Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓര്‍ത്തഡോക്‌സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ ശകാരവും പ്രഹരവും. കേരളത്തിലെ സര്‍ക്കാര്‍ നിയമത്തിനും കോടതിക്കും അതീതമാണോ എന്നു ചോദിച്ച ചീഫ് ജസ്റ്റിസ്, വിധി നടപ്പാക്കുന്നത് വൈകിച്ചാല്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ മടിക്കില്ലെന്നും മുന്നറിയിപ്പു നല്‍കി.
വരിക്കോലി സെന്റ് മേരീസ് ചര്‍ച്ച്, കട്ടച്ചിറ സെന്റ് മേരീസ് ചര്‍ച്ച് എന്നിവയുടെ അവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര സംസ്ഥാന സര്‍ക്കാരിന് എതിരെ അതിരൂക്ഷമായ വിമര്‍ശനം ഉന്നയിക്കുകയും അന്ത്യശാസനം നല്‍കുകയും ചെയ്തത്.
1934- ലെ മലങ്കര സഭാ ഭരണഘടനയും മാനദണ്ഡങ്ങളും പരിഗണിച്ച സുപ്രീം കോടതി, സംസ്ഥാനത്ത് പള്ളികളും പ്രാര്‍ത്ഥനാലയങ്ങളും ഉള്‍പ്പെടെ 1100 സ്ഥാപനങ്ങളുടെ ഭരണാധികാരം ഓര്‍ത്തഡോക്‌സ് സഭയ്ക്കു കൈമാറി 2017 ജൂലായില്‍ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കോടതി വിധിക്കു ശേഷവും, അത് അംഗീകരിക്കാതെ യാക്കോബായ വിഭാഗം പള്ളി അവകാശത്തെച്ചൊല്ലി തര്‍ക്കങ്ങള്‍ ഉന്നയിക്കുകയും പലേടത്തും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ വൈകിക്കുന്ന കേരളത്തിലെ ചീഫ് സെക്രട്ടറി, ബീഹാര്‍ ചീഫ് സെക്രട്ടറിക്കു സംഭവിച്ചത് മറക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനത്തിന്റെ പേരില്‍ ബീഹാറിലെ 14 ഷെല്‍ട്ടര്‍ ഹോമുകള്‍ക്കെതിരെ നടപടി സ്്വീകരിക്കാനുള്ള ഉത്തരവ് വൈകിച്ചതായിരുന്നു വിഷയം. നടപടി സ്വീകരിക്കാതിരുന്ന ബീഹാര്‍ ചീഫ് സെക്രട്ടറിയെ സുപ്രീം കോടതി നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടി.
പള്ളി തര്‍ക്കം തീര്‍പ്പാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കാന്‍ ഇനിയും ഉദാസീനത കാണിച്ചാല്‍, കോടതി സഹിച്ചിരിക്കില്ലെന്നും ചീഫ് സെക്രട്ടറിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും, ശബരിമല സംഘര്‍ഷങ്ങള്‍ക്കു വഴിവച്ചത് സര്‍ക്കാരിന്റെ ഈ ധൃതിയാണെന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ്, ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി രണ്ടു വര്‍ഷം മുമ്പ് പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇനിയും നടപ്പാക്കാതെ സര്‍ക്കാര്‍ ഗുരുതരവും ഭരണഘടനാ വിരുദ്ധവുമായ വിവേചനം കാട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ ന്യൂനപക്ഷങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്നു വിലയിരുത്തുന്ന സി.പി.എം അതിനുള്ള കാരണങ്ങള്‍ കൂടി പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുമോ എന്നാണ് ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ചോദ്യം.