Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:03 am
  • 4th December, 2024
  • Broken Clouds
23.82°C23.82°C
  • Humidity: 98 %
  • Wind: 0.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ജോ ജോസഫിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലടക്കം വലിയ പുകിലുകൾ തന്നെയാണ് സീറോ മലബാര്‍ സഭയ്ക്കുള്ളിൽ ഉണ്ടായത്. ഇപ്പോഴിതാ അതിന്റെ തുടർച്ചയെന്നുവണ്ണം സത്യദീപം എഡിറ്ററും സീറോ മലബാർ സഭ മുൻ വക്താവുമായ ഫാ.പോള്‍ തേലക്കാട്ട് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. സ്വന്തം കാര്യം നേടിയെടുക്കാൻ മാർക്സിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടാക്കുന്ന നേതാക്കൾ സീറോ മലബാർ സഭയിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന ആരോപണം വരാതിരിക്കാൻ കർദിനാൾ ജോർജ് ആലഞ്ചേരി ശ്രദ്ധിക്കണമായിരുന്നു. ഞങ്ങളിടപെട്ടില്ലെന്ന് പറഞ്ഞ് ജോർജ് ആലഞ്ചേരി വാർത്താക്കുറിപ്പിറക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. 


മാത്രമല്ല, ലിസി ആശുപത്രിയെ ഇത്തരം ഒരു പരിപാടിക്ക് വേദിയാക്കിയത് തെറ്റാണ്. സഭ സ്ഥാപനത്തിന്റെ ചിഹ്നങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ചത് സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്തേക്കും. സഭയുടെ നേതാക്കന്‍മാര്‍ രാഷ്ട്രീയമായ സ്വകാര്യ ബന്ധത്തില്‍ ഇടപെടുന്നത് വര്‍ധിച്ചതായി തോന്നിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സഭയുടെ സ്ഥാപനത്തിന്റെ മണ്ഡലം ഉപയോഗിക്കുന്നതും, സഭയിലെ അംഗങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതും അത്ര നല്ല പ്രവണതയല്ല. ഇക്കാര്യം സഭയുടെ അഭ്യന്തര മണ്ഡലങ്ങളില്‍ ചര്‍ച്ച ചെയ്യണം എന്നും അദ്ദേഹം പ്രതികരിച്ചു.


രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇടങ്ങള്‍ തെരഞ്ഞെടുക്കണം. അതിന് മതപരമായ വ്യാഖ്യാനങ്ങള്‍ വരുന്നത് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിക്കും. അത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നു. സംഭവിച്ചത് യാദൃശ്ചികമായിരിക്കാം. എന്നാല്‍ അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടണം എന്നില്ല. വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങള്‍ ചില സന്ദേശം നല്‍കും. അത് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാവില്ലെന്ന ആശങ്കയുണ്ട്. മതത്തിന്റെ സ്ഥാപനത്തിന്റെ ചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ഫാ. പോള്‍ തേലേക്കാട് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെ വാര്‍ത്താസമ്മേളനം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു എങ്കില്‍ സെക്യുലര്‍ എന്നറിയപ്പെടുന്ന പാര്‍ട്ടി നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും സംഭവിച്ച പിശക് പാര്‍ട്ടി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 


ഇടതുമുന്നണി ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം ഡോ. ജോ ജോസഫ് അദ്ദേഹം ജോലി ചെയ്യുന്ന ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് വിവാദത്തിന് അടിസ്ഥാനം. വിവാദങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് സീറോ മലബാര്‍ സഭ പ്രതികരിച്ചിരുന്നു. ആരേയും സ്ഥാനാര്‍ഥിയാക്കാന്‍ കര്‍ദിനാള്‍ ഇടപെട്ടിട്ടില്ല. ഇത്തരം പ്രചാരണം നടത്തുന്നവര്‍ സ്ഥാപിത താത്പര്യക്കാരാണ്. ഇതിന് പിന്നില്‍ ദുരുദ്ദേശമുണ്ട്. തങ്ങളുടെ ജനാധിപത്യ അവകാശം ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ തൃക്കാക്കരയിലെ വോട്ടര്‍മാര്‍ക്ക് അറിയാമെന്നും സഭ പറഞ്ഞു.

 

ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു. സഭയുടെ താത്പര്യം സംരക്ഷിച്ചാണ് ജോ ജോസഫിനെ സി പി എം മത്സരിപ്പിക്കുന്നതെന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ സൈബര്‍ രംഗത്ത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സഭ നിലപാട് വ്യക്തമാക്കിയത്.

Readers Comment

Add a Comment