Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:13 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തോമസ് ടി. പരുമല 

പരിശുദ്ധ പരുമല പള്ളിയുടെ ദീര്‍ഘവും സമ്പന്നവുമായ ചരിത്രത്തിനു സമമാണ് പരുമല ഇടവകയുടെ ചരിത്രവും. അതു മാത്രമല്ല, പള്ളിയുടെ പിറവിയുടെ വേരുകള്‍ പോലും പരുമല ഇടവകയിലെ പുരാതന  കുടുംബങ്ങളിലേക്കു നീളുന്നതിന് വ്യക്തമായ രേഖകളും മറ്റു തെളിവുകളുമുണ്ട് താനും. പരുമല പള്ളിക്ക് 30 ദണ്ഡ് സ്ഥലം  ദാനാധാരം നല്‍കിയ അരികുപുറത്ത് കുടുംബം ഉള്‍പ്പെടെ അക്കാലത്തെ 22 കുടുംബങ്ങളും പിന്നാലെ ചേർക്കപ്പെട്ട വള്ളക്കാലിൽ കുടുംബവും, കാവിൽക്കിഴക്കേതിൽ കുടുംബം ഉൾപ്പെടെയുള്ള കുടുംബക്കാരുടെ സന്തതി പരമ്പരകളും പിന്മുറക്കാരും ഉൾപ്പെട്ട   249 കുടുംബങ്ങളും ഈ കുടുംബങ്ങളിലെ  ആയിരത്തോളം അംഗങ്ങളും ഉള്‍പ്പെടുന്നതാണ് പരുമല പള്ളി ഇടവക.

1967 ലെ ഇടവക വരവു ചെലവു കണക്കുകള്‍ വ്യക്തമാക്കുന്ന രേഖകളില്‍ നിന്നു തന്നെ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഇടവകഭരണം അന്നു മുതല്‍ നിലനിന്നിരുന്നതിന് തെളിവാണ്. 1967 ജനുവരി ഒന്നു മുതല്‍  ഡിസംബര്‍ 31 വരെയുള്ള ഇടവക വരവു ചെലവു കണക്കിലെ ഇനങ്ങളും ഈ ഇനങ്ങളിലായുള്ള മൊത്തം വരവും ഇനി പറയും പ്രകാരമാണ്:

ഇനങ്ങള്‍: ഫണ്ടാര വരവ്, മണി ഓര്‍ഡറുകള്‍, കുര്‍ബാനപ്പണം, മാമോദീസ, വിവാഹം, മരണം, പെരുന്നാള്‍ നടവരവ്, പെരുന്നാളിന് ഷെഡുകള്‍ ലേലം ചെയ്തത്, നെല്ല്, നാളികേരം, ഓല, കപ്പ. ഈ ഇനങ്ങളിലായി ആ അവര്‍ഷത്തെ ആകെ വരുമാനം: 94,000 രൂപ. ഇന്നത്തെ നിലയില്‍ പരുമല പള്ളിയില്‍ സാധാരണ ദിവസങ്ങളിലെ ഒരു മണിക്കൂര്‍ സമയത്തെ വരവുസംഖ്യ വരും അന്‍പതു വര്‍ഷം മുമ്പുള്ള മേല്‍സൂചിപ്പിച്ച വരവുസംഖ്യ. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടതും, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് എന്ന്  പരിശുദ്ധ പരുമല തിരുമേനിയുടെ ഖബറിൽ തന്നെ നാമകരണം  ചെയ്യപ്പെട്ടതുമായ പരുമല പള്ളിയെ പിന്നീട് പരുമല സെമിനാരിയാക്കി മാറ്റിയതിനു പിന്നില്‍ കോടികളുടെ ഈ വരവ് പരുമല ഇടവകക്കാർ അറിയാതെ  വിനിയോഗിക്കാനുള്ള തന്ത്രമാണെന്നത് വ്യക്തം.

