Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തോമസ് ടി. പരുമല
പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ നാമധേയത്തിലുള്ള പരുമല പള്ളിയുടെ പിറവി മുതല്‍ക്കുള്ള ചരിത്രസത്യങ്ങളും, പരുമല ക്യാന്‍സര്‍ സെന്റിന്റെപേരില്‍ നടന്ന ദുരൂഹമായ വായ്പാ ഇടപാടുകളും, പരുമല ആശുപത്രിയുടെ നഷ്ടക്കണക്കിനു പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും വിശദീകരിച്ച് കഴിഞ്ഞ നാലു ദിവസമായി ഐ ടു ഐ ന്യൂസില്‍ ഞാന്‍ എഴുതിയ പരമ്പര പ്രസിദ്ധീകരിച്ചുവരികയാണ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും പരുമല പള്ളിയെ സ്‌നേഹിക്കുന്നവരുമായ ആയിരങ്ങളാണ് ഈ പരമ്പര വായിച്ച് എന്നെ വിളിച്ചത് അവിശ്വസനീയമായ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞപ്പോഴുള്ള ഞെട്ടലായിരുന്നു അവരുടെ പ്രതികരണങ്ങളില്‍.
കൂട്ടത്തില്‍ ചില വൈദികര്‍ ഉള്‍പ്പെടെ മൂന്നുനാലുപേര്‍, ഈ പരമ്പര സഭയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചുള്ളതും ദുരുദ്ദേശ്യപരമായ ലക്ഷ്യത്തോടു കൂടിയുള്ളതുമാണെന്ന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. ഓര്‍മ്മപോലുമില്ലാത്ത ഒരു വൃദ്ധന്റെ ജല്പനങ്ങളാണ് പരമ്പരയിലെ വെളിപ്പെടുത്തലുകളെന്നായിരുന്നു അതിലൊരു വൈദികന്റെ പുച്ഛം. കല്ലാശേരി ബാവയെ വൃദ്ധന്‍ പുന്നൂസ് എന്നു വിളിച്ച് അധിക്ഷേപിച്ച വികടന്മാരുടെ സന്തതിപരമ്പരയിലെ ഏതോ ഒരു കത്തനാരുടെ പരാമര്‍ശമാണ് അതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മാതാപിതാക്കള്‍ക്ക് പ്രായമാകുമ്പോള്‍ അവരെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ളവര്‍ എപ്പോഴായാലും അത് പ്രകടിപ്പിക്കുക തന്നെ ചെയ്യും. അതിനാല്‍ അതു ഞാന്‍ കാര്യമാക്കുന്നുമില്ല.
വയസ്സ് എഴുപത്തിയഞ്ച് ആയെങ്കിലും എന്റെ ഓര്‍മ്മയ്ക്ക് മങ്ങലോ ബുദ്ധിക്ക് തെളിച്ചക്കുറവോ സംഭവിച്ചിട്ടില്ല. സഭാ സ്‌നേഹികളുടെവേഷത്തില്‍കോലംകെട്ടി തുള്ളുന്നവരോട് അതൊക്കെ എന്തിനു പറയാന്‍?പരിശുദ്ധ പരുമല പള്ളിയുടെ ആദ്യകാലം മുതല്‍ക്കുള്ള ദൈനംദിനകാര്യങ്ങള്‍ വിശദമായി അറിയാവുന്നയാളും, പരുമല ഇടവകയെ സംബന്ധിച്ച മുഴുവന്‍രേഖകളും പ്രമാണങ്ങളും കൈവശമുള്ളയാളുമായ ഞാന്‍ പറയുന്നതും എഴുതുന്നതും തെറ്റെന്നു വ്യാഖ്യാനിക്കുന്നവരോട് എന്തു പറയാന്‍?
