Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഞ്ച് മിനിറ്റിനുള്ളില്‍ 7000 മുതല്‍ 28000 രൂപ വരെ വായ്പ കിട്ടുമെന്നും ഉടന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ എന്നും പറഞ്ഞ് മാനന്തവാടി കാര്‍ഷിക സര്‍വീസ് സഹകരണ ബാങ്കിലെ ഇടപാടുകാരുടെ ഫോണിലേക്കു  സന്ദേശമെത്തുകയായിരുന്നു. ഈ ലിങ്ക് തുറന്നവരുടെ ഫോണില്‍ ഹോം ക്യാഷ് എന്ന പേരിലുള്ള ചൈനീസ് ആപ്പ് ഇന്‍സ്റ്റാളായി. ഫോണില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളും പാസ്വേര്‍ഡുകളും കോണ്‍ടാക്ട് നമ്പറുകളും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി ചോര്‍ന്നുവെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ടെക്നിസാന്‍റ് എന്ന സൈബര്‍ സുരക്ഷാ കമ്പനി കണ്ടെത്തി.  സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി , കടക്കെണിയിലാകാന്‍ ഈ ഒറ്റ ക്ലിക്ക് തന്നെ ധാരാളം എന്ന്   വിദഗ്ധര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇനി പോലീസ് സ്റ്റേഷനിൽ എത്തിയ ഒരു യുവതിയുടെ  പരാതി എന്താണെന്ന് നോക്കാം. തന്റെ ഫോട്ടോ അശ്‌ളീല ഫോട്ടോയോടൊപ്പം മോർഫ് ചെയ്ത് വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നു.എന്നായിരുന്നു വിവാഹിതയും, ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയുടെ പരാതി.


പരാതിക്കാരിയുടെ  മൊബൈൽഫോൺ വിശദമായി  പരിശോധിച്ചതിൽ  യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച്  സഹപ്രവർത്തകരോടൊപ്പം എടുത്ത  ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നത്. ഓഫീസിലെ വിശേഷദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി. അയാളുടെ മൊബൈൽ ഫോണും പരിശോധനക്ക് വിധേയമാക്കി. കൂടെ ജോലിചെയ്യുന്നവരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അയാൾ.  മാത്രവുമല്ല, ഇത്തരത്തിൽ, ഒരു ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കത്തക്കതായ യാതൊരു കാരണവും തനിക്കില്ലെന്നും അയാൾ വ്യക്തമാക്കി.


ഇരുവരുടേയും മൊബൈൽ ഫോണുകൾ വീണ്ടും വിശദമായി പരിശോധിച്ചതിൽ യുവാവിന്റെ മൊബൈൽ ഫോണിൽ  ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് പോലീസുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പണത്തിന്റെ അത്യാവശ്യം വന്നപ്പോൾ അയാൾ ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോൺ എടുത്തു. പലിശ സഹിതം ഇരട്ടിയോളം തുക തിരിച്ചടക്കുകയും ചെയ്തായിരുന്നു . എന്നാൽ  ലോൺ ആപ്പ് കമ്പനിക്കാർ, പണം ലഭിച്ചില്ലെന്നും, വീണ്ടും വീണ്ടും തുക അടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടിരുന്നു . അയാൾ കണക്കു സഹിതം സമർത്ഥിച്ചിട്ടും ലോൺ ആപ്പുകാർ  വേറെ വേറെ മൊബൈൽ നമ്പറുകളിൽ നിന്നും ഭീഷണി തുടർന്നു. നാണക്കേട് ഭയന്ന് യുവാവ് സംഭവിച്ചതൊന്നും പുറത്തു പറയാതിരിക്കുകയായിരുന്നു. തുടർന്നു  ലോൺ ആപ്പ് കമ്പനിക്കാർ ഈ യുവാവിനെ ഭീഷണിപ്പെടുത്താനായി യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തതും പ്രചരിപ്പിചു.

  
യുവതിയുടെ ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയായിരിക്കാമെന്ന്  പോലീസ് ഉദ്യോഗസ്ഥർ അവരോട് പറഞ്ഞു മനസ്സിലാക്കി.തുടർന്ന്  സൈബർ ക്രൈം വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി വരുന്നു. തിരിച്ചടവ് ഒരു ദിവസം വൈകിയതിന് വേശ്യയെന്ന് പ്രചരിപ്പിച്ചുവെന്ന് സൂറത്തിൽ ഇത്തരത്തിൽ അതിക്രമത്തിന് വിധേയയായ സ്ത്രീ പറയുന്നു.  ഭീഷണി ഭയന്നാണ് കഴിയുന്നതെന്നും പൊലീസിൽ പരാതി നൽകിയിട്ടും കാര്യമായ നടപടിയുണ്ടായില്ലെന്നും അവർ പറഞ്ഞു. പണം വാങ്ങിയത് ലൈവ് ക്യാഷ് എന്ന ആപ്പ് വഴിയാണെന്നും സ്ത്രീ വെളിപ്പെടുത്തി.  പൂണെയിൽ മലയാളിയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തിൽ ഭീഷണിയെത്തിയത് ആസാൻ ലോൺ എന്ന ആപ്പിന്‍റെ പേരിലായിരുന്നു. ഇൻസ്റ്റന്‍റ് ലോൺ നൽകുന്ന ആപ്പാണിത്.  ആപ്പിനെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചുള്ള ഭീഷണി പതിവാണെന്നാണ് ആരോപണം. പരാതികൾ പ്രവഹിക്കുന്നുണ്ടെങ്കിലും പുല്ലുവില പോലും കൽപ്പിക്കാതെ നൂറുകണക്കിന് ആപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇനി ഇവർ എങ്ങനെയാണു ഇത്തരം ചതിക്കുഴി ഒരുക്കുന്നത് എന്ന് നോക്കാം.

