Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശ്രീനാരായണ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും അധിപന്മാരും ഗുരുധര്‍മ്മത്തില്‍ നിന്ന് വ്യതിചലിക്കുകയും, ഗുരുദര്‍ശനത്തിനു നേര്‍വിപരീതം പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദുരവസ്ഥ നീക്കാന്‍ ഗുരുസന്ദേശങ്ങളുടെ യഥാര്‍ത്ഥ പൊരുള്‍ തിരിച്ചറിഞ്ഞ് ശ്രീനാരായണീയര്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനവുമായി വര്‍ക്കല ശിവഗിരി മഠത്തിലെ മുതിര്‍ന്ന സന്യാസി ശ്രേഷ്ഠന്‍, ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുള്ള എസ്.എന്‍.ഡി.പി യോഗവുമായും, യോഗത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നായകത്വം വഹിക്കുന്ന എസ്.എന്‍. ട്രസ്റ്റുമായും ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ കോടതികളിലെത്തിയ സാഹചര്യത്തിലാണ് ശ്രീനാരായണ ധര്‍മ്മ പ്രചാരണത്തിനായി ജീവിതം മാറ്റിവച്ച സ്വാമി വിദ്യാനന്ദയുടെ ആഹ്വാനം.
വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടന കൊണ്ട് ശക്തരാകാനുമാണ് ഗുരു ഉപദേശിച്ചത്. ഈഴവര്‍ ഉള്‍പ്പെടെ പിന്നോക്ക സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യമിട്ടാണ് എസ്.എന്‍.ഡി.പി യോഗത്തിന് ഗുരു രൂപം നല്‍കിയത്. വിദ്യാഭ്യാസ പ്രചാരണത്തിന് പിന്നീട് രൂപീകരിക്കപ്പെട്ടതാണ് എസ്.എന്‍. ട്രസ്റ്റ്. ഈ രണ്ടിന്റെയും നേതൃസ്ഥാനം കൈക്കലാക്കിയവര്‍ അവയെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും മാര്‍ഗമാക്കുക മാത്രമല്ല, അവിടെ കുടുംബവാഴ്ച സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഓരോ ശ്രീനാരായണീയനും അവകാശപ്പെട്ടതാണ്. പ്രവര്‍ത്തന സൗകര്യത്തിനായി ഒരാളെ ചുമതലയേല്പിക്കുന്നു എന്നേയുള്ളൂ. ചുമതലക്കാരന്‍ ഉടമസ്ഥനല്ല. ഈ യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ് യോഗത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വം വഹിക്കുന്നവരുടെ ചെയ്തികള്‍.
ഗുരു ദര്‍ശനത്തിനും സന്ദേശങ്ങള്‍ക്കും അപചയം സംഭവിക്കുകയില്ല. പക്ഷെ, ഇവയുടെ പ്രചാരണം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പ്രസ്ഥാനങ്ങള്‍ക്കു സംഭവിക്കുന്ന അപചയം സമുദായത്തിന്റെ അന്തസ്സിനും ഐക്യത്തിനും പുരോഗതിക്കും വിഘാതമാകും. നിര്‍ണായകമായ ഈ പ്രതിസന്ധിഘട്ടം മറികടക്കാന്‍ ഗുരുദര്‍ശനം ജീവിതദര്‍ശനമാക്കിയ ശ്രീനാരായണീയര്‍ ഒരുമിച്ച് പോരാട്ടം നയിക്കേണ്ട സമയമാണിത്- സ്വാമി വിദ്യാനന്ദ പറയുന്നു.
