Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അറുപത്തിയെട്ടാം വയസ്സിലും പ്രഷറും ഷുഗറും കൊളസ്‌ട്രോളുമില്ലാത്ത പൂര്‍ണാരോഗ്യത്തിന്റെ സീക്രട്ട് എന്തെന്നു ചോദിച്ചാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറയും: നടത്തം! അതിനേക്കാള്‍ ബെസ്റ്റ് വ്യായാമം ഇല്ലെന്നാണ് കുഞ്ഞാപ്പയുടെ പക്ഷം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തു നിന്ന് പാര്‍ലമെന്റിലേക്കു പുറപ്പെടുന്നതു വരെ, കുഞ്ഞാലിക്കുട്ടി പാണക്കാട് പാണ്ടിക്കടവത്തു വീട്ടില്‍ത്തന്നെ പതിവായുണ്ടായിരുന്നു. മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി അതിനും മുമ്പേ യാത്രകള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും, നാട്ടിലാണെങ്കില്‍ കുഞ്ഞാപ്പയ്ക്ക് സൗഖ്യം പകരുന്ന മറ്റൊരിടമില്ല.

രാഷ്ട്രീയത്തിരക്കിനിടയില്‍ വ്യായാമത്തിനും വായനയ്ക്കും മറ്റും നേരം കിട്ടുമോ എന്നു ചോദിക്കുന്നവര്‍ പാണ്ടിക്കടവത്ത് വീട്ടിലേക്ക് ഒന്ന് ചെന്നുനോക്കണം. നാലര മണിയാണ് കുഞ്ഞാപ്പയുടെ ഉണര്‍ച്ച സമയം. പ്രഭാത കൃത്യങ്ങളും പ്രാര്‍ത്ഥനയും പഠനവും വായനയുമൊക്കെ ആറു മണി വരെയുള്ള സമയത്ത്. അതു കഴിഞ്ഞ് പുറത്തേക്കിറങ്ങി, വീട്ടുപുരയിടത്തിലെ കൃഷിയിടത്തിലേക്കു പോകും. കുറച്ചൊന്നുമല്ല, ആറ് ഏക്കര്‍ 60 സെന്റിലാണ് കുഞ്ഞാലിക്കുട്ടി നട്ടുപരിപാലിക്കുന്ന കൃഷിത്തോട്ടം.

പൂര്‍ണമായും ജൈവ കൃഷി. രാസവളമോ കൃത്രിമ കീടനാശിനികളോ ഇവിടത്തെ മണ്ണും ചെടികളും മരങ്ങളും കണ്ടിട്ടില്ല. കൃഷിയെന്നു പറഞ്ഞാല്‍ ഉള്ളി മുതല്‍ വെള്ളരി വരെയും, കടല മുതല്‍ വളര്‍ത്തുപക്ഷികള്‍ക്ക് തീറ്റയായി കൊടുക്കാനുള്ള തിന വരെയും സകലമാന ഐറ്റംസും കുഞ്ഞാപ്പയുടെ സ്വന്തം കസ്റ്റഡിയിലുണ്ട്. ഫല വൃക്ഷങ്ങള്‍, പലയിനം തെങ്ങിന്‍തൈകള്‍, അപൂര്‍വ ഇനം പഴങ്ങള്‍, ധാന്യങ്ങള്‍, കണിക്കൊന്ന മുതല്‍ കാട്ടുചെമ്പകം വരെയുള്ള നാട്ടുപൂക്കള്‍.... എല്ലാം കുഞ്ഞാപ്പയുടെ കരുതലിന്റെ കരസ്പര്‍ശമറിഞ്ഞവ.

