Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാത്യു ഉലഹന്നാന്‍

ഏഴു വര്‍ഷം മുമ്പ്, കന്യാസ്ത്രീ മഠത്തിലെ അനുഭവങ്ങള്‍ തുറന്നെഴുതിയ സിസ്റ്റര്‍ മേരി ചാണ്ടിയെ ഇന്റര്‍വ്യൂ ചെയ്ത ഔട്ട്‌ലുക്ക് ഇംഗ്‌ളീഷ് വാരികയുടെ റിപ്പോര്‍ട്ടറോട് അവര്‍ പറഞ്ഞു: കന്യകകളായ ക്രിസ്തീയ പെണ്‍കുട്ടികളോട് എനിക്കൊരു ഉപദേശമുണ്ട്- 'ഒരിക്കലും ഒരു പുരോഹിതനോട് കുമ്പസാരിക്കുകയോ കുറ്റസമ്മതം നടത്തുകയോ ചെയ്യരുത്.'

സിസ്റ്റര്‍ മേരിയുടെ ഈ ഉപദേശം കഴിഞ്ഞ് ഏഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2018 ജൂണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെയും വിശ്വാസികളെയും നാണംകെടുത്തിയ കുമ്പാസര പീഡന കഥ പുറത്തുവന്നത്.  വേദപുസ്തകം അനുശാസിക്കുന്ന പ്രകാരം കുമ്പസാരം നടത്തിയ പത്തനംതിട്ടക്കാരിയായ വീട്ടമ്മയ്ക്ക്, ആ കുമ്പസാര രഹസ്യത്തിന്റെ പേരില്‍ നേരിടേണ്ടിവന്നത് സഭയിലെ എട്ടു പേരുടെ  ലൈംഗിക പീഡനം. വീട്ടമ്മയുടെ ഭര്‍ത്താവായ പ്രവാസി സഭാ മേധാവികള്‍ക്കു നല്‍കിയ പരാതികളില്‍ എട്ടു പേര്‍ ഭാര്യയെ പീഡനത്തിന് ഇരയാക്കിയതായി വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ചു പേര്‍ക്കെതിരായ കുറ്റം മാത്രമേ പാവം ഭര്‍ത്താവിന് തെളിയിക്കാനായുള്ളൂ. അതുകൊണ്ട് കേസ് അഞ്ചു പേരില്‍ മാത്രമൊതുങ്ങി.

വിവാഹത്തിനു മുമ്പ് ഇടവക വികാരി തന്നെ പീഡിപ്പിച്ച രഹസ്യമാണ് വിവാഹവും പ്രസവവും കഴിഞ്ഞ്, കുഞ്ഞിന്റെ മാമോദീസാ ചടങ്ങിനു മുമ്പ് യുവതി പുരോഹിതനോട് കുമ്പസാരത്തിലൂടെ വെളിപ്പെടുത്തിയത്. പിന്നീട്, ആ രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി, സുഹൃത്തുക്കളായ മറ്റു പുരോഹിതരുടെ ലൈംഗിക ഇംഗിതങ്ങള്‍ക്കു വഴങ്ങിക്കൊടുക്കാന്‍ ഒന്നാം പ്രതിയായ അച്ചന്‍ യുവതിയെ നിര്‍ബന്ധിതയാക്കുകയായിരുന്നു.

കുമ്പസാര രഹസ്യം ഭീഷണിപ്പെടുത്തലിനും നിര്‍ബന്ധിത ലൈംഗിക വേഴ്ചയ്ക്കും ഉപയോഗപ്പെടുത്തിയ സംഭവം വിവാദമായപ്പോള്‍ കേരള ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സില്‍ ഉപാധ്യക്ഷയായ ഇന്ദുലേഖ ജോസഫ് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി ഒരു കാര്യം ചോദിച്ചിരുന്നു: പുരോഹിതന്മാര്‍ക്കു മുന്നില്‍ മാത്രമേ കുമ്പസാരം ആകാവൂ എന്ന്  ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ലാതിരിക്കെ, കന്യാസ്ത്രീകള്‍ക്ക് ഇതിന് അധികാരം നല്‍കാന്‍ സഭ തയ്യാറാകാത്തതെന്ത്? സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും കന്യാസ്ത്രീകള്‍ക്കു മുന്നില്‍ കുമ്പസാരം നടത്തിയാല്‍ മതിയാകുമെന്ന് സഭാ മേധാവികള്‍ക്ക് തീരുമാനിക്കാവുന്നതേയുള്ളൂ.

