Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാലു രൂപയുടെ ഒരു സിഗരറ്റ് ലൈറ്റര്‍! സ്വന്തം കമ്പനിക്ക് 40 കോടിയുടെ നഷ്ടമുണ്ടാക്കാന്‍ ആ രണ്ടു ജീവനക്കാര്‍ക്ക് അത്രയും മതിയായിരുന്നു. തിരുവനന്തപുരത്ത്, മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിക്ക് 40 കോടിയുടെ നഷ്ടം വരുത്തിവച്ച തീപിടിത്തത്തിനു പിന്നില്‍ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരാണെന്ന് പൊലീസ് കണ്ടെത്തിയത് കേരളപ്പിറവി ദിനത്തിന്റെ പുലര്‍ച്ചയ്ക്കുണ്ടായ അപകടം നടന്ന് പത്തു ദിവസങ്ങള്‍ക്കു ശേഷമാണ്. ജോലി ചെയ്യുന്ന കമ്പനിയോടു തന്നെ ഈ കടുംകൈ ചെയ്യാന്‍ രണ്ടു ജീവനക്കാര്‍ക്ക് തോന്നിയതിന്റെ കാരണം എന്താണ്?

പ്രതികാരം! 
എന്തിന്?
ശമ്പളം വെട്ടിക്കുറച്ചതിന്!
ഇവരുടെ ശമ്പളം കമ്പനി വെട്ടിക്കുറച്ചത് എന്തിന്?
സമയത്തിന് ജോലിക്ക് എത്താതിരിക്കുന്നത് പതിവായതുകൊണ്ടും, ഹാജര്‍ കുറവ് കാരണവും!
ചിറയിന്‍കീഴുകാരന്‍ വിമല്‍ ആര്‍. നായരുടെയും കഴക്കൂട്ടം സ്വദേശി ബിനുവിന്റെയും മനസ്സില്‍ കമ്പനിയുടെ ചട്ടമനുസരിച്ചുള്ള അച്ചടക്ക നടപടിയോട് ഇത്രയും കടുത്ത വൈരാഗ്യം തോന്നിച്ചതിനു പിന്നില്‍ അസ്വാഭാവികമായി ഒന്നുമില്ലേ? വിമല്‍ ഫാമിലി പ്ലാസ്റ്റിക്‌സില്‍ ജോലിക്കെത്തിയിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. ബിനു വെറും ആറു മാസവും. ഇവരടക്കം ഏഴു ജീവനക്കാര്‍ക്ക് എതിരെ കമ്പനി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും ഇവരുടെ മനസ്സില്‍ മാത്രം പക ആളിക്കത്തിയതിന്റെ രഹസ്യമെന്ത്?
 
മാനേജ്‌മെന്റുകള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത ഒരു മേഖലയാണ് അത്. അതു പറയുന്നതിനു മുമ്പ് ഹ്യുമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റും പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് മനസ്സിലാക്കണം. ബിസിനസ് മാനേജ്‌മെന്റില്‍ ഇവ രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമേയുള്ളൂ. ഓരോ ജീവനക്കാരന്റെയും തൊഴില്‍, നിയമപരമായ അവകാശങ്ങള്‍, നിയമനങ്ങള്‍, അച്ചടക്ക നടപടികള്‍ തുടങ്ങിയവയാണ് എച്ച്.ആര്‍ വിഭാഗത്തിനു കീഴില്‍. പേഴ്‌സണല്‍ മാനേജ്‌മെന്റിനു കീഴിലാകട്ടെ, തൊഴിലാളികളുടെ പരാതികള്‍ കൈകാര്യം ചെയ്യലും, സ്ഥാപനവുമായി അവരുടെ ബന്ധം കെട്ടുറപ്പോടെ നിലനിര്‍ത്തലും അതുവഴി ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കലും.
 
ആഗോളപ്രശസ്തമായ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഫാമിലി പ്ലാസ്റ്റിക്‌സ് കമ്പനിയില്‍ എന്തായാലും ഒരു ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇല്ലാതെ തരമില്ല. പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഉണ്ടെങ്കില്‍, ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരില്‍ രണ്ടു ജീവനക്കാരുടെ മനസ്സില്‍ പുകഞ്ഞു കത്തിയ പ്രതിഷേധം, പകയായും പ്രതികാരമായും ആളിപ്പടരുന്നതു വരെ ആ പരാതി കൈകാര്യം ചെയ്തില്ല എന്ന മഹാപരാധത്തിനു മറുപടി പറയേണ്ടത് പേഴ്‌സണല്‍ വിഭാഗത്തിലെ ബോസുമാരാണ്!
 
