Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കര്‍ഷക ആത്മഹത്യകളല്ലാതെ കേരളത്തില്‍ വ്യവസായ സംരംഭക ആത്മഹത്യകള്‍ അത്ര പതിവല്ല. കാരണമുണ്ട്- കാര്യമറിയുന്നവരെല്ലാം അതിര്‍ത്തിക്കപ്പുറത്തു ചെന്നേ വ്യവസായം എന്നു മിണ്ടൂ. ഇതൊന്നുമറിയാതെയാണ് ദീര്‍ഘവര്‍ഷം നൈജീരിയയില്‍ ജോലി ചെയ്ത് സ്വരൂപിച്ച പതിനഞ്ചു കോടി രൂപയുമായി കണ്ണൂര്‍ ബക്കളം സ്വദേശി പാറയില്‍ സാജന്‍ നാട്ടില്‍ മടങ്ങിയെത്തി ഒരു വ്യവസായ സംരംഭത്തിന് തുടക്കമിട്ടത്. ആധുനിക രീതിയില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍. കൈയിലുണ്ടായിരുന്ന 15 കോടിയും ചെലവായി. കെട്ടിടം പണിയും തീര്‍ന്നു. പക്ഷേ, നഗരസഭയുടെ ലൈസന്‍സ് മാത്രം കിട്ടിയില്ല. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും, സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററില്‍ മൂന്നു വിവാഹങ്ങള്‍ നടന്നു. ഒരു വിവാഹത്തില്‍ ബഹുമാനപ്പെട്ട നഗരസഭാധ്യക്ഷ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. അവിടെ വിവാഹിതരായ വധൂവരന്മാര്‍ വിവാഹ രജിസ്‌ട്രേഷന് നഗരസഭയിലെത്തിയപ്പോഴാണ് അക്കിടി പിടികിട്ടിയത്. കെട്ടിട നമ്പര്‍ കിട്ടിയിട്ടില്ലാത്ത കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹത്തിന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ല. സാജന്‍ പലതവണ നഗരസഭയുടെ പടികള്‍ കയറിയിറങ്ങി. നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമളയെ കണ്ടു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. ആന്തൂര്‍ നഗരസഭയാണെങ്കില്‍, പ്രതിപക്ഷം പോലുമില്ലാതെ ഇടതുമുന്നണിയുടെ കൈവശം. സി.പി.എം അനുഭാവിയാണ് സാജന്‍. അത് പാര്‍ട്ടിക്കറിയാം. പക്ഷേ, പി.കെ. ശ്യാമള വിട്ടില്ല: പ്‌ളാനില്‍ കണ്ടതുപോലെയല്ല കെട്ടിടം. കുറച്ച് വ്യത്യാസങ്ങളുണ്ട്. പരിശോധിക്കണം. സാജന്‍ ചീഫ് ടൗണ്‍ പ്‌ളാനറെ കണ്ടു. പാര്‍ട്ടിക്കാരനായതു കൊണ്ട് കണ്ണൂരുകാരന്‍ തന്നെയായ വ്യവസായ മന്ത്രി ഇ.പി. ജയരാജനെയും, സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനെയും കണ്ടു. അവര്‍ ഇടപെട്ട് ചര്‍ച്ച നടത്തി. ലൈസന്‍സ് ഉടന്‍ കിട്ടുമെന്ന് പാവം സാജന്‍ വിചാരിച്ചു. പക്ഷേ, സംഭവിച്ചത് നേരേ തിരിച്ചാണ്. തനിക്കു മീതെ മുതിര്‍ന്ന നേതാക്കള്‍ക്കു മുന്നില്‍ സാജന്‍ പരാതിയുമായി പോയതല്ലേ? എന്നാല്‍പ്പിന്നെ ലൈസന്‍സ് മേടിക്കുന്നത് ഒന്നു കാണണമല്ലോ എന്ന ധിക്കാരം. പലവട്ടം അക്കാര്യം പി.