Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:36 am
  • 7th December, 2021
  • Overcast Clouds
24.82°C24.82°C
  • Humidity: 98 %
  • Wind: 0.8 km/h

Breaking News

  • ഇടുക്കി ഡാമിൽ വെള്ളം 2401 അടി, ഓറഞ്ച് അലർട്ട്; 2 അടി ഉയർന്നാൽ ഷട്ടർ തുറന്നേക്കും
  • ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ വീണ്ടും തുറന്നു
i2i News Trivandrum

ചെറുപ്പത്തിലേ കളിപ്പാട്ടങ്ങളല്ല, കംപ്യൂട്ടറായിരുന്നു ഹരം. വിവിധ കംപ്യൂട്ടർ ഭാഷകൾ പഠിക്കുക, സോഫ്റ്റ്‌വെയറുകളിൽ മിടുക്കു നേടുക എന്നൊക്കെയാണു പുറമേ കാണിച്ചിരുന്നതെങ്കിലും തലതിരിവായിരുന്നു ശ്രീകൃഷ്ണ രമേഷ് എന്ന ‘ശ്രീകി’യുടെ തലയിൽ. എത്ര സുരക്ഷിതമായി കെട്ടിപ്പൂട്ടിവച്ചിട്ടുള്ള വെബ്സൈറ്റുകളിലും നുഴഞ്ഞുകയറുക (ഹാക്കിങ്), അത്തരം തട്ടിപ്പിലൂടെ പണം വാരുക– അതായിരുന്നു യഥാർഥ ലക്ഷ്യം. എന്തായാലും ഈ ഇരുപത്തിയാറുകാരൻ ഹാക്കറാണ് ഇപ്പോൾ കർണാടകയിലെ ബിജെപി സർക്കാരിനെ വട്ടം ചുറ്റിക്കുന്ന വമ്പൻ ബിറ്റ്കോയിൻ തട്ടിപ്പിന്റെ സൂത്രധാരൻ. 

രാജ്യം കണ്ട ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി തട്ടിപ്പിനായി ശ്രീകിയെ ബിജെപി മന്ത്രിമാരടക്കമുള്ള നേതാക്കൾ ഉപയോഗിച്ചതാണെന്നു കോൺഗ്രസ് ആരോപിക്കുന്നു. ഇതു നിഷേധിക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിനും മറുപടികൾക്കും വേണ്ടത്ര ശക്തിയില്ലാത്തത് ഇക്കാര്യത്തിൽ ബിജെപിയുടെ ദൗർബല്യത്തിന് അടിവരയിടുന്നതായും വിമർശനമുയർന്നുകഴിഞ്ഞു. വിവാദങ്ങൾക്കിടെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ധൃതി പിടിച്ചു ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതും ക്രിപ്റ്റോ കറൻസികളെ നിയന്ത്രിക്കാനുള്ള ബിൽ അവതരിപ്പിക്കാനിരിക്കെ മോദി ഈ മേഖലയിലെ വിദഗ്ധരുമായി അടിയന്തര കൂടിക്കാഴ്ച നടത്തിയതുമെല്ലാം കർണാടകയിൽ എന്തൊക്കെയോ പുകഞ്ഞുകത്തുന്നുവെന്നതിന്റെ സൂചനകളായി. 

രാജ്യത്തു ക്രിപ്റ്റോ കറൻസികൾക്കുള്ള റിസർവ് ബാങ്ക് വിലക്ക് 2020ൽ സുപ്രീം കോടതി റദ്ദാക്കിയതിനാൽ ഇനി നിരോധനം ഉണ്ടാകില്ലെന്നാണു സൂചന. എങ്കിലും കേന്ദ്രതലത്തിൽ ഡിജിറ്റൽ കറൻസികളെ നിയന്ത്രിക്കാനുള്ള കർശന നീക്കങ്ങളുണ്ടാകുമെന്ന് അറിയുന്നു. കർണാടകയിലെ ബിറ്റ്കോയിൻ തട്ടിപ്പിൽ ബിജെപിക്കു പങ്കുണ്ടെന്നാരോപിച്ച് രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തിയത് ഉന്നത പൊലീസ് കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണെന്നാണു സൂചന. ബിജെപി നേതാക്കൾ കുടുങ്ങുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നാൽ, കർണാടക സർക്കാരിനെ മാത്രമല്ല കേന്ദ്ര സർക്കാരിനെതന്നെ ഇതു പിടിച്ചുലയ്ക്കുമെന്നും ഉറപ്പ്. വെറുതേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതാണെങ്കിൽ പ്രധാനമന്ത്രി തന്നെ നേരിട്ട്, അതും ധൃതിപിടിച്ച് ക്രിപ്റ്റോകറൻസിയെക്കുറിച്ച് സംസാരിക്കില്ലല്ലോ!