ശെമ്മാശന്മാര്‍ക്ക് പഠനം നടത്താനുള്ള പടുത്തശാലയ്ക്കായാണ് സ്ഥലം ദാനാധാരമായി നല്‍കപ്പെട്ടതെങ്കിലും അന്നു മുതല്‍ ഇന്നുവരെയുള്ള 148 വര്‍ഷത്തിനിടെ ഏതെങ്കിലും കാലത്ത് പരുമലയില്‍ ഒരു സെമിനാരി പ്രവര്‍ത്തിക്കുകയോ വൈദിക വിദ്യാഭ്യാസം നടക്കുകയോ ഉണ്ടായിട്ടില്ല. 2018 ജനുവരി പത്തിന് എന്റെ അപേക്ഷ പ്രകാരം തിരുവല്ല മുന്‍സിഫ് കോടതി നിയോഗിച്ച കമ്മിഷന്‍ പള്ളിയിലെത്തി മാനേജര്‍ റവ. ഫാ. എം.സി. കുര്യാക്കോസിൽ  നിന്ന് മൊഴിയെടുക്കുകയും, എന്റെ അഭ്യര്‍ത്ഥനയിലെ ചോദ്യാവലിക്ക് മറുപടി ശേഖരിക്കുകയും ചെയ്തിട്ടുള്ളതാണ്. ആ ചോദ്യാവലിയും മറുപടികളും ഇനി പറയും പ്രകാരമാണ്:

ചോദ്യം: പരുമലയില്‍ വൈദിക സെമിനാരിയുണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത സെമിനാരി എന്നു മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്? ഇതുവരെ എത്ര ബാച്ചിലായി എത്ര വിദ്യാര്‍ത്ഥികള്‍ അവിടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്? സെമിനാരിയില്‍ എത്ര അധ്യാപകരുണ്ട്? ഇപ്പോഴത്തേത് സെമിനാരിയുടെ എത്രാമത്തെ ബാച്ച് ആണ്? ഏത് യൂണിവേഴ്‌സിറ്റിയുമായാണ് പരുമല സെമിനാരി അഫിലിയേറ്റ് ചെയ്തിട്ടുള്ളത്?

മറുപടി: പരുമലയില്‍ സെമിനാരി നിലവിലില്ല. തുടക്കം മുതല്‍ ഏതെങ്കിലും കാലത്ത് ഇവിടെ ഒരു സെമിനാരി പ്രവര്‍ത്തിച്ചിട്ടുമില്ല. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇന്ത്യയില്‍ കോട്ടയം, നാഗ്പൂര്‍ എന്നിവിടങ്ങളിലായി രണ്ടു സെമിനാരികള്‍ മാത്രമാണ് ഉള്ളത്. ഇവ രണ്ടും സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഈ കേന്ദ്രങ്ങളില്‍ നിന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ വല്ലപ്പോഴും വരാറുണ്ട്.

ചോദ്യം: പരുമല ഇടവകയാണോ? അവിടെ ഇടവക സെമിത്തേരിയുണ്ടോ?

മറുപടി: പരുമല ഇടവകയില്‍ 249 ഇടവകക്കാരും ഇവര്‍ക്ക് ജനനം, മാമ്മോദീസ, വിവാഹം, മരണം എന്നിവ ഉള്‍പ്പെടെ എല്ലാ വിധത്തിലുള്ള രജിസ്റ്ററുമുണ്ട്. ഇടവക സെമിത്തേരിയുമുണ്ട്.

സഭാ കേസില്‍, മലങ്കര സഭയ്ക്കു കീഴില്‍ ഇരുവിഭാഗങ്ങളിലുമായുള്ള 1064 പള്ളികളുടെയും ഭരണം 1934 ലെ സഭാ ഭരണഘടനയ്ക്ക് വിധേയമായിരിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധി കരസ്ഥമാക്കുവാന്‍ സഭ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 1064 പള്ളികളുടെ ലിസ്റ്റില്‍ പത്താം പേജില്‍ 420-ാം സീരിയല്‍ നമ്പറിലായി പരുമല സെഹ്യോന്‍ പള്ളി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതല്ലാതെ, പരുമല സെമിനാരി എന്നല്ല.

