Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആലഞ്ചേരി നടത്തിയ വിവാദ സ്ഥലമിടപാടിന് പിന്നാലെ, സുവിശേഷകനായിരുന്ന വൈദികന്റെ സ്വത്തും വസ്തുവകകളും വ്യാജരേഖ ചമച്ച് എറണാകുളം അതിരൂപതിയിലെ മറ്റൊരു വൈദികൻ തട്ടിയെടുത്തതായി പരാതി. പരേതനായ സുവിശേഷകന്റെ കുടുംബാംഗങ്ങൾ ഒരു വൈദികനെ പ്രതിയാക്കി കോടതിയെ സമീപിച്ചു. പരേതനായ വൈക്കം തലയാഴം സ്വദേശി ഫാ. ജോസഫ് കുറുപ്പംപറമ്പിന്റെ സ്വത്തിനെച്ചൊല്ലിയാണ് തർക്കവും കേസും.
ഫാ. ജോസഫ് കെ. വിൽ എന്ന പേരിൽ അറിയപ്പെട്ട ഇദ്ദേഹം ലോകവ്യാപകമായി സുവിശേഷ പ്രചാരണത്തിൽ ഏർപ്പെട്ടിരുന്നു. ഇതുവഴി ലഭിച്ച വരുമാനം ഉപയോഗിച്ച് ചേർത്തലയിലും എറണാകുളത്തും സ്വത്തുക്കൾ വാങ്ങി. ഉഗാണ്ടയിൽ വച്ച് 2008 മാർച്ച് 14ന് ഫാ. ജോസഫ് വിൽ മരിച്ചു. നാലു സഹോദരങ്ങളിൽ ഒരാളായ ഫാ. സേവ്യർ വർഗീസ് 2020ൽ മരിച്ചു. ഫാ. ജോസഫ് വില്ലിന്റെ വ്യക്തിപരമായ പേരുകളിലുള്ള സ്വത്തുക്കളുടെ അവകാശം നിയമപരമായി തങ്ങൾക്കാണെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങളുടെ മക്കൾ അവകാശപ്പെടുന്നു.
ഫാ. ജെ.കെ. വിൽ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന ട്രസ്റ്റാണ് സ്വത്തുക്കൾ കൈകാര്യം ചെയ്തത്. എറണാകുളം അതിരൂപതയിലെ ഫാ. ജോസ് പുതിയേടത്താണ് പ്രസിഡന്റ്. സഹോദരൻ ഫാ. സേവ്യർ വർഗീസിന് പുറമെ ഡോ. തോമസ് പോൾ എന്നിവർ ട്രസ്റ്റിമാരായിരുന്നു. വിവിധ സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ട്രസ്റ്റിന്റെ ലക്ഷ്യം. ട്രസ്റ്റ് പ്രസിഡന്റ് ഫാ. ജോസ് പുതിയേടത്തിന്റെ സഹോദരൻ ബെന്നി ജോബിനെ പിന്നീട് ട്രസ്റ്റിൽ അംഗമാക്കി. ക്രമേണ ഫാ. ജോസഫ് വില്ലിന്റെ സ്വത്തുക്കളും ബാങ്ക് നിക്ഷേപവും മറ്റു ട്രസ്റ്റിമാരറിയാതെ തട്ടിയെടുത്തെന്ന് ബന്ധുക്കൾ ചേർത്തല കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ട്രസ്റ്റ് ശരിയായ നിലയിൽ പ്രവർത്തിക്കുന്നില്ലെന്നും തങ്ങളുമായി ആലോചിക്കുന്നില്ലെന്നും തട്ടിപ്പും വിശ്വാസവഞ്ചയും കാണിക്കുകയും വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തെന്ന് ഹർജിയിൽ പറയുന്നു. ട്രസ്റ്റിന്റെ സ്ഥാപകനും ഫാ. ജോസഫ് വില്ലിന്റെ സഹോദരനും പരേതനുമായ ഫാ. സേവ്യർ വർഗീസിന്റെ വ്യാജ പവർ ഓഫ് അറ്റോർണി തയ്യാറാക്കി സ്വത്ത് തട്ടിയെടുത്തെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. ട്രസ്റ്റിന്റെ കൈവശമായിരുന്ന 20.02 ഏക്കർ സ്ഥലത്തിൽ 37 സെന്റ് ഫാ. ജോസ് പുതിയേടത്ത് സഹോദരൻ ബെന്നി ജോബിന്റെ പേരിലേയ്ക്ക് മാറ്റിയെന്നുമാണ് ആരോപണം.