എന്താണ് ബിറ്റ്കോയിൻ? 

കംപ്യൂട്ടർ സയൻസിലെ നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ചെയിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഡിജിറ്റൽ കറൻസിയാണു ക്രിപ്റ്റോകറൻസികൾ. ഇതിലൊന്നാണു ബിറ്റ്കോയിൻ. ക്രിപ്റ്റോ എന്നാൽ എൻക്രിപ്ഷനെയാണ് (രഹസ്യ കോഡുകളിൽ വിവരങ്ങൾ സൂക്ഷിക്കുന്നത്) സൂചിപ്പിക്കുന്നത്. കയ്യിൽ കിട്ടുന്ന നാണയങ്ങൾ അല്ല ഇവയെന്നും ഓൺലൈനിൽ പണമിടപാടു നടത്തുന്ന പ്രത്യേക കറൻസിയാണെന്നും പിടികിട്ടിയല്ലോ. സർക്കാരിന്റെയോ കേന്ദ്രീകൃത ഏജൻസികളുടെയോ നിയന്ത്രണത്തിൽ അല്ലാതെയാണ് ഇവയുടെ പ്രവർത്തണം. 
നാണയങ്ങൾ പഴ്സിലിട്ടു സൂക്ഷിക്കുന്നതുപോലെ ഇത്തരം ഓൺലൈൻ കറൻസികൾ ഡിജിറ്റൽ വോലറ്റുകളിൽ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ എടുക്കുകയും ചെയ്യാം. ബിറ്റ്കോയിനെ പണത്തിലേക്കു മാറ്റാമോ എന്നു പലരും ചോദിക്കാറുണ്ട്. മാറ്റാം എന്നാണ് ഉത്തരം. ഇതിനായി ഒട്ടേറെ ഓൺലൈൻ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകൾ ഉണ്ട്. 2009ലാണു ബിറ്റ്കോയിൻ പുറത്തിറങ്ങിയത്. ഇതാണ് ആദ്യ ക്രിപ്റ്റോ കറൻസിയും. സതോഷി നാകമോട്ടോ എന്ന ജാപ്പനീസ് ഡവലപ്പറാണു ബിറ്റ്കോയിന്റെ പിതാവ് എന്നു പറയുമ്പോഴും ഇതാരാണെന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഡിജിറ്റൽ പണമിടപാടുകളിലെ ഒട്ടേറെ അഴിയാക്കെട്ടുകൾ പോലെ ഇതും ദുരൂഹമായി തുടരുന്നു. 

ലൈറ്റ്‌കോയിൻ, റിപ്പിൾ, സെഡ്‌കാഷ്, ഡോജ്‌കോയിൻ തുടങ്ങിയ മറ്റു ചില ക്രിപ്റ്റോകറൻസികളുണ്ടെങ്കിലും പേരെടുത്തതും വളർന്നതും ബിറ്റ്കോയിനാണ്. ഈയിടെ ബിറ്റ്കോയിൻ ഇടപാടുകൾക്ക് ലോകത്ത് ആദ്യമായി മധ്യഅമേരിക്കയിലെ എൽ സാൽവദോർ രാജ്യം ഔദ്യോഗിക അംഗീകാരവും നൽകി. നവംബർ 19ലെ ബിറ്റ്കോയിൻ നിരക്ക് എത്രയാണെന്നോ– 42,84,671.94 രൂപ! ഓരോ ദിവസവും വിപണിയിലെ പല ഘടകങ്ങൾ അനുസരിച്ച് ഈ നിരക്ക് മാറിക്കൊണ്ടുമിരിക്കും. 

കർണാടകയിൽ 5240 കോടിയുടെ തട്ടിപ്പ് നടന്നോ?