മദ്യം വിഷമാണ്- അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. ഗുരു വിഭാവനം ചെയ്ത ആരോഗ്യപൂര്‍ണമായ സമൂഹത്തെക്കുറിച്ചുള്ള സങ്കല്പത്തിന്റെ ഭാഗമാണ് ഈ ഉപദേശം. എന്നാല്‍, മദ്യക്കച്ചവടം വ്യവസായമാക്കി കോടികള്‍ സമ്പാദിക്കുകയും ആ പണം മറ്റ് അഴിമതികള്‍ മൂടിവയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ തന്നെ പ്രസ്ഥാനങ്ങളുടെ തലപ്പത്തെത്തിയെന്നത് വിരോധാഭാസമാണ്. ഇതു മാത്രമല്ല, കൂടുതല്‍ ഗുരുതരമായ പല കുറ്റകൃത്യങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ ഒരു യൂണിയന്‍ സെക്രട്ടറി അദ്ദേഹത്തിന്റെ ഓഫീസില്‍ത്തന്നെ അടുത്തിടെ ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് ശ്രീനാരായണീയ സമൂഹം കേട്ടത്. അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഉള്ളതായി പറയപ്പെടുന്ന വിവരങ്ങള്‍ പലതും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടക്കുന്നു. പുറത്തുവന്ന വിവരങ്ങളെ ഖണ്ഡിക്കുന്ന ന്യായങ്ങളോ തെളിവുകളോ ആരോപണവിധേയര്‍ ഹാജാരാക്കാത്ത സാഹചര്യത്തില്‍, അതെല്ലാം യഥാര്‍ത്ഥമെന്നു കരുതാനേ ശ്രീനാരായണീയര്‍ക്ക് കഴിയൂ.
അങ്ങനെയെങ്കില്‍ ഗുരുനിര്‍ദ്ദേശമനുസരിച്ച് രൂപീകരിക്കപ്പെട്ട എസ്.എന്‍.ഡി.പി യോഗത്തിലും എസ്.എന്‍. ട്രസ്റ്റിലും അടിയന്തര ശുദ്ധീകരണപ്രക്രിയ നടപ്പാക്കേണ്ട സമയമാണ് ഇത്. നേതൃസ്ഥാനം വഹിക്കുന്നവര്‍ തന്നെ ആരോപണവിധേയരായിരിക്കെ, ശുദ്ധികലശത്തിനുള്ള ഉത്തരവാദിത്വം ശ്രീനാരായണീയര്‍ക്കാണ്. കാലഘട്ടം ആവശ്യപ്പെടുന്ന ഈ നിയോഗം ഇപ്പോള്‍ ഏറ്റെടുത്തില്ലെങ്കില്‍ അത് ഗുരുദര്‍ശനങ്ങളോടുള്ള നിന്ദയാകുമെന്നും ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ പറഞ്ഞു.
ഇരുപതാം വയസ്സില്‍ ശിവിഗിരി മഠത്തിലെത്തുകയും ബ്രഹ്മവിദ്യാലയത്തിലെ പഠനത്തിനു ശേഷം 1978 ല്‍ സന്യാസദീക്ഷ സ്വീകരിക്കുകയും, പിന്നീട് മഹാസമാധിയുടെ മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്ത സ്വാമി വിദ്യാനന്ദ ഈ എഴുപത്തിയൊന്നാം വയസ്സിലും ജീവശ്വാസമാക്കുന്നത് ഗുരുദര്‍ശനത്തെയാണ്. ഗുരുസന്ദേശങ്ങള്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള നിയോഗം സ്വയം ഏറ്റുവാങ്ങിയ സ്വാമി വിദ്യാനന്ദ പ്രായാധിക്യം മറന്ന് ശിവഗിരി മഠത്തില്‍ ആ ദൗത്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഗുരുദര്‍ശനവും സന്ദേശങ്ങളും പകര്‍ത്തിയെടുത്ത് പ്രചരിപ്പിക്കേണ്ടതും, മാതൃകാ സ്ഥാനങ്ങളും സ്ഥാപനങ്ങളുമായി വര്‍ത്തിക്കേണ്ടതും ശ്രീനാരായണ പ്രസ്ഥാനങ്ങളാണെന്നിരിക്കെ, അവ തന്നെ അഴിമതിക്കും ക്രമക്കേടുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വിളനിലമാകുന്നതിലെ വേദന സ്വാമി വിദ്യാനന്ദയുടെ ഓരോ വാക്കിലും സ്പന്ദിക്കുന്നുണ്ട്. ഗുരുനിന്ദ, സ്വയനിന്ദയും ലോകനിന്ദയുമാണെന്നു തിരിച്ചറിയുന്ന ശ്രീനാരായണീയ സമൂഹം എസ്.എന്‍.ഡി.പി യോഗവും ട്രസ്റ്റും ഉള്‍പ്പെടെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പുനരുത്ഥാനമെന്ന പുതിയ വിപ്‌ളവത്തിന് യുദ്ധകാഹളം മുഴക്കണമെന്നാണ് സ്വാമി വിദ്യാനന്ദയുടെ ആഹ്വാനം.
23.48°C








