Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:51 am
  • 11th March, 2026
  • Broken Clouds
34.85°C34.85°C
  • Humidity: 38 %
  • Wind: 1.4 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്തസ്സോളമല്ല, സ്വന്തം ജീവിതത്തോളം തന്നെ വിലയുള്ള സത്യം തെളിയിക്കാന്‍ ഒരു സ്ത്രീക്ക് എവിടംവരെ പോകാം? ഏതറ്റം വരെയും! അതിനായി എത്ര കാലവും ധീരമായി പോരാടാം. തൊടുപുഴ സ്വദേശിനി ശോഭ അത്തരമൊരു നിയമയുദ്ധത്തിനു മുന്നില്‍ സ്വന്തം സത്യസന്ധത മാത്രം ആയുധമാക്കി  പോരാടിയത് രണ്ടു വര്‍ഷമാണ്. ഒടുവില്‍, ആ സത്യം ശാസ്ത്രീയമായി തെളിഞ്ഞു: രണ്ടു വര്‍ഷം മുമ്പ് വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വീഡിയോയിലെ മുഖം ശോഭയുടേതല്ല.
പക്ഷേ, ശോഭയുടെ കുടുംബജീവിതം താറുമാറാക്കുകയും, ഭര്‍തൃകുടുംബത്തില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത ക്രൂരവിധിക്കു പിന്നിലെ വില്ലനാര്? ഉദ്ദേശ്യം എന്ത്? ഗൂഢാലോചന സാധ്യത അന്വേഷിക്കുമെന്ന് പോലീസ് പറയുമ്പോള്‍ അത്തരത്തിലൊരു സാധ്യതയെന്ത്? അന്തസ്സും വ്യക്തിത്വവും വീണ്ടെടുക്കാന്‍ നടത്തിയ പോരാട്ടത്തില്‍ ജയിച്ചെങ്കിലും, സ്വന്തം മക്കള്‍ക്കു മുന്നില്‍പ്പോലും അപമാനിതയായി നില്‌ക്കേണ്ടിവന്ന ശോഭയ്ക്ക് രണ്ടുവര്‍ഷത്തിനിടെ നഷ്ടമായ ജീവിതം ആര് മടക്കിനല്‍കും?
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിച്ച അശ്ലീല വീഡിയോയിലെ യുവതിക്ക് തന്റെ ഭാര്യയുമായി മുഖസാമ്യം കണ്ടാല്‍ ഏതു ഭര്‍ത്താവിന്റെയും മനോനില ഒന്നു പതറും. പക്ഷേ, വിവാഹമോചന ഹര്‍ജി നല്‍കും മുമ്പ് ഭാര്യയുടെ സത്യസന്ധതയും നിരപരാധിത്വവും അന്വേഷിക്കുകയും, വിശ്വസ്തതയോടെ അവരെ പിന്‍തുണയ്ക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഭര്‍ത്താവിനുണ്ടായിരുന്നില്ലേ? വെറുമൊരു മുഖസാദൃശ്യത്തിന്റെ പേരില്‍ ശോഭയെ കയ്യൊഴിയും മുന്‍പ് സത്യം തേടാനും, സൈബര്‍ പോലീസില്‍ പരാതി നല്‍കാനുമുള്ള ബാധ്യത ഭര്‍തൃകുടുംബത്തിന് ഉണ്ടായിരുന്നില്ലേ? മൂന്നു മക്കള്‍. തന്റെ പേരില്‍ അവര്‍ അപമാനിതരാകാതിരിക്കാന്‍ കൂടിയാണ് ശോഭയ്ക്ക് ആ തീരുമാനമെടുക്കേണ്ടിവന്നത്-  വീടു വിടുക; ആ മുഖം തന്റേതല്ലെന്നു തെളിയിക്കാന്‍ സാധ്യമായ വഴികളെല്ലാം തേടുക.
ജീവിതത്തിനും അന്തസ്സിനും മീതെ കരിനിഴല്‍ ചാലിച്ചുതേച്ച ആ ദിവസം, ഇനിയൊരു ജന്മം കൂടി ജനിച്ചാലും ശോഭ മറക്കില്ല. 2016 നവംബറിലായിരുന്നു അത്. ഭര്‍ത്താവ് കൂടി അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഒരു അശ്ലീല വീഡിയോ വൈറല്‍ ആകുന്നു. അതു നാട്ടിലാകെ പ്രചരിപ്പിക്കപ്പെടുന്നു. നാട്ടുകാരുടെ കമന്റുകള്‍, തുറിച്ചുനോട്ടം, പരിഹാസം, അവജ്ഞ.... ദൃശ്യങ്ങളിലുള്ളത് താനല്ലെന്ന് അറിയുന്ന ഒരാളേ ഭൂമിയില്‍ ഉണ്ടായിരുന്നുള്ളൂ- ശോഭ മാത്രം. മറ്റെല്ലാം ശോഭ സഹിച്ചേനേ- ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും ഒരു പിന്‍ബലം കിട്ടിയിരുന്നെങ്കില്‍.