ഡാർക്നെറ്റ് വഴിയുള്ള ബിറ്റ്കോയിൻ ഇടപാടിലൂടെ ലഹരി മരുന്നുവാങ്ങിക്കൂട്ടിയ കേസിൽ കഴിഞ്ഞവർഷമാണ് ശ്രീകി അറസ്റ്റിലായത്. ഇതിനു പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് കർണാടകയിൽ തന്റെ നേതൃത്വത്തിൽ ബിറ്റ്കോയിൻ തട്ടിപ്പ് നടത്തിയതായി ഇയാൾ മൊഴി നൽകിയത്. 9 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിൻ ഇടപാടുകൾ ഇയാളിൽനിന്നു പിടിച്ചെടുത്തതായും അന്നു ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. 
വെറും തട്ടിപ്പല്ല, രാജ്യാന്തര തലത്തിൽ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ ഹാക്ക് ചെയ്തുള്ള തട്ടിപ്പിലൂടെ കോടികളാണു മറിഞ്ഞതെന്ന വിവരങ്ങൾ പിന്നാലെ പുറത്തുവന്നു. തുടർന്നാണ്, പണ്ടേ ഹാക്കിങ്ങിൽ കുപ്രസിദ്ധനായ ശ്രീകിയെ ഇതിനായി ബിജെപി നേതാക്കൾ ‘നിയോഗിച്ചതാണെന്ന്’ ആരോപണമുയർന്നിരിക്കുന്നത്. ചില മന്ത്രിമാർക്ക് കേസുമായി ബന്ധമുണ്ടെന്ന തരത്തിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തുവരിക കൂടി ചെയ്തതു രാഷ്ട്രീയ കോളിളക്കത്തിനു തിരികൊളുത്തി. 

2020 ഡിസംബർ 1, ഇക്കൊല്ലം ഏപ്രിൽ 14– ഈ രണ്ടു ദിവസങ്ങളിൽ മാത്രം കർണാടക കേന്ദ്രീകരിച്ച് 5240 കോടിയുടെ അനധികൃത ബിറ്റ്കോയിൻ ഇടപാടു നടന്നെന്നാണു റിപ്പോർട്ട്. പുറത്തുവന്ന 2 ദിവസത്തെ ഈ കണക്കു വച്ചു കണക്കുകൂട്ടുമ്പോൾ ആയിരക്കണക്കിനു കോടികൾ ഇളകിമറിഞ്ഞിട്ടുണ്ടാകുമെന്നു കോൺഗ്രസ് ആരോപിക്കുന്നു. അറസ്റ്റിലായ ശേഷവും ശ്രീകിയുടെ നേതൃത്വത്തിൽ തട്ടിപ്പു തുടർന്നതായും ഇതിന് ഉന്നതർ ഒത്താശ ചെയ്തതായും പറയുന്നുണ്ട്. 

