Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:35 am
  • 10th August, 2026
  • Overcast Clouds
22.79°C22.79°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സംശയത്തിന്റെ നിഴലിലായതോടെ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ രണ്ടു ചേരികളായി തിരിഞ്ഞത് സമുദായത്തിനകത്തും പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നു. കേസില്‍ വെള്ളാപ്പള്ളിയെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മാരാരിക്കുളം പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയെ പ്രതികൂലിച്ചും പിന്തുണച്ചും വിവിധ ശ്രീനാരായണ സംഘടനകള്‍ രംഗത്തെത്തിയത്.

ഇന്നലെ കൊച്ചിയില്‍ യോഗം ചേര്‍ന്ന ശ്രീനാരായണ സേവാ സംഘം, വെള്ളാപ്പള്ളിക്കു കീഴില്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയ എസ്.എന്‍.ഡി.പി യോഗവും എസ്.എന്‍. ട്രസ്റ്റും സര്‍ക്കാര്‍ ഏറ്റെടുത്ത് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പ്രമുഖ സാഹിത്യ നിരൂപകന്‍ എം.കെ. സാനുവിന്റെ നേതൃത്വത്തിലായിരുന്നു യോഗം. നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളിയെ നീക്കം ചെയ്യുക, മഹേശന്റെ മരണത്തില്‍ നിഷ്പക്ഷ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ഈ മാസം തന്നെ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിവിധ ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാത്തതിലുള്ള പ്രതിഷേധ സൂചകമായി സമിതിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം താന്‍ രാജിവയ്ക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത സി.കെ. വിദ്യാസാഗര്‍ പ്രഖ്യാപിച്ചു. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് വെള്ളാപ്പള്ളി വിരുദ്ധ പ്രക്ഷോഭം രൂക്ഷമാക്കാന്‍ സേവാ സംഘം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിച്ച് യോഗം യൂത്ത് മൂവ്‌മെന്റ് കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. യോഗത്തിനും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ അസത്യപ്രചരണം നടത്തുന്നവരും അനാവശ്യ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരും കനത്ത വില നല്‍കേണ്ടി വരുമെന്ന് യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്ദീപ് പച്ചയില്‍, സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

എസ്.എന്‍.ഡി.പി യൂണിയനുകളുടെ ഭരണച്ചുമതലയിലിരുന്ന് കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയവര്‍ക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്നവര്‍ സമുദായത്തിന്റെ ശത്രുക്കളാണെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കെ.കെ. മഹേശന് എസ്.എന്‍.ഡി.പി യോഗം ക്‌ളീന്‍ചിറ്റ് നല്‍കുന്നില്ലെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞതിനു പിന്നാലെയാണ്, സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയത് കെ.കെ. മഹേശനാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് യൂത്ത് മൂവ്‌മെന്റ് നേതൃത്വം മുന്നോട്ടു വന്നത്. മഹേശന്‍ നടത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചിട്ടുണ്ട്.

എസ്.എന്‍.ഡി.പി യോഗം മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അഴിമതിയുടെ മുഴുവന്‍ ഉത്തരവാദിത്വവും മഹേശനു മേല്‍ മാത്രം കെട്ടിവച്ച് രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി ശ്രമിച്ചതെന്ന് സമുദായ അംഗങ്ങള്‍ക്കിടയില്‍ത്തന്നെ ആക്ഷേപമുണ്ട്. ഇതിനിടെ, പതിനെട്ടു വര്‍ഷം മുമ്പ് ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറില്‍ മുങ്ങിമരിച്ച സംഭവത്തിനു പിന്നില്‍ വെള്ളാപ്പള്ളിയുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ശാശ്വതീകാനന്ദയുടെ സഹോദരിയും മറ്റും വീണ്ടും രംഗത്തെത്തിയത് വെള്ളാപ്പള്ളിക്ക് കുരുക്കു മുറുക്കുന്നതായി.

വെള്ളാപ്പള്ളിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇരുപക്ഷമായി ആരോപണ- പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചതോടെ പൊതുസമൂഹത്തില്‍ വിലയിടിയുന്നതും പരിഹാസപാത്രമാകുന്നതും സമൂദായമാണെന്നാണ് നിഷ്പക്ഷരായ ഈഴവ സമുദായാംഗങ്ങളുടെ അഭിപ്രായം. മഹേശന്റെ ദുരൂഹ മരണ കേസില്‍ വെള്ളാപ്പള്ളിക്കു നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്ന് നേരത്തേ തന്നെ പോലീസ് പറഞ്ഞിട്ടുണ്ട്. പോലീസ് തുടര്‍ നടപടികളിലേക്കു കടക്കുന്നതോടെ സമുദായത്തിനുള്ളില്‍ വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുമെന്നാണ് സൂചന.

Readers Comment

Add a Comment