Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊച്ചിയിലെ മരടില്‍ സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട അഞ്ചു ഫ്‌ളാറ്റുകളിലെ 343 കുടുംബങ്ങള്‍ ഇന്നലെ തിരുവോണമുണ്ടില്ല! വര്‍ത്തമാനപത്രങ്ങള്‍ക്ക് ഇന്നലെ അവധിയായിരുന്നതുകൊണ്ട് തിരുവോണദിനത്തിലെ ഉണ്ണാവ്രതത്തിന്റെ വൈകാരിക ചിത്രങ്ങള്‍ ഒന്നാം പേജിലെത്തിയതുമില്ല. മരട് നഗരസഭാ ഓഫീസിനു മുന്നില്‍, പാര്‍പ്പിടം നഷ്ടമാകുന്ന ഈ 343 കുടുംബങ്ങള്‍ ഇന്നലെ നിരാഹാരത്തിലായിരുന്നു. ഒരു കുടുംബത്തില്‍ ശരാശരി നാലു പേര്‍ വച്ച് കണക്കെടുത്താല്‍ 1372 പേര്‍. കായലോര ഫ്‌ളാറ്റുകളിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ ഓരോന്നിനും ഏകദേശം 1.5 കോടി രൂപ വച്ച് വില കണക്കാക്കിയാല്‍ 514.5 കോടി മൂല്യം. സാധാരണ മലയാളിയുടെ വൈകാരികതയ്ക്ക് തീപിടിപ്പിക്കാന്‍ ഈ കണക്ക് ധാരാളം.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയം കേരളത്തിനുണ്ടാക്കിയ ഭൗതിക നഷ്ടം മാത്രം 40,000 കോടിയുടേത്. 483 മനുഷ്യജീവന്റെ വില വേറെ. ഇത്തവണത്തെ മഴദുരന്തങ്ങളില്‍ നഷ്ടം 121 മനുഷ്യജീവനും പതിനായിരം കോടിയും. ഈ കണക്കും മരടിലെ കണക്കും തമ്മിലെന്തു ബന്ധമെന്നു ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം നേരത്തേ തന്നെ സുപ്രീം കോടതി നല്‍കിയിട്ടുണ്ട്: ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കു കാരണം പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനധികൃത കെട്ടിട നിര്‍മ്മാണങ്ങളാണെന്ന് കേരളം ഇതുവരെ പഠിച്ചില്ലേ?
ഇത്തവണ പുത്തുമലയിലും കവളപ്പാറയിലുമായി ഉരുള്‍പൊട്ടലില്‍ ഒറ്റനിമിഷംകൊണ്ട് വീട് നഷ്ടമായവരുടെ ദുര്‍വിധിയോട് ഉപമിക്കാവുന്നതാണോ മരടില്‍ ഒന്നര കോടി രൂപയുടെ വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിച്ചിരുന്നവരുടെ നഷ്ടം? പൊളിച്ചുനീക്കുന്ന 343 ഫ്‌ളാറ്റുകളില്‍ ഇടത്തരക്കാരുടേതായി കുറച്ചെണ്ണം ഉണ്ടാകാമെങ്കിലും അധികവും അതിസമ്പന്നരുടേതാണ്. ചലച്ചിത്ര താരങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും ഉള്‍പ്പെട്ട ഈ വരേണ്യവര്‍ഗത്തിന്റെ ഒന്നാം പാര്‍പ്പിടമല്ല, ഇതൊന്നും. കൊച്ചി മേഖലയില്‍ ഒരു കായലോര ആഡംബര വസതി സാധാരണക്കാരന്റെ സ്വപ്‌നത്തിലുള്ളതുമല്ല. ഇപ്പോള്‍ പൊളിച്ചുനീക്കുന്ന ഫ്‌ളാറ്റുകളിലെ താമസക്കാര്‍ സുപ്രീം കോടതി ഉത്തരവു കാരണം വഴിയാധാരമാകുന്നവരല്ല എന്നു ചുരുക്കം.