എട്ടാം വയസ്സിൽ ഹാക്കിങ്; ഡാർക് നെറ്റ് വഴി ലഹരി

കർണാടകയിലെ വിവാദങ്ങളിലേക്കു കൂടുതൽ കടക്കുന്നതിനു മുൻപ് ഒരാളെ ശരിക്കു പരിചയപ്പെടാം– റോസ് എന്നും ബിഗ് ബോസ് എന്നും തട്ടിപ്പു സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്ന ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയെ. ആദ്യമേ പറഞ്ഞല്ലോ, കംപ്യൂട്ടറിനോട് ‘ജന്മനാ’ ഇഷ്ടവുമായാണു കക്ഷിയുടെ വരവ്. സ്കൂളിൽ മറ്റു വിഷയങ്ങളെക്കാൾ താൽപര്യം കംപ്യൂട്ടറിനോട്. എല്ലാം പെട്ടെന്നു പഠിച്ചെടുത്തത് ഒറ്റ ലക്ഷ്യത്തിനായിരുന്നു, ഹാക്കിങ്ങിന്. 
നേരായ രീതിയിൽ കംപ്യൂട്ടർ ബുദ്ധിയെ ഉപയോഗിക്കാൻ ഇഷ്ടമില്ലാതിരുന്ന ശ്രീകി സ്കൂൾ വെബ്സൈറ്റ് തന്നെയാണ് ആദ്യം ഹാക്ക് ചെയ്തത്. എട്ടാം വയസ്സിലായിരുന്നു ഹാക്കിങ്ങിലെ ഈ ബാലപാഠമെന്ന് അയാൾ തന്നെയാണു പൊലീസിനു മൊഴി നൽകിയത്. 3 ബിറ്റ്കോയിൻ എക്സ്ചേഞ്ചുകൾ, 10 പോക്കർ വെബ്സൈറ്റുകൾ, കർണാടക സർക്കാരിന്റേതുൾപ്പെടെ 4 വെബ്സൈറ്റുകൾ ഇവയെല്ലാം ഹാക്ക് ചെയ്തെന്ന കേസുകൾ ഒരു വശത്ത്. നീഗൂഢ ഇന്റർനെറ്റിലൂടെ (ഡാർക് വെബ്) ബിറ്റ്കോയിൻ ഇടപാടുകൾ നടത്തി വൻതോതിൽ ലഹരി മരുന്നു ബെംഗളൂരുവിലേക്ക് എത്തിച്ച കേസ്, പബ്ബിലെ അടിപിടി, നക്ഷത്രഹോട്ടലിലെ തല്ല് തുടങ്ങി മറ്റു കേസുകൾ മറുവശത്ത്. 

ബെംഗളൂരു ജയനഗർ സ്വദേശിയായ ശ്രീകി വിവിപുരം കോളജിൽ പഠിക്കുന്ന കാലത്തു തന്നെ മദ്യപാനത്തിലേക്കും ലഹരി ഉപയോഗത്തിലേക്കും തിരിഞ്ഞിരുന്നു. ഇതിനുള്ള പണം കണ്ടെത്തിയിരുന്നത് പലർക്കായി ഹാക്കിങ് നടത്തിക്കൊടുത്താണ്. 2014ൽ ആംസ്റ്റർഡാമിൽ കംപ്യൂട്ടർ സയൻസ് പഠനത്തിനായി പോയി. 2019ൽ കർണാടക സർക്കാരിന്റെ ഇ–പ്രൊക്യുയർമെന്റ് വെബ്സൈറ്റ് ഹാക്ക് ചെയ്ത് 11 കോടി രൂപ ഉത്തർപ്രദേശിലെ ചില അക്കൗണ്ടുകളിലേക്കുൾപ്പെടെ മാറ്റിയെന്ന കേസ് പുറത്തുവന്നതോടെ ഈ രംഗത്തെ ‘വമ്പൻ’ ആയി ശ്രീകി. ലഹരിക്കേസിലും സർക്കാർ സൈറ്റ് ഹാക്കിങ് കേസിലും അടിപിടിക്കേസിലും അറസ്റ്റിലായെങ്കിലും എല്ലാറ്റിനും ജാമ്യം ലഭിച്ചു. അദാനിഗ്രൂപ്പിന്റെ ചുമതലയിലുള്ള ഉഡുപ്പി പവർ കോർപേഷൻ ലിമിറ്റഡ് വെബ്സൈറ്റിൽ വൈറസ് ആക്രമണം നടത്താനും ശ്രമിച്ചിരുന്നതായി പറയുന്നു.

ഒരു ദിവസം മദ്യത്തിനും ഹോട്ടൽ ചെലവിനും 3 ലക്ഷം രൂപ വരെ!

