Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:44 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം നഗരമധ്യത്തിൽ അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപന ശാലയിലെ ജീവനക്കാരി കുത്തേറ്റു മരിച്ച സംഭവത്തിൽ കൊലയാളിയുടേതെന്നു കരുതുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസ് പുറത്ത് വിട്ടിരിക്കുകയാണ് . ദൃശ്യങ്ങളിൽ നിന്നു ആളെ തിരിച്ചറിഞ്ഞ ഓട്ടോറിക്ഷാ ഡ്രൈവറും   വിവരങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട് . ഇയാൾ ഇതരസംസ്ഥാനക്കാരനാണെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചനകൾ . അമ്പലമുക്കിൽ നിന്നു തന്റെ ഓട്ടോറിക്ഷയിൽ കയറി മുട്ടട ജംക്‌ഷന് അടുത്തുള്ള ആലപ്പുറം കുളത്തിനു സമീപത്ത് ഇയാൾ ഇറങ്ങിയതായാണ് ഓട്ടോഡ്രൈവർ പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ്, പ്രതിയെന്നു കരുതുന്നയാൾ ഇവിടെ ചുറ്റിക്കറങ്ങി നിന്ന ശേഷം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് അമ്പലമുക്കു ഭാഗത്തേക്കു തിരികെ പോകുന്നതായി സ്ഥിരീകരിച്ചു. അമ്പലമുക്കിൽ നിന്നു കയറിയ ഇയാൾ മെഡിക്കൽ കോളജിൽ പോകണമെന്നാണ് ആവശ്യപ്പെട്ടതെങ്കിലും മുട്ടട ജംക്‌ഷനിലെത്തിയപ്പോൾ അവിടെ ഇറങ്ങണമെന്ന് പറഞ്ഞു. 
അന്നു  11 മണിയോടെ നീല ഷർട്ടും കറുത്ത പാന്റും ധരിച്ച ഒരാൾ കടയ്ക്കുള്ളിലേക്ക് കയറിപ്പോകുന്നതും 20 മിനിറ്റിനുള്ളിൽ തിരിച്ചു പോകുന്നതുമായ ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. 40 വയസ്സിൽ താഴെ തോന്നിക്കുന്ന ഇയാൾ തൂവാല ഉപയോഗിച്ച് മുഖവും തലയും ഏകദേശം പൂർണമായി മറച്ചിരുന്നു. ചെടിക്കടയിൽ നിന്ന് ഇറങ്ങിവരുമ്പോൾ ഇയാളുടെ കയ്യിൽ മുറിവേറ്റിരുന്നതായി ദൃശ്യങ്ങളിൽ അവ്യക്തമായി കാണാമെന്നു പൊലീസ് അറിയിച്ചു. 11 മണി വരെ വിനീതയെ കടയ്ക്കു പുറത്തു കണ്ടവരുണ്ട്.

ഏതാണ്ട് ഇതേ സമയത്താണ് പ്രതിയെന്നു കരുതുന്നയാൾ കടയ്ക്കുള്ളിലേക്കു കയറുന്നത്. കൊലപാതക വിവരം പുറത്തു വരുന്നതു വരെ മറ്റാരും കടയിലെത്തിയതായി കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു. പ്രധാന റോഡിനോടു ചേർന്ന വീട്ടിലാണ് ചെടിക്കട പ്രവർത്തിച്ചിരുന്നത്.  ചെടി വാങ്ങാൻ ആളെത്തിയപ്പോൾ ജീവനക്കാരെ കാണാത്തതിനെ തുടർന്ന്  അന്വേഷിച്ചെത്തിയ സ്ഥാപന ഉടമയും  ജീവനക്കാരിയുമാണ് ആദ്യം മൃതദേഹം കാണുന്നത്. വിനീതയുടെ 4 പവന്റെ മാല നഷ്ടമായിട്ടുണ്ടെന്നാണ് വീട്ടുകാരുടെ പരാതി.

എന്നാൽ കടയിലുണ്ടായിരുന്നതും വിനീത ബാഗിൽ സൂക്ഷിച്ചിരുന്നതും അടക്കം മുക്കാൽ ലക്ഷത്തോളം രൂപ കളവു പോകാത്തതിനാൽ മോഷണശ്രമമല്ല കൊലപാതകത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകം നടന്ന് 3 ദിവസം പിന്നിട്ടിട്ടും കൊലപാതകിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ പ്രതാപചന്ദ്രൻ, കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ ധിൻരാജ് എന്നിവരുടെ മേൽനോട്ടത്തിലാണ് പുതിയ സംഘം. പേരൂർക്കട സിഐ വി.സജി കുമാർ, മണ്ണന്തല സിഐ. എ.ബൈജു, മ്യൂസിയം സിഐ ധർമജിത് എന്നിവരും സൈബർ വിദഗ്ധരും ഷാഡോ പൊലീസും സംഘത്തിലുണ്ട്.


ഈ  കൊലപാതകം സംബന്ധിച്ച് നിർണായക വിവരം നൽകിയ ഓട്ടോഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി അന്യ  സംസ്ഥാനക്കാരൻ ആണെന്നാണ്  സൂചനയെന്നു പൊലീസ് വ്യക്തമാക്കി . മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി ഇവിടെ സ്ഥിരമായി താമസിക്കുന്നവരുടെ രീതിയിലായിരുന്നു പ്രതിയെന്നു കരുതുന്നയാളുടെ സംസാരമെന്നാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി. എന്നാൽ ഡ്രൈവറും യാത്രക്കാരനും തമ്മിൽ അധികം സംഭാഷണമുണ്ടായില്ല. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതി കൊണ്ടുവന്നതാണോയെന്ന സംശയത്തിലാണു പൊലീസ്. ചെടികൾ മുറിക്കുന്നതിനുൾപ്പെടെ ഒട്ടേറെ മൂർച്ചയുള്ള ആയുധങ്ങൾ കടയിലുണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് കടയുടമയുടെ മൊഴി.  കടയിൽ സൂക്ഷിച്ചിട്ടുള്ള ആയുധങ്ങളിൽ ഒന്നിൽ പോലും രക്തക്കറ കണ്ടെത്താൻ കഴിയാത്തതുമാണ് സംശയത്തിനും ദുരൂഹതയ്ക്കുമിടയാക്കുന്നത്.


അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു വിനീത. ഞായറാഴ്ച കടയ്ക്കുള്ളിലാണ് വിനീത കുത്തേറ്റുകൊല്ലപ്പെട്ടത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം എന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോട്ട് വ്യക്തമാക്കുന്നത് . കടയിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നു വരുന്നത് . വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

Readers Comment

Add a Comment