343 കുടുംബങ്ങള്‍ക്കുണ്ടാകുന്ന 500 കോടിയിലധികം രൂപയുടെ നഷ്ടത്തെ ചെറുതാക്കി കാണിക്കുകയല്ല ഉദ്ദേശ്യം. പക്ഷേ, കേരളം അപ്പാടെ മണ്ണിലും മലവെള്ളത്തിലും മൂടിപ്പോകാതിരിക്കാന്‍ ചില മേജര്‍ ശസ്ത്രക്രിയകള്‍ നമുക്ക് ഇനിയെങ്കിലും നടത്തിയേ പറ്റൂ. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് ഫ്‌ളാറ്റ് പണിതത് ഈ 343 പേരാണോ എന്നൊരു ചോദ്യം വരും. അല്ലേയല്ല. ആദ്യം അകത്താക്കേണ്ടത് ഈ നിയമങ്ങളെല്ലാം നന്നേ വശമുള്ളവരും, ഇവിടെ ബഹുനില കെട്ടിട നിര്‍മ്മിതിക്ക് അനുമതി നല്‍കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ബോധ്യമുള്ളവരുമായ ഉദ്യോഗസ്ഥഭീകരന്മാരെയും അവരുടെ സംരക്ഷകരായ രാഷ്ട്രീയ നേതാക്കളെയുമാണ്.
പിന്നെ ഈ 343 കുടുംബങ്ങള്‍ ചെയ്ത തെറ്റ് എന്താണ്? വാങ്ങുന്നത് ഒരു കോടിയിലധികം രൂപ വിലയുള്ള അപ്പാര്‍ട്ട്‌മെന്റ് ആയിരുന്നിട്ടും, ഫ്‌ളാറ്റ് കെട്ടിടത്തിന് കായലോരത്ത് നിയമപരമായ നിര്‍മ്മാണ അനുമതിയുണ്ടായിരുന്നോ എന്ന് ഇവരാരും അന്വേഷിച്ചില്ല!അല്ലെങ്കില്‍, ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനികള്‍ വാക്കാല്‍ നല്‍കിയ വാഗ്ദാനങ്ങളും ഉറപ്പുകളും അവര്‍ കണ്ണുമടച്ച് വിശ്വസിച്ചു. ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നിത്യവാര്‍ത്തയായിട്ടും ഇത്രയും പേര്‍ അതൊന്നും കാര്യമാക്കാതെ കായലോര ഫ്‌ളാറ്റ് വാങ്ങിയെങ്കില്‍, അതിനു പിന്നില്‍ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനശക്തിയുടെയും രാഷ്ട്രീയ പിന്‍ബലത്തിന്റെയും ഹുങ്കു കൂടിയുണ്ടാകണം.
'ഗുരുവായൂരപ്പന്റെ മണ്ണില്‍ നിങ്ങള്‍ക്കൊരു വീട്' വച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശാന്തിമഠം ബില്‍ഡേഴ്‌സ് വര്‍ഷങ്ങള്‍ക്കു മുമ്പ് 550 പേരില്‍ നിന്നായി തട്ടിച്ചെടുത്തത് 600 കോടിയിലധികം രൂപയാണ്. 420 വില്ലകള്‍ക്കായി ഓരോരുത്തരില്‍ നിന്നും ദശലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയ കമ്പനി ആകെ പണിതത് ലോഞ്ചിംഗ് പ്രോജക്ടിന്റെ ഭാഗമായി 17 വില്ലകള്‍. ഇതു കാണിച്ചായിരുന്നു മറ്റുള്ളവരില്‍ നിന്ന് കോടികളുടെ തട്ടിപ്പ്. ഉടമകള്‍ അറിസ്റ്റിലായെങ്കിലും പണം പോയവര്‍ക്ക് പോയതു തന്നെ.
പത്തു വര്‍ഷത്തോളം മുമ്പ് നാനോ വീട് പദ്ധതിയുടെ പേരില്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് കമ്പനി ഒരൊറ്റ ഫ്‌ളാറ്റ് പോലും പണിയാതെ ഇടത്തരം ഉപഭോക്താക്കളിൽ നിന്ന് തട്ടിയെടുത്തത് 100 കോടിയിലധികം രൂപയാണ്. ആലപ്പുഴ ചേര്‍ത്തലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിലായിരുന്നു വാഗ്ദാന പദ്ധതി. അഞ്ചു ലക്ഷം രൂപയ്ക്ക് ഫ്‌ളാറ്റും ടാറ്റാ നാനോ കാറും. സെന്റിന് ആയിരം രൂപ പോലും വിലയില്ലാത്ത ചതുപ്പു നിലത്ത് ഫ്‌ളാറ്റ് പോയിട്ട് കൊള്ളാവുന്നൊരു കക്കൂസ് പോലും പണിയാന്‍ പറ്റില്ലെന്ന് ആരും ഓര്‍ത്തില്ല!
തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍ അപ്പാര്‍ട്ട്‌മെന്റുകളും വില്ലകളും പണിതു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് 2000 പേരില്‍ നിന്നായി മൂന്നു വര്‍ഷം മുമ്പ് തട്ടിച്ചെടുത്തത് 1300 കോടി രൂപയാണ്. ചലച്ചിത്രതാരം ധന്യ മേരി വര്‍ഗീസ് ആയിരുന്നു കമ്പനി ഡയറക്ടര്‍മാരില്‍ ഒരാള്‍. ധന്യ, ഭര്‍ത്താവ് ജോണ്‍ ജേക്കബ്, സഹോദരന്‍ സാമുവല്‍ ജേക്കബ്, ഇവരുടെ പിതാവ് ജേക്കബ് സാംസണ്‍ എന്നിവര്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതികള്‍ പുതിയ പേരില്‍ കമ്പനി രൂപീകരിച്ച് ഇതേ തട്ടിപ്പ് വീണ്ടും തുടരുന്നതായാണ് അന്ന് പണം നഷ്ടമായ നിക്ഷേപകര്‍ ആരോപിക്കുന്നത്.
ശാന്തിമഠം, ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടി, സാംസണ്‍ ആന്‍ഡ് സണ്‍സ് എന്നീ കമ്പനികള്‍ക്കൊന്നും അവര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതിയുണ്ടായിരുന്നില്ല. ആപ്പിള്‍ എ ഡേയുടെ നാനോ ഫ്‌ളാറ്റ് പദ്ധതിയില്‍ ലക്ഷങ്ങള്‍ മുടക്കിയവരില്‍ ഒരാളെങ്കിലും ചേര്‍ത്തലയിലെ ആ ചതുപ്പു സ്ഥലം നേരില്‍ക്കണ്ടിരുന്നെങ്കില്‍ കബളിപ്പിക്കപ്പെടുമായിരുന്നില്ല! സ്ഥലം പോലും നേരില്‍ക്കാണാതെ, ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്യപ്പെടുന്ന സ്ഥലത്ത് കെട്ടിടനിര്‍മ്മിതിക്ക് കമ്പനിക്ക് നിയമപരമായ അനുമതിയുണ്ടോ എന്നറിയാതെ വീണ്ടും വീണ്ടും മലയാളികള്‍ ഒരേ തട്ടിപ്പിന് ഇരകളാകുന്നതെങ്ങനെ?
റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ മറവില്‍ കേരളത്തില്‍ ഓരോ വര്‍ഷവും അരങ്ങേറുന്നത് സഹസ്രകോടികളുടെ തട്ടിപ്പാണ്. ലൈസന്‍സോ നിര്‍മ്മാണ അനുമതിയോ ഇല്ലാതെ, സ്വന്തമായി സ്ഥലം പോലുമില്ലാതെ തിളങ്ങുന്ന ബ്രോഷറുകളുടെയും വാക് ത്രൂ വിഡിയോകളുടെയും മാത്രം ബലത്തില്‍ കോടികളുടെ തട്ടിപ്പിനിറങ്ങുന്നവര്‍ക്ക് ധൈര്യം പകരുന്നത് മൂന്നു കാര്യങ്ങളാണ്:
1. കേരളത്തില്‍ ഒരു ലൈസന്‍സും നിയമപരമായ അനുമതിയുമില്ലാതെ എന്തുമാകാം.
2. മലയാളിയെ എന്തു പറഞ്ഞും പറ്റിക്കാം.
3. തട്ടിപ്പ് വെളിച്ചത്തായാലും അതിനകം നേടിയ കോടികള്‍ മതി കേസിന്റെ കുരുക്കഴിക്കാന്‍.
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ അവസാനിക്കാത്ത റിയല്‍ എസ്‌റ്റേറ്റ് തട്ടിപ്പുകളുടെയും വഞ്ചനകളുടെയും അറിയാക്കഥകളിലൂടെ ഐ ടു ഐ ന്യൂസ് ഒരു വാര്‍ത്താ പരമ്പര ആരംഭിക്കുന്നു- മരടിലെ ഫ്‌ളാറ്റുകള്‍ മലയാളിയോടു പറയുന്നത്. മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളുമുണ്ടെങ്കില്‍, ഫ്‌ളാറ്റ് തട്ടിപ്പു വീരന്മാരില്‍ പലരും സിനിമാ താരങ്ങളുടെ സാധ്യത നേരത്തേ തിരിച്ചറിഞ്ഞവരാണ്. പരസ്യങ്ങളില്‍ ചലച്ചിത്രതാരങ്ങളെ മോഡലുകളാക്കിയായിരുന്നു പല തട്ടിപ്പും. ആ കഥ നാളെ.
32.82°C