അലസമായ താടിയും അയഞ്ഞ ഷർട്ടുമായി പൊലീസിനു മുന്നിൽ ശ്രീകി മൊഴി നൽകിയത് ഇങ്ങനെ: ‘ഞാനിതുവരെ ഒന്നും സമ്പാദിച്ചിട്ടില്ല. ദിവസവും ഹോട്ടൽ താമസത്തിനും മദ്യത്തിനുമായി ശരാശരി ഒരു ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ചെലവാക്കും. ബിറ്റ്കോയിൻ തട്ടിപ്പിനായി ഓൺലൈൻ എക്സ്ചേഞ്ച് ഹാക്ക് ചെയ്തപ്പോൾ കിട്ടിയ തുക യുകെയിലെ സുഹൃത്ത് ആൻഡിയുമായി പങ്കിട്ടു. കർണാടക സർക്കാർ വെബ്സൈറ്റ് ഹാക്ക് ചെയ്തപ്പോൾ കാര്യമായ ലാഭമൊന്നും തടഞ്ഞില്ല. പക്ഷേ, ആ കള്ളത്തരം ഞാൻ ആസ്വദിച്ചു. പഞ്ചനക്ഷത്രഹോട്ടലുകളിൽ താമസിച്ചും ആഡംബരമായി അടിച്ചുപൊളിച്ചു ജീവിച്ചുമൊക്കെ ആ ദിവസങ്ങൾ ആസ്വദിച്ചു.
ഒരിക്കൽ ഹിമാലയത്തിൽ ആയിരിക്കെയാണ് കർണാടകയിലെ ചില സൈറ്റുകൾ ഹാക്ക് ചെയ്തത്. നെതർലൻഡ്സിലായിരിക്കെ ഹോങ്കോങ് ആസ്ഥാനമായ രാജ്യാന്തര ബിറ്റ്ഫിനെക്സ് എക്സ്ചേഞ്ച് രണ്ടു തവണ ഹാക്ക് ചെയ്തു തട്ടിപ്പു നടത്തി. ഞാനാണ് ആദ്യമായി ബിറ്റ്ഫിനെക്സിൽ നുഴഞ്ഞുകയറിയത്.’ ധൂർത്തും ലഹരിയും ഗുണ്ടായിസവുമൊക്കെയായി ശ്രീകിയും ഗ്യാങ്ങും വിലസുന്നത് രാഷ്ട്രീയ നേതാക്കളുടെ പിന്തുണ കൊണ്ടുകൂടിയാണെന്നു പകൽപോലെ വ്യക്തമാണ്. സൈബർ മേഖലയിലെ വിവിധ തട്ടിപ്പുകൾക്ക് ഇയാളെ വിവിധ പാർട്ടികൾ ഉപയോഗിച്ചതായും പറയുന്നു.

ബിറ്റ്കോയിൻ തട്ടിപ്പു പുറത്തുവന്നതിനു ശേഷവും ചാനലുകളിൽ ‘കൂളായി’ ശ്രീകി പ്രത്യക്ഷപ്പെട്ടിരുന്നു. 2015ലാണ് ആദ്യമായി ബിറ്റ്കോയിനുമായി ബന്ധപ്പെട്ട ഹാക്കിങ് നടത്തിയതെന്ന കാര്യം ഉൾപ്പെടെ മാധ്യമങ്ങളോടു കൂസലില്ലാതെ പറയുകയും ചെയ്തു. 2016ൽ നെറ്റ്4ഇന്ത്യ ഡേറ്റ സെന്റർ ഹാക്ക് ചെയ്ത വിവരവും ഇയാൾ തന്നെയാണു പറഞ്ഞത്. ബിറ്റ്കോയിൻ എക്സ്ചേഞ്ച് ഹാക്ക് ചെയ്ത് വൻതുകയുടെ ബിറ്റ്കോയിനുകൾ സ്വന്തം പേരിലാക്കിയെന്നതുൾപ്പെടെയുള്ള കുറ്റങ്ങളിലാണ് ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നത്. 

കർണാടക സർക്കാർ പേടിക്കുന്നത് എന്തിന്? മോദി ഇടപെട്ടത് എന്തിന്?