അച്ചടക്ക നടപടിയുടെ പേരില്‍ തുച്ഛമായ തുകയാണ് ഏഴു ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കമ്പനി വെട്ടിക്കുറച്ചത്. സാധാരണ തൊഴിലാളികളെ സംബന്ധിച്ച് എത്ര ചെറിയ തുകയുടെയും മൂല്യം വലുതായിരിക്കുമെങ്കിലും  ഒരു വന്‍കിട ഫാക്ടറി അപ്പാടെ അഗ്നിക്കിരയാക്കാന്‍ പാകത്തില്‍ അവരുടെ മനസ്സില്‍ പകയുടെ ഉരുള്‍പൊട്ടിയത്, ആ സങ്കടം കേള്‍ക്കാനും, പരാതികള്‍ക്ക് ന്യായമായ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പു നല്‍കി ആശ്വസിപ്പിക്കാനും, അവരെ വിശ്വാസത്തിലെടുക്കാനും അവസരമില്ലാതിരുന്നതു കൊണ്ടാണ്. അതിനുള്ള സംവിധാനമോ, അത്തരം കീഴ്‌വഴക്കമോ കമ്പനിയില്‍ ഇല്ലായിരുന്നു എന്നു വേണം കരുതാന്‍. പരാതിയുമായി ഇവര്‍ മാനേജ്‌മെന്റിനെ സമീപിച്ചിരുന്നില്ല എന്നാണ് ഫാക്ടറി ഉടമ പൊലീസിനോടു പറഞ്ഞത്. അതു ശരിയുമായിരിക്കാം. പക്ഷേ, ഈ സാധാരണ ജീവനക്കാര്‍ ഏതു വിഭാഗത്തില്‍, ആരെ സമീപിക്കണമായിരുന്നു?
 
നേരത്തേയും രണ്ടുതവണ ഇവര്‍ ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് പൊലീസിനു നല്‍കിയ മൊഴി നിസ്സാരമല്ല. പെട്ടെന്നുണ്ടായ വികാരവിക്ഷോഭം കൊണ്ടല്ല, ഇവര്‍ ഈ കടുംപ്രയോഗത്തിനു മുതിര്‍ന്നതെന്ന് അര്‍ത്ഥം. നാളുകളായി അവരുടെ മനസ്സില്‍ കമ്പനി മാനേജ്‌മെന്റിനോടുള്ള പരിഭവം പതിയെപ്പതിയെ പ്രതിഷേധമായും, അതു പിന്നീട് പകയായും, അതിന്റെ ഡെഡ് എന്‍ഡ് ആയ പ്രതികാരത്തിലേക്കും വളരുകയായിരുന്നു; ആരുമറിയാതെ!
 
ഇതില്‍ മനശ്ശാസ്ത്രത്തിന്റെ ഒരു ഘടകം കൂടിയുണ്ട്. എത്ര കടുത്ത ക്ഷോഭത്തിനും പ്രതിഷേധത്തിനും ശക്തി കുറയാന്‍ ഒരു സേഫ്ടി വാല്‍വ് വേണം. കുറേ സമ്മര്‍ദ്ദം പുറത്തുപോയാല്‍ മനസ്സ് ശാന്തമാകും. വീണ്ടുവിചാരമുണ്ടാകും. പക്ഷേ, ആ സേഫ്ടി വാല്‍വ് ഇല്ലെങ്കിലോ? ഇത്തരം സാഹചര്യങ്ങളില്‍ രണ്ടു വിധത്തിലുള്ള പ്രതികാരബുദ്ധിയാണ് പിറവിയെടുക്കുക. ഒന്ന്, തന്നോടുതന്നെയുള്ള പ്രതികാരം- ആത്മഹത്യ. രണ്ട്, ശത്രുവിനോടുള്ള പ്രതികാരം- അത് കൊലപാതകം അല്ലെങ്കില്‍ നശീകരണം! 
 