പരിശുദ്ധ പരുമല പള്ളിയുടെപേരില്‍ അരങ്ങേറുന്ന തട്ടിപ്പുകളും, പരുമല ക്യാന്‍സര്‍ സെന്ററിന്റെപേരില്‍ പരിശുദ്ധ കൊച്ചുതിരുമേനിയുടെ കബറിടമുള്ള സ്ഥലം ഉൾപ്പെടെ പള്ളിവകകള്‍ ബാങ്കില്‍ പണയവസ്തുവാക്കിയ അവിവേകവും, പരുമല ആശുപത്രിയില്‍ നടക്കുന്ന ക്രമക്കേടുകളും കള്ളത്തരങ്ങളും മലങ്കര സഭയ്ക്കു തന്നെ നാണക്കേടാകുമെന്ന ഘട്ടത്തില്‍ സഭാനേതൃത്വത്തെ ഇക്കാര്യങ്ങള്‍ അറിയിക്കുവാന്‍ പലവേദികളിലൂടെയും വർഷങ്ങളായി പല വിധത്തിലും ശ്രമിച്ചെങ്കിലും അതെന്നും ചെവിക്കൊള്ളാന്‍പോലും ആരും തയ്യാറായില്ല. പരിശോധനയോ തിരുത്തലോ ഉണ്ടാകാന്‍പോകുന്നില്ലെന്ന് ഉത്തമബോധ്യം വന്ന സാഹചര്യത്തിലാണ് ഈ യാഥാര്‍ത്ഥ്യങ്ങള്‍ പരുമല വിശ്വാസികള്‍ അറിയണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഈ ഉദ്യമത്തിനു തീരുമാനിച്ചത്. മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ വിശ്വാസികളോട് വെളിപ്പെടുത്തുവാന്‍ പരിശുദ്ധ കൊച്ചുതിരുമേനി എന്നെ ഒരു ഉപകരണമാക്കുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.
പരിശുദ്ധ കൊച്ചു തിരുമേനിയുടെ കബറിടമുള്ള സ്ഥലമുള്‍ക്കൊള്ളുന്ന പള്ളിയും അനുബന്ധ സ്ഥാവരജംഗമ വസ്തുക്കളും ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നീദേശസാത്കൃത ബാങ്കുകളിലായി പണയംവച്ച് 120കോടിയിലധികം രൂപ വായ്പയെടുത്തതിനെ കുറിച്ചും, മൂത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ജനറല്‍ ഫിനാന്‍സ് എന്നീ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നായി ശത കോടികൾ വായ്പ എടുത്തു ലക്ഷങ്ങൾ പ്രതിമാസം പലിശ അടയ്ക്കുന്നത് സംബന്ധിച്ചും, റീഫണ്ടബിള്‍ബോണ്ട് എന്ന നിലയില്‍ വിശ്വാസികളില്‍ നിന്ന്‌വേറെയും ദശകോടികള്‍ സ്വരൂപിച്ചതിനെ കുറിച്ചും പരമ്പരയുടെ ഇന്നലത്തെ ഭാഗത്തില്‍ വിശദമായി പ്രതിപാദിച്ചിരുന്നു.
പള്ളിയുടെ മറവില്‍ നടക്കുന്ന ഈ തീവെട്ടി കൊള്ളയുടെ കഥകള്‍ അറിയാവുന്നവര്‍ക്ക് പള്ളിയിലെ ഒരു മുന്നറിയിപ്പ് ബോര്‍ഡ് കാണുമ്പോള്‍ ചിരിക്കാനാണ്‌തോന്നുക. കബറിടത്തിലേക്കു പ്രവേശിക്കുന്ന കിഴക്കുവശത്തെ വാതിലിന്റെ ഭിത്തിയിലാണ് ഈ മുന്നറിയിപ്പ്: ഈ സ്ഥലം സി.സി.ടി.വി നിരീക്ഷണത്തില്‍ അല്ല, ചെരിപ്പുകള്‍ പുറത്തിടുക! നിരീക്ഷണ ക്യാമകളില്ലാത്ത സ്ഥലം കള്ളന്മാര്‍ക്ക് കൃത്യമായി കാണിച്ചുകൊടുത്ത്, 'ഇവിടെ കക്കാം' എന്ന് സൗകര്യപൂര്‍വം അറിയിക്കുന്നതിനു തുല്യമല്ലേ ഇത്? പരുമല പള്ളിയുടെ ഭരണമികവിന്റെ 'മഹത്വം' ചൂണ്ടിക്കാണിക്കാന്‍ ചെറിയൊരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ.
