Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:17 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തോമസ് ടി. പരുമല 

പരുമല തിരുമേനിയുടെ കബറില്‍ പ്രാര്‍ത്ഥിച്ചതിനു ശേഷം മാത്രം ഓരോ ദിവസവും ആരംഭിക്കുന്നയാളും, മുമ്പ് പത്തു വര്‍ഷത്തോളം സെമിനാരി കൗണ്‍സില്‍ അംഗവുമായിരുന്ന ഞാന്‍ പരിശുദ്ധ പരുമല പള്ളിയുടെ ചരിത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന ഈ പരമ്പര എഴുതുന്നത് പരിശുദ്ധ തിരുമേനിയുടെ നാമധേയത്തിനു കളങ്കം വരുത്താനോ, ലോകമെങ്ങും നാനാജാതി മതസ്ഥര്‍ക്കിടയില്‍ പരുമല ദേവാലയത്തിനുള്ള ഖ്യാതി ഇകഴ്ത്തിക്കാണിക്കുവാനോ അല്ലെന്ന് ആവര്‍ത്തിച്ചു പറയട്ടെ.

പരുമല പള്ളിയുടെ ഫണ്ടാരങ്ങളില്‍ വീഴുന്നത് വിശ്വാസികളുടെ കണ്ണീര്‍ക്കാശാണ്. അവര്‍ ഹൃദയമുരുകി നടത്തുന്ന പ്രാര്‍ത്ഥനയുടെ തിളക്കമാണ് ആ വെള്ളിക്കാശുകള്‍ക്ക്. കോടികള്‍ വിലമതിക്കുന്ന ആ സ്വത്തുവകകള്‍ കണക്കില്‍ കൊള്ളിക്കാതെയും പരിശോധനകള്‍ക്ക് വിധേയമാക്കാതെയും ചിലര്‍ തറവാട്ടു സ്വത്തു പോലെ വച്ചനുഭവിക്കുന്നത് വിശ്വാസികള്‍ അറിയണമെന്ന നിര്‍ബന്ധം കൊണ്ടാണ് ഞാന്‍ ഇതെല്ലാം തുറന്നെഴുതുന്നത്. ഇടവക സ്ഥാനമുണ്ടായിരുന്ന പരുമലയില്‍, ഇടവകാംഗങ്ങളെ മുഴുവന്‍ കൂടിനടപ്പുകാരും ആത്മീയ ദൃഷ്ടിതികളുമാക്കി അകറ്റിനിറുത്തിയുള്ള ധൂര്‍ത്തിന്റെ യഥാര്‍ത്ഥചിത്രം ലോകമറിയണം.

മലങ്കര സഭയുടെ നാഥനായ പരിശുദ്ധ കാതോലിക്കാ ബാവയുടെ നിയന്ത്രണത്തിലാണ് പരുമല പള്ളിയുടെ ഫണ്ടാരങ്ങളുടെ താക്കോല്‍! എന്നിട്ടും പരുമല പള്ളിയില്‍ ലഭിക്കുന്ന ശതകോടികളുടെ വരുമാനത്തില്‍ നിന്ന് ഇടവകയ്ക്കു വേണ്ടിയും പരുമല പള്ളിയുടെ വികസനത്തിനു വേണ്ടിയും ചില്ലിക്കാശു പോലും ചെലവഴിക്കപ്പെടുന്നില്ല. നഗരതുല്യമായ വികസനം പരുമലയ്ക്ക് നല്‍കാന്‍ കഴിയുന്നത്ര മൂലധനവും വരവും പരുമല പള്ളിക്ക് ഉണ്ടായിരുന്നിട്ടും അത്തരം കാര്യങ്ങള്‍ക്കായി വിശ്വാസികളുടെ പണം ഉപയോഗിക്കപ്പെടാതെ പോകുന്നത് ഇനിയും വിശ്വാസികള്‍ സഹിക്കണോ?