 

ഇത്തരം പരസ്യങ്ങൾ നമ്മുടെ ഫോണിലേക്കു വരുമ്പോൾ നിങ്ങളുടെ ഒറ്റക്ലിക്കിലൂടെ  ലോൺ ആപ്പ് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ഉടനടി തന്നെ ഫോണിൽ നിന്നും നമ്മുടെ കോൺടാക്ട്സ്, ഗാലറി എന്നിവ ലോൺ ആപ്പ് കമ്പനിക്കാർ കൈക്കലാക്കുകായും ചെയ്യുന്നു. അതിനു ശേഷം  ലോൺ ലഭിക്കുന്നതിന് വ്യക്തിയുടെ ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക്  എന്നിവയുടെ പകർപ്പുകളും ആവശ്യപ്പെടും. ഇതെല്ലാം നൽകിക്കഴിയുമ്പോൾ മാത്രമേ ലോൺ എടുക്കുന്നയാളുടെ എക്കൌണ്ടിലേക്ക്, പണം നിക്ഷേപിക്കപ്പെടുകയുള്ളൂ. ലോൺ തുകയിൽ നിന്നും വലിയൊരു തുക കിഴിച്ചതിനുശേഷം ബാക്കി തുകയായിരിക്കും നൽകുന്നത്. കൃത്യമായി ലോൺ തിരിച്ചടച്ചാലും, അത് ലോൺ ആപ്പിൽ വരവു വെക്കുകയില്ല. ലോൺ തുക മുടങ്ങി എന്നപേരിൽ അവർ വീണ്ടും വീണ്ടും പണവും പലിശയും വശ്യപ്പെടും. അതിന് ശേഷം  ലോൺ വാങ്ങിയയാളുടെ കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ച് അതിലെ സ്ത്രീകളുടെ പ്രൊഫൈൽ ചിത്രങ്ങൾ മോർഫ്  ചെയ്യുന്നു. ലോൺ വാങ്ങിയയാളോ, ലോൺ നൽകിയ സ്ഥാപനമോ അല്ലാതെ കോൺടാക്ട് ലിസ്റ്റിലുള്ള മറ്റൊരു വ്യക്തിയുടെ ചിത്രമായിരിക്കും മോർഫ് ചെയ്യുന്നത്. അതിനുശേഷം മോർഫ് ചെയ്ത ചിത്രം ലോൺ എടുത്തയാൾക്കും കോൺടാക്ട് ലിസ്റ്റിലുള്ള ആൾക്കും അയച്ചു കൊടുക്കുന്നു. ലോൺ തിരിച്ചടച്ചില്ലെങ്കിൽ ഇത് വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു.  ഉപഭോക്താവ് ലോൺ തുക തിരിച്ചടക്കാതാവുന്നതോടെ മോർഫ് ചെയ്ത ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. മിക്കവാറും ഫേക്ക് ഐഡികളിൽ നിന്നും, വ്യാജമായി സൃഷ്ടിച്ച വാട്സ് ആപ്പ് നമ്പറുകളിൽ നിന്നുമായിരിക്കും ഇത്തരക്കാർ മെസേജുകൾ അയക്കുന്നത്.  അപകടങ്ങൾക്ക് ഇരയാകുന്നവർ നാണക്കേട് ഓർത്ത് പരാതി പറയുന്നതിന് വിമുഖത കാണിക്കുന്നതോടെ, കുറ്റവാളികൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതിനുള്ള ധൈര്യവും ലഭിക്കുന്നു.

 

ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്.ഇൻസ്റ്റന്റ് ലോൺ ആപ്പുകളുടെ ചതിക്കുഴിയിൽ വീഴുന്നത്  വീട്ടമ്മമാരടക്കം നിരവധി മലയാളികൾ ആണ് . 8 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ലോൺ ലഭിക്കാൻ ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി വരുന്നതോടെയാണ് സ്വകാര്യവിവരങ്ങൾ സംഘത്തിന് ലഭിക്കുന്നത്. മലയാളി അടക്കം നിരവധി പേര്‍ ആത്മഹത്യ ചെയ്തിട്ടും ഇത്തരം ആപ്പുകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ഓരോ ദിവസവും കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ ഈ കമ്പനികളുടെ ചതിക്കുഴികളില്‍ വീഴുകയാണ്. സർക്കാരും സൈബർ സെല്ലും ചേർന്ന് പ്രവർത്തിച്ചു ഇത്തരം ആപ്പുകളെ നിയന്ത്രിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതോടൊപ്പം ഫോൺ ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ടത്, നമ്മൾ  ആണ് ഇത്തരം ആപ്പുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാപ്പെനമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്. അതിനാൽ നമ്മുടെ ജീവനും മാനത്തിനും കണക്കു പറയേണ്ടി വരുന്ന ഇത്തരം ഇൻസ്റ്റന്റെ ലോൺ തട്ടിപ്പുകളിൽ കുരുങ്ങാതെ മുന്നോട്ടു പോകാൻ കണ്ണും കാതും തുറന്നു വച്ച് എപ്പോഴും ജാഗരൂഗരായിരിക്കുക.

അതോടൊപ്പം കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്നിട്ടുള്ള സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യകളുടെയും പിന്നിൽ ഇത്തരം  ഇൻസ്റ്റന്റ് ലോൺ ആപ്പുലോബികളുടെ കൈയുണ്ടോ എന്നത് പഠനവിധേയമാക്കേണ്ട കാര്യവുമാണ്. .  

 

Readers Comment

Add a Comment