പരമ്പരയോടു പ്രതികരിച്ച്, പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ തന്നെയായ ചിലര്‍ ഇന്നലെ പറഞ്ഞത്, പരുമല ഇടവകക്കാർക്ക് വേറെ പള്ളി വച്ചു പോകാം എന്നായിരുന്നു! ഇത് ഞങ്ങളുടോതാണുപോലും! യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് അത്‌ചോദ്യംചെയ്യുന്നവരെ ആട്ടിപ്പുറത്താക്കാനുള്ള തന്ത്രം അവരുടെ കിനാവു മാത്രമാണെന്ന് പറയട്ടെ. ഇത് പ്രാര്‍ത്ഥനയും കണ്ണീരുംകൊണ്ട് പണിതുയര്‍ത്തിയ പള്ളിയാണ്. വിശ്വാസികളുടെ ഹൃദയവിശുദ്ധിയുടെ തിളക്കമാണ് പരുമല പള്ളിയുടെ ലോകമെങ്ങുമുള്ള ഖ്യാതി.
പരിശുദ്ധ പരുമല കൊച്ചു തിരുമേനിയാല്‍ നിര്‍മ്മിതമായ പുരാതനമായ പള്ളി പൊളിച്ചുണ്ടാക്കിയകോണ്‍ക്രീറ്റ് കൂടാരം വാസ്തുശാസ്ത്ര വിസ്മയം എന്നല്ല, വാസ്തുശാസ്ത്ര ദുരന്തമെന്നുവേണം വിശേഷിപ്പിക്കാന്‍!നിര്‍മ്മാണത്തിലെ പാകപ്പിഴകള്‍ കാരണം, പള്ളിക്കകത്ത് നടക്കുന്ന കുര്‍ബാനയോ കൂദാശയോ വിശ്വാസികള്‍ക്ക് വ്യക്തമായികേള്‍ക്കാന്‍പോലും സാധ്യമല്ല. പള്ളിയിലെ ശബ്ദത്തിന്റെ മുഴക്കം കാരണം ആരാധനാ ശുശ്രൂഷകള്‍ നടക്കുന്നത് ഏതോ ഗുഹയിലാണെന്നേതോന്നൂ. ഈ പ്രശ്‌നം പരിഹരിക്കാന്‍ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും ഇതുവരെ ഫലവത്തായില്ല.
വിശുദ്ധ മദ്ബഹയുടെ മുകളില്‍ നിന്നു രണ്ടു വർഷത്തിന് മുമ്പ് നാലു ചാക്കുകള്‍ നിറയെയാണ് പ്രാവിന്‍ കാഷ്ഠവും കാക്കക്കാഷ്ഠവും വാരിക്കളഞ്ഞത്. പള്ളിക്കകം പറവകള്‍ കൂടാരമാക്കി കാഷ്ഠിച്ചു വൃത്തികേടാക്കുന്നത് തടയാന്‍പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. പള്ളിക്കകം വൃത്തിയാക്കി എയര്‍ കണ്ടിഷന്‍ ചെയ്ത് സൂക്ഷിക്കാനുള്ള ഒരു പദ്ധതിയും എസ്റ്റിമേറ്റും വിദേശത്തുള്ള ഒരു ഇടവക സമര്‍പ്പിച്ചിരുന്നെങ്കിലും അതും കാറ്റില്‍പ്പറത്തി. പ്രതിമാസം പതിനാറു കോടിയലധികം വരുമാനമുള്ള പരുമല പള്ളിയില്‍, സമീപത്തു തന്നെയുള്ള ചാപ്പലിന്റെ നിലത്തു വിരിച്ചിരിക്കുന്ന നാറിക്കീറിയ കാര്‍പ്പെറ്റ് ഒന്നു മാറ്റിവിരിക്കാന്‍പോലുമുള്ള മര്യാദ അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് വിചിത്രം.