ഫാക്ടറിക്കു തീയിട്ടവരില്‍ വിമലിന് 19 വയസ്സേയുള്ളൂ. ബിനുവിന് 39 വയസ്സ്.  മനസ്സ് ദുര്‍ബലമായിപ്പോകുന്ന പ്രായക്കാരോ പ്രകൃതക്കാരോ അല്ല ഇരുവരും. ദുര്‍ബലന്മാര്‍ സമൂഹത്തോടുള്ള പ്രതികാരം സ്വയം തീര്‍ക്കുമ്പോള്‍, മാനസികമായി കുറേക്കൂടി ശക്തിയുള്ളവര്‍ (ചിലപ്പോള്‍ വികല മാനസരും) അത് പുറത്തേക്കു തിരിച്ചുവിടും. ഫാമിലി പ്ലാസ്റ്റിക്‌സില്‍ സംഭവിച്ചതും അതുതന്നെ.
 
ശമ്പളക്കുറവോ അച്ചടക്ക നടപടിയോ ഉള്‍പ്പെടെയുള്ള തൊഴില്‍ വിഷയങ്ങളില്‍ അസംതൃപ്തരായി, സ്വന്തം കമ്പനിയോടുള്ള പരിഭവവും പരാതിയും ഉള്ളിലടക്കി നിശ്ശബ്ദരായി ജോലിചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലുണ്ടാകും. സ്ഥാപനത്തിന് ബോംബു വയ്ക്കാനോ, സ്ഥാപനം ഉടമയെ കൊലപ്പെടുത്താനോ ഒക്കെയുള്ളത്ര പക ഇവരുടെ ഉള്ളിലുണ്ടാകും.
 
പക്ഷേ, ആ പകയുടെ കനലിനു മീതെ വാട്ടര്‍സ്‌പ്രേ നടത്തുന്ന പല ഘടകങ്ങളുമുണ്ടാകും.   നിസ്സഹായത, ഭീതി, പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരം, സ്വന്തം കുടുംബത്തെക്കുറിച്ചുള്ള ചിന്ത, പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസം... ഇവയൊക്കെ മനസ്സിനെ ശാന്തവും പക്വവുമാക്കുന്ന ഘടകങ്ങളാണ്. ഇവയൊന്നും സ്വയം പ്രവര്‍ത്തനക്ഷമമാവുകയോ, അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം മാനസിക ഭൂകമ്പങ്ങള്‍ സംഭവിക്കുന്നത്.
 
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലൊന്നില്‍, പ്രമുഖമായൊരു ആശുപത്രിയില്‍ രണ്ട് അമ്മമാര്‍ പ്രസവിച്ച കുഞ്ഞുങ്ങളെ പരസ്പരം മാറ്റിയ നഴ്‌സിംഗ് ജീവനക്കാരിയുടെ നടപടി വലിയ വിവാദങ്ങള്‍ക്കു വിഷയമായതാണ്. മാസങ്ങള്‍ക്കു ശേഷം, ഈ കള്ളക്കളിക്കു പിന്നിലെ സത്യം പുറത്താകാന്‍ കുഞ്ഞുങ്ങളുടെ ഡി.എന്‍.എ പരിശോധന വരെ വേണ്ടിവന്നു. സ്വന്തം കുഞ്ഞെന്നു കരുതി രണ്ട് അമ്മമാര്‍ മുലയൂട്ടി താലോലിച്ച കുഞ്ഞുങ്ങള്‍ സ്വന്തമായിരുന്നില്ലെന്ന് തിരിച്ചറിയുമ്പോഴത്തെ ആ അമ്മമാരുടെ മാനസികസ്ഥിതി നമുക്ക് മാറ്റിവയ്ക്കാം. ആശുപത്രി മാനേജ്‌മെന്റിനെ കുരുക്കിലാക്കാനും, ആശുപത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനും നവജാത ശിശുക്കളെ മാറ്റി നല്‍കിയ നഴ്‌സിംഗ് ജീവനക്കാരുടെ മാനസികാവസ്ഥ ആര് അപഗ്രഥിക്കും? ആശുപത്രിയുടെ പ്രതിച്ഛായയും പ്രതാപവും നിലംപൊത്താന്‍ വൈകാരികമായ ഈ ഒരൊറ്റ സംഭവം മതിയായിരുന്നു.
 