സൈബര്‍ സെല്ലിലായിരുന്നു ആദ്യ പരാതി. വാട്‌സ്ആപ് വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോയില്‍ കാണുന്നത് ശോഭയല്ലെന്ന് റിപ്പോര്‍ട്ട് വന്നു. പക്ഷേ, അതൊന്നും അംഗീകരിക്കാന്‍ ശോഭയുടെ ഭര്‍ത്താവോ സമൂഹമോ തയ്യാറായിരുന്നില്ല. തോല്‍ക്കാന്‍ മനസ്സില്ലാതിരുന്ന ശോഭ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു കണ്ട് പരാതി നല്‍കി. സൈബര്‍ കേസുകളില്‍ ശാസ്ത്രീയ പരിശോധന നിര്‍വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ സി- ഡാകിലേക്ക് ദൃശ്യങ്ങള്‍ അയച്ചു. അതിന്റെ പരിശോധനാ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്: അതു ശോഭയല്ല!
സത്യം ജയിച്ചു, പക്ഷേ... തന്റെ ചിത്രം മോര്‍ഫ് ചെയ്ത ക്രൂരത ആരുടേത്? അതു പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി ലിറ്റോയ്ക്ക് ഇതിലുള്ള പങ്കെന്ത്? കൊച്ചി സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍  കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. സൈബര്‍ ലോകത്തിന്റെ ഇരുള്‍വലകള്‍ക്കു പിന്നിലെവിടെയോ മറഞ്ഞിരിക്കുന്ന ആ മനുഷ്യന്‍ ആരാണ്? ഈ വീഡിയോ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണോ കംപ്യൂട്ടറോ തിരിച്ചറിയാന്‍ എത്ര കാലം കൂടി കാത്തിരിക്കണം? ആ കംപ്യൂട്ടറിന്റെ ഉടമയെ കണ്ടെത്തിയാല്‍ അന്വേഷണത്തിന്റ അടുത്ത ഘട്ടം പൂര്‍ത്തിയാകും. പക്ഷേ, അതിന് ഏറെ സമയമെടുക്കുമെന്ന് പോലീസ് തന്നെ പറയുന്നു. ശോഭ അധൈര്യപ്പെടുന്നില്ല. മൂന്നു മക്കളെ കാണാന്‍ പോലും അനുവാദമില്ലാതിരുന്ന രണ്ടുവര്‍ഷത്തെ പീഡാനുഭവം അവളെ അത്രയ്ക്ക് കരുത്തുറ്റവളാക്കിയിരിക്കുന്നു.
ശോഭയ്ക്ക് അറിയേണ്ടത് രണ്ടു കാര്യങ്ങളാണ്- ആര്? എന്തിന്? ദിവസവും വാട്‌സ്ആപ് ഗ്രൂപ്പുകളിലെത്തുന്ന ഇത്തരം വികൃതദൃശ്യങ്ങള്‍ക്കു പിന്നില്‍ എത്രയോ ഇരകളുടെ കണ്ണീരുണ്ടാകാം. മോര്‍ഫിംഗിലൂടെ പ്രതികാരം തീര്‍ക്കുകയോ, വെറുമൊരു നേരമ്പോക്കിന് അയല്‍ക്കാരിയുടെയോ ബന്ധുസ്ത്രീയുടെയോ അപരിചിതയായ ഏതോ സ്ത്രീയുടേയോ മുഖരൂപം മോര്‍ഫിംഗിലൂടെ പോര്‍ണോ വീഡിയോകളിലേക്ക് ചേര്‍ത്തുവയ്ക്കുമ്പോള്‍ അവരുടെ കുടുംബത്തില്‍ എന്തു സംഭവിക്കുന്നുവെന്ന് ആരോര്‍ക്കാന്‍?
സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും പ്രതാപകാലത്ത് നിമിഷങ്ങള്‍ മതി, ഒരാള്‍ മറ്റൊരാളുടെ ഇരയാകാന്‍. അതിനു പ്രത്യേക കാരണം വേണമെന്നു പോലുമില്ല. വെറുതേ ഒരു രസം! പക്ഷേ, വിവരസാങ്കേതിക വിദ്യയില്‍ ലോകം വിരല്‍ത്തുമ്പിലെന്ന് ഞെളിയുമ്പോഴും, ഇത്തരം കേസുകളില്‍   മോര്‍ഫ് ചെയ്യപ്പെട്ട ചിത്രമോ ദൃശ്യമോ ഒറിജിനേറ്റ് ചെയ്ത ഉപകരണം കണ്ടെത്താനും, കുറ്റവാളിയെ കണ്ടെത്താനും കാലതാമസം പാടുണ്ടോ?
സൈബര്‍ ലോകത്തെ ലൈംഗിക മനോരോഗികള്‍ക്കു മുന്നില്‍ ഏതു സ്ത്രീയും എപ്പോള്‍ വേണമെങ്കിലും വ്യാജമായി വിവസ്ത്രരാക്കപ്പെടാം! അന്വേഷണവും കണ്ടെത്തലും വിചാരണയും ശിക്ഷയുമെല്ലാം സ്വാഭാവിക നടപടികളാണ്. നിരപരാധികളായ ഇരകള്‍ക്കു നഷ്ടമായ അന്തസ്സും ജീവിതവും ആര് തിരികെ നല്‍കും?

Readers Comment

Add a Comment