പ്രായം ചെന്നവരുംരോഗികളുമായ എത്രയോ വിശ്വാസികള്‍ ഓരോ ദിവസവും പരിശുദ്ധ പരുമല പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുകയും അവിടെ ദീര്‍ഘനേരം ചിലവഴിക്കുകയും ചെയ്യും. അവര്‍ക്ക് അല്പനേരം ഇരിക്കാനോ വിശ്രമിക്കുവാനോ ഉള്ള സൗകര്യംപോലുമില്ല. ഇതെല്ലാം തീരെ നിസ്സാര കാര്യങ്ങളാണെന്നും ഇതെല്ലാം ഊതിപ്പെരുപ്പിച്ചു കാണിക്കുന്നത് പരിശുദ്ധ കൊച്ചുതിരുമേനിയുടെ നാമധേയത്തിലുള്ള പരുമല പള്ളിയെയും സഭയെയും ഇകഴിത്തിക്കാണിക്കാനാണെന്നും പ്രചരിപ്പിക്കുന്നവരുണ്ടാകാം. ആരെങ്കിലും പറയണമല്ലോ. പറയുന്നത് ആരായാലുംകേള്‍ക്കുന്നതില്‍ കാര്യമുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി.
പരുമല പള്ളി മാനേജരുടെ മുറിക്കു മുന്നില്‍, പരിശുദ്ധ കൊച്ചു തിരുമേനിയുടെ കബറിനു സമീപം പോലുമില്ലാത്ത ഒരു അറിയിപ്പ് ബോര്‍ഡ് വലിയ വലുപ്പത്തില്‍ വച്ചിട്ടുണ്ട്: പാദരക്ഷകൾ പുറത്തിടുക! കബറിനെക്കാള്‍ പരിശുദ്ധമായ ആ മുറിയില്‍ വച്ച് നല്‍കുന്ന സംഭാവനകള്‍ക്ക് രശീത് ചോദിച്ചു വാങ്ങണമെന്നല്ലേ പകരം ബോര്‍ഡ് വയ്‌ക്കേണ്ടത്?
ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ തെറ്റുകള്‍ ആര്‍ക്കെങ്കിലുംമേല്‍ ചാരി അവരെ പ്രതിക്കൂട്ടിലാക്കുകയോ ചെയ്യുക എന്നത് ഈ പരമ്പരയുടെ ഉദ്ദേശ്യമല്ല.നേരത്തേ പറഞ്ഞുവല്ലോ. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ ക്രിയാത്മകമായ പരിശോധനകള്‍ക്ക് വിധേയമാക്കുകയും, പരുമല ക്യാന്‍സര്‍ സെന്റര്‍ സഭയുടെ തന്നെ ക്യാന്‍സര്‍ ആയി മാറാതിരിക്കാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന ആഗ്രഹം മാത്രമേ ഇതിനു പിന്നിലൂള്ളൂ. അതുകൊണ്ടുതന്നെ പഴിചാരലുകള്‍ക്കപ്പുറം, ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ കൂടി എന്റെ ഈ പരമ്പര മുന്നോട്ടു വയ്ക്കുന്നു.
1. ഈ പരമ്പരയില്‍ വിശദമാക്കിയ കാര്യങ്ങള്‍ തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളുകയും, വസ്തുതകള്‍ ശരി തന്നെയോ എന്ന് പരിശോധിക്കുന്നതിന് ഒരു അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്യുക.