സ്വന്തം വ്യക്തിത്വവും സ്വഭാവമഹിമയും ബലികഴിച്ചായാലും തരക്കേടില്ല, ശത്രുപക്ഷക്കാരന് എതിരെ ലൈംഗികാരോപണമെന്ന ശീര്‍ഷകത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പു നടന്ന ചൂഷണവര്‍ത്തമാനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിളമ്പുന്ന മീ ടൂ ക്യാംപെയ്‌നിലെ പല വെളിപ്പെടുത്തലുകളും ഇത്തരം പ്രതികാരബുദ്ധിയുടെ ഉത്പന്നങ്ങളാണെന്ന് കരുതേണ്ടിവരും. ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ത്തന്നെ, അതിനു ശേഷമുള്ള ദീര്‍ഘവര്‍ഷങ്ങളിലെ നിശ്ശബ്ദതയ്ക്ക് അര്‍ത്ഥമെന്താണ്? പരസ്പര ഇഷ്ടത്തോടെ, പരസ്പര ധാരണയോടെ, പരസ്പര വിശ്വാസത്തോടെ ആയിരുന്നു പഴയ ചേഷ്ടകള്‍ എന്നല്ലേ? പങ്കാളിയുമായുള്ള സ്വരച്ചേര്‍ച്ച നഷ്ടമാകുമ്പോള്‍, പങ്കാളിയെ വ്യക്തിഹത്യ നടത്തി വിരട്ടാനിറങ്ങുമ്പോള്‍ നഷ്ടമാകുന്നത് സ്വന്തം വ്യക്തിത്വം കൂടിയാണെന്ന നാണക്കേടൊന്നും ഇവര്‍ക്കു ബാധകമല്ല.
 
സൂക്ഷ്മമായി അപഗ്രഥനം ചെയ്താല്‍ ഇവയെല്ലാം, നമ്മുടെ സാമൂഹിക മനശ്ശാസ്ത്രഘടനയില്‍ നമ്മള്‍ പോലുമറിയാതെ ഉയിരെടുത്ത ചില വൈകല്യങ്ങളാണെന്ന് തിരിച്ചറിയാം. പീഡനങ്ങള്‍ മറച്ചുവയ്ക്കണമെന്നോ, പീഡകര്‍ വിശുദ്ധന്മാരാണെന്നോ അല്ല ഈ പറഞ്ഞതിനൊന്നും അര്‍ത്ഥം. അങ്ങനെ വ്യാഖ്യാനിച്ചുള്ള വിമര്‍ശനങ്ങളും വേണ്ട. സ്ത്രീയും പുരുഷനും ഒരുപോലെ ബഹുമാനവും ആദരവും അവകാശവും അര്‍ഹിക്കുന്നവര്‍ തന്നെ. പ്രകൃതി തന്നെ ജൈവികമായ കാരണങ്ങളാല്‍ നിശ്ചയിച്ചിട്ടുള്ള ചില ശാരീരിക പ്രത്യേകതകള്‍ മാറ്റിനിറുത്തിയാല്‍ ആണും പെണ്ണും എന്ന വിവേചനത്തിന് ഒരര്‍ത്ഥവുമില്ല (ശബരിമല യുവതീപ്രവേശന വിഷയത്തിലെ ആചാരസംബന്ധമായ നിഷ്ഠകളുമായി ഈ കാഴ്ചപ്പാടിന് യാതൊരു ബന്ധവുമില്ല. നൈഷ്ഠിക ബ്രഹ്മചാരിയായ ശ്രീ അയ്യപ്പന്‍ അവിടെ ധ്യാനനിദ്രയില്‍ത്തന്നെ തുടരട്ടെ).
 
വ്യക്തിപരമായ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാമൂഹിക ആരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു മാനസികാരോഗ്യ പദ്ധതി ഇന്നോളം ഒരു സര്‍ക്കാരും ആവിഷ്‌കരിച്ചു കണ്ടിട്ടില്ല. വ്യക്തിമനശ്ശാസ്ത്രം ആര്‍ക്കും പിടികിട്ടാത്ത പാതാളങ്ങളിലേക്ക് താഴുകയും, സാമൂഹിക ആരോഗ്യം അതിലും വലിയ പ്രഹേളികയായി മാറുകയും ചെയ്ത കാലത്ത് ഇനി ചിന്തിക്കേണ്ടത് ഒരു സാമൂഹികാരോഗ്യ നവീകരണ പദ്ധതിയെക്കുറിച്ചാണ്. അല്ലെങ്കില്‍ ഇല്ലം ചുടുന്നവരുടെയും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരുടെയും എണ്ണം പെരുകിക്കൊണ്ടേയിരിക്കും.
 

 

Readers Comment

Add a Comment