Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അരൂർ: വളർത്തുനായ്ക്കളെ വടിവാൾകൊണ്ട് വെട്ടിക്കൊല്ലുന്ന അജ്ഞാതൻ എഴുപുന്ന നീണ്ടകര പ്രദേശത്ത് വീണ്ടും. നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് നായുടെ കണ്ണുകൾ കുത്തിക്കീറുകയും വായ്ഭാഗം അടിച്ചുചതക്കുകയും ചെയ്തത്. നായുടെ കരച്ചിൽകേട്ട് പ്രദേശവാസികൾ ഓടിക്കൂടിയപ്പോൾ പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിൽനിന്ന് മുഖംമൂടി ധരിച്ച അജ്ഞാതൻ വടിവാളുമായി ഓടിമറഞ്ഞു. സംഭവമറിഞ്ഞ് അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽനിന്ന് രണ്ട് വാഹനങ്ങളിൽ പൊലീസെത്തി പ്രദേശമാകെ അരിച്ചുപെറുക്കിയെങ്കിലും അജ്ഞാതനെ പിടികൂടാൻ കഴിഞ്ഞില്ല. ഇതിനുമുമ്പ് കാരുവള്ളിൽ ജോയി, ജോയി പനക്കൽ, സിജു പഞ്ഞിത്തറ, ചിന്നപ്പൻ ചക്കനാട്ടുതറ എന്നിവരുടെ വളർത്തുനായ്ക്കളെയാണ് അജ്ഞാതൻ വെട്ടിക്കൊന്നത്. ഇയാളെ എങ്ങനെയും പിടികൂടാൻ നീണ്ടകരയിലെ ഒരുസംഘം യുവാക്കൾ രണ്ട് ഗ്രൂപ്പായി തിരിഞ്ഞ് ദിവസവും പുലർച്ചവരെ റോന്തുചുറ്റുകയാണ്. പൊലീസും രാത്രി പട്രോളിങ് നടത്തുന്നുണ്ട്. രാത്രി ഓടിരക്ഷപ്പെടണമെങ്കിൽ പ്രദേശം അറിയാവുന്നയാൾ തന്നെയാണെന്ന് ജനങ്ങൾ പറയുന്നു. ഇരുട്ടിന്റെ മറവിൽ മുഖംമൂടി ധരിച്ച് വാളുമായി അജ്ഞാതൻ ആക്രമണലക്ഷ്യവുമായി കറങ്ങുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
മാനസികരോഗമുള്ള ആരെങ്കിലുമാകാം സംഭവത്തിന് പിന്നിലെന്നാണ് ചിലർ കരുതുന്നത്. അതല്ല, തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ ആക്രമണപരിശീലനമാവാം ഇതെന്ന് സംശയിക്കുന്നവരുമുണ്ട്. മലപ്പുറത്ത് പൊന്നാനി താലൂക്കിലെ ചങ്ങരംകുളത്ത് 2017ൽ സമാന സ്വഭാവത്തിൽ നായ്ക്കളുടെ തലയറുക്കുകയും വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം നടന്നിരുന്നു. തീവ്രവാദ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കൾ ആക്രമിക്കപ്പെട്ടതെന്ന നിഗമനത്തിലായിരുന്നു പൊലീസ് ഈ സംഭവം അന്വേഷിച്ചത്. കാരുവള്ളിൽ ജോയിയുടെ അൽസേഷൻ നായെയാണ് വെട്ടിക്കൊന്നത്. ചത്ത മറ്റു നായ്ക്കളെല്ലാം നാടൻ ഇനങ്ങളാണ്. ആദ്യം വീടുകളുടെ ജനാലകളിൽ ഇടിക്കുകയും വീടിനുനേരെ കല്ലെറിയുകയും ചെയ്ത് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ശേഷമാണ് നായ്ക്കളെ വെട്ടിക്കൊല്ലുന്നത്. വളർത്തുനായ്ക്കളെ കൊന്നയാളെ വേഗം കണ്ടുപിടിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ കോഓഡിനേറ്റർ പാർവതി മോഹൻ, അനിമൽ വെൽഫെയർ പ്രവർത്തക സാലി വർമ എന്നിവർ അരൂർ പൊലീസിന് സന്ദേശം നൽകി. തിരുവനന്തപുരത്തെ അനിമൽ പ്രൊട്ടക്ഷൻ ഓഫിസിൽനിന്നാണ് പൊലീസിന് സന്ദേശമയച്ചത്. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണിത്.
27.82°C