2. ഞാന്‍ വിശദീകരിച്ച കാര്യങ്ങള്‍ സത്യമെങ്കില്‍ അതിനനുസൃതമായി ആവശ്യായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുക. മറിച്ച് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് കരുതുന്നുവെങ്കില്‍ എനിക്കെതിരെ യുക്തമായ നിയമനടപടികള്‍ സ്വീകരിക്കാവുന്നതും, സഭ നിശ്ചയിക്കുന്ന ഏതു ശിക്ഷയും പൂര്‍ണ മനസ്സോടെ ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറുമാണ്. ഞാന്‍ വിശദീകരിച്ച മുഴുവന്‍ കാര്യങ്ങള്‍ക്കും തെളിവായുള്ള രേഖകൾ അർഹരായവർക്ക് മുന്നിൽ ഹാജരാക്കുവാന്‍ ഞാന്‍ തയ്യാറാണെന്നു കൂടി അറിയിക്കുന്നു.
3. പരിശുദ്ധ പരുമല പള്ളിയില്‍ വീഴുന്നത് വിശ്വാസികളുടെ കണ്ണീരിന്റെ പണമാണ്. ഫണ്ടാരങ്ങളിലെയും മറ്റും പണം എണ്ണുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും, അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമെന്ന് പരിശോധിച്ച് ഉറപ്പാക്കുകയും, ഇതില്‍ പകര്‍ത്തപ്പെടുന്ന ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കുകയും ചെയ്ത് നടപടിക്രമങ്ങളുടെ സത്യസന്ധതയും സുതാര്യതയും ഉറപ്പു വരുത്തണം.
4. പള്ളിയുടെ വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തികം ആവശ്യമായിരിക്കാം. അതിനായി വസ്തുവകകള്‍ അംഗീകൃത ബാങ്കുകളില്‍ ഈടുവച്ച് വായ്പയെടുക്കുന്നത് തെറ്റുമല്ല. പക്ഷേ, പരിശുദ്ധ കൊച്ചുതിരുമേനിയുടെ കബര്‍ ഉള്ള സ്ഥലമെങ്കിലും ആ പണയവസ്തുക്കളില്‍ നിന്ന് ഒഴിവാക്കാനുള്ള വിവേകം കാണിക്കണം.
5. പരുമല ക്യാന്‍സര്‍ സെന്ററിന്റെ പേരില്‍ ഇതുവരെ സംഭവിച്ച നഷ്ടങ്ങള്‍ ഇല്ലാതാക്കുക സാധ്യമല്ലല്ലോ. തുടര്‍ നഷ്ടങ്ങള്‍ ഒഴിവാക്കി ക്യാന്‍സര്‍ സെന്റര്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിനായി കാര്യങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും, പ്രൊഫഷണല്‍ സമീപനത്തോടെയുള്ള സ്ട്രാറ്റജിക് പ്ലാന്‍ തയ്യാറാക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് രംഗത്ത് പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകളെ ഏൽപ്പിക്കണം
6. നിലവില്‍ സി.ഇ.ഒ ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദികന് ശമ്പള ഇനത്തില്‍ ഭീമമായ തുകയാണ് നല്‍കുന്നത്. അതേ തുക തന്നെ മതിയാകും, പ്രവൃത്തിപരിചയമുള്ള ഒരു ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് വിദഗ്ദ്ധനെ നിയോഗിക്കാന്‍ ഹോസ്പിറ്റലിന്റെ നാശത്തിനു അദ്ധക്ഷത വഹിക്കുകയും . സഭാ നേതൃത്വത്തിന്റെയും മെത്രാച്ചന്മാരുടെയും ചട്ടുകമായി പ്രവര്‍ത്തിക്കാനല്ല പുതിയ സി.ഇ.ഒ വേണ്ടത്. ഈ പദവിയിലുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അനുമതി കൂടി നല്‍കണം.