കഴിഞ്ഞ വർഷം ശ്രീകി ലഹരിക്കേസിൽ അറസ്റ്റിലാകുമ്പോൾ ഇന്നത്തെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആയിരുന്നു ആഭ്യന്തര മന്ത്രി. ശരിയായ രീതിയിൽ ഇയാൾക്കെതിരെ അന്നേ അന്വേഷണം നടത്തുകയും കർശന നടപടി എടുക്കുകയും ചെയ്യാത്തതു ബൊമ്മെയുടെ വീഴ്ചയാണെന്നു കോൺഗ്രസ് കുറ്റപ്പെടുത്തുന്നു. കോൺഗ്രസ് നേതാക്കളുമായി ശ്രീകിക്കു ബന്ധമുണ്ടെന്നു ബൊമ്മെ തിരിച്ചടിക്കുന്നുണ്ടെങ്കിലും ബിറ്റ്കോയിൻ തട്ടിപ്പിൽ ബിജെപി മന്ത്രിമാർക്കു പങ്കുണ്ടെന്ന വിമർശനത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ സാധിക്കുന്നില്ല.
ശ്രീകിയിൽ നിന്നു പിടിച്ചെടുത്തെന്നു പൊലീസ് നേരത്തേ അറിയിച്ച 9 കോടിയുടെ ബിറ്റ്കോയിൻ ഇടപാടുകളെക്കുറിച്ച് ഇപ്പോൾ ഒന്നും കേൾക്കുന്നില്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം. തെളിവുനശിപ്പിച്ചതാണെന്നും ബിറ്റ്കോയിനുകൾ മുക്കിയെന്നും കോൺഗ്രസ് ആരോപിക്കുമ്പോൾ 9 കോടി മൂല്യമുള്ള ബിറ്റ്കോയിനുകൾ അക്കൗണ്ടിലേക്കു മാറ്റിയെന്നു ശ്രീകി കള്ളം പറഞ്ഞതാണെന്നാണു പൊലീസ് നിലപാട്. ശ്രീകൃഷ്ണയുടെ അക്കൗണ്ടിൽ നിന്ന് പൊലീസ് അക്കൗണ്ടിലേക്ക് ബിറ്റ്കോയിനുകൾ മാറ്റിയെന്ന ആരോപണവും ഉയർന്നു. പൊലീസ് ഇതു നിഷേധിച്ചെങ്കിലും രാജ്യാന്തര എക്സ്ചേഞ്ചിലെ തട്ടിപ്പിനെക്കുറിച്ച് ഇന്റർപോളിനെ അറിയിക്കാൻ വൈകിയത് എന്ത് എന്ന ചോദ്യത്തിനു മറുപടിയില്ല. 

ഇക്കൊല്ലം ഏപ്രിൽ 17നു ശ്രീകിയെ ജാമ്യത്തിൽ വിട്ടതിനു ശേഷമാണ് ഇന്റർപോളിനെ അറിയിച്ചതെന്ന ഗുരുതരമായ ആരോപണമാണു കോൺഗ്രസ് ഉയർത്തുന്നത്. ബിജെപി നേതാക്കളുടെ അക്കൗണ്ടുകളിലെത്തിയ കോടികളെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ബൊമ്മെ സർക്കാരിനു തലവേദനയാകുന്നുണ്ട്. ബിറ്റ്ഫിനെക്സ് എക്സ്ചേഞ്ചിൽ നിന്ന് 5240 കോടി രൂപയുടെ ബിറ്റ്കോയിനുകൾ കവർന്ന രാജ്യാന്തര തലത്തിലെ കേസിൽ ശ്രീകിക്കു ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണു കോൺഗ്രസിന്റെ ആവശ്യം. 

കഴിഞ്ഞ വർഷത്തെ അറസ്റ്റിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ കോലാഹലമുയർന്നത് യുഎസിലേത് ഉൾപ്പെടെ ചില രാജ്യങ്ങളിലെ രാജ്യാന്തര ഏജൻസികളുടെ റിപ്പോർട്ടിന്റെ ബലത്തിലാണെന്ന വാർത്തകളിലാണു കർണാടക സർക്കാരിന്റെ പേടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശന വേളയിൽ ബിറ്റ്കോയിൻ തട്ടിപ്പുകാര്യം എഫ്ബിഐ അദ്ദേഹത്തോടു സൂചിപ്പിച്ചെന്നതു പ്രശ്നത്തെ അതീവഗൗരവതരമാക്കുന്നു. തുടർന്നാണ് അദ്ദേഹം അടിയന്തരമായി ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തിയതും ക്രിപ്റ്റോകറൻസി സംബന്ധിച്ചു വിദഗ്ധരുമായി ചർച്ച നടത്തിയതും. ശ്രീകിയുടെ അനധികൃത സ്വത്തു സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മറ്റുകേസുകളിൽ കർണാടക പൊലീസിന്റെ വിവിധ വിഭാഗങ്ങളും  നടത്തുന്ന അന്വേഷണങ്ങളിൽ വിശ്വാസമില്ലെന്നു കോൺഗ്രസ് പറയുന്നു. സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് അവരുടെ ആവശ്യം. 

 

Readers Comment

Add a Comment