Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്
മനുഷ്യകുലത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കുന്നതും സത്യാസത്യങ്ങളെ വേര്‍ത്തിരിക്കുന്ന വ്യക്തമായ സൂക്തങ്ങളോടെ ഖുര്‍ആന്‍ അവതരിപ്പിച്ച മാസമാകുന്നു പരിശുദ്ധ റമദാന്‍. ഓരോ മുസ്‌ലിമിന്റേയും ജീവിതത്തില്‍ സമ്പൂര്‍ണ്ണ സംസ്‌കരണമായും മാനവകുലത്തിന്റെ ഐക്യവും സാഹോദര്യവും വിളിച്ചോതിക്കൊണ്ടുമാണ് ഓരോ വിശുദ്ധ റമദാനും നമ്മിലേക്ക് കടന്ന് വരുന്നത്.
നമ്മുടെ ശാരീരിക ശുദ്ധിക്കും ആരോഗ്യ പോഷണത്തിനും സഹായിക്കുന്ന വര്‍ഷത്തിലൊരിക്കല്‍ മാത്രം കല്‍പ്പിക്കപ്പെട്ട മുപ്പത് ഔഷധങ്ങളാണ് റമദാനിലെ മുപ്പത് നോമ്പുകള്‍. ഈ മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആത്മ സംസ്‌കരണം നടത്തുന്നതിലൂടെ സാധ്യമാകുന്നത് മാനുഷിക സമത്വം കൂടിയാണ്. ഇന്ന് ലോകം മുഴുവന്‍ വീട്ടിലിരിക്കുകയാണ്. നമ്മള്‍ ജീവിതത്തില്‍ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വ്യത്യസ്ത സ്ഥിതിയിലും അന്തരീക്ഷത്തിലുമുള്ള റമളാനിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. വീട്ടിലിരിക്കുമ്പോള്‍ നമ്മള്‍ സാധാരണയില്‍ കൂടുതല്‍ ആരാധനാ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടണം. മറ്റിതര തൊഴിലുകളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ നാടിന് വേണ്ടി വീട്ടിലിരുന്ന് ദൈവപ്രീതിക്കായി ഉയിഞ്ഞ് വെക്കാം നമുക്ക് ഈ ദിനങ്ങള്‍. നമ്മുടെ ആരോഗ്യത്തിനും നമ്മുടെ സഹോദരീ സഹോദരന്മാരുടെ ആരോഗ്യത്തിനും കാവല്‍ഭടന്മാരായി വീട്ടിലിരിക്കുന്നത് പോലും വലിയ നന്മയാണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം.
പരസ്പരം സന്തോഷങ്ങളും വേദനകളും പങ്കുവെക്കുമ്പോഴാണ് ജീവിതം മഹത്വരമാകുന്നത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ നിര്‍ബന്ധിത പട്ടിണിയിലൂടെ ഇസ്ലാം ലക്ഷീകരിക്കുന്നത്. റമദാനിലെ വ്രതാനുഷ്ഠാനം യഥാര്‍ത്ഥത്തില്‍ ആത്മനിയന്ത്രണമാണ്. പതിനൊന്ന് മാസങ്ങളിലായി ചെയ്ത പാപക്ങ്ങള്‍ നീക്കി കളങ്കരഹിതമായ പുതു ജീവിതം കെട്ടിപ്പടുക്കാനും റമദാന്‍ വഴിയൊരുക്കുന്നുണ്ട്. മനുഷ്യര്‍ക്കിടയില്‍ സമത്വമുണ്ടാക്കാന്‍ കൂടിയാണ് ഇസ്‌ലാമിക നിയമസംഹിത മനുഷ്യരാശിക്ക് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. നോമ്പ് മന്‍ഷ്യരില്‍ കര്‍മ്മബോധവും ക്ഷമാശീലവും വളരാന്‍ കാരണമായും വര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ഏത് തരം ആപത്തുകളെ നേരിടാനും ദൈവീക താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ ദേഹേച്ഛകളെ നിയന്ത്രിക്കാനും മനുഷ്യനെ തയ്യാറാക്കുകയാണ് റമദാന്‍. ഈ കോവിഡ് കാലത്തും ദൈവത്തില്‍ ഉറച്ച വിശ്വാസത്തോടെ ഇസ്ലാം കല്‍പിക്കുന്ന ആരാധനാ കര്‍മ്മങ്ങള്‍ക്കൊപ്പം പരസ്പരം സഹായിച്ചും സഹകരിച്ചും ഒരാള്‍ പോലും പട്ടിണിയും ദുഃഖവും പേറിക്കഴിയുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കൂടി സമര്‍പ്പിക്കാം ഈ റമദാന്‍ കാലം.