പരുമലയിലേത് സെമിനാരിയല്ല, പള്ളിയാണെന്ന് നിയമപരമായി തെളിയിക്കാനുള്ള നിരവധി  ആധികാരിക രേഖകള്‍ എന്റെ കൈവശമുണ്ട്. ഈ രേഖകളില്‍ ചിലതിന്റെ മാത്രം ഉള്ളടക്കമാണ് ഞാന്‍ പരാമര്‍ശിച്ചു പോകുന്നത്. 1967 ഒക്ടോബര്‍ 29 ന് അന്നത്തെ നിരണം ഭദ്രാസനാധിപന്‍ തോമാ മാര്‍ ദീവന്നാസിയോസിന്റെ അധ്യക്ഷതയില്‍ പരുമലയില്‍ ഇടവകാംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. പ്രസ്തുത യോഗത്തില്‍ ഉഴത്തില്‍ പുത്തന്‍പുരയില്‍ ഗീവര്‍ഗീസ് വര്‍ക്കിയെ കൈക്കാരനായും, പുതുപ്പറമ്പില്‍ പി.പി. ജോണിനെ സെക്രട്ടറിയായും, അരികുപുറത്ത് ജോർജ്  ഉമ്മന്‍, ജോര്‍ജ് വള്ളക്കാലില്‍ എന്നിവരെ മെംബര്‍മാരായും തിരഞ്ഞെടുത്തിട്ടുള്ളതാകുന്നു. യോഗതീരുമാനങ്ങള്‍ അംഗീകരിച്ചുകൊണ്ട് അഭിവന്ദ്യ തിരുമേനി ഒപ്പും സീലും വച്ച ഉത്തരവ് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്റെ കൈവശമുണ്ട്. അന്നത്തെ തീരുമാനമനുസരിച്ച് സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന പി.പി. ജോണ്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുമുണ്ട്.

മലങ്കര സഭയില്‍ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേക്ക് പള്ളി പ്രതിപുരുഷന്മാരെ അയയ്ക്കുന്നതിന് 1980 മാര്‍ച്ച് രണ്ടിന് പരുമല സെഹ്യോന്‍ പള്ളിയില്‍, അന്ന് പള്ളി വികാരിയായിരുന്ന ഫാ. കെ.ബി . മാത്യൂസിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. പ്രസ്തുത യോഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രതിനിധികളില്‍ ഒരാള്‍ എന്റെ പിതാവ് ഗീവര്‍ഗീസ് തോമസ് ആണ്. മറ്റൊരാള്‍ പന്നായിക്കടവില്‍ പി.സി. ബേബിക്കുട്ടി. ഇവരെ തിരഞ്ഞെടുത്ത യോഗത്തില്‍ 62 ഇടവകാംഗങ്ങള്‍ പങ്കെടുത്തതായി ഇവര്‍ പേരെഴുതി ഒപ്പിട്ട രേഖയുണ്ട്. മാത്രമല്ല, പ്രസ്തുത യോഗത്തില്‍ പങ്കെടുത്ത റിട്ട. അധ്യാപകന്‍ പി.സി. ബേബിക്കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുകയും ചെയ്യുന്നു.

1992 ജൂലായ് അഞ്ചിന് ഇതുപോലെ മലങ്കര സഭയില്‍ മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേക്ക് രണ്ട് പള്ളി പ്രതിപുരുഷന്മാരെ തിരഞ്ഞെടുക്കുന്നിനു വേണ്ടി അന്നത്തെ വികാരി റവ. ഫാ. പി .വി. എബ്രഹാമിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും, പ്രസ്തുത യോഗം അത്തിമൂട്ടില്‍ കണ്ടത്തില്‍ കെ.ഒ. മത്തായി, പന്നായിക്കടവില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരെ പ്രതിപുരുഷന്മാരായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളതാകുന്നു. പ്രസ്തുത യോഗത്തില്‍ പങ്കെടുത്തതായി 121 ഇടവകാംഗങ്ങള്‍ അവരുടെ പേരും മേല്‍വിലാസവും എഴുതി ഒപ്പുവച്ചിട്ടുള്ളതിനും രേഖയുണ്ട്.

