്താണ് സിദ്ധയ്ക്കും യുനാനിക്കും വരെ സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ ഉള്ളത്.

എം.ബി.ബി.എസ് പഠിച്ചിറങ്ങിയിട്ടു പോലും കാര്യമില്ലാതെയും, സ്വാശ്രയ മെഡിക്കല്‍ സീറ്റുകള്‍ക്ക് ആളില്ലാതെയും ഓരോ വര്‍ഷവും സ്ഥിതി ഗുരുതരമാകുമ്പോള്‍ മറ്റൊരു അപകടം കൂടി ഇനി കാത്തിരിക്കുന്നുണ്ട് ബ്രിഡ്ജ് കോഴ്‌സ്. അധികം വൈകാതെ രാജ്യത്തെ ഡെന്റിസ്റ്റുകള്‍ക്ക് ബ്രിഡ്ജ് കോഴ്‌സില്‍ ചേര്‍ന്ന് എം.ബി.ബി.എസുകാരെപ്പോലെ ജനറല്‍ ഫിസിഷ്യന്മാരായി പ്രാക്ടീസ് ചെയ്യാം. ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഈ ആവശ്യത്തിന് നീതി ആയോഗ് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇനി ബ്രിഡ്ജ് കോഴ്‌സിന്റെ മാനദണ്ഡങ്ങളും പദ്ധതി നടപ്പാക്കാനുള്ള ചട്ടങ്ങളും തയ്യാറായാല്‍ മതി.

ബി.ഡി.എസ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നു വര്‍ഷം ദൈര്‍ഘ്യമുള്ള ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് ആണ് ഡെന്റല്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നത്. അതിനു ശേഷം മാര്‍ക്കിന്റെ അടിസ്ഥാനത്തിലോ ഒരു പ്രവേശനപരീക്ഷ വഴിയോ ജനറല്‍ ഫിസിഷ്യന്‍ പ്രാക്ടീസിന് സര്‍ട്ടിഫിക്കറ്റ് നല്‍കും. രാജ്യത്ത്, ഗ്രാമീണ മേഖലകളില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനെന്ന പേരിലാണ്  ഈ പദ്ധതി. ബി.ഡി.എസിനു ശേഷം ആയുര്‍വേദം ഉള്‍പ്പെടെ മറ്റ് വൈദ്യശാസ്ത്ര വിഭാഗക്കാരെക്കൂടി അലോപ്പതി ചികിത്സയ്ക്ക് അനുവദിച്ചാല്‍ പൂര്‍ണം!

മെഡിക്കല്‍ വിദ്യാഭ്യാസം കേരളത്തില്‍ താറുമാറാവുകയും, സ്വാശ്രയ പ്രവേശനത്തില്‍ പുതിയ പുതിയ സര്‍ക്കാര്‍  മാനദണ്ഡങ്ങള്‍ വരികയും, ഓരോ വര്‍ഷവും ഫീസ് വര്‍ദ്ധിച്ചുവരികയും ചെയ്യുന്നതോടെ തഴച്ചുവളര്‍ന്ന രംഗമാണ് വിദേശ മെഡിക്കല്‍ പഠനം. നാട്ടിലാകെ അത്തരം ബിസിനസിന് ഏജന്‍സികളായി. ഓവര്‍സീസ് എഡ്യുക്കേഷന് ലോണ്‍ നല്‍കുന്ന ബാങ്കുകളുടെ പരസ്യങ്ങളുണ്ട്, ഇപ്പോള്‍ പത്രങ്ങള്‍ നിറയെ. പക്ഷേ, അതിന് ആളെ എവിടെ നിന്നു കിട്ടും?

ആരുമറിയാതെ നടക്കുന്നൊരു പങ്കുകച്ചവടത്തിന്റെ വികൃതമുഖമാണ് ഐ.ടു.ഐ ന്യൂസ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. റഷ്യയിലും ചൈനയിലും കാനഡയിലും ഇംഗ്‌ളണ്ടിലും മെഡിക്കല്‍ പഠനത്തിന് കയറ്റിവിടാന്‍ കുട്ടികളെ കണ്ടെത്തുന്ന മനുഷ്യക്കടത്തിനു പിന്നില്‍ കേരളത്തിലെ ചില മാധ്യമങ്ങളാണ്. പഴക്കവും പാരമ്പര്യവും പ്രചാരവും കൊണ്ട് വിശ്വാസ്യത നേടിയിട്ടുള്ള ഈ മാധ്യമങ്ങള്‍ വായനക്കാരുടെ ആ വിശ്വാസം മുതലെടുത്തു നടത്തുന്ന പങ്കുകച്ചവടമാണ് അത്.