ഫാ. ജോസഫ് വില്ലിന്റെ കുടുംബാംഗങ്ങളായ 39 പേരെ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ അവകാശികളായി പ്രഖ്യാപിക്കുക, ചേർത്തല സബ് രജിസ്ട്രാർ ഓഫീസിൽ നടത്തിയ ആധാരം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹർജിയിൽ.ട്രസ്റ്റിനെതിരെ വിശ്വാസികളും സഭാ അധികൃതർക്ക് പരാതികൾ നൽകിയിരുന്നു. ട്രസ്റ്റിനെ അധികാരം ഫാ. ജോസഫ് വില്ലിന്റെ അനന്തരാവകാശികൾക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് പരാതികൾ സഭയ്ക്ക് നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വിശ്വാസികൾ പറഞ്ഞു.
അതിനിടെ ഭൂമിയിടപാട് മുതൽ ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ രാജിവയ്പ്പിച്ചത് വരെ വിവാദനടപടികളിൽ വിശദീകരണം ആവശ്യപ്പെട്ട് അതിരൂപതാ സംരക്ഷണസമിതി സിനഡിന് നിവേദനം നൽകി . 16 ന് ചേരുന്ന സിനഡിൽ ചർച്ച ആവശ്യപ്പെട്ടാണ് സിനഡിന് നിവേദനം നൽകിയത് . കഴിഞ്ഞ വർഷം ആഗസ്റ്റിൽ കൂടിയ സിനഡ് തീരുമാനിച്ച ഏകീകൃത കുർബാന കാനോനിക നിയമപ്രകാരം പിശകുള്ളതിനാലും വേണ്ടത്ര ചർച്ച നടത്താത്തതിനാലും അടിച്ചേൽപ്പിക്കുന്നതിനാലും അംഗീകരിക്കില്ലെന്ന് നിവേദനത്തിൽ പറയുന്നു .
കുർബാനയിൽ വിശ്വാസികളുടെ നിലപാട് അറിയാൻ തൃശൂർ , ഇരിങ്ങാലക്കുട രൂപതകളിൽ അഭിപ്രായസർവേ നടത്തിയാൽ മതി . പ്രശ്നങ്ങൾ വൈകദികരുമായി ചർച്ച ചെയ്യാൻ തയ്യാറാകാതെ സിനഡ് വിശ്വാസികളിൽ നിന്ന് അകന്നുപോയി . അതിരൂപതാ സ്ഥലമിടപാടിൽ റെസ്റ്റിറ്റ്യൂഷൻ നടപ്പാക്കണമെന്ന വത്തിക്കാൻ നിർദ്ദേശം നടപ്പാക്കണം . ദേവികുളം , വാരപ്പെട്ടി എന്നിവിടങ്ങളിലെ സ്ഥലങ്ങൾ വിറ്റ് റെസ്റ്റിറ്റ്യൂഷൻ നടത്തണമെന്ന നിർദ്ദേശം സ്വീകാര്യമല്ല . ഇഞ്ചോടി കമ്മിഷൻ നിർദ്ദേശിച്ച വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം .
ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ രാജിവയ്പ്പിച്ചതിന്കാരണമറിയാൻ വൈദികർക്കും വിശ്വാസികൾക്കും അവകാശമുണ്ട് . കാരണം സിനഡ് വ്യക്തമാക്കണം . സ്ഥലമിടപാട് സംബന്ധിച്ച് കോടതികളിലും ലിറ്റർജി സംബന്ധിച്ച വത്തിക്കാനിലെ പൗരസ്ത്യകാര്യാലയത്തിലുമുള്ള കേസുകളിൽ നിന്ന് രക്ഷപെടാനാണ് ആന്റണി കരിയിലിനെ പുറത്താക്കിയത് . വൈദികരെയും സന്യസ്തരെയും വിശ്വാസികളെയും ഒറ്റപ്പെടുത്തി വരുതിയിലാക്കാമെന്ന് ആരെ ങ്കിലും വിചാരിക്കുന്നത് ദിവാ സ്വപ്നം മാത്രമായിരിക്കുമെന്ന് നിവേദനത്തിൽ പറയുന്നു . സിനഡ് സെക്രട്ടറി ആർച്ച് ബിഷഷ്ജോസഫ് പാംബ്ലാനി , കൂരിയ മെത്രാൻ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർക്കാണ് അതിരൂപതാ സംരക്ഷ സമിതി നിവേദനം സമർപ്പിച്ചത് .
23.48°C