1968 ഒക്ടോബര്‍ അഞ്ചിന് നിരണം ഭദ്രാസനാധിപനായിരുന്ന തോമാ മാര്‍ ദീവന്നാസിയോസിന്റെ കല്പനയിലും പരിശുദ്ധ പത്രോസ്, പൗലോസ് ശ്ളീഹൻമാരുടെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഇടവക പള്ളിയാണ് പരുമല പള്ളിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1961 ലെ 331/ 64 നമ്പര്‍ കല്പനയില്‍ അരികുപുറത്തുകാര്‍ ഉള്‍പ്പെടെ 22 വീട്ടുകാരും പിന്നീട് ചേര്‍ക്കപ്പെട്ട വള്ളക്കാലില്‍, കാവില്‍ കിഴക്കേതില്‍ വീട്ടുകാരും ഉള്‍പ്പെടെ എന്ന പരാമര്‍ശം വ്യക്തമായുണ്ട്.  മേൽ പറഞ്ഞവരുടെയും ഈ 22 കുടുംബങ്ങളുടെ പിന്മുറയും ശാഖാപിരിവുകളും ഉള്‍പ്പെടെയുള്ള 249 കുടുംബങ്ങളാണ് ഇപ്പോള്‍ പരുമല ഇടവകയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

1994 ല്‍ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍, ഏഴു പേര്‍ അടങ്ങുന്ന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഫാ. കെ.ബി. മാത്യൂസ്, അരികുപുറത്ത് മേടയില്‍ ജോര്‍ജ് ഉമ്മന്‍, തോമസ് ടി. പരുമല, പന്നായിക്കടവില്‍ ഗീവര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവക  രജിസ്റ്റര്‍ പുതുക്കിയതില്‍ മേല്‍ സൂചിപ്പിച്ച 249 ഇടവകാംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ രജിസ്റ്ററില്‍ അന്നത്തെ പരിശുദ്ധ കാതോലിക്കാ ബാവ ദിദിമോസ് തിരുമേനി ഒപ്പും സഭ യുടെ  സീലും വച്ചിട്ടുള്ളതുമാകുന്നു. ഇതില്‍ നിന്നെല്ലാം പരുമല സെന്റ് പോള്‍ സെഹ്യോന്‍ പള്ളി ഇടവക പള്ളിയാണെന്നും, സെമിനാരിയല്ലെന്നും സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാണ്.

പരിശുദ്ധ പരുമല തിരുമേനിയുടെയും, തിരുമേനിയുടെ കബറിന്റെയും, പരുമല പള്ളിയുടെയും ഖ്യാതി ലോകമാകെ വ്യാപിക്കുകയും, പരുമല പള്ളിയിലേക്ക് ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നാനാജാതി മതസ്ഥരായ വിശ്വാസികള്‍ എത്തിത്തുടങ്ങുകയും, പരുമല പള്ളിയുടെ വരവ് വര്‍ദ്ധിക്കുകയും ചെയ്ത 1970-കളോടു കൂടിയാണ് പരുമല പള്ളിയെ സെമിനാരി എന്നു വിശേഷിപ്പിക്കാനും ആ നിലയില്‍ ചിത്രീകരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പരുമല ഇടവക വികാരിയായി ഫാ. കെ.ബി. മാത്യൂസ് കത്തനാര്‍ ചുമതലയേറ്റതിനു ശേഷമാണ് ഇടവക വികാരി എന്നതിനു പകരം  മാനേജര്‍ എന്നു പ്രയോഗിക്കാന്‍ തുടങ്ങിയതും, പിന്നീട് വികാരി എന്നതിനു പകരം മാനേജര്‍ എന്നു മാത്രമായിത്തീരുകയും ചെയ്തതും.