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍  പരുമല പള്ളിയിലെ പതിവ് വരവിനങ്ങള്‍  പ്രതിവർഷം 16 കോടിയിൽ പരം രൂപയാണ് .അത് ചുവടെ പറയും പ്രകാരമാണ്: 

1. എല്ലാ ചൊവ്വാഴ്ചകളിലും തുറന്ന് എണ്ണിത്തിട്ടപ്പെടുത്തുന്ന ഫണ്ടാര വരവ്. പ്രവര്‍ത്തിക്കാത്തതും നിരീക്ഷിക്കാൻ ആളില്ലാത്തതുമായ ഒരു സിസി ടിവിയുടെ സാന്നിധ്യത്തിലാണ് ലക്ഷങ്ങളുടെ ഫണ്ടാരവരവിന്റെ  കണക്കെടുപ്പ്.

2.  കുര്‍ബാനപ്പണം

3. മണി ഓര്‍ഡറുകള്‍, ചെക്കുകള്‍

4. വിദേശ കറന്‍സികള്‍

5. വിവിധ രാജ്യങ്ങളില്‍ നിന്ന് ഭക്തരും നാനാജാതി മതസ്ഥരായ വിശ്വാസികളും നടത്തുന്ന ബാങ്ക് ട്രാന്‍സ്ഫറുകള്‍

6. ദിവസേനയെന്നോണം ലഭിക്കുന്ന ലക്ഷക്കണക്കിന് രൂപയുടെ കുരിശ്, മുത്തുക്കുട, പൂജാ സാമഗ്രികള്‍, മെഴുകുതിരികള്‍

7. മെഴുകുതിരി വില്പനയില്‍ നിന്നുള്ള പ്രതിമാസ വരവ്

8. കൃഷിയിടങ്ങളില്‍ നിന്ന് തേങ്ങ ഉള്‍പ്പെടെയുള്ളവ വിറ്റുകിട്ടുന്ന വരുമാനം

9. മാമ്മോദീസ, വിവാഹം, മരണം, വീഡിയോ, ക്വയര്‍ എന്നിവയ്ക്കു ലഭിക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ വരുമാനം

10. പള്ളി വക ഓഡിറ്റോറിയം വാടകയ്ക്കു നല്‍കുന്ന ഇനത്തില്‍ ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം

11. ഗ്രൗണ്ട് വാടക

12. ഭക്തജനങ്ങള്‍ ഫണ്ടാരങ്ങളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണം, വെള്ളി, പ്‌ളാറ്റിനം ആഭരണങ്ങള്‍ വിറ്റുകിട്ടുന്ന വകയിലെ ലക്ഷങ്ങളുടെ വരുമാനം

13. പള്ളിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഇനത്തിലെ വരുമാനം

14. ധ്യാനമന്ദിരത്തിലുള്ള എ.സി / നോണ്‍ എ.സി ഡോര്‍മിറ്ററികള്‍ പ്രതിദിന വാടകയ്ക്കു നല്‍കുന്നതു വഴി ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം

15. നിക്ഷേപങ്ങള്‍ക്ക് ബാങ്ക് പലിശ ഇനത്തില്‍ പ്രതിമാസം ലഭിക്കുന്ന ഭീമമായ വരുമാനം

16. പെരുന്നാള്‍ നടവരവ് ഇനത്തില്‍ ലഭിക്കുന്ന കോടികള്‍

17. പെരുന്നാള്‍ കച്ചവടക്കാരില്‍ നിന്ന് തറവാടക ഇനത്തില്‍ ലഭിക്കുന്ന കോടികള്‍

18. കോടികളുടെ സംഭാവനകള്‍

19. സ്‌പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുന്ന കോടികള്‍. ഇങ്ങനെ 16 കോടിയിൽ പരം വിവിധ ഇനങ്ങളിൽ വരുമാനമായി ലഭിക്കുന്നുണ്ട്. കഴിഞ്ഞ 20 വർഷങ്ങളിലായി ഇവിടെ ലഭിച്ച സഹസ്ര കോടികൾ എവിടേക്ക് പോയി , ആരുകൊണ്ട് പോയി  എന്നാണ് ഇടവകക്കാർക്ക് അറിയേണ്ടത് .