വാക്കാലുള്ള കുമ്പസാര വെളിപ്പെടുത്തലിനു പകരം പണ്ട് പ്രചാരത്തിലുണ്ടായ പിഴമൂളല്‍ സമ്പ്രദായം പുനസ്ഥാപിച്ചാലും ഇത്തരം സംഭവങ്ങള്‍ തടയാന്‍ കഴിയുമെന്ന് ഇന്ദുലേഖ ജോസഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കുറ്റങ്ങളെക്കുറിച്ച് പുരോഹിതരുടെ സാന്നിധ്യത്തില്‍ മനസ്സുകൊണ്ട് മാപ്പപേക്ഷിക്കുന്നതാണ് പിഴ മൂളല്‍. കുമ്പസാരം എന്തിനെക്കുറിച്ചെന്ന് പുരോഹിതന് വ്യക്തമാകാത്തിടത്തോളം അതുപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ നടക്കില്ല. കന്യാസ്ത്രീകള്‍ക്കു കൂടി കുമ്പസാരം നടത്തിക്കാന്‍ അധികാരം നല്‍കുകയോ, പിഴമൂളലിന് അംഗീകാരം നല്‍കുകയോ ചെയ്യാതിരിക്കുവോളം, വിശ്വാസികളുടെ രഹസ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ പുരോഹിതര്‍ക്ക് ക്രൈസ്തവ സഭകള്‍ മൗനാനുവാദം നല്‍കുകയല്ലേ ചെയ്യുന്നത്?

ലൈംഗിക പാപങ്ങളെക്കുറിച്ച് കുമ്പസാരത്തിനെത്തുന്ന യുവതികളെയും വീട്ടമ്മമാരെയും പുരോഹിതര്‍ പീഡനത്തിന്റെ വിശദാംശങ്ങള്‍ പറയാന്‍ നിര്‍ബന്ധിക്കുന്നതായി നിരവധി പരാതികള്‍ വിശ്വാസികളില്‍ നിന്നുതന്നെയുണ്ട്. പാപകഥകള്‍ കേട്ടുരസിക്കുകയും, പിന്നീട് ഇതുതന്നെ ഇരപിടിത്തത്തിന് ചൂണ്ടയായി ഉപയോഗിക്കുകയും ചെയ്യുന്ന പുരോഹിതര്‍ക്കു നേരെ കര്‍ശന നടപടികള്‍ക്ക് സഭ മുതിരാത്തതെന്ത്? കന്യാസ്ത്രീ മഠങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് സന്യസ്ത വസ്ത്രമുപേക്ഷിച്ചവര്‍ വെളിപ്പെടുത്തുന്നു.

മഠങ്ങളില്‍ നിത്യസന്ദര്‍ശകരായെത്തുന്ന പുരോഹിതര്‍ കന്യാസ്ത്രീകള്‍ക്ക് അശ്ലീലപുസ്തകങ്ങള്‍ രഹസ്യമായി വായിക്കാന്‍ നല്‍കിയ ശേഷം, പിന്നീട് ഇതേ കാര്യം മറ്റു പുരോഹിതരോട് വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഇവരെ പീഡനത്തിന് ഇരകളാക്കുന്നതാണ് രീതി. കന്യാസ്ത്രീകളുടെ നഗ്നരംഗങ്ങള്‍ പകര്‍ത്തി മൊബൈലില്‍ സൂക്ഷിച്ച്, അതുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതാണ് മറ്റൊരു രീതി. പുരോഹിതന് എതിരെ പരാതിപ്പെട്ടാല്‍ മഠത്തില്‍ നിന്ന് പുറത്താകുമെന്ന ഭീതിയാണ് ലൈംഗിക പീഡനങ്ങള്‍ നിശ്ശബ്ദമായി സഹിക്കാന്‍ കന്യാസ്ത്രീകളെ നിര്‍ബന്ധിതരാക്കുന്നത്. പുറത്തായാല്‍ പോകാനിടമില്ലെന്ന യാഥാര്‍ത്ഥ്യം അവരെ നിസ്സഹായരാക്കുകയും ചെയ്യുന്നു.

ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞുതന്നെയാണ് പുരോഹിതര്‍ കന്യാസ്ത്രീകളെ നിര്‍ഭയം ഇരകളാക്കുന്നത്. ഇരകളെ ലൈംഗിക പീഡനത്തിനു വിധേയരാക്കി മാനസികമായി തളര്‍ത്തുകയും, എക്കാലവും തങ്ങള്‍ക്കു വിധേയരാക്കി നിര്‍ത്തുകയും ചെയ്യുന്ന നെറികെട്ട യുദ്ധമുറകളിലൊന്നാണിത്. സഭകള്‍ക്കുള്ളില്‍ കൈവശം തോക്കുകളില്ലാതെ തന്നെ പുരോഹിതര്‍ പയറ്റുന്ന തന്ത്രവും ഇതുതന്നെ. മാനസികമായ ഈ തടങ്കല്‍ ഭേദിച്ച് പുറത്തുചാടി രഹസ്യം വെളിപ്പെടുത്തുന്ന കന്യാസ്ത്രീകളുടെ സംഖ്യ, ആകെ ഇരകളുടെ അഞ്ചു ശതമാനം പോലും വരില്ല.

(പരമ്പര നാളെ തുടരും)

Readers Comment

Add a Comment