7. പരുമല ആശുപത്രിയിലേക്ക് മിടുക്കരും വിദഗ്ദ്ധരുമായ ഡോക്ടര്‍മാരും മറ്റ് സ്റ്റാഫും എത്തണമെങ്കില്‍ അതിന് അനുസൃതമായി, പ്രൊഫഷണലിസം വെളിവാകുന്നൊരു അന്തരീക്ഷം അവിടെ ഉണ്ടാകണം.
ഈ പരമ്പര വായിച്ച ഒരു വൈദികന്‍ ഇന്നലെ പറഞ്ഞത്, പള്ളി സ്വത്ത് പണയപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതു ചെയ്തവര്‍ക്ക് അതെല്ലാം തിരിച്ചെടുക്കാനുള്ള പ്രാപ്തിയുമുണ്ടെന്നാണ്. ആ വൈദികനോട് വിനയപൂര്‍വം ഓര്‍മ്മിപ്പിക്കാനുള്ളത് ഇതാണ്- ഇത് ഒരു വൈദികന്റെയോ മെത്രാനച്ചന്റെയോ തറവാട്ടു സ്വത്തല്ല! അദ്ദേഹം പറയുന്നതു കേട്ടാല്‍, ഇതെഴുതുന്നയാള്‍ക്ക് പരുമലയില്‍ ക്യാന്‍സര്‍ സെന്റര്‍ വരുന്നതിനോട് എന്തോ എതിര്‍പ്പുണ്ടെന്നു തോന്നും. എതിര്‍പ്പില്ലെന്നു മാത്രമല്ല, എന്റെ കൂടി ആഗ്രഹവുമാണ് അത്. പക്ഷേ, അയലത്തുകാരന്റെ വയറ്റിലെ ഭക്ഷണം കണ്ട് നമ്മുടെ വീട്ടില്‍ ശ്വാനനെ വളർത്തണോ എന്നു മാത്രം ചിന്തിച്ചാല്‍ മതി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ളവര്‍ അതു ചെയ്യട്ടെ. ചാരിറ്റിയുടെ മറവില്‍ തീവെട്ടിക്കൊള്ള നടത്താനും, 'മൊത്തം ഊറ്റുന്നവരുടെ' കള്ളപ്പണം വെളുപ്പിക്കാനുമുള്ളതല്ല പരുമല പള്ളിയും ആശുപത്രിയുമെന്ന് ഓര്‍ക്കുക.
മലങ്കര സഭാമക്കളുടെ അറിവിലേക്കായി വെളിപ്പെടുത്തിയ സത്യങ്ങള്‍ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. പക്ഷേ, ഇപ്പോഴെങ്കിലും ഇതു സ്വീകരിക്കുന്നില്ലെങ്കില്‍ പരിശുദ്ധ കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള ഈ മന്ദിരം മറ്റു സംരഭകരോ, സഹായിക്കാനെന്ന മട്ടില്‍ കൂടെനിന്ന് എല്ലാം അമുക്കുന്ന ചെന്നായ്ക്കളോ കൊണ്ടുപോകുമെന്ന് മറക്കരുത്. ഇന്നത്തെ അധികാരികള്‍ക്ക് അന്ന് എടുത്തുകൊടുപ്പുകാരായി നിന്ന് അവര്‍ക്കു സ്തുതി പാടാം.
സ്‌നേഹപുരസ്സരം,
തോമസ് ടി. പരുമല
(പരുമലയിലെ പുരാതന കുടുംബാംഗമായ ലേഖകന്‍ തോമസ് ടി. പരുമല പത്തു വര്‍ഷത്തോളം പരുമല പള്ളി മുന്‍ കൗണ്‍സില്‍ അംഗവും, അഞ്ചു വര്‍ഷം പരുമല ആശുപത്രി കൗണ്‍സില്‍ അംഗവും ആയിരുന്നു)
31.82°C