വിദേശത്ത് അഡ്മിഷന്‍ സീസണ്‍ ആകുന്നതു മുന്നില്‍ക്കണ്ട്, അവര്‍ പത്രത്തിലെ വിദ്യാഭ്യാസ പേജുകളില്‍ ലേഖനങ്ങളും ഫീച്ചറുകളും നല്‍കിത്തുടങ്ങും- മെഡിക്കല്‍ പഠനത്തിന്റെ വിദേശ സാധ്യതകളെക്കുറിച്ച്  വിദ്യാഭ്യാസരംഗത്തെ, അവർ  വളർത്തി കൊണ്ട് വന്ന പ്രമുഖരായിരിക്കും ഉപദേശം നല്‍കുക. വളര്‍ന്നുവരുന്ന സാധ്യതകള്‍, വിദേശ ബിരുദത്തിന്റെ മികവുകള്‍, അവിടങ്ങളിലെ താരതമ്യേന കുറഞ്ഞ ഫീസ്, പഠനവായ്പാ സാധ്യതകള്‍... ഇതൊക്കെ വിസ്തരിച്ച് വിവരിക്കും.

അടുത്ത ഘട്ടം ഓവര്‍സീസ് ഏജന്‍സികള്‍ക്കും, വിദ്യാഭ്യാസ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്കും വിദ്യാര്‍ത്ഥികളെ പിടിച്ചുകൊടുക്കാനുള്ള എഡ്യുക്കേഷന്‍ എക്‌സ്‌പോ ആണ്. സംസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളില്‍ ഈ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കും. പ്രദര്‍ശനമെന്നാണ് പേരെങ്കിലും വിദേശ മെഡിക്കല്‍ പഠനത്തിനുള്ള റിക്രൂട്ട്‌മെന്റ് ആണ് യഥാര്‍ത്ഥത്തില്‍ നടക്കുക. ഓവര്‍സീസ് ഏജന്റുമാരുടെ സ്റ്റാളുകള്‍, ബാങ്കുകളുടെ സ്റ്റാളുകള്‍, വിദഗ്‌ദ്ധോപദേശം നല്‍കുന്ന കേന്ദ്രങ്ങള്‍... ഇവയൊക്കെ എക്‌സ്‌പോയിലുണ്ടാകും. കയറിച്ചെന്നാല്‍ അകപ്പെട്ടുപോകുന്ന കെണിയാണ് ഈ പ്രദര്‍ശനമെന്നതാണ് യാഥാര്‍ത്ഥ്യം. ഇരയെ നോക്കിയിരിക്കുന്ന ഓവര്‍സീസ് വിദ്യാഭ്യാസ ഏജന്‍സികള്‍ ഒരുത്തനെപ്പോലും വെറുതെ വിടില്ല.

പക്ഷേ, ഈ പങ്കുകച്ചവടത്തില്‍ മാധ്യമങ്ങള്‍ക്ക് എന്താണ് ലാഭം എന്ന് സംശയം തോന്നിയില്ലേ? അതിന്, ദിനപത്രങ്ങളെടുത്ത് വിസ്തരിച്ചൊന്ന് പരിശോധിച്ചാല്‍ മതി- വാര്‍ത്തയല്ല, വാർത്തപോലുള്ള പരസ്യങ്ങള്‍. വിദേശത്തെ പഠന സാധ്യതകളും, സൗകര്യങ്ങളും ,വിദേശ ജോലിസാധ്യതകളും വിശദമാക്കുന്ന ഏജന്‍സികളുടെ പരസ്യങ്ങള്‍, വിദേശ പഠനത്തിന് പ്രത്യേക എഡ്യുക്കേഷന്‍ ലോണ്‍ സൗകര്യം നല്‍കുന്ന പ്രമുഖ ദേശസാല്‍കൃത ബാങ്കുകളുടെ വലിയ പരസ്യങ്ങള്‍.... അതാണ് ലാഭം. മനുഷ്യക്കടത്തിനേക്കാള്‍ ഭീകരമല്ലേ സാധാരണക്കാരെ കബളിപ്പിച്ച് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന ഈ പങ്കുകച്ചവടം?

(പരമ്പര നാളെ തുടരും)

 

Readers Comment

Add a Comment