ഇതിനൊക്കെ പുറമെ സെമിനാരി മാനേജറുടെ മുറിയില്‍ നേരിട്ടെത്തി വിശ്വാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ലക്ഷക്കണക്കിനു രൂപ നല്‍കുന്നുണ്ടെങ്കിലും അതിനൊന്നും രസീത് നല്‍കുകയോ, കണക്കില്‍ ഉള്‍ക്കൊള്ളിക്കുകയോ ചെയ്യുന്നുമില്ല. വികാരിയായ മാനേജർ അച്ഛന്  ഇടവകയിലെ കാലാവധി കഴിഞ്ഞിട്ടും കാലാവധി ധീർഖിപ്പിച്ചു നൽകുന്ന ഉദ്ധിഷ്ഠ കാര്യത്തിനുള്ള ഉപകാരസ്മരണയായി 'തടിച്ച കവറുകൾ' ബെൻസ് കാർ വരുമ്പോൾ  ഉപചാരപൂര്വം നൽകുന്നതിനും ഇടവകക്കാർ മൂക സാക്ഷികൾ. 

വസ്തുത ഇതായിരിക്കെ, ഓരോ വര്‍ഷത്തെയും  ബഡ്ജറ്റില്‍ പരുമലയുടെ പേരില്‍ രാഷ്ട്രീയക്കാരെപ്പോലെ നിരവധി മോഹന വാഗ്ദാനങ്ങള്‍ ചൊരിയുന്നതാണ് പതിവ്. ഇതിലൊന്നു പോലും നടപ്പാകാറില്ലെന്നു മാത്രം. അത്തരം ചില പാളിപ്പോയ പൊള്ളയായ  പ്രഖ്യാപനങ്ങളാണ് ചുവടെ:

എ.കെ. ആന്റണി മന്ത്രിയായിരുന്ന കാലത്ത്, അദ്ദേഹം പരുമല സന്ദര്‍ശിച്ച വേളയില്‍ പരുമലയില്‍ ഒരു മെഡിക്കല്‍ കോളേജിന് അനുമതി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നഴ്‌സിംഗ് കോളേജിനു കിഴക്കുവശത്തായി 26 ഏക്കര്‍ സ്ഥലം കണ്ണുംപൂട്ടി വാങ്ങിക്കൂട്ടുകയും ചെയ്തു. ഒരു പെട്ടി ഓട്ടോയ്ക്കു പോലും കടന്നുപോകാന്‍ വഴിയില്ലാത്ത ഈ ഭൂമി അന്നത്തെ മാര്‍ക്കറ്റ് വിലയുടെ എത്രയോ അധികം നല്‍കിയാണ് വാങ്ങിയത്. അതോടെ മെഡിക്കല്‍ കോളേജിനുള്ള ആവേശം ഒടുങ്ങി. ഈ ഭൂമിയിൽ ഇതിനു ശേഷം സെൻട്രൽ സ്കൂൾ പദ്ധതിയും  ലാ കോളേജ് പദ്ധതിയും പ്രഖ്യാപിച്ചുവെങ്കിലും അത് പ്രഘ്യപാനമായി മാത്രം ഒതുങ്ങി . 

ഈ 26 ഏക്കര്‍ ഭൂമി ഇന്ന് കാടുപിടിച്ചും കന്നുകാലികള്‍ക്ക് മേഞ്ഞുനടക്കാനും തെരുവുപട്ടികള്‍ക്ക് ഈറ്റുപുരയാക്കാനും സാമൂഹ്യവിരുദ്ധര്‍ക്ക് രാത്രികാലങ്ങളില്‍ സ്വയിരവിഹാരം നടത്താനമുള്ള കേന്ദ്രമായി അനാഥമായി കിടക്കുന്നു. മനുഷ്യര്‍ക്ക് ഉപകാരമൊന്നുമുണ്ടായില്ലെങ്കിലും മൃഗങ്ങള്‍ക്കും ഇഴജന്തുക്കള്‍ക്കും ഈ സ്ഥലം പ്രയോജനപ്പെടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം!

 മേൽ പറഞ്ഞ പ്രഖ്യാപനത്തിനു പിന്നാലെയാണ് പരുമലയില്‍ അരികുപുറത്തു കുടുംബത്തിന്റെ പക്കല്‍ നിന്ന് മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങിയത്. ഈ സ്ഥലവും ഇന്ന്  കാടുപിടിച്ച് അനാഥാവസ്ഥയില്‍ കിടക്കുന്നു.