കെ. ശ്യാമള സാജന്റെ മുഖത്തു നോക്കി പറഞ്ഞതായി സാജന്റെ ഭാര്യ ബീന പറയുന്നുണ്ട്. ഇതായിരുന്നു ശ്യാമളയുടെ വെല്ലുവിളി: ഞാന്‍ ഈ കസേരയില്‍ ഉള്ളിടത്തോളം തനിക്കു ലൈസന്‍സ് കിട്ടില്ല. താന്‍ പോയി മുകളിലത്തെ നേതാക്കളോട് മേടിച്ചോ. തന്റെ കണ്‍വെന്‍ഷന്‍ സെന്റര്‍ ഒരു സ്മാരക സ്തൂപം പോലെ അവിടെ നില്‍ക്കട്ടെ! കൈയിലുള്ളതെല്ലാം കൂട്ടിവച്ച് പതിനഞ്ചു കോടി രൂപ മുടക്കി, വലിയ പ്രതീക്ഷകളോടെ മകന്റെ പേരിട്ട് (പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍) പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്മാരക സ്തൂപം പോലെ നില്‍ക്കുന്നതു കാണാന്‍ സാജന് കഴിയുമായിരുന്നില്ല. ആ ലൈസന്‍സ് ഇനിയെങ്കിലും കിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ തനിക്കു വേറെ വഴിയില്ലെന്ന് സാജന്‍ കൂട്ടുകാരോടു പറഞ്ഞു. ആ പറഞ്ഞത് സാജന്‍ ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ സാജന്‍ സ്വന്തം വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിച്ചു. ഒരു പ്രവാസി വ്യവസായ സംരംഭകന്റെ ദുര്‍വിധി. 1. സാജന്റെ വ്യവസായ സംരംഭത്തിന് ലൈസന്‍സ് നിഷേധിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്താണ്? 2. കെട്ടിട നിര്‍മ്മാണത്തിലെ അപാകത എന്തായിരുന്നു? 3. ഒരിക്കല്‍ നിര്‍ദ്ദേശിച്ച വ്യതിയാനങ്ങള്‍ വരുത്തി, സാജന്‍ വീണ്ടും ലൈസന്‍സിന് അപേക്ഷിച്ചിരുന്നു. അപ്പോഴും അപാകതകള്‍ ബാക്കിയായതെങ്ങനെ? 4. സാജനെ നഗരസഭാധ്യക്ഷ സ്വന്തം വ്യക്തിവിരോധത്തിന് ഇരയാക്കുകയായിരുന്നോ? 5. ഒരു പ്രവാസി, അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യം മുഴുവനും വിനിയോഗിച്ച് ആരംഭിച്ച സംരംഭത്തിന് നിസ്സാര കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്നതാണോ ഈ സര്‍ക്കാരിന്റെ വ്യവസായ നയം. 6. ആണ്ടോടാണ്ട് വ്യാവസായ സംരംഭക മേള നടക്കുന്നുണ്ട്. അനുമതികളെല്ലാം ഏകജാലകമാക്കിയെന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. ചുവപ്പുനാടയുടെ കുരുക്കില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട്. അതിനൊക്കെ എന്ത് അര്‍ത്ഥം? 7. സാജന്റെ ആത്മഹത്യാ വാര്‍ത്ത വായിക്കുന്ന ഏതെങ്കിലും പ്രവാസി, അയാളുടെ ജീവിതസമ്പാദ്യം ഇനി കേരളത്തില്‍ മുടക്കാന്‍ തയ്യാറാകുമോ? 8. പ്രവാസികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ നടത്തുന്ന വിദേശയാത്രകള്‍ കൊണ്ട് എന്തു നേട്ടമുണ്ടായി? 9. ഉദ്യോഗസ്ഥ തലത്തിലാണ് വീഴ്ചയെങ്കില്‍ അതിന് പാര്‍ട്ടി നോക്കാതെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? 10. ഭരണകക്ഷിയുടെ തന്നെ അനുഭാവിയായ ഒരു മനുഷ്യന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ ഭാര്യയായ നഗരസഭാ അധ്യക്ഷയില്‍ നിന്ന് ഇതാണ് അനുഭവമെങ്കില്‍ മറ്റുള്ളവരോടുള്ള സമീപനം എന്തായിരിക്കും? വ്യവസായ സംരംഭക സൗഹൃദ സംസ്ഥാനമെന്ന് കേരളത്തെക്കുറിച്ച് നാവെടുത്തുപറയാന്‍ മുഖ്യമന്ത്രിക്കോ വ്യവസായ മന്ത്രിക്കോ ഇനി അവകാശമുണ്ടോ?
27.82°C