പാപമോചനം തേടി അള്ളാഹുവിലേക്ക് കൈകളുയര്‍ത്തുമ്പോള്‍ മാനവ കുലത്തിന്റെ സുരക്ഷക്കായും നമ്മുടെ ആരോഗ്യത്തിനായി എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സുരക്ഷാസന്നദ്ധ സേവകര്‍ക്കായും നമ്മള്‍ പ്രാര്‍ത്ഥിക്കുക. സഹോദരന് വേണ്ടി നിരന്തര പ്രാര്‍ത്ഥനകളും നന്മ കാംക്ഷിക്കലും ഉത്തമ കര്‍മ്മങ്ങളായി ഗണിക്കുന്ന മതമാണ് ഇസ്ലാം. കൂടാതെ, അഗതികള്‍ക്കും പാവങ്ങള്‍ക്കും നിര്‍ധന രോഗികള്‍ക്കും താങ്ങായി ധനം ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ ഇന്ന് നമ്മള്‍ കൂടുതല്‍ ശ്രമിക്കണം. വ്രതാനുഷ്ഠാനം മനുഷ്യ മനസ്സുകളില്‍ കാരുണ്യവും വിനയവും വളര്‍ത്തിയെടുക്കുന്നുണ്ട്. വിശപ്പനുഭവിക്കുന്ന ധനികന്റെ മനസ്സിലേക്ക് എന്നും വിശപ്പ് മാത്രം പരിചയിച്ച ദരിദ്രരോട് അലിവ് തോന്നാനും, സുഖവും ഗുണമേന്മയുള്ള ചികിത്സയും അനുഭവിച്ചറിഞ്ഞവര്‍ക്ക് പാവപ്പെട്ടവന്റെ വേദനകളും രോദനങ്ങളും ഉള്‍ക്കൊണ്ട് അവര്‍ക്ക് സ്വാന്തനമേകാനും മനസ്സ് വരുന്നത് റമദാന്‍ നല്‍കുന്ന കാരുണ്യ ബോധത്തിലൂടെയാണ്. ഇത്തരം തിരിച്ചറിവുകളിലൂടെയാകണം ഈ വര്‍ഷത്തെ റമദാന്‍ നമ്മില്‍ നന്മകള്‍ പൂത്തുലയേണ്ടത്.
പാപങ്ങള്‍ വെടിഞ്ഞ് ജീവിതത്തില്‍ നന്മയുടെ വസന്തങ്ങള്‍ക്ക് വിത്ത് പാകിത്തുടങ്ങാനുള്ള പ്രതിജ്ഞ കൂടിയാണ് വിശ്വാസികള്‍ക്ക് റമദാന്‍. എല്ലാം മറന്ന് നന്മയുടെ, പരസഹായത്തിന്റെ, സാഹോദര്യബോധത്തിന്റെ എകമായ വഴിയിലൂടെ നടന്ന് നീങ്ങാനാണ് നോമ്പുകാലം സമൂഹത്തോട് ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിയുക. ചുരുക്കത്തില്‍, റമദാന്‍ വിശ്വാസികളിലൂടെ സ്‌നേഹവും സാഹോദര്യവും പരസ്പരാനുകമ്പയും ഐക്യ ബോധവും ലോകത്തിന് മുഴുവന്‍ പകര്‍ന്ന് നല്‍കുന്നതാണ്. പാപങ്ങള്‍ പിഴുതെറിഞ്ഞ് സ്‌നേഹത്തിന്റേയും ഐക്യത്തിന്റെയും പരസഹായത്തിന്റേയും സന്തോഷങ്ങള്‍ നിറഞ്ഞ ആരോഗ്യമുള്ള ദിനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാം, പ്രതിജ്ഞകള്‍ പുതുക്കാം. റമദാന്‍ അനുകൂലമായി സാക്ഷി പറയുന്നവരില്‍ അള്ളാഹു നമ്മെ ഉള്‍പ്പെടുത്തട്ടെ....ആമീന്‍.
31.82°C