 അടുത്ത് ഡോ. കെ.എം. ചെറിയാനില്‍ നിന്നും സമീപവാസികളില്‍ നിന്നും വാങ്ങിക്കൂട്ടിയത് നാലര ഏക്കര്‍ ചെളിക്കണ്ടം! അന്നത്തെ  മാർക്കറ്റ് വിലയുടെ പതിന്മടങ്ങു കൊടുത്തു വാങ്ങിയ ഈ സ്ഥലം ഇന്ന് അട്ടകള്‍ നിറഞ്ഞ ചതുപ്പായും കൊതുകുകളുടെ പ്രജനന കേന്ദ്രമായും നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി മാറിയിരിക്കുന്നു.

ഇതുപോലെ പരുമലയില്‍ത്തന്നെ അഞ്ചു സെന്റ് മുതല്‍ ഏക്കറുകള്‍ വിസ്തൃതിയിലുള്ള ഭൂമി വരെ വിവിധ കാലങ്ങളില്‍ പരുമല സെമിനാരിയുടെ പേരില്‍ വാങ്ങിയിട്ടുണ്ട്. ഈ ഭൂമികള്‍ എത്ര വിസ്തൃതി വീതം, എവിടെയെല്ലാമെന്നു പോലും കൃത്യമായ ധാരണയില്ലാതെ കാടുപിടിച്ചും അന്യാധീനപ്പെട്ടും കിടക്കുന്നു.

ഇതിനെല്ലാം പുറമെ പരുമല പള്ളിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് കര്‍ണാടക സംസ്ഥാനത്ത് ഭീമമായ തുക നല്‍കി ഏക്കറുകള്‍ വിസ്തൃതിയുള്ള സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതെല്ലാം ഇപ്പോള്‍ ആരുടെ കൈവശമെന്നോ, ഇവിടങ്ങളില്‍ നിന്നുള്ള വരുമാനം എങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്നോ പോലുമുള്ള കണക്കുകളില്ലാതെയും പള്ളിക്ക് യാതൊരു വിധത്തിലുമുള്ള പ്രയോജനവുമില്ലാതെയും ആരുടെയെല്ലാമോ ആധീനതയിലായിരിക്കുന്നു.


എന്റെ പരിമിതമായ അറിവിലും ഉത്തമ ബോധ്യത്തിലും പരുമല സെമിനാരിയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളില്‍ ചിലത് ഇനി പറയും പ്രകാരമാണ്. യഥാര്‍ത്ഥ കണക്ക് ഇതിലുമെത്രയോ അധികമാകാം!

1. മെഡിക്കല്‍ കോളേജിനായി വാങ്ങിയത്: 26 ഏക്കര്‍
2. പാര്‍ക്കിംഗ് ഏരിയ അഥവാ ചന്തപ്പുരയിടം: 2.5 ഏക്കര്‍
3.  അതിനു വടക്കുവശത്ത്: 25 സെന്റ്
4. ഡി.ബി കോളേജിന്റെ മതിലിനോടു ചേര്‍ന്ന്: 40 സെന്റ്
5. കോട്ടക്കമാലിയില്‍: 60 സെന്റ്
6. പാവുക്കര ജേക്കബ് തോമസ് അരികുപുറത്തിന്റെ വീടിനു സമീപം: ഉദ്ദേശം ഒരു ഏക്കര്‍
7. ശവക്കോട്ടയ്ക്ക് തെക്കേപ്പുറം പാടം: 15 സെന്റ്
8. പരുമല ആശുപത്രി നില്‍ക്കുന്ന സ്ഥലം: 6 ഏക്കര്‍
9. ആശുപത്രി ക്വാര്‍ട്ടേഴ്‌സ് നില്‍ക്കുന്ന സ്ഥലം: 1.5 ഏക്കര്‍
10. കര്‍ണാടകത്തില്‍: 50 ഏക്കര്‍

കര്‍ണാടകത്തിലുള്ള ഈ 50 ഏക്കര്‍ ഭൂമിയില്‍ വലിയൊരു ഭാഗം ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നു ആരോപിക്കുന്നു . ഭൂമി വില്ക്കാന്‍ ഒരു വൈദികനെ ഏല്‍പ്പിച്ചതായും, അദ്ദേഹം ഈ ഭൂമിയില്‍ നിന്ന് ഒരു ഭാഗം സ്വന്തം പേരിലേക്ക് എഴുതി മാറ്റിയതായും വിവരമുണ്ട്. കര്‍ണാടകത്തിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കരാര്‍ ആയതായി കേള്‍ക്കുന്നു. അവിടത്തെ ഭൂമി വിറ്റുകിട്ടുന്ന തുക കൊണ്ട് ഇവിടത്തെ കുറേ കടങ്ങള്‍ വീട്ടാനാണെന്നാണ് വിശദീകരണം.

