Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ (കെ.ജി.എം.ഒ.എ) 2019 ലെ മാധ്യമ, മികച്ച ഡോക്ടർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡുകൾ കെ.ജി.എം.ഒ.എ യുടെ 53 മത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചു, ഫെബ്രവരി 2 ന് വൈകുന്നേരം 4 മണിക്ക് കൊല്ലം റാവിസ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ബഹു. കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ സമ്മാനിക്കും.
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മികച്ച ലേഖനത്തിനുള്ള പുരസ്ക്കാരമായ ഡോ.എം.പി. സത്യനാരായണൻ മെമ്മോറിയൽ അവാർഡ്, ദീപിക ദിനപത്രം തിരുവനന്തപുരം ബ്യൂറോയിലെ റിച്ചാർഡ് ജോസഫ് എഴുതിയ "സ്‌ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ " എന്ന ലേഖന പരമ്പര കരസ്ഥമാക്കി. മൊബൈൽ ഫോൺ ആസക്തിയെക്കുറിച്ചുള്ള സമഗ്ര വിശകലനവും പരിഹാരമാർഗ്ഗങ്ങളും പ്രതിപാദിച്ചു കൊണ്ട് 2019 നവംബര്‍ 8 മുതൽ 13 വരെ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ഈ ലേഖന പരമ്പര. രണ്ടായിരത്തി അഞ്ഞൂറ് രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സമൂഹ മാദ്ധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലിന് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം ജൂനിയർ കൺസൽട്ടന്റ് ഡോ.ജോസ്റ്റിൻ ഫ്രാൻസിസ് അർഹനായി. 10,000/ രൂപയും ഫലകവുമാണ് അവാർഡ്. ആരോഗ്യരംഗത്തെ മികച്ച സന്നദ്ധ സംഘടനക്കുള്ള ഡോ.എസ്.വി.സതീഷ് കുമാർ മെമ്മോറിയൽ അവാർഡ്, കണ്ണൂരിലെ മലബാർ കാൻസർ കെയർ സൊസൈറ്റിക്ക് ലഭിച്ചു. ക്യാൻസർ ബോധവൽക്കരണവും ക്യാൻസർ നേരത്തേ കണ്ടു പിടിക്കാനുള്ള ക്യാമ്പുകളും 30 വർഷങ്ങളായി നടത്തി വരുന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 10,000/ രൂപയും ഫലകവുമാണ് അവാർഡ്.
വ്യത്യസ്ത കാഡറുകളിലെ മികച്ച ഡോക്ടർമാരുടെ അവാർഡുകളിൽ, അഡ്മിനിസ്ട്രേറ്റീവ് കാഡറിൽ സംസ്ഥാനത്തെ മികച്ച ഡോക്ടർക്കുള്ള പുരസ്ക്കാരത്തിന് കാസർഗോഡ് ജില്ലാ ടി.ബി ഓഫീസർ ഡോ.ടി.പി. ആമിന അർഹയായി. തൂവാല വിപ്ലവം പോലെയുള്ള ജനകീയ പരിപാടികളും വ്യത്യസ്തങ്ങളായ മറ്റു പ്രോഗ്രാമുകളുമാണ് അവാർഡിന് അർഹയാക്കിയത്. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ വിഭാഗത്തിലെ മികച്ച ഡോക്ടർക്കുള്ള പുരസ്ക്കാരത്തിന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ശിശുരോഗ വിദഗ്ദൻ ഡോ.കൃഷ്ണമോഹൻ അർഹനായി. അക്കാദമിക് മികവും ദേശീയ ഫോറങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുമാണ് അവാർഡ് നേടിക്കൊടുത്തത്. ജനറൽ കേഡറിലെ മികച്ച ഡോക്ടർക്കുള്ള പുരസ്ക്കാരത്തിന് കൊല്ലം ജില്ലയിലെ തലവൂർ പി.എച്ച്.സിയിലെ ഡോ.അജയകുമാർ എസ് അർഹനായി. പഞ്ചാരക്കൂട്ടം എന്ന പേരിൽ സബ് സെന്റർ തലങ്ങളിൽ പ്രമേഹ രോഗികൾക്കായുള്ള കൂട്ടായ്മ രൂപീകരിക്കുകയും പ്രമേഹ ബോധവൽക്കരണം നൽകുകയും പ്രമേഹരോഗ സങ്കീർണതകൾ നേരത്തെ കണ്ടെത്തുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടത്തുകയും പുത്തൻ തലമുറകളിലേക്ക് ജീവിതശൈലി രോഗങ്ങൾ എത്തിച്ചേരാതിരിക്കാൻ സ്കൂൾ തലങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാണ് അവാർഡ്. പഞ്ചാരക്കൂട്ടം സംസ്ഥാന ആരോഗ്യവകുപ്പ് ഏറ്റെടുക്കുകയുണ്ടായി. ശബരിമല നോഡൽ ഓഫീസറായി 2019 ൽ സ്തുത്യർഹമായ രീതിയിൽ സേവനം നടത്തിയ നിലക്കൽ പി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. പ്രശോഭ് .ഇ പ്രത്യേക പുരസ്ക്കാരത്തിന് അർഹനായി. സൂപ്പർ സ്പെഷ്യാറ്റി വിഭാഗത്തിൽ സംസ്ഥാനത്തെ മികച്ച ഡോക്ടറായി പത്തനംതിട്ട ജനറൽ ആശൂപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ. ജോസ് പൈക്കട അർഹനായി.
കെ.ജി.എം.ഒ.എ യുടെ 53 മത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 1, 2 തീയതികളിലായി വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുകയാണ്. ഒന്നാം തീയതി നടക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ പരിപാടി അന്ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വച്ചു ബഹു ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സി കുട്ടി അമ്മ ഉത്ഘാടനം ചെയ്യും. ബഹു. കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചർ മുഖ്യാതിഥിയായി രണ്ടാം തീയതി നടക്കുന്ന പ്രത്യേക ചടങ്ങില്‍ സംഘടനയുടെ 2020 വര്‍ഷത്തിലേക്കുള്ള ഭാരവാഹികള്‍ സ്ഥാനമേല്ക്കും. സമ്മേളനത്തോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ക്കുള്ള കലാമത്സരങ്ങളും സ്കൂള്‍ കുട്ടികള്‍ക്കായി സംസ്ഥാനതലത്തില്‍ അമൃതകിരണം ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
30.82°C