കൃഷിയില്‍ തീരില്ല കുഞ്ഞാപ്പയുടെ പുരയിടത്തിലെ കൗതുകം. മത്സ്യക്കുളം, ആടുകള്‍, കോഴികള്‍, പല തരം വളര്‍ത്തുപക്ഷികള്‍... വീട്ടിലുണ്ടെങ്കില്‍ ഇവയ്‌ക്കെല്ലാം നേരം തെറ്റാതെ തീറ്റ കൊടുക്കുന്നത് കുഞ്ഞാപ്പ തന്നെ. അദ്ദേഹം സ്ഥലത്തില്ലെങ്കില്‍ ഭാര്യയോ ജോലിക്കാരോ. മലപ്പുറം ടൗണില്‍ നിന്ന് ദിവസവും രാവിലെ പറന്നെത്തുന്ന കൊറ്റികള്‍ക്കു വരെ കുഞ്ഞാപ്പയുടെ സ്വര്‍ഗഭൂമിയില്‍ തീറ്റ റെഡി. പക്ഷികള്‍ക്കു കുടിക്കാന്‍ പുരയിടത്തില്‍ ഇടയ്ക്കിടെ വെള്ളം നിറച്ച മണ്‍പാത്രങ്ങള്‍, തിന്നാന്‍ ഫലവൃക്ഷങ്ങളില്‍ പറിക്കാതെ സൂക്ഷിക്കുന്ന പഴങ്ങള്‍....

ഇത്രയും പച്ചക്കറിയും പഴങ്ങളുമൊക്കെ കുഞ്ഞാപ്പ എന്തു ചെയ്യാന്‍? അയല്‍വക്കത്തേക്കു മാത്രമല്ല, ആ വാര്‍ഡിലെ മുഴുവന്‍ വീടുകളിലേക്കും കൊടുക്കാനുള്ള പച്ചക്കറി പാണ്ടിക്കടവത്ത് വീട്ടുവളപ്പിലുണ്ട്. ഈ ചെടികള്‍ക്കും മരങ്ങള്‍ക്കുമിടയിലൂടെ, ചെത്തിയൊരുക്കിയ വഴിയിലൂടെയാണ് കുഞ്ഞാപ്പയുടെ പ്രഭാതനടത്തം. ചെടികളെ തൊട്ടും തലോടിയും വളര്‍ന്നുചാഞ്ഞ കൊമ്പുകള്‍ കോതിയൊരുക്കിയും പക്ഷികള്‍ക്ക് തീറ്റകൊടുത്തും, ഇടയ്ക്ക് സൂര്യനമസ്‌കാരവും യോഗവും ചില്ലറ വ്യായാമക്കസര്‍ത്തുകളും ചെയ്തും തനി നാടന്‍ കൃഷിക്കാരന്‍ മട്ടില്‍ ഒന്നര മണിക്കൂര്‍ നേരം. വെയിലിന് ചൂട് കൂടുന്നതിനു മുമ്പ് നടത്തയും കൃഷി പരിപാലനവും കഴിഞ്ഞ് കുഞ്ഞാപ്പ തിരികെ വീട്ടില്‍ കയറും.

കോളേജ് പഠനകാലം കഴിഞ്ഞപ്പോള്‍ തുടങ്ങിയതാണ് കുഞ്ഞാപ്പയുടെ ഈ കൃഷിത്തോട്ട പരിപാലനവും വ്യായാമവും.  ഈ പ്രായം വരെ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊഴുപ്പ് ഇത്യാദി അസ്‌കിതകളൊന്നും കുഞ്ഞാപ്പയെ തൊടാന്‍ ധൈര്യം കാട്ടിയിട്ടില്ല. മരുന്നിന്റെ ഏര്‍പ്പാട് ഇല്ലേയില്ല. പറയുന്നത് വെറുതെയല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന മുസ്ലീം ലീഗ് അതികായന്റെ ശരീരം കണ്ടാലുമറിയാം. ദുര്‍മേദസ്സ് തീരെയില്ല. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട മറ്റ് ബുദ്ധിമുട്ടുകളുമില്ല. ആകെയുള്ളത് കഷണ്ടിയാണ്. അതാകട്ടെ, നല്ല സ്റ്റൈലായി കുഞ്ഞാപ്പ കൊണ്ടുനടക്കുകയും ചെയ്യുന്നു.

Readers Comment

Add a Comment