പരുമല പള്ളിക്ക് ബോധപൂര്‍വമായി സെമിനാരിയുടെ മുഖം നല്‍കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമായാണ് പള്ളിക്കു പകരം സെമിനാരി എന്നും, വികാരിക്കു പകരം മാനേജര്‍ എന്നും ഉപയോഗിച്ചു തുടങ്ങിയതെന്ന് വ്യക്തമാണ്. അതിനു ശേഷം ഇടവകക്കാര്‍ എന്ന പ്രയോഗം പരുമലയില്‍ ഇല്ലാതാവുകയും പകരം കൂടിനടപ്പുകാര്‍, ആത്മീയ ദൃഷ്ടിതികള്‍ എന്നിവ പ്രചാരത്തിലാക്കുകയും ചെയ്തു. ഇടവകക്കാരെ സംബന്ധിച്ച ജനന, മാമോദീസ, വിവാഹ, മരണ രജിസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിധ രജിസ്റ്ററുകളും പള്ളിയില്‍ ഉണ്ടെന്നിരിക്കെ 20   വർഷത്തിന് മുൻപുള്ള  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാകില്ലെന്നാണ് പള്ളി അധികാരികള്‍ പറയുന്നത്. ഇടവകയല്ലെന്ന് സ്ഥാപിക്കുന്നതിനായി ഇവിടെ ഇടവകക്കാരില്‍ നിന്ന് മാസവരി പിരിക്കുന്നതുമില്ല.
പരുമല ഇടവകയില്‍ ആകെയുള്ള 249 കുടുംബങ്ങളില്‍ പതിനെട്ടോളം കുടുംബങ്ങളില്‍ പെണ്‍മക്കള്‍ മാത്രമേയുള്ളൂ. ഇവര്‍ക്ക്  വിവാഹശേഷം പള്ളിയിമായി യാതൊരു അവകാശത്തിനും സാധ്യതയില്ലാതാക്കുന്നതും ഗൂഢലക്ഷ്യത്തോടെയാണ് .

ഇതിനെല്ലാം പുറമെ, പരിശുദ്ധ പരുമല തിരുമേനിയുടെ കബറിലെ മാര്‍ബിള്‍ സ്‌ളാബിള്‍ത്തന്നെ, അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത് പരുമല സെന്റ് പീറ്റേഴ്സ്  ദേവാലയത്തിലാണെന്ന് ആലേഖനം ചെയ്തിട്ടുണ്ട്. ഈ തെളിവു കൂടി നശിപ്പിക്കാന്‍ പരിശുദ്ധ കബറിലെ മാര്‍ബിള്‍ ഫലകം നീക്കംചെയ്യാനുള്ള ശ്രമം പോലുമുണ്ടായി. ഇത്തരം പ്രവൃത്തികളെ ഇടവകക്കാര്‍ എതിര്‍ത്ത് പരാജയപ്പെടുത്തുകയായിരുന്നു.

നാളെ:
സെമിനാരിയുടെ പേരില്‍ സമ്പാദ്യം കോടികള്‍,
പള്ളിക്കും സ്ഥാപനങ്ങള്‍ക്കും തീരാദാരിദ്ര്യം 

(പരുമലയിലെ പുരാതന കുടുംബാംഗമായ ലേഖകന്‍ തോമസ് ടി. പരുമല പത്തു വര്‍ഷത്തോളം പരുമല പള്ളി മുന്‍ കൗണ്‍സില്‍ അംഗവും, അഞ്ചു വര്‍ഷം പരുമല ആശുപത്രി കൗണ്‍സില്‍ അംഗവും ആയിരുന്നു)

Readers Comment

Add a Comment