സഭാ സിനഡോ മാനേജിംഗ് കമ്മിറ്റി അംഗങ്ങളോ ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്യാതിരിക്കുകയും, എല്ലാ അഴിമതികള്‍ക്കും ധൂര്‍ത്തിനും കണ്ണടയ്ക്കുകയും ചെയ്യുമ്പോള്‍ ഇതൊരു പങ്കുകച്ചവടമാണോ എന്ന് വിശ്വാസികള്‍ ധരിക്കുന്നതിനെ എങ്ങനെ കുറ്റം പറയാനാകും?

പള്ളി വക ഓഡിറ്റോറിയം നവീകരണം വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്. സമ്പന്നര്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടക്കുന്ന പരുമല പള്ളി ഓഡിറ്റോറിയത്തില്‍ എ.സി സൗകര്യം വേണമെന്നത് എല്ലാവരുടെയും ആഗ്രഹവുമാണ്. വൃത്തിഹീനമായ ഓഡിറ്റോറിയത്തില്‍ നിലവില്‍ സമ്പന്ന കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടക്കുമ്പോള്‍ ഭിത്തികളുടെ വൃത്തികേട് മറയ്ക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് തുണി ഉപയോഗിച്ച് മാസ്‌ക് ചെയ്യുന്നതും, ചൂട് നിയന്ത്രിക്കാന്‍ എറണാകുളത്തു നിന്ന് ലക്ഷക്കണക്കിനു രൂപ ചെലവിട്ട് എ.സി യൂണിറ്റുകള്‍ കൊണ്ടുവരുന്നതുമാണ് പതിവ്. ലക്ഷക്കണക്കിനു രൂപ വാടക ഇനത്തില്‍ ലഭിക്കുമായിരുന്നിട്ടും ഓഡിറ്റോറിയം നവീകരണത്തിന് പള്ളി അധികാരികള്‍ക്ക് യാതൊരു താത്പര്യവുമില്ല.

പരിശുദ്ധ പരുമല തിരുമേനിയുടെ ആലയമുള്ള പരുമലയില്‍ നാനാജാതി മതസ്ഥരായ വിശ്വാസികൾക്കായി  1975 ല്‍ സ്ഥാപിതമായാതാണ് പരുമല ഹോസ്പിറ്റല്‍. സുവര്‍ണ ജൂബിലിയോട് അടുക്കാറാകുന്ന ആശുപത്രി ഇക്കാലത്തിനിടെ മലങ്കര സഭയ്ക്കും സംസ്ഥാനത്തിനും അഭിമാനം പകരുന്ന ആരോഗ്യകേന്ദ്രമായി വളരേണ്ടതായിരുന്നു. പക്ഷേ, ആശുപത്രിയുടെ പേരിലുള്ളത് സഹസ്രകോടികളുടെ ബാധ്യതയുടെ കണക്കു മാത്രം. ഇത് എങ്ങനെ സംഭവിച്ചു? അഴിമതിയുടെയും ധൂര്‍ത്തിന്റെയും ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് അതിനു പിന്നില്‍. ആ സത്യങ്ങള്‍ നാളെ വായിക്കുക:

കണ്ണീര്‍പ്പണം വിഴുങ്ങുന്ന
ക്യാന്‍സര്‍ സെന്റര്‍

(പരുമലയിലെ പുരാതന കുടുംബാംഗമായ ലേഖകന്‍ തോമസ് ടി. പരുമല പത്തു വര്‍ഷത്തോളം പരുമല പള്ളി മുന്‍ കൗണ്‍സില്‍ അംഗവും, അഞ്ചു വര്‍ഷം പരുമല ആശുപത്രി കൗണ്‍സില്‍ അംഗവും ആയിരുന്നു)

 

 

 

Readers Comment

Add a Comment